റൈറ്റ് സഹോദരങ്ങൾക്കും എട്ടു വർഷം മൻപ് ആദ്യമായി വിമാനം പറത്തിയത് ഭാരതീയനോ ?

0
532
റൈറ്റ് സഹോദരങ്ങൾക്കും എട്ടു വർഷം മൻപ്
2015 ജനുവരി മൂന്നുമുതല്‍ ഏഴുവരെ മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട നൂറ്റിരണ്ടാമത് ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ”പ്രാചീന ഭാരതീയ വൈമാനിക ശാസ്ത്രം” എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധം മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ വലിയ വിവാദമാക്കുകയുണ്ടായി. ”പ്രാചീന ഭാരതീയ ശാസ്ത്രങ്ങള്‍ സംസ്‌കൃതഭാഷയിലൂടെ” എന്ന സെമിനാറിന്റെ ഭാഗമായിരുന്നു ക്യാപ്റ്റന്‍ ആനന്ദബോഡാസ്, അമേയ യാദവ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഈ പ്രബന്ധം. പ്രാചീന ഭാരതത്തിലെ വൈമാനിക സാങ്കേതികവിദ്യ വെറും സാങ്കല്‍പ്പിക കഥകളല്ല, മറിച്ച് സാങ്കേതിക വിവരങ്ങള്‍ സവിശേഷമായി വിവരിക്കുന്ന സമ്പൂര്‍ണമായ ഒരു ചരിത്രരേഖയാണ്.
പൗരാണികമായ സംസ്‌കൃത ഭാഷയിലെ നിരവധി ഗ്രന്ഥങ്ങള്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. ഋഷികളെന്നതുപോലെ ശാസ്ത്രജ്ഞരുമായിരുന്ന അഗസ്ത്യനും ഭരദ്വാജനും വിമാനനിര്‍മാണത്തിന്റെ സാങ്കേതിക വിജ്ഞാനം വികസിപ്പിച്ചെടുത്തിരുന്നു എന്ന് ചരിത്രപരമായി തെളിയിക്കുന്ന രേഖകളുണ്ട്. വിമാനങ്ങളുടെ രൂപകല്‍പ്പന, യാത്രയ്ക്കും മറ്റുമായി അത് ഉപയോഗിക്കേണ്ട രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വൈമാനിക ശാസ്ത്രത്തിലുണ്ട്.
എട്ട് അധ്യായങ്ങളിലെ 3000 ശ്ലോകങ്ങളില്‍ 500 തത്വങ്ങളിലൂടെയാണ് ഭരദ്വാജന്‍ വൈമാനിക ശാസ്ത്ര വിജ്ഞാനം പ്രതിപാദിക്കുന്നത്.
”വിമാന നിര്‍മാണവും, ആകാശത്തും ഭൂമിയിലും ജലത്തിലും അത് ഉപയോഗിക്കുന്ന രീതികളും അതുതന്നെ മുങ്ങിക്കപ്പലായി ഉപയോഗിക്കുന്നതും എങ്ങനെയെന്ന് മഹാഋഷി ഭരദ്വാജന്‍ വിശദീകരിക്കുന്നുണ്ട്” എന്നാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഭരദ്വാജന്റെ ‘ബൃഹദ്‌വിമാനസംഹിത’യില്‍ യുദ്ധവിമാനത്തിന്റെ നിര്‍മാണത്തെക്കുറിച്ച് പ്രതിപാദിക്കുന്നതും വിമാനനിര്‍മാണത്തിനുള്ള ലോഹത്തെക്കുറിച്ചും വൈറസ് ബാധയേല്‍ക്കാത്തതും ജലത്താല്‍ നനയാത്തതും ആഘാതത്തെ പ്രതിരോധിക്കുന്നതുമായ വൈമാനികര്‍ക്കുള്ള വേഷവിധാനങ്ങളെക്കുറിച്ചും വിവരിക്കുന്നതായി പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു.വിമാനനിര്‍മാണവുമായി ബന്ധപ്പെട്ട് പൗരാണിക ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന 97 ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തില്‍ പറയുന്നുണ്ട്.
