തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 34 സ്ഥലങ്ങളും ഫുൾ വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും

0
6284

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. കേരളത്തില്‍ സഞ്ചാരികള്‍ എത്തുന്നത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള നാലു ക്വാര്‍ട്ടറുകളിലായിട്ടാണ്.

ഇതില്‍ ആദ്യത്തേതും നാലാമത്തേതും ഉള്‍പ്പെടുന്ന മാസങ്ങളാണ് ടൂറിസ്റ്റ് സീസണായി അറിയപ്പെടുന്നത്. തലസ്ഥാനമെന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടുറിസം മാപ്പില്‍ ഇടം നല്‍കുന്നത്.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

1.ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

തദ്ദേശ വിനോദസഞ്ചാരികളെ മാത്രമല്ല വിദേശികളേയും ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്ന പത്മതീര്‍ത്ഥക്കുളവും കുതിരമാളികയും മേത്തന്‍മണിയും സഞ്ചാരികളുടെ മനം കവരുന്നു. മൂവായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ അനന്തപത്മനാഭന്റെ പ്രതിഷ്ഠയാണ് ആരാധിച്ചു പോരുന്നത്.

ചാരുതയാര്‍ന്ന ക്ഷേത്രത്തിലെ കൊത്തുപണികള്‍ ദ്രാവിഡ ശില്‍പകലയുടെ മകുടോദാഹരണങ്ങളാണ്. രാജഭരണകാലം മുതല്‍ തുടര്‍ന്നുപോരുന്നതും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം നടന്നുവരുന്നതുമായ ആറാട്ട് മഹോത്സവം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. അനന്തപുരിയിലെ രാജഭരണകാലത്തെ പല പ്രമുഖ നിര്‍മ്മിതികളും സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലുമാണ്.

2.മൃഗശാല മ്യൂസിയം

1855 ലാണ് തിരുവനന്തപുരം മ്യൂസിയം ആരംഭിച്ചത്. തുടക്കത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ശേഖരിച്ച ലോഹങ്ങളും ധാതുക്കളും തിരുവിതാംകൂര്‍ റസിഡന്റായിരുന്ന ജനറല്‍ കല്ലന്റെ ഏതാനും ഗ്രന്ഥങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. 1887 ല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. മദിരാശി ഗവണ്‍മെന്റിന്റെ വാസ്തു ശില്പോപദേഷ്ടാവായിരുന്ന ചിഷോമിന്റെ ചുമതലയില്‍ 1880 ല്‍ പണി പൂര്‍ത്തിയാക്കിയ മ്യൂസിയം കെട്ടിടത്തിന് “നേപ്പിയര്‍ മ്യൂസിയം” എന്നു പേരിട്ടു. കേരള വാസ്തു ശില്പ കലയുടെ മകുടോദാഹരണമാണ് ഈ കെട്ടിടം. മ്യൂസിയം വളപ്പിലെ മൃഗശാലയും ബൊട്ടാണിക്ഗാര്‍ഡനും പ്രധാന ആകര്‍ഷണങ്ങളാണ്.

ഇംഗ്ളണ്ടിലെ ക്യൂ ബോട്ടാണിക് ഗാര്‍ഡനില്‍ പരിശീലനം ലഭിച്ച എഫ്.ജെ.ഇംഗള്‍ബിയാണ് ഇവിടുത്തെ പരിസരത്തിന് രൂപകല്‍പ്പന നല്‍കിയത്. ‘ഏഷ്യന്‍ ചിത്രകലാശേഖരമെന്നു’ വിശേഷിപ്പിക്കാവുന്ന ചിത്രാലയത്തില്‍ 1935 സെപ്തംബര്‍ 25-ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ തുടക്കം കുറിച്ചു.

