സമയം രാവിലെ 5:10, ഉഡുപ്പി ബസ് സ്റ്റേഷനിലെ ചാരുകസേരയിൽ നിന്നും അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് എഴുന്നേൽക്കുന്നത്. ബാഗിൽ കരുതിയ കുപ്പിവെള്ളത്തിൽ നിന്നും വെള്ളം ഉപയോഗിച്ച് ആ യാത്രാ ക്ഷീണത്തെയൊന്നു ചെറുതായി കഴുകിമാറ്റി. അടുത്ത് കാണുന്ന ഓട്ടോസ്റ്റാന്റിലെ ചേട്ടന്മാരിൽ നിന്നും മൂകാംബിക ബസ് 6 മണിക്ക് വരുമെന്ന മെസ്സേജ് കിട്ടി.റോഡിലപ്പോഴേക്കും നല്ല തിരക്കായികഴിഞ്ഞിരുന്നു പച്ചക്കറി ലോറികളും, പൂവണ്ടികളുമായി ഉടുപ്പി വളരെ നേരത്തെ തന്നെ ഉണർന്നു. നമ്മുടെ നാട്ടിലെ ചന്തകളിലെയും, തമിഴ്‌നാടൻ ചന്തകളിലെയും കലപിലകൾ സുപരിചിതമാണെങ്കിലും കന്നടയിലെ വായ്‌ത്താരികൾ കേട്ട് രസിച്ചു നിക്കുമ്പോഴാണ് ‘കൊല്ലൂർ’മലയാളം ബോർഡ് വച്ച ബസ് ശ്രെദ്ധയിൽപെടുന്നത്. ഗുരുവായൂരിൽ നിന്ന് മൂകാംബികയ്ക്കുപോകുന്ന നമ്മടെ സ്വന്തം ‘ആനവണ്ടി’. ഡിലക്സ് എയർ ബസ് ആയതിനാൽ ടിക്കറ്റ് ചാർജ് ലേശം കൂടുതലായിരുന്നു.
കണ്ടക്ടർ ചേട്ടനെയും ഡ്രൈവർ ചേട്ടനെയും പരിചയപ്പെടാൻ മറന്നില്ല. ഉടുപ്പിയിൽ നിന്നും കൊല്ലൂർകുള്ള 80 കി.മി അവർ ഞാനുൾപ്പെടുന്ന 7 പേരെയും ഒന്നര മണിക്കൂർ കൊണ്ടെത്തിച്ചു. വൈകുന്നേരത്തെ ബസ് റിട്ടേൺ സമയവും ഫോൺ നമ്പറും വാങ്ങി സലാം പറഞ്ഞു മൂകാംബികയുടെ മടിത്തട്ടിലേക്കിറങ്ങി നടന്നു. സമയം 7 മണി. സൗപർണികയായിരുന്നു ആദ്യ ലക്‌ഷ്യം സൗപർണികയുടെ ഓളങ്ങളിൽ ഒരു വിശാലമായ കുളി പാസാക്കി,മൊത്തത്തിലുള്ള ക്ഷീണം ആ പുണ്യ നദി കൊണ്ടുപോയി.ഇനി കൃപാകരിയായ മൂകാംബിക ദേവീ ദർശനം, വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിന്നും മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ നിറം പകർന്നു യാഥാർഥ്യമായി വന്നു. ചെറിയ ചില മാറ്റങ്ങളൊക്കെ വന്നിരിക്കുന്നു, ഓഫ് സീസൺ ആയതിനാൽ തിരക്ക് നന്നേ കുറവാണ്. ക്ഷേത്ര മതിലക ഭംഗി മനസ്സിൽ പതിപ്പിച്ചു ധൃതി പിടിച്ചൊരു ദർശനം നടത്തി പുറത്തിറങ്ങി. കൊല്ലുരിലെ പ്രസിദ്ധമായ മസാലദോശ പ്രാതൽ രൂപത്തിൽ കഴിച്ചിറങ്ങിയപ്പോളേയ്ക്കും സമയം 9:40. വൈകിക്കാതെ കുടജാദ്രിക്കു പോകാനുള്ള ജീപ്പ് സ്റ്റാന്റിനടുത്തെത്തി, കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, 350 രൂപയ്ക്ക് പോയി വരാമെന്നു ഡ്രൈവർ ചേട്ടൻ ഉറപ്പിച്ചു, പിന്നെ 25 രൂപ പ്രത്യേകം ചെക്ക് പോസ്റ്റിലും. ഞാൻ ഒറ്റയ്ക്കായതിനാൽ ബാക്കി 7 പേർക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.
