മലബാറിന്റെ ഗവി “വയലട” കോഴിക്കോട്ടെ സ്വപ്നഭൂമി

0
908

ആദ്യമേ പറയട്ടെ ഞാൻ ആദ്യമായിട്ട് ആണ് എഴുതുന്നത്.അതിനാൽ തന്നെ തെറ്റുകൾ ഉണ്ടായേക്കാം വായിക്കുന്നവർ ക്ഷമിക്കുക.നിങ്ങളുടെ കമന്റുകളും അഭിപ്രായങ്ങളും വിമർശനങ്ങളും താഴെ കമെന്റ് ആയി ഇടാവുന്നതാണ്. (മനസിലാക്കാൻ ഏറ്റവും നല്ല മാർഗം അതാണ് ) .
NB :photos എല്ലാം മൊബൈലിൽ എടുത്തതാണ് .

ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും Shameem ShaMi( 8 കൊല്ലം കൂടെ പഠിച്ചവനാണ്) ആണ് ഇതിലെ കഥാപാത്രങ്ങൾ. കൂടെ ശമീമിന്റെ പായും പുലി NS 200 ഉം . അന്നൊരു ഞായറാഴ്ച ആയിരുന്നു ഞങ്ങളുടെ കൂടെ പഠിച്ച കൂട്ടുകാരിയുടെ കല്യാണത്തിനു പോയതായിരുന്നു ഞങ്ങൾ .കല്യാണത്തിന് മൂക്കു മുട്ടെ നല്ല ബിരിയാണിയും കേറ്റി കൂട്ടുകാരിയെ ഒന്ന് മുഖം കാണിച്ചു അവളുടെ വീടിന്റെ പിൻ ഭാഗത്ത് കൂടെ പടിച്ചവന്മാരോട് കത്തി അടിച്ചു നിൽക്കുമ്പോൾ ആണ് ശമീം എന്റെ അടുത്ത് വന്നിട്ട് ഒരു ചോദ്യം എങ്ങോട്ടേലും പോയാലോ എന്ന്. ഞാൻ അപ്പൊ തന്നെ Yes പറഞ്ഞു. എങ്ങോട്ട് പോകും?? സമയം 2 മണി ആയത് കൊണ്ടും രാത്രി ആകുന്നതിനു മുമ്പ് തിരിച്ചെത്തണം എന്നുള്ളതിനാലും അടുത്ത് എവിടെയെങ്കിലുമേ പോകുവാനൊക്കൂ എന്ന് അവൻ പറഞ്ഞു.

അങ്ങനെ തൊട്ടടുത്ത ജില്ലയിലെ (കോഴിക്കോട് ) വയലട സെറ്റ് ആക്കി. അങ്ങിനെ അവിടെ ഉള്ളവരോട് എല്ലാം യാത്ര പറഞ്ഞ് നേരെ പോരുമ്പോൾ ആണ് ആലോചിച്ചത് ഹെൽമെറ്റ് എടുത്തിട്ടില്ല എന്ന്. വണ്ടി നേരെ വിട്ടു അവന്റെ വീട്ടിലോട്ട്. വീട്ടിൽ പോയി നോക്കിയപ്പോ ഹെൽമറ്റ് അവന്റെ ഉപ്പ എങ്ങോട്ടോ കൊണ്ട് പോയി എന്ന് ,അങ്ങനെ അയൽവാസിയുടെ കയ്യിൽ നിന്നും ഹെൽമറ്റും വാങ്ങി യാത്ര തുടങ്ങി .രാമനാട്ടുകര – പൂളാടിക്കുന്ന് ബൈപാസ് പിടിച്ചു. പന്തീരങ്കാവിലെ പമ്പിൽ നിന്നും 300 രൂപക്ക് പെട്രോളും അടിച്ചു യാത്ര തുടർന്നു . തൊണ്ടയാടും മലാപറമ്പും കഴിഞ്ഞ് അടുത്ത ജംഗ്ഷനിൽ നിന്ന് കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നേരെ വച്ചു പിടിച്ചു. നല്ല വെയിൽ ഉള്ളതിനാൽ അവൻ ഇടക്കിടെ പോയിട്ട് Vibe (എന്താന്ന് ചോദിക്കരുത് അവൻ പറയുന്നത് കേൾക്കാം അത്രേ ഇതിനെ കുറിച്ചു അറിവുള്ളു )കിട്ടാതെ തിരിച്ചു പോരേണ്ടി വരുമോ എന്ന് ചോദിച്ചു കൊണ്ടിരുന്നു. ഏതായാലും വന്നതല്ലേ കണ്ടിട്ട് പോകാം എന്നു പറഞ്ഞു അവനെ സമാധാനിപ്പിച്ചു .