ഭാരതത്തിലെ മൃഗശാലകളില്‍ മികച്ച സ്ഥാനമാണ് തിരുവനന്തപുരം മൃഗശാലയ്ക്കുള്ളത്. ലണ്ടന്‍ മൃഗശാലയുടെ മാതൃകയിലാണ് ഇവിടെയും മൃഗശാല സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി ശാസ്ത്ര ചരിത്ര മ്യൂസിയം, മൃഗശാല, കെ സി എസ് പണിക്കര്‍ ഗ്യാലറി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ശ്രീ ചിത്തിര എന്‍ക്ളേവ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന നൂറ് ഏക്കര്‍ വിസ്തൃതിയുള്ള മനോഹരസ്ഥലമാണ് മ്യൂസിയം വളപ്പ്.

3.ചിത്രാലയം

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നാമം അനുസ്മരിപ്പിക്കുന്ന ഒന്നാണ് ചിത്രാലയം. 1935-ലാണ് ചിത്രാലയം പ്രവര്‍ത്തനമാരംഭിച്ചത്. രവിവര്‍മ്മചിത്രങ്ങളും കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നിരവധി ചിത്രങ്ങളും ചിത്രാലയത്തിനു പകിട്ടും മേന്മയും കൈവരുത്തി. മ്യൂസിയം വളപ്പിനുള്ളിലാണ് ചിത്രാലയം.

4.കോവളം

തിരുവനന്തപുരത്ത് നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീര സുഖവാസകേന്ദ്രം. കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍, നീന്തലിനും, സ്ക്കീയിങ്ങിനും അനുയോജ്യമായ ആഴം കുറഞ്ഞ ഉള്‍ക്കടല്‍, വെയില്‍ നുകരാന്‍ സൌകര്യ പ്രദമായ മണല്‍പരപ്പ്. ഇവയെല്ലാം കോവളത്തെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.

ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്റെ അശോക ബീച്ച് റിസോര്‍ട്ട് ഇവിടെയുണ്ട്. കോവളം ബീച്ചിന്റെ തെക്കു ഭാഗത്തായി ഒരു ചെറിയ ബീച്ച് ഹവ്വാ ബീച്ച് എന്ന പേരിലുണ്ട്. വിദേശികളുടെ ആകര്‍ഷണ കേന്ദ്രമാണ് ഹവ്വാ ബീച്ച്. രാജാവിന്റെ ഒരു കൊട്ടാരവും (ഹാല്‍സിയന്‍ പാലസ്) ഇവിടെയുണ്ട്.

5.വേളി

മനോഹരമായ കായല്‍ത്തീരങ്ങളാണ് വേളി, ആക്കുളം എന്നിവ. ശംഖുമുഖം ബീച്ചില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്ക് മാറിയാണ് വേളി. വിശാലമായ ഒരു പാര്‍ക്കും വിശിഷ്ടങ്ങളായ ശില്‍പങ്ങളും വേളിയെ പെരുമയിലെത്തിച്ചിരിക്കുന്നു. ഒരു ബോട്ട് ക്ളബ് ഇവിടെയുണ്ട്. ഫൈബര്‍ പ്ളാസ് ബോട്ടുകളില്‍ തടാകത്തിന്റെ സൌന്ദര്യം നുകരാന്‍ ബോട്ടിങ്ങിനുള്ള സൌകര്യവുമിവിടെയുണ്ട്.

6.ആക്കുളം

ആക്കുളം “അക്ക്വാറിസോര്‍ട്ട്” വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ തിരുവനന്തപുരം ജില്ലാ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയില്‍ ബോട്ട് ക്ളബിന് പുറമേ കുട്ടികളുടെ പാര്‍ക്കും ഉള്‍പ്പെടുന്നു. വേളി ടൂറിസ്റ്റ് കേന്ദ്രത്തെ ജലപാത വഴികൂട്ടിയിണക്കുന്നു.

