നിലയ്ക്കല്‍ സംഘര്‍ഷ ഭൂമിയല്ല ; അറിയാം നിലയ്ക്കല്‍ നാടിനെക്കുറിച്ച്

0
437

ശബരിമല സ്ത്രീ പ്രവശേനത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് നിലയ്ക്കല്‍. ശബരിമല തീര്‍ത്ഥാടന പാതയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഈ പ്രദേശം

ചരിത്ര വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് എത്തുന്ന സ്തരീകളെ തടയുന്ന നിലയ്ക്കല്‌നു ഇതൊന്നുമല്ലാതെ മറ്റൊരു ചരിത്രം കൂടിയുണ്ട്. മതസൗഹാര്‍ദ്ദത്തിനും പ്രകൃതിഭംഗിക്കും പേരു കേട്ട നിലയ്ക്കലിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍.

നിലയ്ക്കല്‍

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രസിദ്ധമായ നിലയ്ക്കല്‍ പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളാലും റബര്‍ തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ വളരെ കുറവാണ്.

നിലയ്ക്കല്‍ എന്ന പേര് വന്ന വഴി

ശബരിമലയുമായി ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ നിലയ്ക്കല്‍ എന്ന പേരിന് ശബരിമല ശാസ്താവുമായും ഒരു ബന്ധമുണ്ട്. നിലാവായ എന്ന ശാസ്താവുമായി ബന്ധപ്പെട്ട വാക്കില്‍ നിന്നാണ് നിലയ്ക്കല്‍ എന്ന സ്ഥലപ്പേര് ഉണ്ടായത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. നിലയ്ക്കല്‍ താവളം എന്നതില്‍ നിന്നു നിലയ്ക്കല്‍ വന്നു എന്നും ഒരു വാദമുണ്ട്. ചായല്‍ എന്നും ഇവിടം അറിയപ്പെടുന്നു.

പ്രധാന ഇടത്താവളം

ശബരിമല യാത്രയിലെ ഏറ്റവും പ്രധാന ഇടത്താവളമാണ് നിലയ്ക്കല്‍. ശബരിമലയിലേക്കുള്ള യാത്രയില്‍ ഇവിടെ നിലയ്ക്കല്‍ വരെയാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെയും വിശ്വാസികളുടെയും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനായി വിപുലമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

നിലയ്ക്കല്‍ മഹാദേവ ക്ഷേത്രം
ശബരിമല തീര്‍ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് ഇവിടുത്തെ
നിലയ്ക്കല്‍ ശ്രീ മഹാദേവ ക്ഷേത്രം. ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കാടുകള്‍ക്കും റബര്‍ തോട്ടത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അയ്യപ്പനെ അനുഗ്രഹിക്കുന്ന ശിവന്‍

ഇവിടുത്തെ വിശ്വാസം അനുസരിച്ച് തന്റെ മകനായ അയ്യപ്പനെ അനുഗ്രഹിക്കുന്ന ദൈവമായാണ് ശിവനെ ചിത്രീകരിച്ചിരിക്കുന്നത്. തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടാന്‍ ശിവന്‍ അയ്യപ്പെനെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.

സെന്റ് തോമസ് എക്യുമെനിക്കല്‍ പളളി

ലോകത്തിലെ തന്നെ ആദ്യത്തെ എക്യൂമെനിക്കല്‍ ദേവാലയമായാണ് നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ പള്ളി അറിയപ്പെടുന്നത. സുവിശേഷ പ്രഘോഷണങ്ങളുടെ ഭാഗമായി യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ എപ്പിസ്‌കോപ്പല്‍ സഭാവിഭാഗങ്ങളാണ് ഈ പള്ളിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ശബരിഗിരി ജലവൈദ്യുത പദ്ധതി

കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതി നിലയ്ക്കലില്‍ നിന്നും കുറച്ച് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. റാന്നി താലൂക്കിലെ ആങ്ങമ്മൂഴി – ഗവി റൂട്ടിലെ മൂഴിയാറിലാണിതുള്ളത്. 1966 ലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്,

തുലാപ്പള്ളി

നിലയ്ക്കലിനോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു പ്രധാന പ്രദേശമാണ് തുലാപ്പള്ളി. പമ്പാ നദിക്കരയിലെ വൈകുണ്ഠപുരം ശ്രീകൃഷണസ്വാമി ക്ഷേത്രം, തുലാപ്പള്ളി മാര്‍ തോമാശ്ലീഹാപ്പള്ളി, ഐത്തലപ്പടി-കുസുമം റോഡിലെ ഹിദായ്ത്തുള്‍ ഇസ്ലാം ജുമാ മസ്ജിദ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും പൊന്‍കുന്നം-എരുമേലി-മുക്കൂട്ടുതറ – പമ്പാവാലി – ആലപ്പാട്ട് കവല- നാറാണംതോട് – ഇലവുങ്കല്‍ വഴിയാണ് നിലയ്ക്കലിലെത്തുന്നത്. 77 കിലോമീറ്ററാണ് ദൂരം. പത്തനംതിട്ടയില്‍ നിന്ന് – മണ്ണാറക്കുളഞ്ഞി – വടശ്ശേരിക്കര – പെരുനാട് – പുതുക്കട – ളാഹ – പ്ലാപ്പളളി – ഇലവുങ്കല്‍ വഴിയും കുമളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ വളളക്കടവ് – കോഴിക്കാനം – ഗവി – ആനത്തോട് – കക്കി – മൂഴിയാര്‍ – ആങ്ങമൂഴി – പ്ലാപ്പളളിവഴിയും ഇവിടെ എത്താം.

LEAVE A REPLY

Please enter your comment!
Please enter your name here