നരൻ എന്ന സിനിമയിലെ മോഹൻലാലിന്റെ മുള്ളംകൊല്ലി വേലായുധനെ മറന്നിട്ടില്ലല്ലോ..?മുള്ളൻകൊല്ലിയെന്ന മലയോര നാട്ടിൻപുറത്തിന്റെ നീതിനിർവഹണകേന്ദ്രമായ ചട്ടമ്പി. മദംപൊട്ടിയ പുഴയിലൂടെ ഒഴുകിവരുന്ന കൂറ്റൻമരങ്ങൾ പിടിച്ചെടുക്കുന്ന സാഹസി. ഈ സിനിമയ്ക്കുവേണ്ടി മുള്ളൻകൊല്ലിയും പുഴയും മലയോരവുമെല്ലാം ചിത്രീകരിക്കാൻ സംവിധായകൻ തിരഞ്ഞെടുത്തത് ഹൊഗനക്കലാണ്.സേലത്തിനടുത്തുള്ള ഗ്രാമം, മനോഹരമായ കാഴ്ചകളുടെ കൂടാരം;അനുഭവങ്ങളുടേയും.
സേലത്തുനിന്ന് മൂന്നുമണിക്കൂർ യാത്രചെയ്താൽ ഹൊഗനക്കലിലെത്താം.തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലാണീ സ്ഥലമെങ്കിലും മൈസൂരുമായി അതിർത്തിപങ്കിടുന്നുണ്ട്. നല്ല വിശാലമായ മെക്കാഡം റോഡ്. ഒറ്റപ്പെട്ട കൊച്ചുകുടിലുകൾ.കാർഷികസമൃദ്ധിയുടെ നിറക്കാഴ്ചകൾ വഴിനീളെ കാണാം. കൃഷ്ണഗിരി അണക്കെട്ടിൽനിന്നുള്ള കാവേരിവെള്ളമാണ് കൃഷിയുടെയെല്ലാം ജീവൻ. എല്ലാത്തരം പച്ചക്കറികളുമുണ്ട് കൂട്ടത്തിൽ. കേരളത്തിലെ അടുക്കളകളിലുമെത്തുന്നു ഇവിടത്തെ പച്ചക്കറികൾ. ഈ വെള്ളത്തിന്റെ പേരിലാണ് കർണാടകവും തമിഴ്‌നാടും തമ്മിൽ കാലങ്ങളായി പോരുനടത്തുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളിൽ വലിയൊരു ശതമാനവും മലയാളികളാണ്.അതിൽത്തന്നെ കൂടുതൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലക്കാരും
അഥർവം’ സിനിമയിൽ മലയാളത്തിന്റെ മാദകനടി സിൽക്ക് സ്മിത ‘പുഴയോരത്തിൽ പൂന്തോണിയെത്തീലാ…’എന്ന പാട്ടുപാടി അഭിനയിച്ച അതേ പുഴയിലേക്കാണ് നമ്മൾ പോകുന്നത്.സിൽക്ക് സ്മിത പുഴയിൽ സഞ്ചരിച്ച തരത്തിലുള്ള കൊട്ടത്തോണികളിൽ നമുക്കും സഞ്ചരിക്കാം.ഇതുതന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം. ‘റോജ’ സിനിമയിലെ ‘ചിന്ന ചിന്ന ആശൈ’, ‘ദൗത്യ’ത്തിലെ മോഹൻലാൽ ബാബു ആന്റണി സംഘട്ടനം, ‘അശോക’ സിനിമയിലെ ഷാറൂഖാന്റെ രംഗങ്ങൾ…അങ്ങനെ നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകൾക്ക് സുന്ദരപശ്ചാത്തലമൊരുക്കിയിട്ടുണ്ട് ഈ മനോഹര മലയോരം.ഒരു കൊട്ടയിൽ തുഴച്ചിൽക്കാരനുപുറമെ നാലു പേർക്കാണ് അനുമതി. ഒരാൾ 150 രൂപ കൊടുക്കണം.ഒരുമണിക്കൂർ കൊട്ടത്തോണിയിൽ കറങ്ങാം. ഇവിടത്തുകാർ ഈ കൊട്ടത്തോണിയെ പെരിസൽ എന്നുപറയും. പ്രകൃതി വെട്ടിയൊരുക്കിയ പാറയിടുക്കുകൾക്കിടയിലൂടെ ഒഴുകുന്ന നദിയിലൂടെ തുഴഞ്ഞുതുഴഞ്ഞ് പോകണം. നമുക്കും തുഴയാം ഈ തോണി.എന്നാൽ ഒരു പ്രത്യേകരീതിയിൽ തുഴഞ്ഞില്ലെങ്കിൽ നിന്നിടത്ത് കറങ്ങുകമാത്രമാവും ഫലം. പാറകളിൽ പലഭാഗങ്ങളിൽനിന്ന് അരുവിപോലെ ഈ പുഴയിലേക്ക് വെള്ളം പതിക്കുന്നു.
കുറച്ചുകൂടി മുന്നോട്ടുപോയാലാണ് നമ്മെ അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടം. ശക്തമായ മഴയില്ലാത്ത സമയത്ത് വെള്ളച്ചാട്ടത്തിനുതാഴെവരെ കൊട്ടത്തോണിയിൽ പോയി നനയാം.പാറകൾക്കുമുകളിൽനിന്ന് പരന്നൊഴുകി താഴെ പുഴയിലേക്ക് പതിച്ച് പതയ്ക്കുന്ന കൊച്ചരുവികൾ..പുഴയ്ക്ക് അക്കരെ മൈസൂരും ഇക്കരെ തമിഴ്‌നാടുമാണ്. തീരത്ത് കാണാം നീളെ നിരത്തിവെച്ച നൂറുകണക്കിന് കൊട്ടത്തോണികൾ.പുഴക്കരയിൽ മറ്റൊരനുഭവംകൂടി നമ്മെ കാത്തിരിപ്പുണ്ട്.പുഴയിൽനിന്ന് പിടിച്ച പലതരം മീനുകൾ രുചികരമായ മസാല തേച്ച് റെഡിയാക്കിയിരിക്കുന്നു.ആവശ്യമുള്ളത് ചൂണ്ടിക്കാണിച്ചാൽ അവിടെയുള്ള സ്ത്രീകൾ അതെടുത്ത് പൊരിച്ചുതരും. നമുക്ക് സ്വയം പൊരിക്കുകയുമാവാം.നല്ല രുചിയുള്ള മീനിന് 25 രൂപമാത്രമേ വിലയുള്ളൂ.തോണിയാത്ര കഴിഞ്ഞ് കരയ്ക്കു കയറിയാൽ ഇനിയുമുണ്ട് അനുഭവങ്ങൾ. ഒരുമണ്ഡപത്തിൽ ഉഴിച്ചിൽ നടക്കുന്നു. നല്ലെണ്ണ ദേഹമാസകലം തേച്ച് ഒന്നാന്തരം മസാജ് ചെയ്തുതരും വിദഗ്ധരായ ഉഴിച്ചിലുകാർ. ഒരുമസാജിന് 150 രൂപ. നല്ല ധൈര്യമുള്ളവർക്ക് ഉഴിയാൻ ഇരിക്കാം. ഇതിന് നേതൃത്വം കൊടുക്കുന്നതിലും ഒരു മലയാളിയുണ്ട്, കേരള മണി എന്നറിയപ്പെടുന്ന മണികണ്ഠൻ. പണ്ടെന്നോ തിരുവനന്തപുരത്തുനിന്ന് സിനിമാചിത്രീകരണത്തിന് സഹായിയായി ഇവിടെ എത്തിയതാണ്
പിന്നീട് തിരിച്ചുപോയില്ല. 15 മിനിറ്റ് നമ്മുടെ ശരീരം ഇവരെ ഏല്പിച്ചാൽ മെതിച്ച് കൈയിൽതരും. മസാജ് കഴിഞ്ഞാൽ തൊട്ടടുത്ത് വേറൊരു വെള്ളച്ചാട്ടത്തിൽ വിശാലമായ ഒരു കുളിയുമാവാം. തേച്ചുകുളിക്കാൻ ഒരു ആയുർവേദ പൊടിയുടെ പാക്കറ്റും തരും. നല്ല കുളിർത്ത തെളിവെള്ളത്തിൽ കുളികഴിയുമ്പോഴേക്ക് ഉഴിച്ചിലിന്റെ ക്ഷീണം പമ്പകടക്കും. ഇനി ഭക്ഷണമാണ്. പിടയ്ക്കുന്ന പുഴമീൻകറികൂട്ടി. കല്ലുമൂക്കുത്തിയണിഞ്ഞ തമിഴ് സ്ത്രീകൾ നമ്മൾ പറയുന്ന രീതിയിൽ ഭക്ഷണമുണ്ടാക്കിത്തരുംകേരളീയർക്ക് ഇഷ്ടമുള്ള രീതിയിൽത്തന്നെ മീൻകറിയും ചോറുമുണ്ടാക്കാൻ അവർക്കറിയാം. അത്യാവശ്യം താമസസൗകര്യങ്ങളുമുള്ളതിനാൽ കുടുംബമായി പോയി ആസ്വദിച്ചുവരാവുന്നിടമാണ് ഹൊഗെനക്കൽ. സ്ഥലം തമിഴ്‌നാട്ടിലാണെങ്കിലും പേര് കന്നടയാണ്. ഹൊഗെ എന്നാൽ പുക എന്നർഥം. കൽ എന്നാൽ കല്ലുതന്നെ. ‘പുകയുന്ന പാറ’ എന്ന് വേണമെങ്കിൽ അർഥം പറയാം. എന്നാൽ ഈ പേരിനെ സാധൂകരിക്കുന്ന ഒന്നും അവിടെയില്ല. പുലരികളിൽ പാറക്കൂട്ടങ്ങൾക്കിടയിൽനിന്ന് പൊങ്ങുന്ന മഞ്ഞുകെട്ടുകൾ ഹൊഗനക്കലിനെ കൂടുതൽ സുന്ദരിയാക്കുന്നു.