കുട്ടികളുടെ പാര്‍ക്കും അമ്യൂസ്മെന്റ് പാര്‍ലറും കായലിനു മദ്ധ്യേ കൃത്രിമ ദ്വീപും ഫ്ളോട്ടിങ് റസ്റ്റോറന്റും പക്ഷി സ്നേഹികളെ ആകര്‍ഷിക്കുവാന്‍ വാക്-ഇന്‍ എവിയറിയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

7.കവടിയാര്‍, കനകക്കുന്ന് കൊട്ടാരങ്ങള്‍

രാജഭരണം നിലനിന്നിരുന്നെങ്കില്‍ ഇന്നു തിരുവിതാംകൂറിന്റെ നാടുവാഴിയാകുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും കുടുംബവുമാണ് കവടിയാര്‍ കൊട്ടാരത്തില്‍ താമസിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൌരി പാര്‍വ്വതിബായി, ആദിത്യവര്‍മ്മ തുടങ്ങിയവരാണ് മറ്റ് രാജകുടുംബാംഗങ്ങള്‍. ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച കനകക്കുന്ന് കൊട്ടാരം വിദേശികള്‍ക്ക് വിരുന്നൊരുക്കാന്‍ ഉപയോഗിച്ചിരുന്നു.

 

ചിത്തിര തിരുനാളിന്റെ കാലത്ത് കൊട്ടാരവളപ്പില്‍ ടെന്നീസ് കോര്‍ട്ടുകള്‍ നിര്‍മിച്ചു. രാജഭരണം അവസാനിച്ചതോടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഈ കൊട്ടാരം ഏറ്റെടുത്തു. കനകക്കുന്ന് കൊട്ടാര പരിസരത്ത് ‘നിശാഗന്ധി’ എന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് ‘നിശാഗന്ധി’. പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്.

8.വിഴിഞ്ഞം

കോവളത്തിന് തെക്ക് 2 കിലോമീറ്റര്‍ മാറി വിഴിഞ്ഞം സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് വിഴിഞ്ഞം ഒരു പ്രമുഖ തുറമുഖമായിരുന്നു എന്നു രേഖകള്‍ സൂചിപ്പിക്കുന്നു. പോര്‍ച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും വ്യവസായ സംരംഭങ്ങളുടെ ബാക്കി പത്രം ഇവിടെ കാണാനാകും. ആയ് രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം ഇന്ന് മത്സ്യബന്ധന കേന്ദ്രമാണ്. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ ഒരു വിഭാഗം ഇവിടെയുണ്ട്. ഇവിടുത്തെ ലൈറ്റ് ഹൌസ് മനോഹരമാണ്.

9.ശംഖുംമുഖം

നഗരകേന്ദ്രത്തില്‍ നിന്നും 8 കി.മീ മാത്രം ദൂരെയുള്ള ശംഖുമുഖം കടലോരം അസ്തമയം വീക്ഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹരം പകരുന്ന സ്ഥലമാണ്. ഈ ബീച്ച് വിമാനത്താവളത്തോടും, വേളി ടൂറിസ്റ്റ് വില്ലേജിനോടും ചേര്‍ന്നു കിടക്കുന്നു. ഒരു ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ളബ്, 35 മീറ്റര്‍ നീളമുള്ള മത്സ്യ കന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ രൂപത്തിലുളള റസ്റ്റാറന്റ് എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണീയതകളാണ്.

ഇതിനെക്കാളുപരി ശംഖുമുഖത്തിന്റെ ചരിത്രപരമായ പ്രത്യേകതകള്‍ പുരാതനമായ അവിടുത്തെ കല്‍മണ്ഡപവും, തിരുവിതാംകൂറില്‍ ഒരുകാലത്ത് നിലവിലിരുന്ന വധശിക്ഷ നടപ്പിലാക്കിയിരുന്ന സ്ഥലവും എന്ന നിലയിലാണ്. സിംഹങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളികളെ വിട്ടുകൊടുക്കുന്ന വധശിക്ഷ സ്വാതിതിരുനാളിന്റെ കാലത്താണ് നിറുത്തലാക്കിയത്. ഇന്നു ആ കെട്ടിടത്തിലാണ് ഇന്‍ഡ്യന്‍ കോഫീഹൌസ് പ്രവര്‍ത്തിക്കുന്നത്.

