ലോകത്തിന്റെ ഏറ്റവും പ്രായമുള്ള മുതുമുത്തശ്ശി ഇതാ ഇവിടെ ഉണ്ട്

0
479

ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഫ്‌ളോറെസ് മുത്തശ്ശിയാണെന്നാണ് ബൊളീവിയക്കാരുടെ വിശ്വാസം. 1900 ജനിച്ച മുത്തശ്ശി ഉമ്മറത്തിരിക്കുന്നത് കണ്ടാല്‍ കല്ലില്‍ കൊത്തിയ പ്രതിമയാണെന്നേ പറയൂ. ബൊളീവിയന്‍ പര്‍വ്വതനിരകള്‍ക്കരികിലെ ഒരു മൈനിംഗ് ക്യാംപിലാണ് ജൂലിയ ഫ്‌ളോറെസ് കോള്‍ഗ് ജനിച്ചത്.

ലോക റെക്കോര്‍ഡ് പ്രകാരം 117 വയസ്സുള്ള നാബി താജിമ എന്ന ജാപ്പനീസ് സ്ത്രീയായിരുന്നു ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ. എന്നാല്‍ ഈ വര്‍ഷം ആദ്യം അവര്‍ മരണപ്പെട്ടിരുന്നു. നാബി താജിമയുടെ മരണത്തോടെയാണ് ഫ്‌ളോറെസ് കോള്‍ഗ് ആ റെക്കോര്‍ഡിലേക്കെത്തുന്നത്.

എന്നാല്‍ ഔദ്യോഗികമായി ആ റെക്കോര്‍ഡ് കരസ്ഥമാക്കാനൊന്നും ഫ്‌ലോറെസ് മുത്തശ്ശി ഇതുവരെ ശ്രമിച്ചിട്ടില്ല.ഒരു നൂറ്റാണ്ട് തികച്ച സംഭവബഹുലമായ ജീവിതത്തിനിടയില്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കാണ് ഫ്‌ളോറെസ് മുത്തശ്ശി സാക്ഷിയായിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനിടെയുണ്ടായ ബൊളീവിയന്‍ വിപ്ലവങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ 118കാരി. 3000 ആളുകള്‍ മാത്രമുണ്ടായിരുന്ന സകാബ എന്ന തന്റെ ഗ്രാമം, അഞ്ചു പതിറ്റാണ്ടിനിടെ വളര്‍ന്ന് 1,75,000 ത്തിലേറെ ജനസാന്ദ്രതയുള്ള തിരക്കേറിയ നഗരമായി മാറിയത് കാണാനുള്ള അപൂര്‍വ്വഭാഗ്യവും ഈ മുത്തശ്ശിക്ക് ലഭിച്ചു.

ഈ 118-ാം വയസ്സിലും ഊര്‍ജ്ജസ്വലയാണ് ഫ്‌ളോറെസ് മുത്തശ്ശി. ബൊളീവിയന്‍ സംഗീതോപകരണമായ ഷരന്‍ഗോ (ഒരുതരം ഗിറ്റാര്‍) വായിക്കുകയും നാടന്‍ തനിമയുള്ള പാട്ടുകള്‍ പ്രാദേശികഭാഷയായ കെച്വവയില്‍ ആലപിക്കുകയും ചെയ്യും.

മിനിന എന്ന പൂച്ചയും ബ്ലാന്‍ക്വിറ്റ എന്ന കുഞ്ഞന്‍ പട്ടിയുമാണ് ഫ്‌ളോറെസ് മുത്തശ്ശിയുടെ സന്തതസഹചാരികള്‍. തന്റെ വളര്‍ത്തുപട്ടികളും പൂച്ചകളും കോഴികളുമൊക്കെയായി സദാ തിരക്കിലാണ് ഫ്‌ളോറെസ് മുത്തശ്ശി. 65 വയസ്സുള്ള മരുമകള്‍ അഗസ്റ്റിന ബെര്‍ണയ്‌ക്കൊപ്പമാണ് അവിവാഹിതയായ ഈ മുത്തശ്ശിയുടെ താമസം.