ബൃഹദ്‌വിമാനസംഹിതയില്‍ ‘ആഹാരാധികരണം’ എന്ന ഭാഗത്ത് വിമാനയാത്രികരുടെ പ്രത്യേക ഭക്ഷണത്തെക്കുറിച്ചും സാധാരണ ഭക്ഷണം ‘ലഭിക്കാതെയോ സാധ്യമല്ലാതെയോ വരുമ്പോള്‍ ഉപയോഗിക്കേണ്ട ‘അടിയന്തര ഭക്ഷണ’ത്തെക്കുറിച്ചും ഭരദ്വാജന്‍ പ്രതിപാദിച്ചിട്ടുള്ളതിന്റെ ചെറുവിവരണവും പ്രബന്ധം നല്‍കുന്നു. ” അന്തരീക്ഷത്തില്‍ വരുന്ന കാലാവസ്ഥാ മാറ്റം കണക്കിലെടുത്താണ് ഭരദ്വാജന്‍ വൈമാനികരുടെ വേഷവിധാനങ്ങളെക്കുറിച്ച് പറയുന്നത്. ശരീരത്തെയും ചര്‍മത്തെയും അസ്ഥികളെയും ആക്രമിക്കുന്ന 25 തരം വൈറസുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.
‘വസ്ത്രാധികരണം’ എന്ന ഭാഗത്താണ് പ്രത്യേക വേഷവിധാനങ്ങളെക്കുറിച്ചും അത് നിര്‍മിക്കുന്നരീതിയെക്കുറിച്ചും ഭരദ്വാജന്‍ പറയുന്നത്. ബൃഹദ്‌വിമാനസംഹിതയില്‍ പറയുന്ന കാര്യങ്ങളെല്ലാം പഠനവിധേയമാകുമ്പോള്‍ പ്രാചീന ഭാരതത്തിലെ ശാസ്ത്രം, പ്രത്യേകിച്ച് വൈമാനിക സാങ്കേതികവിദ്യ വളരെ പുരോഗമിച്ചതായിരുന്നു എന്ന് നമുക്ക് അറിയാനാവും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ഋഷിമാരുടെ നേട്ടങ്ങള്‍ നാം പഠിക്കുകയും പ്രചരിപ്പിക്കുകയും വേണം” എന്ന് പ്രബന്ധം ആഹ്വാനം ചെയ്യുന്നു. 7000 വര്‍ഷം മുമ്പെങ്കിലും വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഭാരതത്തിന് അറിയാമായിരുന്നു എന്ന സത്യത്തിനാണ് പ്രബന്ധം അടിവരയിടുന്നത്.
ആധികാരിക വക്താക്കള്‍ തന്നെയാണ് ഭരദ്വാജന്റെ വിമാനസംഹിതയെക്കുറിച്ച് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചത്. മുന്‍ പൈലറ്റും പൈലറ്റ് ട്രെയിനിംഗ് സെന്ററിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ചയാളുമാണ് ക്യാപ്റ്റന്‍ ആനന്ദബോഡാസ്. മുംബെയിലെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിലെ ലക്ചററാണ് അമേയ യാദവ്.
ഇരുവരുംചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധം ശാസ്ത്രവിരുദ്ധമാണെന്നും ഭൂതകാലത്തിന്റെ ഇരുണ്ടയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണെന്നും മുറവിളികൂട്ടിയവര്‍ ” ഒരു ഭാരതീയന്‍ 100 വര്‍ഷംമുമ്പ് വിജയകരമായി പരീക്ഷിച്ചുവെന്നത് ഭാരതീയമായ വൈമാനിക ശാസ്ത്രത്തെയും ഭരദ്വാജന്റെ ഗവേഷണത്തെയും സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്” എന്ന് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കപടശാസ്ത്രത്തെക്കുറിച്ച് പറയാന്‍ അനുവദിക്കുന്നത് ശാസ്ത്രകോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് വാദിച്ച് വിവാദം സൃഷ്ടിച്ചവര്‍ പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്ന ഈ ഭാരതീയനെക്കുറിച്ച് ബോധപൂര്‍വമായ നിശ്ശബ്ദത പാലിച്ചു
പൗരാണിക ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ‘വിമാനം’ നിര്‍മിച്ച് പറത്തിയ മഹാരാഷ്ട്രക്കാരന്‍ ശിവ്കര്‍ ബാപ്പുജി തല്‍പാഡെയാണ് പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഭാരതീയന്‍. 1864 ല്‍ മുംബൈയിലെ ദുഖര്‍വാഡിക്കടുത്തുള്ള ചീരാബസാറില്‍ ജനിച്ച തല്‍പാഡെ മുംബൈ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ആര്‍ട്ട്-ക്രാഫ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ടെക്‌നിക്കല്‍ ഇന്‍സ്ട്രക്ടറായിരുന്നു.
