പൊതുവെ എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആയതുകൊണ്ടും മടി ലവലേശം ഇല്ലാത്തതു കൊണ്ടും മാത്രമാണ് ഫെബ്രുവരിയിൽ നടത്തിയ യാത്രയെ പറ്റി ഇത്രപെട്ടെന്ന് സ്പെറ്റംബറിൽ എഴുതുന്നത്.. ! ഒരു സഞ്ചാരി സുഹൃത്തിന്റെ ചിലവുകുറച്ചുള്ള യാത്രയെ പറ്റിയുള്ള ചോദ്യങ്ങൾക്കു മറുപടി നൽകിയപ്പോൾ ലഭിച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്..യാത്രയെ പ്രണയിക്കുന്ന ഓരോ സാധാരണക്കാരന്റെയും അവസാന വാക്ക് ചിലപ്പോൾ ഹിമാലയം എന്നായിരിക്കാം..!മഞ്ഞിൻ പുതപ്പണിഞ്ഞു സുന്ദരിയായി നിൽക്കുന്ന ആ മലനിരകളെ ഇങ്ങനെ നോക്കി നിൽക്കാൻ ആഗ്രഹിക്കുന്നവർ..!പൈസ തന്നാണ് പലരുടെയും പ്രധാന പ്രശനം..3000 രൂപയുണ്ടെങ്കിൽ മണാലിയും സോളാങ് വാലിയും കണ്ടുു വരാം..
*ഇത് ഒരു മുഴുനീള യാത്ര വിവരണം അല്ല…എങ്ങനെ ചിലവ് ചുരുക്കാം എന്നതിനെ പറ്റിയുള്ള ഒരു വിവരണം ആണ്.പിന്നെ 3000 രൂപ എന്ന് ഞാൻ ഒരു ഗും ഇന് പറഞ്ഞതാണ്.. ശെരിക്കും എന്റെ കൈയിൽ 4000 രൂപയുണ്ടായിരുന്നു.. പക്ഷെ ചിലവ് 3000 രൂപയെ ആയുള്ളൂ..*
*കൊച്ചുവേളി – ചണ്ഡീഗഡ് സമ്പർക്രാന്തി എക്സ്പ്രസ്സ്=* *575(ജനറൽ)*
*3 ദിവസത്തെ യാത്ര ഉണ്ട്..2 പാക്കറ്റ് ബ്രെഡും ബിസ്ക്കറ്റ് ഉം മതിയാകും..2 കുപ്പി കൊണ്ടുപോയാൽ സ്റ്റേഷനിൽ ഇറങ്ങി വെള്ളം നിറക്കാം.പ്രലോഭനങ്ങൾ നല്ല മൊരിഞ്ഞ ചൂട് പഴംപൊരിയുടെയും ചിക്കൻ ബിരിയാണിയുടെയും രൂപത്തിൽ വന്നെങ്കിലും അതിലൊന്നും വീഴാതെ പിടിച്ചു നിൽക്കാൻ പറ്റി..20 രൂപയ്ക്കു പഴംപൊരി പോലും വാങ്ങി കഴിക്കാത്ത ഇവൻ എന്തൊരു എച്ചിയാടാ എന്ന് നിങ്ങൾക്ക് തോന്നാം..തുടങ്ങിയ പിന്നെ നിർത്താൻ പറ്റില്ല..അതുകൊണ്ട് തന്നെ 3 ദിവസത്തെ ഫുഡ് 100Rs ഇൽ ഒതുക്കാൻ സാധിച്ചു..!*
*യാത്രയുടെ മൂന്നാം ദിവസം രാവിലെയുള്ള കാഴ്ച ഒരിക്കലും മിസ് ചെയ്യരുത്..കോടമഞ്ഞു നിറഞ്ഞ പാടങ്ങൾ..ആ മഞ്ഞിനെ വകഞ്ഞു മാറ്റി ഉദിച്ചുയരുന്ന സൂര്യൻ..ജനറൽ കംപാർട്മെന്റിലെ യാത്രയുടെ മുഷിപ്പ് ആ ഒരൊറ്റ കാഴ്ച്ചയിൽ ഇല്ലാണ്ടായി…*
*ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷൻ ഇറങ്ങുമ്പോൾ തന്നെ ടാക്സിക്കാർ വന്നു പൊതിയും..ആര് എന്ത് ചോദിച്ചാലും നഹീന്ന് പറഞ്ഞ നഹി പറയുക.. കുറച്ചു മുമ്പിലോട് നടന്നാൽ ബസ് സ്റ്റോപ്പ് ഉണ്ട്.അവിടന്ന് ചണ്ഡീഗഡ് 43 ബസ് സ്റ്റാണ്ടിലേക് ബസ് ഉണ്ട്.15രൂപ..*
*വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം ബസ് സ്റാൻഡിലുണ്ട്.. കുളിയും കാര്യങ്ങളും അവിടെ നടത്താം..*