വട്ടോളി – കിനാലൂർ റോഡിൽ നിന്നും വയലടയിലേക്കുള്ള റോഡിലേക്ക് കയറി കുറച്ചു കഴിഞ്ഞപ്പോ അന്തരീക്ഷം മാറി. വെയിൽ പോയി മഴക്കാറ് വന്നു.മുകളിലേക്ക് പോകും തോറും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. റോഡിന്റെ താഴ് ഭാഗത്ത് വെള്ളച്ചാട്ടങ്ങളും വ്യൂ പോയന്റുകളും കണ്ടു തുടങ്ങി.നിരവധി സഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് കണ്ടു. മഴക്കാറ് ഉള്ളത് കൊണ്ട് വേഗം മുകളിലെത്താൻ ആയി ഞങ്ങളുടെ ചിന്ത.തിരിച്ചു വരുമ്പോ ഇറങ്ങാം വെള്ളച്ചാട്ടത്തിൽ എന്നു പറഞ്ഞു മുകളിലേക്ക് വണ്ടി വിട്ടു. അടുക്കുംതോറും ആകാശം ഇരുണ്ടു വന്നു. ചെക്കന് പേടി ആയി തുടങ്ങി .കാരണം രണ്ടാളും മഴ കൊള്ളേണ്ടി വരും . നാട്ടിൽ നല്ല വെയിൽ ആയത് കൊണ്ട് റൈൻ കോട്ടും കുടയും ഒന്നും എടുത്തിട്ടില്ല. കുറച്ചു ദൂരം കൂടി ചെന്നപ്പോഴേക്കും മഴ ചാറി തുടങ്ങി. കയറി നിക്കാൻ ഒരു സ്ഥലം നോക്കി നീങ്ങിക്കൊണ്ടിരുന്നു .വഴിയരികിൽ ഒരു ബസ് സ്റ്റോപ് കണ്ടപ്പോ വണ്ടി സൈഡ് ആക്കി അവിടെ കേറി നിന്നു. 10 മിനുട്ട് മഴ പെയ്തു .മഴ കുറഞ്ഞപ്പോൾ യാത്ര തുടർന്നു.

വയലട അങ്ങാടിയിൽ നിന്നും വ്യൂ പോയന്റിലേക്കുള്ള റോഡിലേക്ക് കയറി റോഡിന്റെ ഒരു വശത്തു വരിവരിയായി കാറുകൾ നിർത്തിയിട്ടിരിക്കുന്നു .മുന്നോട്ട് പോയപ്പോൾ ടാറിട്ട റോഡ് തീർന്നു. ഇനിയാണ് ഓഫ്റോഡ് (4×4 ഒന്നും വേണ്ട ബൈക്കു പോകും) മണ്ണിൽ വലിയ കരിങ്കല്ല് പാകിയത് ആണ്. കയറ്റവും ആണ് .ഓഫ് റോഡ്കഴിഞ്ഞു മണ്പാത ആയി . മഴ പെയ്തത് കൊണ്ട് ചെളി ആയി. ബൈക്കിൽ വന്ന ഒരു യാത്രക്കാരൻ സ്ലിപ്പ് ആയി വണ്ടി ചരിഞ്ഞു അവിടെ ഉണ്ടായിരുന്ന ജീപ്പ് ഡ്രൈവർമാർ അയാളെ എഴുന്നേൽപ്പിച്ചു വിട്ടു . മല കയറുന്നതിന്റെ അടിയിൽ വരെ ജീപ്പ് സർവീസ് ഉണ്ടെന്ന് തോന്നുന്നു . അങ്ങിനെ മലയടിവാരത്തിൽ വണ്ടി സൈഡ് ആക്കി.ചുറ്റു ഭാഗവും കോട മഞ്ഞിനാൽ പൊതിഞ്ഞു കിടക്കുന്ന താഴ് വാരം . ഞങ്ങൾ പതിയെ മലകയറി തുടങ്ങി . ഫാമിലി ആയിട്ട് വന്ന ഒരുപാട് ആളുകൾ മല കയറുന്നുണ്ട്. വഴിയിൽ ചിലയിടത്ത് ചെളി ആയതിനാൽ അതിൽ കല്ല് ഇട്ടിട്ടുണ്ട് ചവിട്ടി നടക്കാൻ.അങ്ങനെ കയറി മുകളിലെത്തിയ ഞങ്ങളെ വരവേറ്റത് നല്ല ഒന്നാന്തരം കോടയായിരുന്നു.പിന്നെ നല്ല കാറ്റും. മഴയൊക്കെ അല്ലെ ആളുകൾ കുറവായിരിക്കും എന്ന കരുതിയ ഞങ്ങൾക്ക് തെറ്റി. അവിടെ ഒരുപാട് ആളുകൾ .

