കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട; നല്ല കിടിലൻ പുട്ടും അഡാർ ബീഫ്കറിയും കഴിക്കണോ പോകാം ഷിബു ചേട്ടന്റെ പുട്ടുകടയിലേക്ക്

0
1070

ഈ വിവാഹ വാർഷികം പ്രമാണിച്ച് വൈകിട്ടെന്താ പരിപാടീന്ന് കഴിഞ്ഞ ഒരു വർഷമായി ചോദിച്ച് കൊണ്ടിരുന്ന പെമ്പ്രന്നോത്തിയെ എങ്ങനെ പറ്റിക്കാം എന്ന ചിന്തയാണ് കുറെ നാളായി പെൻഡിങ്ങിൽ വച്ചിരുന്ന കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട എന്ന ആഗ്രഹം വീണ്ടും തലപൊക്കാൻ ഇടയാക്കിയത്…. പിന്നെ ഒന്നും നോക്കിയില്ല വേറെ പണിയൊന്നും ഇല്ലാതെ ഇരുന്ന സിന്തോളിനെയും കൂടെ കൂട്ടി ഞങ്ങൾ വച്ച് പിടിച്ചു പോയ വഴി കുമ്പളം ടോൾ വരെ എല്ലാ പാലത്തിലും ചന്ദ്രഗ്രഹണം കാണാൻ ഗ്രഹണി പിടിച്ച കുറെയെണ്ണം ഒരടി മാറാതെ കൃത്യം പലത്തിൽ തന്നെ നിരന്ന് നിൽക്കുന്നു.

മനോരമയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നത്രെ പാലത്തിൽ നിന്നാലെ ഗ്രഹണം കാണാൻ പറ്റൂന്ന്… ചന്ദ്രേട്ടനെ നോക്കി നിന്നാൽ പുട്ടു കിട്ടില്ലന്ന് അറിയാമായിരുന്നതിനാൽ ഞങ്ങ നേരെ വിട്ടു… ഗൂഗിളേച്ചി വഴിതെറ്റിക്കുമെന്ന് മനസിലായപ്പോ നെറ്റിൽ നിന്ന് നമ്പർ തപ്പി നേരെ ഷിബു ചേട്ടനെ വിളിച്ചു വഴിതിരക്കി.. കട തുറക്കാൻ 8.30 ആകുമത്രെ ആയിക്കോട്ടെ… ഞങ്ങ കാത്തിരിക്കും.. സത്യം, കുമ്പളം ടോൾ കഴിഞ്ഞ് അടുത്ത സിഗ്നലിൽ (അരൂർ പാലത്തിന് തൊട്ട് മുൻപ് ) നിന്ന് വലത്തേക്കുള്ള റോഡിൽ കൂടി 2 km പോയാൽ ഷിബു ചേട്ടന്റ പുട്ടുകടയിലെത്തും .ഞങ്ങൾ ചെന്നത് ഒരു മണിക്കൂർ മുൻപായതിനാൽ നേരെ 1 km കൂടി പോയി കുമ്പളം ബോട്ടുജെട്ടിയിലെത്തി.

മറുകരയിൽ മിന്നാമിന്നിക്കൂട്ടം പോലെ വെളിച്ചം തൂകി തേവരയുടെ രാത്രി ഭംഗി.. കുമ്പളം ജെട്ടിക്ക് സമീപം പരിഷ്കാരം ഉള്ള ഒരു പുട്ടുകടയുണ്ട് .. സിന്തോൾ വിശപ്പിന്റെ കാഠിന്യം നിമിത്തം അൽപം ആ ഭാഗത്തേക്ക് ചാഞ്ഞെങ്കിലും ആദ്യം ഷിബു ചേട്ടന്റെ കട തന്നെ പരീക്ഷിക്കാമെന്ന് ഞാൻ നിർബന്ധം പിടിച്ചു…
കുറെ നേരം അവിടെ നിന്ന് ചവിട്ടി തേച്ചു നിന്നപ്പോഴാണ് ഒരു സർവീസ് ബോട്ട് സ്റ്റാർട്ട് ചെയ്യുന്നത് ശ്രദ്ധിച്ചത്.. ചോദിച്ചപ്പോ തേവരക്ക് പോകുന്നു.. ഉടനെ തിരികയും വരും… ഒന്നും നോക്കിയില്ല.. എല്ലാത്തിനെയും പെറുക്കി ബോട്ടിലേക്കിട്ടു… ചലോ തേവര..ചന്ദ്രഗ്രഹണം കാരണം നല്ല ഇരുട്ടായിരുന്നു… ദൂരെ മഞ്ഞ തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ തേവരക്ക് ഒരു പ്രത്യേക സൗന്ദര്യം..

