ദക്ഷിണ കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍
1.പാലരുവി – സ്ഥാനം : കൊല്ലത്തു നിന്ന് 75 കിലോമീറ്റര്‍ അകലെ കൊല്ലം ചെങ്കോട്ട റോഡില്‍.
പാലരുവി എന്നാല്‍ പാലിന്റെ അരുവി. 300 അടി ഉയരത്തില്‍ നിന്ന് ജലം താഴേക്ക് കുതിച്ചുചാടി പതഞ്ഞൊഴുകുന്ന ധവളിമയില്‍ നിന്നാകാം ഈ വെള്ളച്ചാട്ടത്തിന് ആ പേരു ലഭിച്ചത്. ദഷിണേന്ത്യയിലെ വിവിധ പ്രദേശത്തു നിന്നുള്ളവരുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണിത്. നിബിഡവനത്തിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ ഏറെ ആവേശകരമാണ്.
പാലരുവി ഏറെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമാണ്. വിനോദസഞ്ചാരികള്‍ക്കു PWD യുടെ ഇന്‍സ്‌പെക്ഷന്‍ ബംഗഌവിലും KTDC യുടെ ഹോട്ടലിലും താമസസൗകര്യം ലഭ്യമാണ്. മഞ്ഞുപുതച്ച നീലമലകളും ഹരിതാഭമായ താഴ്‌വരകളും വെള്ളച്ചാട്ടത്തിന് പശ്ചാത്തലമൊരുകുന്നു. അചുംബിത വനത്തിന്റെ പ്രശാന്തതയെ ഭജ്ജിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം മുഴങ്ങുന്നു.യാത്രാ സൗകര്യം സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കൊല്ലം ഏകദേശം 75 കിലോമീറ്റര്‍. സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊല്ലത്തു നിന്ന് ഏകദേശം 72 കിലോമീറ്റര്‍.
2. അരുവിക്കുഴി
കോട്ടയം, പട്ടണത്തില്‍ നിന്ന് അരുവിക്കുഴിയിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്. കുമരകത്തുനിന്ന് രണ്ടു കിലോമീറ്റര്‍ ചെമ്മണ്‍പാതയിലൂടെ യാത്ര ചെയ്താലേ ഇവിടെയെത്തിച്ചേരാനാകൂ. നൂറടി ഉയരത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്കു പതിക്കുന്നത്. വെള്ളച്ചാട്ടത്തിനടുത്തായി റബ്ബര്‍തോട്ടങ്ങളും കാണാം.
3. പെരുന്തേനരുവി
പത്തനംതിട്ടയില്‍ നിന്ന് വെച്ചൂച്ചിറവഴി 36 കിലോമീറ്റര്‍ യാത്ര ചെയ്ത് പെരുന്തേനരുവിയിലെത്താം. എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ വെള്ളച്ചാട്ടം പമ്പാനദിക്കരയിലാണ്. 100 അടി ഉയരമുള്ള പാറക്കെട്ടില്‍ നിന്നുള്ള പൂന്തേനരുവി പ്രിയങ്കരമായ ഒരു പിക്‌നിക് കേന്ദ്രമാണ്.
3. മങ്കയം
തിരുവനന്തപുരത്ത് നെടുമങ്ങാട് താലൂക്കില്‍ പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി.
മങ്കയം ഇക്കോ ടൂറിസം മേഖലയില്‍ സന്ദര്‍ശകര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാണ്. വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിയാണ് മങ്കയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.ചേറുഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വന മേഖലയിലൂടെ ഒഴുകി വരുന്ന നദിയാണ് ചിറ്റാര്‍. ഈ നദിയുടെ കൈവഴിയാണ് മങ്കയം.മങ്കയം തോട്ടില്‍ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. – കല്‍ക്കയവും കുരിശ്ശടിയും. ഇവ കാണാന്‍ വ്യൂ പോയിന്റുകള്‍ അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.
