കാമാത്തിപ്പുര – “ശിവാനി” ഞാൻ കാര്യം പറഞ്ഞു എനിക്ക് വേണ്ടി വസ്ത്രം അഴിക്കരുത്. ഞാൻ അതിനു വന്നതല്ല

0
1784

മുംബൈ എന്ന മഹാ നഗരത്തിന്റെ സൂചികുത്താൻ ഇടമില്ലാത്ത തിരക്കുകളിൽ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ തീർത്തും ഏകാന്തമായി ശീതീകരിച്ച മുറിക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന നിമിഷങ്ങളിൽ ആകെയുള്ള ആശ്വാസം തുരുതുരാ വരുന്ന സന്ദേശങ്ങളിലും വാ തോരാതെ സംസാരിച്ചു വാചാലമായി പോകുന്ന സൗഹൃദങ്ങളുടെ വേലിയേറ്റത്തിലുമാണ്..സൗഹൃദങ്ങൾക്കു പഴമയെന്നോ പുതുമയെന്നോ അർത്ഥമില്ല. പുതിയ സൗഹൃദങ്ങൾ വരുമ്പോൾ പഴയത് മറന്നെന്നും അർത്ഥമില്ല. എല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ ചോർന്നു പോകാതെ കൂടെ ചേർത്തു പിടിച്ചിട്ടുണ്ട്

എവിടെനിന്നൊക്കെയോ പറന്നെത്തുന്ന പുതിയ സൗഹൃദങ്ങളുടെ കടൽ കടന്നു കഥ പറയുന്ന പഞ്ചാര മണൽകാട്ടിലെ അത്തറിന്റെ മണം ഒഴുകുന്ന സുറുമയുടെ കുളിരുള്ള സൗഹൃദങ്ങൾ വീണ്ടും മെസ്സെഞ്ചറിൽ ചിലച്ചപ്പോൾ അപരിചിതത്വത്തിന്റെ മറ നീക്കിയുള്ള സംഭാഷണങ്ങളിൽ എപ്പോഴോ കയറി വന്ന ഒരു ടോപ്പിക്കിലാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യയും സോനാഗച്ചിയുമൊക്കെ കയറി വന്നത്. അതേ ! വിശപ്പ് മാറ്റുവാൻ മടിക്കുത്തഴിക്കേണ്ടി വന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകൾ കാണുക എന്നത് പലപ്പോഴും മുംബൈയിൽ വന്നുപോയിട്ടുണ്ടെങ്കിലും പലപ്പോഴും ഈ തെരുവുകളിൽ അലഞ്ഞു തീർത്തപ്പോഴും ബാക്കിയായ ഒന്നായിരുന്നു പണ്ട് മുതൽക്കേ പറഞ്ഞു കേട്ട കാമാത്തിപ്പുരയുടെ ഇക്കിളിപ്പെടുത്താത്ത ലൈംഗികതയുടെ തുറന്നിട്ട വാതായനങ്ങൾ കാണണമെന്നത്.

ഒട്ടും നിനച്ചിരിക്കാതെ ഇരുട്ടിന്റെ മൂടുപടം നഗരത്തെ വിഴുങ്ങും മുൻപേ റൂമിൽ നിന്നും പുറത്തിറങ്ങി. മുന്നിൽ കണ്ട ടാക്സിയിൽ കയറി നേരെ കാമാത്തിപ്പുരയിലേക്ക് വിട്ടോ എന്നു പറയുമ്പോൾ “ആപ് മദ്രാസി ഹേ” എന്ന കുംഭമേളയുടെ നാടായ അലഹാബാദ്കാരൻ ഡ്രൈവർ പ്രതാപ് മിശ്രയുടെ ചോദ്യം ചെന്നു തറച്ചത് മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്കാണ്. ഛത്രപതി ശിവാജി ടെർമിനലിന് മുന്നിലെ ഗതാഗത കുരുക്കിൽ നിന്നും ഗ്രാന്റ് റോടെത്തുന്നതു വരെയുള്ള കുറച്ചു സമയം കൊണ്ടു ചെറിയൊരു ധാരണ ഡ്രൈവറിൽ നിന്നും ലഭിച്ചിരിക്കുന്നു.