8 പേരാണ് കണക്ക്. നെയ്യാറ്റിൻകരയിൽ നിന്നുള്ള ഗായത്രിയും കുടുംബവും, തൊടുപുഴയിൽ നിന്നും വിഷ്ണുവേട്ടനും, തൃപ്രയാർനിന്നും നിഖിൽ ചേട്ടനും, ആലുവയിൽ നിന്ന് ഹരിയേട്ടനും എത്തിയപ്പോളേക്കും ഞങ്ങളുടെ ടീം സെറ്റായി. പരസ്പര പരിചയപ്പെടലും, കുടജാദ്രി കഥകലുമൊക്കെയായി മുക്കാൽ മണിക്കൂറോളം യാത്രചെയ്ത് അടിവാരത്തെത്തി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു ഓഫ് റോഡ് അനുഭവത്തിലേക്ക് ഞങ്ങൾ യാത്ര തുടങ്ങുകയാണ്. ഞങ്ങളെ ഒരേ സമയം അമ്പരപ്പിക്കുകയും, പേടിപ്പെടുത്തുകയും ചെയ്തിരുന്ന ജീവിതത്തിലെ ആദ്യ ഓഫ് റോഡ് ജീപ്പ് യാത്ര മുക്കാൽ മണിക്കൂറിനു ശേഷം ശ്രീമൂലസ്ഥാനത്ത് അവസാനിച്ചു. ഡ്രൈവർ ചേട്ടനെ സോപ്പിട്ടു വലയിലാക്കി ഒന്നര മണിക്കൂർ എന്നുള്ള വെയ്റ്റിങ് സമയം രണ്ടു മണിക്കൂറാക്കി നീട്ടി. ശ്രീമൂലസ്ഥാനത്തെ ദേവതകളെയും തോഴുതു പൂജാരിയിൽ നിന്നും മൂകാംബിക-കുടജാദ്രി-ശങ്കരാചാര്യ ചരിതങ്ങളും കേട്ട് യാത്ര തുടർന്നു. മുകളിൽ കുടിവെള്ളം കിട്ടാത്തതിനാൽ ആവശ്യത്തിന് കുപ്പിവെള്ളം കരുതിയിരുന്നു.
വിചാരിച്ചതിലും കുറച്ചു കട്ടിയായ കയറ്റം ആയിരുന്നു. എന്നാൽ കണ്ണിനെ മത്ത് പിടിപ്പിക്കുന്ന മഞ്ഞു പടലങ്ങൾ പച്ചപുൽ വിരിച്ച മലകളെ തഴുകുന്ന കാഴ്ച എന്നെ മലമുകളിലേക്ക് കാന്തം പോലെ ആകർഷിച്ചു. ചില ചെരിവുകളിൽ ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള വഴി, മഴ പെയ്തു വെള്ളം കുത്തിയൊലിച്ചു പോകുന്ന വൻ ചാലുകൾ മറുവശത്തും. ഒന്നര കിലോമീറ്റർ യാത്ര പിന്നിടുമ്പോഴും വെള്ളകുപ്പികൾ കാലിയായി കൊണ്ടിയിരുന്നു. ഒടുവിൽ സമുദ്ര നിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലുള്ള, മൂടൽമഞ്ഞു കൊണ്ടുമൂടിയ ആദി ശങ്കരൻ തപസ്സനുഷ്ഠിച്ച സർവജ്ഞപീഠം ഒരിളം കാറ്റിൽ തെളിഞ്ഞു വന്നു. കരിങ്കല്ലിൽ നിർമ്മിച്ച ഒരു കൊച്ചു ക്ഷേത്രം, ചെറിയ തോതിലുള്ള കൊത്തു പണികൾ, ഉള്ളിൽ ശങ്കരാചാര്യ വിഗ്രഹം, പുറത്തു മുന്നിലായി ഒരു കൽവിളക്കും. കുറച്ചു സമയം മനസ്സു എകാഗ്രമാക്കി ആ കൽപടികളിൽ ഇരുന്നു. വീശിയടിച്ച മലമുകളിലെ നനുത്ത കാറ്റ് പകർന്ന ഉണർവ്വും,ഉന്മേഷവും പറഞ്ഞറിയിക്കാൻ പറ്റാ ത്തതായിരുന്നു.