10.തിരുവല്ലം

നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തില്‍ കോവളത്തേക്കുള്ള പാതയില്‍ കായല്‍ സൌന്ദര്യത്തില്‍ ബോട്ടിംഗ് സൌകര്യം. നദിക്കരയിലെ പരശുരാമക്ഷേത്രം അതിന്റെ പഴമകൊണ്ടും, ബലിയര്‍പ്പണ കേന്ദ്രമെന്നനിലയിലും പ്രസിദ്ധം. ഐതിഹ്യപ്രകാരമുള്ള കേരളത്തിന്റെ സ്രഷ്ടാവെന്നും പറയപ്പെടുന്ന പരശുരാമന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രം. സമീപം തന്നെയുള്ള തിരുവല്ലം കുന്നിലെ ചിത്രാഞ്ജലി സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

11.നക്ഷത്രബംഗ്ലാവ്

ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഒന്നാണ് തിരുവനന്തപുരത്തെ നക്ഷത്ര ബംഗ്ളാവ്. എ.ഡി 1836 ല്‍ ജെ.കാല്‍ഡിക്കട്ടിന്റെ നിയന്ത്രണത്തില്‍ അസ്ട്രോളജിക്കല്‍ ഒബ്സര്‍വേറ്ററി രൂപം കൊണ്ടു. 1853 വരെ ഡോ.അല്ലന്‍ ബ്രൌണിന്റെ കീഴില്‍ മാഗ്നെറ്റിക് ഒബ്സര്‍വേറ്ററിയായി നിലനിന്നു. ഗവണ്‍മെന്റ് ജോതിര്‍ നിരീക്ഷകനായിട്ട് കാള്‍ഡിക്കാട്ടിനെ തന്നെ നിയമിച്ചു.

ഒരു നിയോണ്‍ ലൈറ്റും രണ്ടു ടെലസ്കോപ്പുകളും നിരീക്ഷണശാലയില്‍ വാങ്ങിച്ചു. നിരീക്ഷണശാലയുടെ ഉപയോഗത്തിനുവേണ്ടി ഒരു പ്രസ്സും സ്ഥാപിക്കുകയുണ്ടായി. ഇതാണ് ഗവണ്‍മെന്റ് പ്രസ്സിന്റെ ആരംഭം.

12.അക്വേറിയം

സര്‍. സി.പി.രാമസ്വാമി അയ്യരുടെ കാലത്താണ് 1940 ല്‍ ശംഖുമുഖത്ത് ഒരു അക്വേറിയം പ്രവര്‍ത്തനമാരംഭിച്ചത്. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ മറൈന്‍ ബയോളജി വകുപ്പിന്റെ കീഴിലായിരുന്നു അക്വേറിയം. ഇന്ന് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അക്വേറിയം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്നു.

13.പ്ലാനറ്റേറിയം

നഗരഹൃദയത്തില്‍ പി.എം.ജി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി പ്ളാനറ്റേറിയം ബഹിരാകാശ ശാസ്ത്രസംബന്ധമായ പ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. ശാസ്ത്രകുതുകികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, സഞ്ചാരികള്‍ക്കും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്കുന്ന ഈ സ്ഥാപനം അനന്തപുരിയുടെ അഭിമാനമാണ്. ഇതോടനുബന്ധിച്ചിട്ടുള്ള ശാസ്ത്രസാങ്കേതിക മ്യൂസിയവും കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

14.കുതിരമാളിക

മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം പണികഴിപ്പിച്ച കൊട്ടാരം. ഇപ്പോള്‍ രാജകുടുംബത്തിലെയും രാജഭരണകാലത്തേയും അമൂല്യ വസ്തുക്കളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം. സ്വാതിതിരുനാള്‍ പണികഴിപ്പിച്ച ശില്പസൌകുമാര്യമാര്‍ന്ന പുത്തന്‍മാളികയാണ് കുതിരമാളിക.