സംസ്‌കൃത പണ്ഡിതനെന്ന നിലയ്ക്ക് വൈമാനിക ശാസ്ത്രത്തില്‍ തല്‍പ്പരനായിത്തീര്‍ന്ന തല്‍പാഡെ ഭരദ്വാജന്റെ ബൃഹദ്‌വിമാനസംഹിത, ആചാര്യനാരായണ്‍ മുനിയുടെ വിമാനചന്ദ്രിക, ഗാര്‍ഗമുനിയുടെ യാത്രാകല്‍പ്പ്, ആചാര്യവാചസ്പദിയുടെ വിമാനബിന്ദു, മഹര്‍ഷി ദുന്തിരാജിന്റെ വിമാനജ്ഞാനാര്‍ക്ക പ്രകാശിക എന്നീ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു.
ഇതുവഴി മെര്‍ക്കുറി എന്‍ജിനോടുകൂടിയ ഒരു ‘വിമാനം’ ഉണ്ടാക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു. സൗരോര്‍ജമായിരുന്നു ഈ വൈദികവിമാന നിര്‍മാണത്തിന്റെ പ്രധാന ഘടകം. ശാസ്ത്രത്തിന്റെ മേഖലയിലെ വലിയൊരു അഭ്യുദയാകാംക്ഷിയായിരുന്ന ബറോഡ മഹാരാജാവ് ശ്യാംജി റാവു ഗെയ്ക്‌വാഡ് തല്‍പാഡെയുടെ സഹായത്തിനെത്തി. രാജാവിന്റെ പിന്തുണയോടെ മെര്‍ക്കുറി എഞ്ചിന്‍ ഘടിപ്പിച്ച വിമാനത്തിന്റെ നിര്‍മാണവുമായി തല്‍പാഡെ മുന്നോട്ടുപോയി.
പ്രഗത്ഭ പണ്ഡിതനും ‘വൈമാനിക ശാസ്ത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ സുബ്ബരായ ശാസ്ത്രിയായിരുന്നു മാര്‍ഗദര്‍ശി. 1895 ല്‍ ഒരു ദിവസം പ്രശസ്ത ന്യായാധിപനും ദേശീയവാദിയുമായിരുന്ന മഹാദേവ ഗോവിന്ദ റാനെഡെ, ശ്യാംജി റാവു ഗെയ്ക്‌വാഡ് രാജാവ് എന്നിവരുള്‍പ്പെട്ട ആകാംക്ഷാഭരിതരായ ഒരു വലിയ ജനസഞ്ചയത്തിനുമുന്നില്‍ തല്‍പാഡെ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു.
മുംബൈയിലെ ചൗപാട്ടി കടല്‍ത്തീരത്തുനിന്ന് ‘മാരുതസഖ’ എന്ന് പേരിട്ട തല്‍പാഡെയുടെ വിമാനം പറന്നുയര്‍ന്നു. 1500 അടി ഉയരത്തിലെത്തിയശേഷമാണ് അത് ഭൂമിയില്‍ പതിച്ചത്.ഭാരതീയനായ ഒരു ശാസ്ത്രജ്ഞന്റെ ഈ വിജയം സാമ്രാജ്യത്വ ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ബറോഡ മഹാരാജാവ് തല്‍പാഡെയെ സഹായിക്കുന്നത് നിര്‍ത്തി.
നിര്‍ണായകമായ ഈ ഘട്ടത്തില്‍ തല്‍പാഡെയുടെ ഭാര്യ മരിച്ചു. തന്റെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം. വിജയകരമായ പരീക്ഷണത്തിനുശേഷം തല്‍പാഡെയുടെ വിമാനം അദ്ദേഹത്തിന്റെ വീട്ടില്‍ കുറെക്കാലം സൂക്ഷിച്ചിരുന്നതായും വീട്ടുകാര്‍ അതിനകത്ത് കയറിയിരുന്ന് ആകാശത്തു കൂടെ പറന്നുനടക്കുന്നതായി സങ്കല്‍പ്പിക്കുമായിരുന്നെന്നും തല്‍പാഡെയുടെ അനന്തരവള്‍ റോഷന്‍ തല്‍പാഡെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
താല്‍പാഡെയുടെ വിമാനം പുനഃസൃഷ്ടിച്ച് മുംബൈയിലെ വില്ലിപാര്‍ലെയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍പാഡെയുടെ വിമാനപരീക്ഷണം സംബന്ധിച്ച രേഖകള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് കമ്പനി സൂക്ഷിക്കുന്നുണ്ട്. തല്‍പാഡെയ്ക്ക് വായ്പയായി നല്‍കിയ പണം ഈടാക്കാനെന്ന പേരില്‍ ‘മാരുതസഖ’യുടെ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ‘വിദേശികളായവര്‍ക്ക്’ വിറ്റുവെന്നും പറയപ്പെടുന്നുണ്ട്.