*ചണ്ഡീഗഡ് – മണാലി ബസ് 455. രാത്രി 8. 30കുള്ള ബസിൽ കേറിയാൽ രാവിലെ 7. 30കെ മണാലി എത്താം.ഒരു ദിവസത്തെ ഉറക്കം ബസിൽ ആകാം.*
*മണാലി ബസ് സ്റ്റാൻഡിനു അടുത്ത തന്നെ ഒരുപാട് ഹോട്ടൽസ് ഉണ്ട്..വേണെമെങ്കി റൂം എടുക്കാം.ഒരുദിവസത്തേക്ക് ആണെന്കി എടുക്കേണ്ട ആവശ്യം ഇല്ല.. റൂമിനു 700 പറയും.. വിലപേശുക.300 ഇന് ഉറപ്പായും കിട്ടും.. രാവിലെ 9. 30കെ മണാലി -സോളാങ് വാലി ബസ് ഉണ്ട്. 18രൂപ.. സോളാങ് വാലിയിൽ വിന്റർ വെയറും ബൂട്സും റെന്റിനു കിട്ടും..ആവശ്യമെങ്കിൽ വാങ്ങാം.ഞാൻ ചങ്കിന്റെ വീട്ടിൽ നിന്നും ജപ്തി ചെയ്ത അവന്റെ റൈഡിങ് ജാക്കറ്റ് ആയിരിന്നു ഉപയോഗിച്ചത്..അന്നത്തെ ഫുഡ് ഒരു 100 രൂപ.. ചൂട് മാഗിയും / ബ്രെഡ് ഒമ്ബ്ലെറ്റും കിട്ടും 50 രൂപക്.ഒരു ചൂട് ചായയും കുടിച്ചു ആ മലനിരകളെ ഇങ്ങനെ നോക്കി ഇരിക്കുമ്പോ കിട്ടുന്നൊരു ഫീൽ…അത് മതിയാകും വയറും മനസും നിറയാൻ..*
*തിരിച്ചുള്ള ബസ് 3. 30 ആണെന്ന് തോന്നുന്നു.ഓർമയില്ല.തിരിച്ചു മണാലി വന്നു മാൾ റോഡും ഹഡിംബ ടെമ്പിൾ ഉം ഓൾഡ് മണലിയും മോൺസ്ട്രയും നടന്നു കാണാം.. സമയം ഉണ്ടെങ്കിൽ വശിഷ്ട് പോകാം.എനിക്ക് പോകാൻ പറ്റിയില്ല..അതുകൊണ്ട് തന്നെ അതിന്റെ ചിലവിനെ പറ്റി അറിയില്ല..മണാലിയിലെ ജിന്നിനെ കാണാൻ ആ സ്വർഗത്തിലേക്ക് പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്..ബാബുക്കാനേ ഒന്ന് നേരിട്ട് കാണുവാൻ..പക്ഷെ സാഹചര്യം അനുവദിച്ചില്ല..എല്ലാം കണ്ടുു രാത്രി ഉള്ള ബസിനു തിരിച്ചു ചണ്ഡീഗഡ് ഇലെക്..*
*എല്ലാരും പറയുന്നത് തന്നാണ്.എങ്കിലും ഒരിക്കല്കൂടിഓർമിപ്പിക്കുന്നു..കൊണ്ടുപോകുന്ന സാധങ്ങൾ സൂക്ഷിക്കുക..രാത്രി ഉറങ്ങാൻ കിടന്ന എന്നോട് ഒരാൾ മൊബൈൽ ചാർജർ ആവശ്യപ്പെട്ടു.അവന്റെ നിഷ്കളങ്കമായ മുഖം കണ്ടു ഞാൻ അത് കൊടുത്തു.അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവനും ഇല്ല എന്റെ ചാർജറും ഇല്ല..ചിലപ്പോൾ സ്നേഹം കൊണ്ട് എന്റെ ഓർമ്മയ്ക്ക് വേണ്ടി എടുത്തോണ്ട് പോയതായിരിക്കും ആ നിഷ്കളങ്കൻ..ഏറ്റവുമധികം മോഷണം നടക്കുന്ന ഡൽഹി, ഹസാരത്ത നിസാമുദ്ധീൻ സ്റ്റേഷനുകളിൽ കൂടുതൽ ശ്രദ്ധിക്കുക..പിന്നെ യാത്രയിൽ ഭാഷ ഒരു പ്രേശ്നമായി കരുതണ്ട..ട്രോളന്മാർ പഠിപ്പിച്ച മേരി പ്യാരി ദേശ് വാസിയോം മാത്രമേ എനിക്കും അറിയാമായിരിന്നുള്ളൂ.. ഒരുവിധമുള്ള കാര്യങ്ങൾ ചോദിച്ച അറിയാൻ ജബന്റെ ഭാഷ മതിയാകും..