പാട്ടും കളികളും തമാശകളുമൊക്കെ ഇഷ്ടപ്പെടുന്ന ഫ്‌ളോറെസ് മുത്തശ്ശി എപ്പോഴും ആക്റ്റീവാണെന്നാണ് അഗസ്റ്റിന പറയുന്നത്. വളര്‍ത്തുപട്ടികളിലെ പ്രിയപ്പെട്ടവന്‍ ബ്ലാന്‍ക്വിറ്റ തെരുവില്‍ അലയാന്‍ പോയി തിരിച്ചെത്താന്‍ വൈകിയാല്‍ ഉഗ്രരൂപിണിയായി മാറാനും ഫ്‌ളോറെസ് മുത്തശ്ശിയ്ക്ക് ഞൊടിനേരം മതിയെന്നാണ് അഗസ്റ്റിനയുടെ വെളിപ്പെടുത്തല്‍.

ബൊളീവിയന്‍ മലനിരകളില്‍ ആടുകളെയും ലാമകളെയും മേയ്ച്ചാണ് ഫ്‌ലോറെസ് തന്റെ ബാല്യം ചെലവഴിച്ചത്. പിന്നീട് താഴ്വാരത്തേക്ക് താമസം മാറിയ ഫ്‌ളോറെസ് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തും വിറ്റും ഉപജീവനം നടത്തി. ഈ പ്രായത്തിലും ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരുകയാണ് ഫ്‌ളോറെസ്. ആഘോഷവേളകളില്‍ അല്‍പ്പം കേക്കും സോഡയും കഴിക്കുന്നതൊഴിച്ചാല്‍ അനാരോഗ്യകരമായ യാതൊരുവിധ ഭക്ഷണശീലവും ഈ മുത്തശ്ശിക്കില്ല.

ലിവിംഗ് ഹെറിറ്റേജ് എന്നാണ് സകാബ മേയറുടെ കാര്യാലയം ഫ്‌ളോറെസ് മുത്തശ്ശിയെ വിശേഷിപ്പിക്കുന്നത്. മേയറുടെ ഓഫീസും പ്രൈവറ്റ് ഫൗണ്ടേഷനും ചേര്‍ന്ന് ഫ്‌ളോറെസ് മുത്തശ്ശിയുടെ വീട്ന വീകരിച്ചുകൊടുക്കുകയും നടക്കാനായി ഒരു നടപ്പാതയൊരുക്കി കൊടുക്കുകയും ചെയ്തു. രാത്രികളിലും മറ്റും ബാത്ത്‌റൂമില്‍ പോകാന്‍ അസൗകര്യം ഉണ്ടാവാതിരിക്കാനായി ഫ്‌ളോറെസിന്റെ മുറിയോട് ചേര്‍ന്ന് ഒരു ബാത്ത് റൂമും ടോയ്ലറ്റും കൂടി ഒരുക്കി കൊടുക്കാനും ഇവര്‍ തയ്യാറായി.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു വരെ വളരെ ചടുലമായി തന്നെ നടന്നു കൊണ്ടിരുന്ന വ്യക്തിയാണ് ഫ്‌ളോറെസ് മുത്തശ്ശി. ഇടയ്ക്ക് ഒന്നു വീണ് നടുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇനിയൊരിക്കലും ഫ്‌ലോറെസ് മുത്തശ്ശിക്ക് നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ?

എന്നാല്‍ ഡോക്ടര്‍മാരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഫ്‌ലൊറെസ് വീണ്ടും പരസഹായമില്ലാതെ തന്റെ നടപ്പ് വീണ്ടെടുത്തു.അല്‍പ്പം കേള്‍വിക്കുറവുണ്ടെങ്കിലും ആ പരാധീനതയെ മറികടക്കാനായി, സദാ ജാഗരൂകയാണ് മുത്തശ്ശി. സ്വയം ബേക്ക് ചെയ്ത കേക്കും നാടന്‍ പാട്ടുകളുമായി തന്നെ കാണാനെത്തുന്നവരെയൊക്കെ സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തി ജീവിതം ഒരുത്സവം പോലെ ആഘോഷിക്കുകയാണ് ഫ്‌ളോറെസ്.

LEAVE A REPLY

Please enter your comment!
Please enter your name here