വൈദിക ശാസ്ത്രത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത തല്‍പാഡെയെ ഭാരതീയ പണ്ഡിതന്മാര്‍ ‘വിദ്യാപ്രകാശ പ്രദീപ്’ എന്ന ബഹുമതി നല്‍കി ആദരിച്ചു. എങ്കിലും മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റിയ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തിയിട്ടും അര്‍ഹമായ ആദരവ് ലഭിക്കാതെ പ്രതിഭാശാലിയായ ഈ ഭാരതീയ ശാസ്ത്രജ്ഞന്‍ 1916 ല്‍ ലോകത്തോട് വിടപറഞ്ഞു.
മുംബൈയിലെ ചൗപ്പാട്ടി കടല്‍ത്തീരത്ത് അരങ്ങേറിയ അത്ഭുതാവഹമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത പൂനയിലെ മറാഠി ദിനപത്രമായ കേസരി, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കൃത്യമായി ഏത് ദിവസമായിരുന്നു അതെന്ന് വ്യക്തമാക്കുന്നില്ല.
എന്നാല്‍ അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ (ഓര്‍വില്ലിയും വില്‍ബെര്‍ട്ടും) നോര്‍ത്ത് കരോലിനയിലുള്ള കിറ്റി ഹാക്കില്‍ 1903 ഡിസംബര്‍ 17 ന് തങ്ങളുണ്ടാക്കിയ വിമാനം പറത്തിക്കാണിക്കുന്നതിനും എട്ട് വര്‍ഷം മുമ്പായിരുന്നു ശിവ്കര്‍ തല്‍പാഡെ വൈദികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ വിസ്മയാവഹമായ കണ്ടുപിടുത്തം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. തല്‍പാഡെയുടെ ‘മാരുതസഖ’ ആളില്ലാവിമാനമായിരുന്നുവെങ്കില്‍ റൈറ്റ് സഹോദരന്മാരുടേത് ‘ആള്‍ കയറിയ’ വിമാനമായിരുന്നു. പക്ഷെ റൈറ്റ് സഹോദരന്മാരിലെ ഓര്‍വില്ലി റൈറ്റ് കയറിയ വിമാനത്തിന് പറക്കാനായത് വെറും 120 അടി ഉയരത്തിലായിരുന്നുവെങ്കില്‍ തല്‍പാഡെ തന്റെ വിമാനം പറത്തിയത് 1500 അടി ഉയരത്തിലാണെന്ന പ്രത്യേകതയുണ്ട്.
റൈറ്റ് സഹോദരന്മാരുടെ വിമാനം പറന്നത് 37 സെക്കന്റ് മാത്രം. തല്‍പാഡെയുടെ വിമാനം മിനിറ്റുകളോളം മുംബൈയുടെ ആകാശത്ത് പറന്നു. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചതിന്റെ നൂറാം വാര്‍ഷികം 2003 ല്‍ ലോകമെമ്പാടും ആഘോഷിക്കപ്പെട്ടപ്പോള്‍ ഇവരെക്കാള്‍ എട്ടുവര്‍ഷം മുമ്പ് ഇത്തരമൊരു അത്ഭുതകൃത്യം ലോകത്തിന് കാണിച്ചുകൊടുത്ത തല്‍പാഡെ വിസ്മരിക്കപ്പെടുകയായിരുന്നു. ചില ചരിത്രകാരന്മാര്‍ തല്‍പാഡെയെ വിശേഷിപ്പിക്കുന്നത് ”വിമാനത്തിന്റെ ആദ്യസൃഷ്ടാവ്” എന്നാണ്; തീര്‍ത്തും അര്‍ഹമായ വിശേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here