മാളികയിലെ മുഖപ്പുകളിലും ഇടനാഴികളിലും വിസ്തൃതമായ അകത്തളങ്ങളിലും രാജപ്രൌഢിയുടെ ധാരാളിത്തം കാണാം. റസിഡന്റ് കല്ലന്റെ എതിര്‍പ്പിനെ അവഗണിച്ച് നിര്‍മ്മിച്ച കുതിരമാളിക 1995 മാര്‍ച്ചില്‍ ട്രസ്റ്റിന്റെ കീഴില്‍ കാഴ്ചബംഗ്ളാവായി.

തഞ്ചാവൂരില്‍ നിന്നും ശില്പികളെ വരുത്തിയാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. കുതിരയുടെ ആകൃതിയില്‍ നിരനിരയായി തെക്കുഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള ശില്പങ്ങളുടെ അപൂര്‍വ്വ സമുച്ചയം കൊണ്ടാവണം കുതിരമാളികയെന്നു ഈ കൊട്ടാരത്തെ വിളിച്ചുപോരുന്നത്. 1033 ലെ മുറജപകാലത്ത് രാജകീയ ഏര്‍പ്പാടുകളാല്‍ ദത്തമായ ഒരു ഓലച്ചൂട്ട് അന്നു നിന്നിരുന്ന രാജമന്ദിരത്തെ കത്തിനശിപ്പിച്ചു.

ഇപ്പോള്‍ കാണുന്ന രണ്ട് നില വലിയ നാലുകെട്ട് ആ തീപിടിത്തത്തിനു ശേഷം പണികഴിപ്പിച്ചതാണ്. സ്വാതിതിരുനാളിന്റെ സംഗീത ഉപകരണങ്ങളും തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ദന്തസിംഹാസനങ്ങളും വിശാഖം തിരുനാളിന്റെ കാലത്ത് ചെക്കോസ്ളാവാക്യയില്‍ നിര്‍മ്മിച്ച സിംഹാസനവും ആയുധ സാമഗ്രികളും, എണ്ണച്ചായാ ചിത്രങ്ങളും കഴിഞ്ഞ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിറുത്തുവാനായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കോട്ടകള്‍

15.കോട്ടകളുടെ കഥ

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവനന്തപുരത്ത് താമസമാക്കിയതോടെയാണ് കോട്ടകള്‍ക്ക് രൂപം കൊടുത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നിര്‍മ്മിച്ച കോട്ടകളുടെ അവശേഷിച്ച പണി ധര്‍മ്മരാജാവിന്റെ കാലത്ത് പൂര്‍ത്തിയാക്കി (മതിലകം രേഖകള്‍ പ്രകാരം). രാജ്യരക്ഷയ്ക്കുവേണ്ടിയും ജനങ്ങളേയും രാജ്യഭണ്ഡാരത്തേയും നാടുവാണിരുന്ന തമ്പുരാക്കന്‍മാരെ സംരക്ഷിക്കുവാനും പ്രതിയോഗികളുടെ ആക്രമണങ്ങളെ തോല്‍പ്പിക്കുവാനും ഉദ്ദേശിച്ചായിരുന്നു കോട്ട നിര്‍മ്മാണം.

മണ്‍കോട്ടകളായിരുന്നു ആദ്യകാലത്ത് നിലവിലുണ്ടായിരുന്നത്. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ കരിങ്കല്‍ കോട്ടകള്‍ രൂപമെടുത്തു. ഹൈദര്‍, ടിപ്പു ഇവരുടെ ആക്രമണങ്ങളെ ചെറുക്കാന്‍ തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തിയില്‍ കെട്ടിയുയര്‍ത്തിയ നെടുംകോട്ടയും മണ്‍കോട്ടയായിരുന്നു. മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ച കുലശേഖരപെരുമാക്കന്മാരാണ് മണ്‍കോട്ട നിര്‍മ്മാണത്തിന്റെ ഉപജ്ഞാതാക്കള്‍. കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, വടക്കേക്കോട്ട (പില്‍ക്കാലത്ത് വെട്ടിമുറിച്ച കോട്ട), തെക്കേക്കോട്ട എന്നിവയെ ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കു പുറമേ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും അതിര്‍ത്തിയില്‍ കെട്ടിയുയര്‍ത്തിയ നെടുംകോട്ടയും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു.