നോക്കുകുത്തികളായി നിൽക്കുന്ന ഭരണകൂടങ്ങൾക്കും പൊലീസേമാന്മാർക്കും കൈമടക്കു കൊടുത്തും വായിൽ സദാസമയം ചവച്ചു തുപ്പുന്ന മുറുക്കാൻ ചുവയുള്ള കുറെ തെമ്മാടികൂട്ടങ്ങളുടെയും ബിസിനസ് സാമ്രാജ്യമാണ് സത്യത്തിൽ വിശ്വ പ്രസിദ്ധമായ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവായ കാമാത്തിപ്പുര. ബോളിവുഡ് സിനിമകളിലൂടെയും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, ഹാജി മസ്താന്‍ എന്നീ അധോലോക നായകരുടേയും പേരിനൊപ്പം ചേര്‍ത്തുവായിച്ചിരുന്ന പ്രദേശമായിരുന്ന കാമാത്തിപ്പുര മാംസവ്യാപാരത്തിന്റെ മൊത്തവിതരണക്കാരാകാന്‍ അധോലോകം നടത്തിയ പോരാട്ടങ്ങളില്‍ ബോംബെയുടെ തെരുവുവീഥികളില്‍ നൂറുകണക്കിനു പേരുടെ ചോരയാണ് പൊടിഞ്ഞത്.

ഒരിക്കലും മാറാൻ പോകുന്നില്ലാത്ത ചതിയുടെയും പട്ടിണിയുടെയും കൈമാറികിട്ടിയ പാരമ്പര്യത്തിന്റെയും കടത്തിക്കൊണ്ടു വന്ന പെണ്കുട്ടികളുടെയും കണ്ണീരും കിനാവും ജീവിതങ്ങളും ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കിതച്ചു തീർക്കേണ്ടി വരുന്ന ഒരു വലിയ നാഗരികത. പറഞ്ഞു തീരും മുൻപേ വണ്ടി നിർത്തി, സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് തന്നുകൊണ്ടു പറഞ്ഞു കാമാത്തിപ്പുര എത്തിയെന്ന്.

വണ്ടിയിൽ നിന്നും ഇറങ്ങിയതും ഏജന്റുമാർ വളഞ്ഞു ഓരോരുത്തർക്കും പറയാനുള്ളത് അവരുടെ കയ്യിൽ നല്ല പെണ്കുട്ടികൾ ഉണ്ടെന്നാണ്. പുറകെ നടന്നു കുറേപേർ വിലപേശുന്നുണ്ടെങ്കിലും അതൊന്നും മൈന്റ് ചെയ്യാതെ ഞാൻ അവിടുത്തുക്കാരനെപോലെ മുന്നോട്ട് നടന്നു. കാശു കൊടുത്തു ശരീരം വാങ്ങാൻ ഉദ്ദേശമില്ലാത്തത്കൊണ്ട് തന്നെ ആരുടെ മുഖങ്ങളിലേക്കും നോക്കാതെ നടന്നു. പ്രതാപ് മിശ്ര പറഞ്ഞപോലെ തന്നെ പല പ്രായത്തിലുള്ള ആണുങ്ങളും പെണ്ണുങ്ങളും ശരീരകച്ചവടത്തിന്റെ ഏജന്റുമാരാണ് ഇവിടെ. നക്ഷത്ര ഹോട്ടലുകളുടെ കവാടത്തിൽ നിലയുറച്ച വെൽക്കം ഗേൾസിനെ പോലെ അണിഞ്ഞൊരുങ്ങിയ സുന്ദരിപ്പെണ്ണുങ്ങൾ

ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ച വശീകരണ കണ്ണുമായി ധാരാളമായി ചുറ്റിലും നിൽക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും ഉൾവഴികളിലേക്ക് തിരിഞ്ഞതും ഓരോ വീഡിന്റെ മുന്നിലും കയർകട്ടിൽ നിരന്നു കിടക്കുന്നുണ്ട് എല്ലാത്തിലും ചുണ്ടിൽ ചായം തേച്ചു അണിഞ്ഞൊരുങ്ങി അന്നതിനുള്ള വഴി തേടി പെണ്ണുടൽ കാണിച്ചു നിറന്നിരിക്കുന്നവരിൽ ശ്രദ്ധിച്ചു നോക്കിയാൽ സ്വന്തം നാടും വീടും വിട്ട് ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീകളും പ്രണയമെന്ന ചതിയില്‍ വീണെരിഞ്ഞവരും, സിനിമാ മോഹമെന്ന സ്വപ്‌നവുമായി മുംബൈയില്‍ എത്തിയ സ്ത്രീകളും എല്ലാവരും ഒടുവില്‍ ഇവിടേക്കായിരുന്നു എത്തിച്ചേര്‍ന്നിരുന്നത് അല്ലെങ്കില്‍ വലിച്ചെറിയപ്പെട്ടിരുന്നത്. പട്ടിണിയുടെയും വിശപ്പിന്റെയും ദാഹം ഒട്ടും വികാരമില്ലാതെ കാമം നിറച്ച കണ്ണുകളിൽ കാണാം.

കാമാത്തിപ്പുരയുടെ ചരിത്രങ്ങളിലേക്ക് കണ്ണോടിച്ചാൽ ഒത്തിരി ഏറെ കഥകൾ പറയുവാൻ ഉണ്ടാകും ഓരോരുത്തർക്കും. പലയിടത്തു നിന്നും വായിച്ചു കേട്ടതും ചിത്രങ്ങളിൽ നിന്നും ചിന്തിച്ചുകൂട്ടിയതുമായ പഴയ കാമാത്തിപ്പുരയിൽ നിന്നും എത്രമാത്രം ജീവിതങ്ങൾ മാറി മറിഞ്ഞിട്ടുണ്ടെന്നു ചോദിച്ചാൽ വ്യക്തതയില്ലാത്ത ഉത്തരങ്ങളാവും ഓരോരുത്തർക്കും പറയുവാനുണ്ടാവുക. കാരണം ജീവനുള്ള മാംസകച്ചവടം വൃത്തിയില്ലാത്ത തെരുവുകളിൽ നിന്നും മാന്യതയുടെ ഇന്റർനെറ്റ് മാർക്കറ്റിലേക്ക് മാറിയിട്ടുണ്ട്.

പല വെബ്സൈറ്റുകളിലും ഇത്തരം ആഗ്രഹ സഫലീകരണത്തിന് വേണ്ടി തുറന്നിട്ട വാതായനങ്ങൾ ഏറെ ഉണ്ടെന്നുള്ളത് തന്നെ. എന്നിരുന്നാലും എങ്ങനെ മുംബൈ ഇന്ന് കാണുന്ന ചുവന്ന തെരുവിലേക്ക് എത്തിയെന്നുള്ള ചരിത്രത്തിലേക്ക് നടന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലേക്ക് അതായത് 1889 കളിലേക്ക് നമ്മളെ എത്തിക്കും. ബ്രിട്ടീഷുകാർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും റഷ്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റും ലൈംഗീക തൊഴിലാളികളെ ഇവിടെ വരുത്തുകയുണ്ടായി. ആംഗ്ലോ ഇന്ത്യന്‍ ലൈംഗികതൊഴിലാളികളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുംബൈ തുറമുഖത്തെത്തുന്നവരും കച്ചവടക്കാരും കൊള്ളക്കാരും രാത്രിയില്‍ സുഖം തേടിയെത്തുന്ന സ്ഥലമായിരുന്നു ഇവിടം. ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായിരുന്നു അവരുടെ ഇടപാടുകാർ. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച ശേഷം മറ്റു രാജ്യത്ത്‌ നിന്നുള്ളവർ ഇവിടം ഒഴിഞ്ഞപ്പോൾ കാലങ്ങളായി ഈ പ്രദേശത്ത്‌ താമസിച്ച്‌ പോരുന്ന കെട്ടിട തൊഴിലാളികളും നേപാളിൽ നിന്നുള്ളവരും ഈ തൊഴിൽ മേഖലയിലേക്ക്‌ എത്തപ്പെടുകയുണ്ടായി.ഈ പ്രദേശത്തിന് ചുവന്ന തെരുവ് എന്ന് പേരുവീണതിനും ഒരു കഥയുണ്ട്. പണംകൊടുത്ത് ആവശ്യമുള്ളവരെ സ്വന്തമാക്കി കഴിഞ്ഞാല്‍ വേശ്യാലയത്തിലെ ഓരോ റൂമിനുപുറത്തും ഒരു ചുവന്ന മങ്ങിയ വിളക്ക് തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. അകത്തു മാംസം തിന്നുന്നവൻ ഭോഗിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന സൂചനയായിരുന്നു ഈ വിളക്കുകള്‍.

1928 ൽ ലൈംഗിക തൊഴിലാളികൾക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി. 1950 ല്‍ വേശ്യാവൃത്തി നിരോധിച്ചിരുന്നു എങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചും കൈക്കൂലി കൊടുത്തും ബിസിനസ് തഴച്ചുവളര്‍ന്നു. എന്നാല്‍ എയ്ഡ്‌സ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ കാമാത്തിപ്പുരയുടെ പഴയ പ്രതാപകാലം മങ്ങലേറ്റു തുടങ്ങിയിരുന്നു. ഏകദേശം ഒരുലക്ഷത്തിലധികം ലൈംഗികതൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു എന്നു 1990 ലെ സർക്കാർ കണക്കുകളിലും രേഖകളിലും പറയപ്പെടുന്നുണ്ട്.

വ്യഭിചാരം മികച്ച ബിസിനസായിരുന്നു, പ്രധാനമായും തലമുതിര്‍ന്ന സ്ത്രീകളായിരുന്നു ബിസിനസ് നടത്തിയിരുന്നത്. എങ്ങിനെ ആവശ്യക്കാരെ ഒരുക്കണമെന്നും വശീകരിക്കണമെന്നും ഏതെല്ലാം രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെന്നും ഇത്തരം സ്ത്രീകള്‍ക്ക് നന്നായറിയാമായിരുന്നു. എന്നാല്‍ എയ്ഡ്‌സിന്റെ വ്യാപനം കാമാത്തിപ്പുരയിലെ ബിസിനസിനെ കാര്യമായിതന്നെ ബാധിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷത്തിൽ അധികം വരും. ഇവരെ പുനരധിവസിപ്പിക്കാനും അവരുടെ കുട്ടികൾക്ക്‌ വിദ്യഭ്യാസം നൽകാനും മറ്റും സന്നദ്ധ സംഘടനകൾ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നുവെങ്കിലും അതൊന്നും മുഴുവനായി ഫലിപ്പിക്കാൻ ഇത്‌ വരെ സാധിച്ചിട്ടില്ല.

എല്ലാ മുക്കിലും മൂലയിലും നടന്നു കാണണം എന്നു വിചാരിച്ചു അന്വേഷിച്ചപ്പോൾ അറിഞ്ഞു പതിനാല്‌ സ്ട്രീറ്റുകൾ ഉണ്ടെന്നു. ഏറ്റവും തിരക്ക്‌ സഫേദ്‌ ഗല്ലിയിലാണ്. ആവശ്യക്കാരെ കാത്തു നിൽക്കുന്ന പെണ്ണുങ്ങൾ ധാരാളമായി ഉണ്ട്. ഇംഗ്ലീഷുകാർ വിനോദങ്ങൾക്കും പന്തയങ്ങൾക്കും വേണ്ടി പണിത ഗെയിം ഹൗസുകൾ പ്ലേ ഹൗസ്‌ വിളിച്ച്‌ പോന്ന ആ സ്ഥലം പിന്നീട്‌ ഫിലാഹൂസ്‌ ഗല്ലിയായി മാറി. അവിടെയും ഉണ്ട് ആളുകൾ. ഓരോ തെരുവുകൾക്കിടയിലും ചെറിയ ചെറിയ മന്തിറുകളിൽ കണ്ണു കാണാത്ത ദൈവങ്ങൾ ആർക്കും ഉപകരമില്ലാതെ വൈകുന്നേരങ്ങളിൽ ദീപങ്ങൾകൊണ്ടു അലങ്കരിച്ചു വെച്ചിട്ടുണ്ട്.

കണ്മുന്നിൽ നടക്കുന്ന ഈ മനുഷ്യജീവിതങ്ങളെ കാണാൻ കഴിയാത്ത ദൈവങ്ങൾ എന്തിനായിരിക്കും ആ തെരുവുകളിൽ നിലയുറപ്പിച്ചിട്ടുള്ളതെന്നു അല്ലെങ്കിൽ അവരെ അവിടെ കുടിയിരുത്തിയവർ ആരാണ്..? കാമാത്തിപ്പുര എന്നാൽ ശരീരം വിൽപ്പന മാത്രം നടക്കുന്ന ഒരു മാർക്കറ്റ് ആണെന്ന് നിങ്ങൾ ഒരിക്കലും കരുതരുത്. നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സാദാരണ മാർക്കറ്റുകളെപോലെ തന്നെ പഴവും പച്ചക്കറിയും ഫാൻസി സാധനങ്ങളും പട്ടുവസ്ത്ര വ്യാപാരവും എല്ലാം ഉള്ള ഒരു സ്ഥലമാണ് കാമാത്തിപ്പുര.

തിരിച്ചു പോരാൻ സമയമായിരിക്കുന്നു ഇനിയും നിന്നാൽ ഒട്ടും ശെരിയാവില്ലെന്നു തോന്നി. മനസു മടുക്കുന്ന കാഴ്ചകൾ കണ്ടു ഒരു സിഗരറ്റിന് തീകൊളുത്തി നിൽക്കുമ്പോൾ പുറകിൽ നിന്നു ഒരു ചങ്ങാതി നല്ല അസ്സൽ മലയാളത്തിൽ 500 രൂപ മതി മലയാളികൾ ഉണ്ടെന്നു പറഞ്ഞു വിളിച്ചു. അല്ലെങ്കിലും ഒരു മലയാളിക്ക് വേറൊരു മലയാളിയെ എളുപ്പം തിരിച്ചറിയാൻ കഴിയുമല്ലോ. ഞാൻ ഇവിടെ നടന്നൊന്നു കാണാൻ വന്നതാണ് അല്ലാതെ കളിയിൽ താല്പര്യം ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറാൻ കുറെ ശ്രമിച്ചെങ്കിലും കിട്ടിയ അവസരം അവരുടെ ജീവിതം നേരിട്ട് ചോദിച്ചറിയാൻ ഇതിനേക്കാൾ നല്ല വഴി ഇല്ലല്ലോ..?

ഒരിക്കലും ഒരാളുടെയും പാസ്റ്റിനെ ചോദ്യം ചെയ്യാനല്ല അവരോടൊപ്പം സംസാരിക്കണം എന്നു ചിന്തിച്ചത്. അവർക്ക് ചിലപ്പോൾ സംസാരിക്കുവാൻ മറ്റു പല വിഷയങ്ങളും ഉണ്ടായേക്കാം.. അടച്ചിട്ട റൂമിൽ നിന്നും തുറന്നു കിടക്കുന്ന മാർക്കറ്റിന്റെ വെളിച്ചങ്ങളിൽ അവരോടൊപ്പം സംസാരിച്ചിരിക്കുമ്പോൾ ആ ഇരുണ്ട മുറിക്കപ്പുറത്തേക്കുള്ള ലോകത്തെപ്പറ്റി ഒരുപക്ഷേ കാണിച്ചു കൊടുക്കാൻ കഴിഞ്ഞേക്കാം.. ഒരുപക്ഷേ അവരും ആഗ്രഹിക്കുന്നുണ്ടാവും എല്ലാവരെയും പോലെ ചിറകടിച്ചു പറക്കുവാൻ. വില പേശാനൊന്നും പോയില്ല. മലയാളി തന്നെ വേണം എന്നൊരു ഡിമാന്റ് മാത്രമേ ഞാൻ വെച്ചുള്ളൂ.

പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ നൂറുകണക്കിനോ അതിലുമപ്പുറമോ വരുന്ന പല നമ്പറിലും അറിയപ്പെടുന്ന കുടുസ്സു മുറികളിൽ ഒന്നിലേക്ക് അവരെന്നെ കൂട്ടി കൊണ്ടു പോയി. സത്യം പറഞ്ഞാൽ കയ്യിൽ അൽപ്പം കാശുണ്ടായിരുന്നത്കൊണ്ട് നെഞ്ചിടിപ്പിന്റെ താളം എനിക്ക് വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും പുതിയൊരു അനുഭവം എന്നും വല്ലാത്തൊരു ത്രില്ലാണ്.

റൂമിൽ കയറിയതും പുള്ളിക്കാരൻ നിമിഷ നേരം കൊണ്ട് ഒരഞ്ചാറ് പെണ്ണുങ്ങളെ മുന്നിൽ കൊണ്ടു നിർത്തി. ഒറ്റ നോട്ടത്തിൽ ആ വന്നവരിൽ മലയാളികൾ ആരും ഇല്ലെന്നു മനസിലായി. പക്ഷെ ഒരാളെ തിരഞ്ഞെടുത്തെ പറ്റു. എല്ലാവരും വളരെ ആത്മാർത്ഥമായി ചിരിക്കുന്നുണ്ട്. ഹിന്ദിയിൽ അവരുമായി കൂടുതൽ സംസാരിച്ചു ഒന്നും തന്നെ അറിയുവാനോ അവരുമായൊരു സൗഹൃദം സ്ഥാപിക്കുവാനോ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പലരും ചോദിച്ചിട്ടും മലയാളിയെ തന്നെ തേടിയെത്തിയത്.

അവരോടൊപ്പം ഇച്ചിരി നേരം അവരുടെ വിശേഷങ്ങൾക്കൊപ്പം വ്യത്യസ്തമായ കുറച്ചു സമയം ചിലവഴിക്കണം എന്നതായിരുന്നു എന്റെ യാത്രയുടെ ഉദ്ദേശം. പക്ഷെ അവരുടെ മുഖത്തെ ദയനീയ ഭാവം ആറു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുമ്പോൾ ഒഴിവാക്കപ്പെടുന്നവരുടെ ഉള്ളിലെ വിഷമം അറിയുവാൻ സാദിക്കുന്നുണ്ട്. എന്തോ കൂടുതൽ ചിന്തിക്കുവാൻ നിന്നില്ല കല്യാണാലോചനയൊന്നും അല്ലല്ലോ..?

കൂട്ടത്തിൽ സാരി ഉടുത്ത പെണ്ണിനെ മതിയെന്ന് പറഞ്ഞു. കാഴ്ചയിൽ ഒരു മലയാളിത്തം ഉള്ള ഒരു സുന്ദരിപ്പെണ് അവളായിരുന്നു. നേരത്തെ പറഞ്ഞ തുക 500 രൂപ ഏജന്റിനെ ഏൽപ്പിച്ചു. വിലപേശാൻ നിന്നാൽ 300 രൂപക്കുവരെ കിട്ടുമെന്ന് ഡ്രൈവർ പറഞ്ഞിരുന്നു. അവഗണിക്കപ്പെടുന്ന നിമിഷങ്ങളുടെ വിഷമം നന്നായി അറിഞ്ഞിട്ടുള്ളവനാണ് ഞാൻ അതുകൊണ്ട് തന്നെ അവരുടെ ഒരു ദിവസത്തെ വിശപ്പിന്റെ പ്രതീക്ഷയായിരിക്കാം ഞാൻ.

2 മിനിട്ട് ആ മുറിയിലെ അവ്യക്തമായ ഗന്ധങ്ങളിൽ വറ്റിയ തൊണ്ടയിലെ വെള്ളം നുണഞ്ഞു തീർത്തു ഇരിക്കുമ്പോഴേക്കും അവൾ വന്നു. കതകടച്ചു കയ്യിൽ കരുതിയ കോണ്ടവും ടിഷ്യു പേപ്പറുകളും ബെഡിലേക്ക് വെച്ചു. മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ എന്റെ മുന്നിൽ മലയാളം അറിയാമെങ്കിലും അവരതു പറയാൻ കൂട്ടാക്കുന്നില്ല. പേര് ചോദിച്ചു “ശിവാനി” ഞാൻ കാര്യം പറഞ്ഞു എനിക്ക് വേണ്ടി വസ്ത്രം അഴിക്കരുത്. ഞാൻ അതിനു വന്നതല്ല. കുറച്ചു നേരം നിങ്ങളുമായി സംസാരിച്ചിരിക്കണം ഇവിടുന്നു പുറത്തേക്കിറങ്ങി ഒരു ചായ കുടിക്കാൻ പോവാൻ കഴിയുമെങ്കിൽ അതാണ് എനിക്ക് വേണ്ടത്. എന്റെ ചോദ്യങ്ങൾ വക വെക്കാതെ അവൾ ചോദിച്ചത് ബിയർ കഴിക്കുമോ എന്നാണ്..?

കഴിക്കാതെ പിന്നെ.. എങ്കിൽ പൈസ തരൂ ബിയർ കഴിക്കാമെന്ന് പറഞ്ഞു ഒരു ബിയർ കഴിച്ചാൽ മൂടോക്കെ താനെ വരുമെന്ന് അവൾ പറയുമ്പോൾ ആ നഗരത്തിൽ അവിടെയുള്ള ഓരോ പെണ്ണുങ്ങളും നഗ്നരായി നടന്നാൽ പോലും മനസ്സാക്ഷിയുള്ള ഒരാണിനും മനസിൽ പോലും ഉദ്ധാരണം നടക്കില്ല എന്നു ഉറപ്പാണ്. എന്റെ ഉദ്ദേശം നടക്കില്ലെന്ന് മനസിലായി.. രക്ഷയില്ല… സമയം ചുമ്മാ കളയാൻ തനിക്കില്ല വേണ്ടെങ്കിൽ വേണ്ട എനിക്ക് വേറെ ആളെ കണ്ടെത്താൻ പോവണം എന്നായിരുന്നു അവളുടെ മറുപടി. ശെരിയാണ് സമയത്തിന് പൈസ വെച്ചു ചെയ്യുന്ന ജോലി ആയതുകൊണ്ട് തന്നെ അവർക്ക് നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വില നന്നായി അറിയാം. പൈസ കൂടുതൽ കൊടുത്താൽ തീരവുന്ന പ്രശ്നമേ ഉള്ളു പക്ഷെ പേഴ്‌സ് അവൾക്കു മുന്നിൽ തുറക്കുവാനുള്ള ധൈര്യം ഇല്ലാത്തത്കൊണ്ട് ഉള്ള തടിയും കൊണ്ടു രക്ഷപ്പെടാനേ തൽക്കാലം നിവൃത്തിയുള്ളൂ.

എന്നാലും അവൾക്ക് ബിയർ വേണമെന്ന് വളരെ കൊഞ്ചി കൊഞ്ചി പറഞ്ഞു കൊണ്ടേ ഇരുന്നു. കവിളിൽ തലോടാനും തുടങ്ങി. ശെരി സമ്മതിച്ചു അവൾക്കൊരു ബിയറിന് 100 രൂപയും കൂടെ കൊടുത്തു. ഞാൻ കഴിക്കുന്നില്ല ഞാൻ പോയിട്ട് കഴിച്ചോളൂ എന്നു പറഞ്ഞു ഞാൻ അവളെ നോക്കി ഇരുന്നു കുറച്ചു നേരം. എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നു ചോദിച്ചു.? ഇപ്രവശ്യവും അവൾ ഉത്തരങ്ങൾ ഒന്നുമില്ലാതെ തലയാട്ടി ഇനി മേലാൽ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കരുത് എന്നാവും ആ തലയാട്ടലിന്റെ അർത്ഥം. അവൾ വീണ്ടും അടുത്ത ചോദ്യം എനിക്ക് നേരെ എറിഞ്ഞു എന്തേ ഇവിടെ വന്നിട്ട് 6 പേരിൽ എന്നെ തിരഞ്ഞെടുത്തിട്ടു അകത്തു വന്നപ്പോൾ വേണ്ടെന്നു പറഞ്ഞതെന്ന്. ആ ചോദ്യത്തിന് എനിക്കൊരു ഉത്തരമേ ഉള്ളു പൈസ കൊടുത്തു ഭക്ഷണം കഴിക്കാനല്ലാതെ മാംസം ഞാൻ വാങ്ങില്ല.

ജീവിതത്തിൽ ഒരു വ്യഭിചാരിയെ ഒരു വർഷം ചുമന്നു നടന്ന എനിക്ക് മുംബൈ തെരുവിൽ വന്നു കാമം തീർക്കാൻ ആളെ അന്വേഷിക്കേണ്ട ആവശ്യമില്ലായിരുന്നു. പക്ഷെ സ്നേഹത്തിനും ബന്ധങ്ങൾക്കും വിലയില്ലാതെ ശരീരം പങ്കിട്ടു നടക്കുന്നവർക്ക് കൊടുക്കേണ്ട മണിക്കൂറിന്റെ വില എന്താണെന്ന് എനിക്ക് ഈ തെരുവിലെ ഇനിയൊരിക്കലും കണ്ടു മുട്ടാൻ വിധിക്കപ്പെടാത്ത ഒരു നേരത്തിന്റെ വിശപ്പിനു വേണ്ടി മടിക്കുത്തഴിക്കാൻ വിധിക്കപ്പെട്ടവൾ പഠിപ്പിച്ചു തന്നു. അതേ ഏജന്റീല്ലെങ്കിൽ 300 രൂപക്ക് കാമം തീർക്കാൻ കഴിയുന്ന വെറും മാംസകