കാറുകളുടെ സുരക്ഷ അളക്കാനുള്ള ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് മാരുതി സുസുക്കി വിറ്റാര ബ്രെസ. ഡല്‍ഹിയില്‍ നടന്ന ആദ്യ ഗ്ലോബല്‍ NCAP വേള്‍ഡ് കോണ്‍ഗ്രസിലാണ് ബ്രെസയുടെ ക്രാഷ് ടെസ്റ്റ് ഫലം ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് വ്യക്തമാക്കിയത്. നേരത്തെ ജര്‍മനിയിലെ ADAC ക്രാഷ് ടെസ്റ്റ് സെന്ററിലായിരുന്നു ബ്രെസയുടെ സുരക്ഷാ പരിശോധന നടത്തിയത്.
ഡമ്മി യാത്രക്കാരെയും വഹിച്ച് 64 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റാണ് മെയ്ഡ് ഇന്‍ ഇന്ത്യ ബ്രെസയില്‍ നടത്തിയത്. ഇതില്‍ മുന്‍ നിരയിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിങ്ങും പിന്നിലുള്ള കുട്ടികളുടെ സുരക്ഷയില്‍ 2 സ്റ്റാര്‍ റേറ്റിങ്ങുമാണ് ബ്രെസ സ്വന്തമാക്കിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ആകെ 17 പോയന്റില്‍ 12.51 പോയന്റും കുട്ടികള്‍ക്ക് 49 പോയന്റില്‍ 17.93 പോയന്റുമാണ് ലഭിച്ചത്.