10 മിനിറ്റിനുള്ളിൽ തേവരയെത്തി.. തിരികെ കുമ്പളത്തേക്ക് പോകാനുള്ളവരെയും കയറ്റി ഉടൻ തന്നെ ബോട്ട് വിട്ടു… അടുത്ത 10 മിനിറ്റിൽ ഞങ്ങൾ കുമ്പളം ജെട്ടിയിൽ തിരികെയെത്തി… ഇരുട്ടിന്റെ ഭംഗിയിൽ 20 മിനിറ്റ് ബോട്ട് യാത്രക്ക് ഞങ്ങൾക്ക് ചിലവായത് വെറും 36 രൂപ…. ന്താ..ല്ലേ…?സമയം 8.30.. ഷിബു ചേട്ടന്റെ കടയിലേക്ക് വച്ച് പിടിച്ചു… കടയിൽ എത്തിയപ്പോ സഹായി അവിടെ തൂത്തുവാരുന്നതേയുള്ളു.. കടക്ക് ഒരു ബോർഡ് പോലുമില്ല.. വഴിതെറ്റാതിരിക്കാൻ റോഡിൽ ഒരു ചെറിയ വഴികാട്ടാനുള്ള ബോർഡ് വച്ചിട്ടുണ്ട്…ബൈക്കിൽ ഒന്ന് രണ്ട് പേർ അവിടെ ചുറ്റിത്തിരിയുന്നുണ്ട്… മെല്ലെ മെല്ലെ ആൾക്കാരുടെ എണ്ണവും കുടിത്തുടങ്ങി.9 മണിയോട് കൂടി ഷിബുച്ചേട്ടൻ എത്തി കലാപരിപാടികൾ ആരംഭിച്ചു.. ബിഫിന്റെ മണം അന്തരീക്ഷത്തിൽ വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ വയറ് പുകയുന്ന മണം ആ പരിസരമാകെ വന്ന് തുടങ്ങിയിരുന്നു….

ഞങ്ങൾ ഉമ്മറത്ത് തന്നെ സീറ്റ് നേരത്തെ പിടിച്ചിരുന്നു…
പുട്ടിനൊപ്പം ബീഫ് കറിയും, ചിക്കൻ കറിയും, മട്ടൻ കറിയുമായി ഞങ്ങൾ വെവ്വേറെ കോമ്പിനേഷൻ പരീക്ഷിച്ചു… ഒപ്പം ഒരു ബീഫ് ഫ്രൈയും… ഇവിടെ വരെ വന്നത് വെറുതെയായില്ല….
450 രൂപ കൊടുത്ത് തിരികെ പോരാൻ നേരം ഷിബു ചേട്ടന്റെ വക കുശലാന്യേഷണവും ..ലേറ്റായി കട തുറന്നതിന് ക്ഷമാപണം…. വീണ്ടും വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോഴും വഴിയിൽ നിറയെ ആൾക്കാർ കട ലക്ഷ്യമാക്കി നടക്കുന്നുണ്ടായിരുന്നു….
NB : കുമ്പളം പുട്ട് കട തേടി പോകുന്നവരുടെ ശ്രദ്ധക്ക്… എന്റെ വക 10 കൽപനകൾ
1. വഴി തെറ്റാതെ നോക്കുക… ഗൂഗിൾ തെറ്റിക്കാൻ ശ്രമിക്കും .. ചോയിച്ച് ചോയിച്ച് പോണതായിരിക്കും നല്ലത്..
2. മാരക ആമ്പിയൻസ് പ്രതീക്ഷിച്ച് പോവരുത്….. 3G പോകും
3. തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്തവരും പോവണ്ട.. തിരക്കൊഴിഞ്ഞ നേരം കുറവാണ്…
4. മാരക സർവീസ് പ്രതീക്ഷിച്ച് പോവരുത്… വീണ്ടും 3 G
5. ചിലപ്പോ കട്ട വെയിറ്റിംഗ് കിട്ടാനും സാധ്യതയുണ്ട്…
6. കായലിന്റ സൈഡിലായത് കൊണ്ട് അത്യാവശ്യം കൊതുക് കടിയൊക്കെ സഹിക്കാൻ തയ്യാറാവണം…
7. ജാഡക്ക് വല്യ വണ്ടി കൊണ്ട് പോയാൽ വീണ്ടും 3 G .. പാർക്കിംഗ് നഹി.. നഹി… ഒൺലി റോഡ് സൈസ് പാർക്കിംഗ് ഹേ..
8. ബൈക്കാണ് ഏറ്റവും സൗകര്യം..
9. റേറ്റ് അത്ര കത്തിയല്ല എങ്കിലും താരതമ്യേന കൂടുതലാണ്..എങ്കിലും രുചിയുള്ളത് കൊണ്ട് ക്ഷമിക്കാം..
10. കള്ള് കുടിച്ചിട്ട് പോകുന്നവർ നാട്ടുകാരോട് ചൊറിയാൻ നിൽക്കരുത്.. കാരണം അവർ ഓടിച്ചാൽ നിങ്ങൾ വഴിയറിയാതെ കായലിൽ വീഴാനുള്ള സാധ്യത കൂടുതലാണ്

എഴുതിയത് : അരുൺ  വിജയ്

LEAVE A REPLY

Please enter your comment!
Please enter your name here