കുളച്ചല്‍ യുദ്ധവുമായി ബന്ധപ്പെട്ട് തടവുകാരനാക്കപ്പെട്ട ഡിലനായി അന്ത്യവിശ്രമം കൊള്ളുന്ന ഡിലനായിക്കോട്ട എക്കാലവും ചരിത്രപ്രധാന്യം നേടുക തന്നെ ചെയ്യും. വെട്ടുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, പഴവങ്ങാടിക്കോട്ട, തെക്കേക്കോട്ട, ശ്രീവരാഹംകോട്ട തുടങ്ങി ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കോട്ടകള്‍ ഗവേഷണ വിദ്യാര്‍ത്ഥികളിലും വിദേശീയ സന്ദര്‍ശകരിലും കൌതുകമുണര്‍ത്തികൊണ്ട് വിവിധഭാഗങ്ങളില്‍ നിലകൊള്ളുന്നു.

16.കിഴക്കേകോട്ട

സമചതുരാകൃതിയിലുള്ള കരിങ്കല്ലിനാലും ചുറ്റും ചീക്കല്ലിനാലും (ഒരു തരം വെട്ടുകല്ല്) പണിതിരിക്കുന്നതാണ് കിഴക്കേക്കോട്ട. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കൊട്ടാരവും അഗ്രഹാരങ്ങളും മറ്റും ഇതിനുള്ളിലാണ്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് പാളയം കണ്ണിമാറാ മാര്‍ക്കറ്റ്, വി ജെ ടി ഹാള്‍, വെട്ടിമുറിച്ച കോട്ട ഇവയ്ക്കൊപ്പം കിഴക്കേകോട്ടയ്ക്കും ഒരേ നിറം നല്കി. മാര്‍ത്താണ്ഡവര്‍മ്മയാണ് തുടക്കമിട്ടതെങ്കിലും തുടര്‍ന്നുള്ള ഭരണാധികാരികളും കോട്ടകളെ നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്തു.

17.വെട്ടിമുറിച്ച കോട്ട

വെട്ടിമുറിച്ചകോട്ട കൊല്ല വര്‍ഷം 962 (1787) ല്‍ നിലവിലുണ്ടായിരുന്നുവെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധമുള്ളതാണെന്നും തെളിയിക്കപ്പെടുന്ന മതിലകം രേഖയുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടകള്‍ കെട്ടിയുയര്‍ത്തിയത്. തൈക്കാട് വിഷ്ണുത്രാതന്‍ നല്‍കിയ കണക്കനുസരിച്ചാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഐതിഹ്യം പടിഞ്ഞാറുഭാഗത്ത് കല്ലുകൊണ്ടുവരുവാന്‍ കോട്ട വെട്ടിമുറിച്ചതായി വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇത് വെട്ടിമുറിച്ച കോട്ട എന്നറിയപ്പെടുന്നത്.