കയറ്റം കയറിയ ക്ഷീണത്തെ ആ കാറ്റ് കൊണ്ടുപോയി കഴിഞ്ഞിരുന്നു. പിന്നീട് സർവജ്ഞപീഡത്തിനടുത്തുള്ള ഫോട്ടോ ഷൂട്ടിന്റെ സമയമായിരുന്നു. അനുവദനീയ സമയം ഓർമപ്പെടുത്തി നിഖിൽ ചേട്ടൻ യാത്ര തുടരാനുള്ള നിർദ്ദേശം നൽകി. ആദി ശങ്കരനോടും, മഞ്ഞുപുതച്ച മലനിരകളോടും യാത്രപറഞ്ഞു കുടജാദ്രിമലയിറങ്ങി. തിരിച്ചിറക്കത്തിൽ അല്പം ഇടത്തേക്ക് മാറി ഗണപതി ഗുഹയുണ്ട് , ഒരു ചെറിയ ഗുഹയിൽ ഒരു ഗണപതി വിഗ്രഹം. അവിടെ തൊഴുതു പ്രസാദം തൊട്ടു വീണ്ടും താഴേക്ക്. താഴെ ശ്രീമൂലസ്ഥാനത്തു നിന്നും ഉച്ചയൂണായി ചെറിയ രീതിയിൽ പച്ചരിയാഹാരവും, രസവും, പ്രസദമെന്നോണം കഴിച്ചിറങ്ങി. കൃത്യസമയത്തു തന്നെ ഡ്രൈവർ ചേട്ടന്റെ അടുത്ത് ഹാജർ വച്ച് മടക്കയാത്ര തുടർന്നു. മലമുകളിൽ നിന്നുള്ള തിരിച്ചിറക്കം ഒരൊന്നൊന്നര യാത്ര തന്നെയായിരുന്നു, വൈകുന്നേരം 3:30ന് തിരിച്ചു മൂകാംബികയിലെത്തി യാത്ര അവസാനിച്ചു. ജീവിതത്തിലെ മറക്കാനാകാത്ത കുറച്ചു മണിക്കൂറുകൾ കൂടെയുണ്ടായിരുന്ന ടീംമേറ്റ്സിന്റെ നമ്പറും വാങ്ങി കൈ കൊടുത്തു പിരിഞ്ഞു. എനിക്കിനി രാത്രി 9 മണിക്കാണ് കൊട്ടാരക്കര ബസ്. 4 മണിക്കൂർ കൂടുതൽ ഉള്ളതിനാൽ ബാക്കി സമയം ദേവിനടയിൽ ദീപാരാധന തൊഴുതും, കൊല്ലൂരിന്റെ പൈതൃകവും, സാംസ്കാരികതയും ഒക്കെ മനസ്സിലാക്കാനും ബാഗും തോളിലിട്ടു തിരക്കിട്ടോടുന്ന മനുഷ്യരുടെ ഇടയിലൂടെ ഞാൻ നടന്നു നീങ്ങി.. ഉള്ളിൽ കുടജാദ്രി എന്ന ലഹരിയുമായി…!!
അനന്തകൃഷ്ണൻ വിലങ്ങറ
9567565357