സമൃദ്ധമായ വനഭൂമിയുടെ ഇടയിലാണ് വെള്ളച്ചാട്ടം. അതിനാല്‍ ഇതിനുചുറ്റും മനോഹരമായ ഹരിതഭംഗിയാണ്. കുറ്റിച്ചെടികള്‍ മുതല്‍ ഭീമാകാരമായ വൃക്ഷങ്ങള്‍ വരെ നിറഞ്ഞ ഈ പ്രദേശത്ത് പുല്‍മേടുകളുണ്ട്
മങ്കയത്തു നിന്ന് സമീപത്തെ കുന്നിന്‍ പ്രദേശത്ത് ട്രക്കിംഗ് നടത്താവുന്നതാണ്. ഇരുതല മൂല – അയ്യമ്പന്‍പാറ ട്രക്കിംഗ് അരദിവസം നീളും. അയ്യമ്പാറയില്‍ മറ്റൊരു വെള്ളച്ചാട്ടവും കാണാം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അയ്യമ്പന്‍പാറ – വരയാട്ടിന്‍ മൊട്ട ട്രക്കിംഗ് നടത്താം. വംശനാശ ഭീക്ഷണിയുള്ള വരയാടുകളെ ഇവിടെ കാണാനാവും. ട്രക്കിംഗിനും താമസത്തിനും പരിശീലനം സിദ്ധിച്ച ഗൈഡുകളുടെ സേവനം സ്വീകരിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടേണ്ട വിലാസം : ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസ്, തിരുവനന്തപുരം, ഫോണ്‍ – + 91 471 2320637. ജില്ലാ ടൂറിസം, പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, തിരുവനന്തപുരം. ഫോണ്‍ + 91 471 2315397.യാത്രാ സൗകര്യം സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍. 45. കിലോമീറ്റര്‍. സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 55 കിലോമീറ്റര്‍.
4. കല്‍ക്കയം
മണ്‍സൂണ്‍ കാലത്ത് കേരളത്തിലെ നദികളും ജലാശയങ്ങളും പുതുജീവന്‍ കൈവരിക്കുന്നു. നിങ്ങള്‍ മഴക്കാലത്ത് വനമേഖലകളില്‍ സഞ്ചരിക്കാന്‍ സന്നദ്ധരാണെങ്കില്‍ തീര്‍ച്ചയായും കല്‍ക്കയം വെള്ളച്ചാട്ടം കാണണം.തിരുവനന്തപുരം ജില്ലയില്‍ ഇടഞ്ഞാര്‍ വനമേഖലയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം.
കല്‍ക്കയത്തെത്താന്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ പാലോടെത്തണം. അവിടെ നിന്ന് പെരിങ്ങമല എന്ന സ്ഥലത്തേക്ക് തിരിയുക. പെരിങ്ങമല നിന്ന് വലത്തേക്ക് 12 കിലോമീറ്റര്‍ യാത്രാചെയ്താല്‍ കുരിശ്ശടി വഴി ഇടിഞ്ഞാര്‍ എത്തിച്ചേരും അവിടെ നിന്ന് പ്രദേശവാസികളുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് നീങ്ങാം.
കല്‍ക്കയത്തെ വിവരിക്കാന്‍ വാക്കുകള്‍ പോരാതെ വരും. അഗസ്ത്യവനത്തില്‍ ഉത്ഭവിക്കുന്ന മങ്കയം തോടിന്റെ ഭാഗമാണ് കല്‍ക്കയം വെളളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗം ഒരു ജലാശയമായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് ഇവിടെ കുളിക്കാനും കഴിയുന്നു.
വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള വനപ്രദേശത്ത് വിവധയിനം കിളികളും വ്യത്യസ്ത ജീവിവര്‍ഗങ്ങളും അധിവസിക്കുന്നു. നടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇരുവശവും കണ്ടാസ്വദിക്കാന്‍ പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ധാരാളം.
യാത്രാ സൗകര്യം സമീപറെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍ ഏകദേശം 50 കിലോമീറ്റര്‍.
സമീപ വിമാനത്താവളം : തിരുവനന്തപുരം, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഏകദേശം 60 കിലോമീറ്റര്‍.
മധ്യകേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍
5. അടിയാന്‍ പാറ, വെള്ളച്ചാട്ടം
നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലങ്ങോട് വില്ലേജിലെ അടിയാന്‍ പാറ വെള്ളച്ചാട്ടം ദൃശ്യഭംഗിയാര്‍ന്നതാണ്.