കോട്ടയുടെ നിര്‍മ്മാണത്തിനു പിന്നില്‍ മറ്റൊരു ഐതിഹ്യവുമുണ്ട്. കുഞ്ഞുമാധവനാശാന്‍ എന്ന കൊട്ടാരം ജോത്സ്യനുമായി വിശാഖം തിരുനാള്‍ രാജാവ് തികഞ്ഞ സൌഹൃദത്തിലായിരുന്നു. ജ്യോത്സ്യനെ പിരീക്ഷണവിധേയനാക്കാന്‍ രാജാവ് തീരുമാനിച്ചു. ജ്യോത്സ്യനോട് മഹാരാജാവ്, താന്‍ ഇന്ന് ഏത് കോട്ടവാതില്‍ വഴിയാണ് വൈകുന്നേരത്തെ യാത്രയെന്ന് ഗണിച്ചുപറയാമോ എന്ന് ചോദിച്ചു. ജ്യോത്സ്യന്‍ ഗണിച്ചു ചാര്‍ത്ത് എഴുതി രാജാവിനെ കാഴ്ചവെച്ചു. രാജാവിന്റെ യാത്ര കഴിഞ്ഞശേഷമേ ഇതിന്റെ ഉള്ളടക്കം പരിശോധിക്കാനാവൂ എന്ന് ജ്യോത്സ്യന്‍ അപേക്ഷിച്ചു.

കിഴക്കേക്കോട്ട മതിലിന്റെ ഒരുവശം പുതിയവാതില്‍ നിര്‍മ്മിക്കാന്‍ കൊട്ടാരം മരാമത്തുകാര്‍ക്ക് രാജാവ് രഹസ്യകല്പന കൊടുത്തു. കോട്ടയ്ക്കു പുറത്തിറങ്ങിയ മഹാരാജാവ് ജ്യോത്സന്റെ കുറിപ്പ് വായിച്ചു വിസ്മയഭരിതനായി. കോട്ടമതില്‍ വെട്ടിപൊളിച്ചു അതിലൂടെയായിരിക്കും തമ്പുരാന്റെ യാത്രയെന്ന് ജ്യോത്സ്യന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെട്ടിമുറിച്ച കോട്ടയെന്ന് പേര് ലഭിച്ചത് അങ്ങനെയെന്നും കേള്‍വിയുണ്ട്. ഇന്ന് കാണുന്ന വിധമുള്ള കോട്ട പരിഷ്കരിച്ചത് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ്.

നരിയടിച്ചാന്‍ കോട്ട

പടിഞ്ഞാറെ കോട്ടവാതില്‍ നരിയടിച്ചാന്‍ കോട്ട എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. പഴയ കോട്ടയ്ക്കു നേരേ ബ്രഹ്മരക്ഷസിനെ പ്രതിഷ്ഠിക്കുകയും കോട്ട ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തത് റാണി പാര്‍വ്വതിഭായിയുടെ കാലത്താണ്. ഐതിഹ്യം : നരിയടിച്ചാന്‍ കോട്ട എന്ന പേരിനു പിന്നില്‍ തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.

തിരുവിതാംകൂര്‍ ചരിത്രത്തില്‍ ജ്വലിച്ചു നിന്നിരുന്ന രാജാകേശവദാസന്റെ അനുജന്‍ ജനറല്‍ കുമാരന്‍ തമ്പിയേയും അനന്തിരവന്‍ ഇരയിമ്മന്‍ തമ്പിയേയും ബന്ധനസ്ഥരാക്കി ഒറ്റപ്പന – മൂട് എന്ന സ്ഥലത്ത് വച്ച് കണ്ണുകള്‍ മൂടിക്കെട്ടി കൊലപ്പെടുത്തിയതായി വിശ്വസിച്ചു പോരുന്നു. തമ്പിമാര്‍ ബന്ധനസ്ഥരാക്കപ്പെട്ട ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് പിന്നീട് കോട്ടവാതില്‍ സാക്ഷ്യം വഹിച്ചു.

രാത്രികാലങ്ങളില്‍ കോട്ടവാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റേയും ഒപ്പം ഒരു കുറുക്കന്റെയും ശവശരീരങ്ങള്‍ കാണുക ഒരു നിത്യ സംഭവമായി. പട്ടാളക്കാരും തെരുവിലലയുന്ന കുറുക്കന്‍മാരും ഏറ്റുമുട്ടി ഇരുകൂട്ടരും മരിച്ചു എന്നായിരുന്നു ആദ്യമൊക്കെ ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണ് ഈ കോട്ടവാതിലിനു നരിയടിച്ചാന്‍ കോട്ട എന്ന പേരുലഭിച്ചത്.ടൂറിസം നഗരത്തിനു വെളിയില്‍

18.അരുവിക്കര ഡാം

നഗരത്തില്‍ നിന്നും 16 കി.മീ. വടക്കു മാറിയാണ് അരുവിക്കരഡാം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഒരു വെള്ളച്ചാട്ടം ഇവിടെയുണ്ട്. ഒരു പഴയ അമ്പലവും അതിനോടടുത്ത് ഒരു മത്സ്യക്കുളവും എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരം നഗരത്തിനാവശ്യമുള്ള ജലം ഇവിടെ നിന്ന് ശുദ്ധിചെയ്ത് പമ്പു ചെയ്യുന്നു. പ്രശസ്തമായ ഒരു ദേവീ ക്ഷേത്രവും ഇവിടെയുണ്ട്.

19.വിഴിഞ്ഞം ഗുഹാക്ഷേത്രം

വിഴിഞ്ഞം ഗുഹാക്ഷേത്രം നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ദൂരത്ത് സ്ഥിതിചെയ്യുന്നു. ചുവരുകളില്‍ ശില്പാലംകൃതമായി പാറ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രമാണിത്. കരിങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ വിസ്മയം 18-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു.
കൊട്ടാരങ്ങള്‍

20.മണിമല കൊട്ടാരം

നഗരത്തിലുള്ളതു പോലെ നഗരത്തിനു പുറത്തും പഴയ തിരുവിതാംകുറുമായി ബന്ധപ്പെട്ട നിരവധി കൊട്ടാരങ്ങളുണ്ട്. ആറുവര്‍ഷം തിരുവിതാംകൂര്‍ ഭരിച്ച സേതുലക്ഷ്മീബായി തമ്പുരാട്ടിയാണ് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് മണിമല കൊട്ടാരം നിര്‍മിച്ചത്. പോത്തന്‍കോട് ജംഗ്ഷനില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ഉള്ളിലായി കാണുന്ന മൂന്ന് കുന്നുകളില്‍ ഏറ്റവും വലിയകുന്നിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായി കരിങ്കല്ലും കുമ്മായവും ഉപയോഗിച്ചാണ്.

വിശാലമായ പോര്‍ട്ടിക്കോയില്‍ തേക്കില്‍ കടഞ്ഞെടുത്ത വാതിലുകളും ജനാലകളും ഇതിന്റെ സവിശേഷതയാണ്. വിദൂരങ്ങളില്‍ നിന്ന് കാളവണ്ടികളില്‍ കരിങ്കല്ലെത്തിച്ചായിരുന്നു കൊട്ടാരം പണിതത്. ഇളയ മകള്‍ രാധാബായി തമ്പുരാട്ടിക്കായിരുന്നു മണിമല കൊട്ടാരം. എന്നാല്‍ രാധാബായിയുടെ ഭര്‍ത്താവിന്റെ അകാലനിര്യാണത്തോടെ രാജകുടുംബത്തിന് കൊട്ടാരത്തോട് താല്‍പര്യമില്ലാതായി, അതോടെ എല്ലാവരും താമസം ബാംഗ്ളൂരിലേക്ക് മാറ്റി.

1978 ല്‍ രാമവര്‍മ്മ വലിയകോയിത്തമ്പുരാനും 1983 ല്‍ സേതുലക്ഷ്മിബായിയും അന്തരിച്ചതോടെ മണിമലകൊട്ടാരത്തിനു ചുറ്റുമുള്ള 60 ഏക്കറും നാഥനില്ലാതായി. പിന്നീട് കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറുകയായിരുന്നു. രാജഭരണത്തിന്റെ ബാക്കി പത്രമായി മണിമല കൊട്ടാരം ഇന്നും നിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here