ചിലർ സെൽഫി എടുക്കുന്നു. തള്ളി നിൽക്കുന്ന പാറയുടെ മുകളിൽ കയറി ഫോട്ടോ എടുപ്പിക്കുന്നു.ഫാമിലി ആയിട്ട് വന്നവർ ചിരിച്ചും കളിച്ചും പിന്നെ എല്ലാരും കൂടി പാട്ടുപാടിയും സമയം കൊല്ലുന്നു. താഴേക്ക് കരിയാത്തും പാറയുടെ വ്യൂ നോക്കി നിൽക്കുന്ന അനവധി പേരെയും കാണാം. അൽപ നേരം വ്യൂ നോക്കി നിന്ന ശേഷം ഞങ്ങൾ മുകളിലേക്ക് പോകാൻ തുടങ്ങി. ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പുല്ലുകൾ.അതിന്റെ ഇടയിലൂടെ നാല് ഭാഗത്തേക്കും ഒരാൾക്ക് നടക്കാൻ പാകത്തിലുള്ള വഴികൾ.ഞങ്ങൾ ആ വഴികളിലൂടെ നടന്നു. ചില വഴികൾ അവസാനിക്കുന്നു. അവസാനിക്കുന്നിടത്തു നിന്ന് ഒന്നു രണ്ടു പ്രാവശ്യം തിരിഞ്ഞു നടന്നു.അത് ഒരു ശീലമായപ്പോ വഴി തീരുന്നിടത്തു നിന്ന് ഞങ്ങൾ പുല്ല് വകഞ്ഞു മാറ്റി പുതിയ വഴികൾ ഉണ്ടാക്കി നടക്കാൻ തുടങ്ങി.ഇടക്കിടെ ഏകദേശം ഒരു മീറ്ററോളം നീളവും വീതിയും ഉയറാവുമെല്ലാം ഉള്ള കോണ്ക്രീറ്റ് പില്ലറുകൾ കാണാനിടയായി.അത് എന്തിനാണെന്ന് മനസിലായില്ല എന്നാലും അതിന്റെ മുകളിൽ കയറി ഫോട്ടോ ഒക്കെ എടുത്ത കയറ്റം തുടർന്നു. വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോ അവിടെയെല്ലാം കോട

വന്ന്മൂടിയിരിക്കുന്നു.കയറുമ്പോൾ പാറക്കെട്ടിനു മുകളിലേക്ക് കയറിയ മ്മേടെ ചെക്കൻ വഴുതി വീഴാൻ പോയി. പിന്നീടുള്ള അവന്റെ നടത്തം കയ്യിൽ ഒരു വടിയും കുത്തി പിടിച്ചിട്ടു ആയിരുന്നു.ഞങ്ങൾ മുകളിലേക്ക് പോകുമ്പോൾ കുറെ നേരത്തെ കേറിയ പലരും മഴ കൊണ്ട് നനഞ്ഞ കോലത്തിൽ ഇറങ്ങി വരുന്നത് കാണാം. അങ്ങനെ മുകളിൽ വരെ പോയി കാഴ്ചകളെല്ലാം കണ്ടു.മുകളിൽ ഇരിക്കുമ്പോ സമയം പോകുന്നത് അറിയുകയെ ഇല്ല.ഒന്നര മണിക്കൂർ മാത്രമേ അവിടെ ചിലവഴിച്ചിട്ടൊള്ളു. പക്ഷെ ഒരു പാട് കാഴ്ചകളും പടച്ചോന്റെ സൃഷ്ടികളിലെ മനോഹാരിതയും കണ്ട് നല്ല ശുദ്ധ വായുവും ശ്വസിച്ചു കുളിരേകുന്ന മനസ്സുമായി തിരിച്ചു മല ഇറങ്ങി.തിരിച്ചു വരുമ്പോ നേരത്തെ കണ്ട വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങി മുഖവും കൈ കാലുകളും ഒക്കെ കഴുകി (സമയക്കുറവ് കാരണം കുളിക്കാൻ നിന്നില്ല ).തിരിച്ചുള്ള യാത്ര റൂട്ട് ഒന്നു മാറ്റി നരിക്കുനി വഴി കുന്ദമംഗലം ചാടി ഊർക്കടവ് പാലത്തിനു സമീപത്തുള്ള അബ്ദുക്കന്റെ തട്ടുകടയിൽ നിന്ന് ഓരോ ചായയും ഈരണ്ടു ചൂടുള്ള ഉള്ളിവടയും കഴിച്ചു നേരെ വീട്ടിലേക്ക് പോന്നു. അങ്ങനെ 360 രൂപക്ക് വയലട എന്ന കോഴിക്കോടൻ സുന്ദരിയെ ഞങ്ങൾ കണ്ടു…
 വിവരണം : Ziyad Bz.

LEAVE A REPLY

Please enter your comment!
Please enter your name here