ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന്‍ എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട; നല്ല കിടിലൻ പുട്ടും അഡാർ ബീഫ്കറിയും കഴിക്കണോ പോകാം ഷിബു ചേട്ടന്റെ പുട്ടുകടയിലേക്ക്
ഈ വിവാഹ വാർഷികം പ്രമാണിച്ച് വൈകിട്ടെന്താ പരിപാടീന്ന് കഴിഞ്ഞ ഒരു വർഷമായി ചോദിച്ച് കൊണ്ടിരുന്ന പെമ്പ്രന്നോത്തിയെ എങ്ങനെ പറ്റിക്കാം എന്ന ചിന്തയാണ് കുറെ നാളായി പെൻഡിങ്ങിൽ വച്ചിരുന്ന കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട എന്ന ആഗ്രഹം വീണ്ടും തലപൊക്കാൻ ഇടയാക്കിയത്…. പിന്നെ ഒന്നും നോക്കിയില്ല വേറെ പണിയൊന്നും ഇല്ലാതെ ഇരുന്ന സിന്തോളിനെയും കൂടെ കൂട്ടി ഞങ്ങൾ വച്ച് പിടിച്ചു പോയ വഴി കുമ്പളം ടോൾ വരെ എല്ലാ പാലത്തിലും ചന്ദ്രഗ്രഹണം കാണാൻ ഗ്രഹണി പിടിച്ച കുറെയെണ്ണം ഒരടി മാറാതെ കൃത്യം പലത്തിൽ തന്നെ നിരന്ന് നിൽക്കുന്നു.
മനോരമയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നത്രെ പാലത്തിൽ നിന്നാലെ ഗ്രഹണം കാണാൻ പറ്റൂന്ന്… ചന്ദ്രേട്ടനെ നോക്കി നിന്നാൽ പുട്ടു കിട്ടില്ലന്ന് അറിയാമായിരുന്നതിനാൽ ഞങ്ങ നേരെ വിട്ടു… ഗൂഗിളേച്ചി വഴിതെറ്റിക്കുമെന്ന് മനസിലായപ്പോ നെറ്റിൽ നിന്ന് നമ്പർ തപ്പി നേരെ ഷിബു ചേട്ടനെ വിളിച്ചു വഴിതിരക്കി.. കട തുറക്കാൻ 8.30 ആകുമത്രെ ആയിക്കോട്ടെ… ഞങ്ങ കാത്തിരിക്കും.. സത്യം, കുമ്പളം ടോൾ കഴിഞ്ഞ് അടുത്ത സിഗ്നലിൽ (അരൂർ പാലത്തിന് തൊട്ട് മുൻപ് ) നിന്ന് വലത്തേക്കുള്ള റോഡിൽ കൂടി 2 km പോയാൽ ഷിബു ചേട്ടന്റ പുട്ടുകടയിലെത്തും .ഞങ്ങൾ ചെന്നത് ഒരു മണിക്കൂർ മുൻപായതിനാൽ നേരെ 1 km കൂടി പോയി കുമ്പളം ബോട്ടുജെട്ടിയിലെത്തി.
മറുകരയിൽ മിന്നാമിന്നിക്കൂട്ടം പോലെ വെളിച്ചം തൂകി തേവരയുടെ രാത്രി ഭംഗി.. കുമ്പളം ജെട്ടിക്ക് സമീപം പരിഷ്കാരം ഉള്ള ഒരു പുട്ടുകടയുണ്ട് .. സിന്തോൾ വിശപ്പിന്റെ കാഠിന്യം നിമിത്തം അൽപം ആ ഭാഗത്തേക്ക് ചാഞ്ഞെങ്കിലും ആദ്യം ഷിബു ചേട്ടന്റെ കട തന്നെ പരീക്ഷിക്കാമെന്ന് ഞാൻ നിർബന്ധം പിടിച്ചു…
കുറെ നേരം അവിടെ നിന്ന് ചവിട്ടി തേച്ചു നിന്നപ്പോഴാണ് ഒരു സർവീസ് ബോട്ട് സ്റ്റാർട്ട് ചെയ്യുന്നത് ശ്രദ്ധിച്ചത്.. ചോദിച്ചപ്പോ തേവരക്ക് പോകുന്നു.. ഉടനെ തിരികയും വരും… ഒന്നും നോക്കിയില്ല.. എല്ലാത്തിനെയും പെറുക്കി ബോട്ടിലേക്കിട്ടു… ചലോ തേവര..ചന്ദ്രഗ്രഹണം കാരണം നല്ല ഇരുട്ടായിരുന്നു… ദൂരെ മഞ്ഞ തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ തേവരക്ക് ഒരു പ്രത്യേക സൗന്ദര്യം..
10 മിനിറ്റിനുള്ളിൽ തേവരയെത്തി.. തിരികെ കുമ്പളത്തേക്ക് പോകാനുള്ളവരെയും കയറ്റി ഉടൻ തന്നെ ബോട്ട് വിട്ടു… അടുത്ത 10 മിനിറ്റിൽ ഞങ്ങൾ കുമ്പളം ജെട്ടിയിൽ തിരികെയെത്തി… ഇരുട്ടിന്റെ ഭംഗിയിൽ 20 മിനിറ്റ് ബോട്ട് യാത്രക്ക് ഞങ്ങൾക്ക് ചിലവായത് വെറും 36 രൂപ…. ന്താ..ല്ലേ…?സമയം 8.30.. ഷിബു ചേട്ടന്റെ കടയിലേക്ക് വച്ച് പിടിച്ചു… കടയിൽ എത്തിയപ്പോ സഹായി അവിടെ തൂത്തുവാരുന്നതേയുള്ളു.. കടക്ക് ഒരു ബോർഡ് പോലുമില്ല.. വഴിതെറ്റാതിരിക്കാൻ റോഡിൽ ഒരു ചെറിയ വഴികാട്ടാനുള്ള ബോർഡ് വച്ചിട്ടുണ്ട്…ബൈക്കിൽ ഒന്ന് രണ്ട് പേർ അവിടെ ചുറ്റിത്തിരിയുന്നുണ്ട്… മെല്ലെ മെല്ലെ ആൾക്കാരുടെ എണ്ണവും കുടിത്തുടങ്ങി.9 മണിയോട് കൂടി ഷിബുച്ചേട്ടൻ എത്തി കലാപരിപാടികൾ ആരംഭിച്ചു.. ബിഫിന്റെ മണം അന്തരീക്ഷത്തിൽ വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ വയറ് പുകയുന്ന മണം ആ പരിസരമാകെ വന്ന് തുടങ്ങിയിരുന്നു….
ഞങ്ങൾ ഉമ്മറത്ത് തന്നെ സീറ്റ് നേരത്തെ പിടിച്ചിരുന്നു…
പുട്ടിനൊപ്പം ബീഫ് കറിയും, ചിക്കൻ കറിയും, മട്ടൻ കറിയുമായി ഞങ്ങൾ വെവ്വേറെ കോമ്പിനേഷൻ പരീക്ഷിച്ചു… ഒപ്പം ഒരു ബീഫ് ഫ്രൈയും… ഇവിടെ വരെ വന്നത് വെറുതെയായില്ല….
450 രൂപ കൊടുത്ത് തിരികെ പോരാൻ നേരം ഷിബു ചേട്ടന്റെ വക കുശലാന്യേഷണവും ..ലേറ്റായി കട തുറന്നതിന് ക്ഷമാപണം…. വീണ്ടും വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോഴും വഴിയിൽ നിറയെ ആൾക്കാർ കട ലക്ഷ്യമാക്കി നടക്കുന്നുണ്ടായിരുന്നു…. എഴുതിയത് : അരുൺ വിജയ്
ഷാപ്പുകറി കഴിക്കാൻ ഇങ്ങോട്ട് പോന്നോളൂ; കേരളത്തിലെ ഏറ്റവും പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍ പരിചയപ്പെടാം..
01. മുല്ലപന്തല്, എറണാകുളം
എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില് എം എല് എ റോഡില് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ലപന്തല് കള്ളു ഷാപ്പ്. സഞ്ചാരികള്ക്കിടയില് വളരെ പ്രശസ്തമാണ് ഈ കള്ള് ഷാപ്പ്. കരിമീന് കറി, കരിമീന് പൊള്ളിച്ചത്, കരിമീന് ഫ്രൈ, മീന് തല, ചെമ്മീന്, കാട ഫ്രൈ, കൂന്തല്എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്.
02. കടമക്കുടി കള്ള് ഷാപ്പ്, എറണാകുളം
എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില് ഒന്നാണ് വെള്ളത്താല് ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം. ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്
03. നെട്ടൂര് ഷാപ്പ്, എറണാകുളം
എറണാകുളത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര് ഷാപ്പ്. കുടുംബസമേതം സന്ദര്ശിക്കാവുന്ന ഷാപ്പുകളില് ഒന്നാണ് നെട്ടൂര് ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്ശിക്കാന് പറ്റിയ സമയം. ചെമ്മീന് ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലിവര്, മീന്തല കറി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്വിഭവങ്ങള്.
04. കിളിക്കൂട് കള്ള് ഷാപ്പ്, കുമരകം
കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവം. കുമരകത്തെ ഡ്രിഫ്റ്റ് വുഡ് മ്യൂസിയത്തിന് സമീപത്തയാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
05. കരിമ്പിന്കാല, കോട്ടയം
ചങ്ങനാശ്ശേരി കോട്ടയം റൂട്ടിലെ പള്ളത്താണ് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ കള്ള്ഷാപ്പായ കരിമ്പിന്കാല കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. 1958ല് ആരംഭിച്ച ഈ കള്ള് ഷാപ്പ് ഇപ്പോള് പ്രശസ്തമായ ഫാമിലി റെസ്റ്റോറെന്റ് ആണ്.
06. അമ്പാടി ഷാപ്പ്, ചങ്ങനാശേരി
ചങ്ങനാശേരി ആലപ്പഴ റൂട്ടില് ചങ്ങനാശ്ശേരിയില് നിന്ന് ഏകദേശം ഒരു കിലോമീറ്റര്അകലെയായി ഒന്നാം പാലം ബസ് സ്റ്റോപ്പിന് സമീപത്തായാണ് അമ്പാടി ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ആളുകള് ഉച്ചയൂണ് കഴിക്കാന് തെരഞ്ഞെടുക്കുന്ന കള്ളുഷാപ്പുകളില് ഒന്നാണ് ഈ കള്ള് ഷാപ്പ്.
07. വെള്ളിയാഴ്ചക്കാവ്, വര്ക്കല
തിരുവനന്തപുരം ജില്ലയിലെ വര്ക്കല ബീച്ചിന് സമീപത്തായാണ് വെള്ളിയാഴ്ചക്കാവ് വര്ക്കല ഫാമിലി കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള് കുടുംബ സമേതം ഭക്ഷണം കഴിക്കാന് എത്തുന്ന സ്ഥലമാണ് വെള്ളിയാഴ്ചക്കാവ്.
08. തട്ടേല് ഷാപ്പ്, മാഞ്ഞൂര്
ആലപ്പുഴ ജില്ലയ്ക്കും കോട്ടയം ജില്ലയ്ക്കും നടുവിലായി നീണ്ടൂര് റോഡില് മാഞ്ഞൂര്എന്ന ഗ്രാമത്തിന് സമീപം പാടത്തിന്റെ നടുവിലായാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
09. മാപ്രാണം ഷാപ്പ്, ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയില് നിന്നും രണ്ട് കിലോമീറ്റര് അകലെ തൃശൂര് റോഡിലെ മാപ്രാണം എന്ന സ്ഥലത്താണ് പ്രശസ്തമായ ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. മീന്പീര, കപ്പ, കടല, കരിമീന് പൊള്ളിച്ചത്, മീന് കറി, ഞണ്ട് റോസ്റ്റ് എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല് വിഭവങ്ങള്.
10. ആനിക്കാട് കള്ള് ഷാപ്പ്, എറണാകുളം
മൂവാറ്റുപുഴയില് നിന്ന് തൊടുപുഴയ്ക്ക് പോകുന്ന വഴിയിലാണ് ആനിക്കാട് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്ക്ക് പ്രിയപ്പെട്ട കള്ളുഷാപ്പാണ് ഇത്.
11. തറവാട്, കുമരകം
കുമരകത്തെ പ്രശസ്തമായ ഒരു കള്ള് ഷാപ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ് ഫ്രൈ, കിളിമീന് ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന് കറി, ഞാവനിങ്ങ എന്നിങ്ങനെ നാവില് കൊതിയൂറുന്ന നിരവധി വിഭവങ്ങള് ഇവിടെ കിട്ടും.
12. പുഴയോരം കള്ള് ഷാപ്പ്, രാമമംഗലം
എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 15 കിലോമീറ്റര് അകലെയായി രാമമംഗലത്ത് മൂവാറ്റ്‌പുഴയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന എ സി കള്ള് ഷാപ്പാണ് പുഴയോരം കള്ള് ഷാപ്പ്. കുടുംബം സമേതം ഭക്ഷണം കഴിക്കാവുന്ന 2 സ്റ്റാര് ഫാമിലി റെസ്റ്റോറെന്റാണ് ഇവിടുത്തെ പ്രത്യേകത.
13. പിണറായി കള്ള് ഷാപ്പ്, കണ്ണൂര്
കണ്ണൂര് ജില്ലയില് തലശ്ശേരിക്കടുത്തായി പിണറായിലെ കാളി കള്ള് ഷാപ്പ് ജില്ലയിലെ തന്നെ പ്രശസ്തമായ കള്ള് ഷാപ്പാണ്. കണ്ടല്കായലിന്റെ കരയിലാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഞണ്ട് ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ, എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല് വിഭവങ്ങള്.
14. എലിപ്പന ഷാപ്പ്, ആലപ്പുഴ
ബ്ലോഗ് എഴുത്തുകാര് പ്രശസ്തമാക്കിയ ആലപ്പുഴയിലെ ഒരു കള്ള് ഷാപ്പാണ് ഇത്. ആലപ്പുഴയ്ക്കും മുഹമ്മയ്ക്കും ഇടയിലായി എലിപ്പനയിലാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ താറാവ് കറി പ്രശസ്തമാണ്.
15. മങ്കൊമ്പ് ഷാപ്പ്, മങ്കൊമ്പ്
ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ചരിച്ചാല് മങ്കൊമ്പില്എത്തിച്ചേരാം.
എല്ലാ കള്ള് സ്നേഹികൾക്കും അവസരം കിട്ടുംപ്പോൾ ആസ്വദിക്കാൻ കഴിയട്ടെ NB :വിട്ടു പോയിട്ടുള്ള നല്ല കള്ളുഷാപ്പുകൾ അറിയാമെങ്കിൽ നിങ്ങൾ അത് ഓരോന്നും ഇവിടെ ഡീറ്റൈൽ ആയി കമന്റ് ചെയ്യൂ നമ്മൾക്കു ഉപകരിക്കട്ടെ