6. അതിരപ്പള്ളി, വാഴച്ചാല്‍
സ്ഥാനം : തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി. വാഴച്ചാലിലേക്ക് തൃശ്ശൂരില്‍ നിന്ന് 68 കിലോമീറ്റര്‍ ദൂരം.ഷോളയാര്‍ വനമേഖലയില്‍ 5 കിലോമീറ്റര്‍ അകലെയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കാണപ്പെടുന്നത്. 80 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നു. വാഴച്ചാല്‍ ചാലക്കുടിപ്പുഴയുടെ ഭാഗമാണ്. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്.
യാത്രാ സൗകര്യം: കൊച്ചിയില്‍ നിന്നോ തൃശ്ശൂര്‍ നിന്നോ റോഡുമാര്‍ഗ്ഗം അതിരപ്പള്ളി/ വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സമീപത്തെത്തിച്ചേരാം. സമീപ റെയില്‍വേ സ്്‌റ്റേഷന്‍ : ചാലക്കുടി 30 കിലോ മീറ്റര്‍
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തൃശ്ശൂര്‍ നിന്ന് 58. കി. മീ.
7. തൊമ്മന്‍കുത്ത്
ഏഴുതട്ടുകളിലായി താഴേക്കു പതിക്കുന്ന തൊമ്മന്‍ കുത്ത് പ്രമുഖ പിക്‌നിക് കേന്ദ്രമായി അറിയപ്പെടുന്നു. വെള്ളച്ചാട്ടത്തിന്റെ ഓരോ തട്ടിലും ഒരു ചെറിയ കുളം രൂപപ്പെടുന്നുണ്ട്.സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഈ കേ്രന്ദം ഏറെ പ്രിയങ്കരമാവും.
8. കീഴാര്‍ കുത്ത്
ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കീഴാര്‍ കുത്ത്.ആയിരത്തിയഞ്ഞൂറടി ഉയരത്തിലുള്ള പാറയില്‍ നിന്ന് ജലം ചിന്നിച്ചിതറി താഴേക്കു വരുമ്പോള്‍ മഴവില്ലു വിരിയുന്ന കാഴ്ചയാണ് കീഴാര്‍കുത്തിനെ കൂടുതല്‍ ഭംഗിയുളളതാക്കുന്നത്. വര്‍ഷത്തില്‍ എല്ലാ മാസവും ഒരേ ശക്തിയും സൗന്ദര്യവും നിലനിര്‍ത്തുന്നതിനാല്‍ ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.
വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള വനപ്രദേശം വിവിധ ഔഷധ സസ്യങ്ങളാല്‍ സമൃദ്ധമാണ്. പാറകയറ്റത്തിനും ട്രക്കിംഗിനും താല്‍പ്പര്യമുള്ളവരെ ഇവിടെ ആവേശകരമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. യാത്രാ സൗകര്യം സമീപ റെയില്‍വേ സ്്‌റ്റേഷന്‍ : ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന് 93. കി.മി. സമീപ വിമാനത്താവളം : മധുര (തമിഴ് നാട്്) ഇടുക്കിയില്‍ നിന്ന് 140 കി.മി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇടുക്കിയില്‍ നിന്ന് 190 കി.മി.
അടുക്കാട് മൂന്നാറില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെ പള്ളിവാസലിനു മുന്‍പാണ് അടുക്കാട്. ട്രക്കിംഗിന് അനുയോജ്യമാണ് ഇവിടം.യാത്രാ സൗകര്യംസമീപറെയില്‍വേ സ്റ്റേഷന്‍. ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന് 93. കി.മി. സമീപ വിമാനത്താവളം. മധുര, (തമിഴ് നാട്) ഇടുക്കിയില്‍ നിന്ന് 140 കി.മി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇടുക്കിയില്‍ നിന്ന് 190 കി.മി.
9. പവര്‍ഹൗസ് വെള്ളച്ചാട്ടം
മൂന്നാറില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരത്ത് തേക്കടിയിലേക്കുള്ള വഴിയിലാണ് വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള പാറയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്കു പതിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മുഴുവന്‍ സൗന്ദര്യവും ഈ പ്രദേശത്തേക്കാവാഹിച്ചിരിക്കുന്നു. പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്കു പോകുന്ന വഴിയിലുള്ള ഇടത്താവളമാണ് ഇത്