മതിലിൽ ഇടിച്ചു പൊളിഞ്ഞ ബോഡിയുമായി പറന്ന വിമാനം തലനാരിഴക്ക് ഒഴിവായത് വൻദുരന്തം

0
1932

ചെന്നൈ- തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ മതിലിലിടച്ച് സാരമായി കേടുപാടുപറ്റിയ എയര്‍ ഇന്ത്യാ ദുബായ് വിമാനം അപകടകരമായി പറന്നത് മൂന്ന് മണിക്കൂര്‍. ടെയ്‌ക്കോഫിനിടെ റണ്‍വെ പരിധി വിട്ടു കുതിച്ചതാണ് അപകടമുണ്ടാക്കിയത്. ഇത് പൈലറ്റുമാരുടെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ രണ്ടു പിന്‍ചക്രങ്ങള്‍ക്കു കേടുപാട് പറ്റിയതിനു പുറമെ അടിഭാഗത്ത് സാരമായി കേടുണ്ട്. ബോഡിയുടെ വലിയോരു ഭാഗം പൊളിഞ്ഞിട്ടുണ്ട് പലയിടത്തും പൊട്ടലുകളുമുണ്ട്. മതിലില്‍ ഇടിക്കുന്നതിനു മുമ്പ് റണ്‍വെയുടെ അറ്റത്തുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലാന്‍ഡിസ് സിസ്റ്റം (ഐ.എല്‍.എസ്) എന്ന സുരക്ഷാ സംവിധാനത്തിന്റെ ആന്റിനയും ഇടിച്ചു തകര്‍ത്തിട്ടുണ്ട്.

പൊളിഞ്ഞ ബോഡിയുമായി പറന്ന ബോയിങ് 737 വിമാനം തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിലെ എല്ലാ സംവിധാനങ്ങളും മുറപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പൈലറ്റിനോട് വിമാനം തിരിച്ചുവിട്ട് മുംബൈയില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടു പൈലറ്റുമാരെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

അനുവദിച്ചതിലും അധികം ഭാരം ഉണ്ടായിരുന്നതാകാം തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് സംശയം. 250 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടം നടന്ന സമയത്ത് വിമാനം ടേക്-ഓഫ് ചെയ്‍തത്. വിമാനത്തിന്‍റെ ടയര്‍ ഉള്‍പ്പെടുന്ന ഭാഗം ഇടിച്ച് എയര്‍പോര്‍ട്ട് മതിലും ഒരു നാവിഗേഷന്‍ ഉപകരണവും തകര്‍ന്നിരുന്നു. 136 ആളുകളുമായി പറന്ന വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ അപകടംകൂടാതെ ഇറങ്ങി. പക്ഷേ, പിന്നീടുള്ള പരിശോധനയില്‍ വിമാനത്തിന്‍റെ അടിഭാഗം തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here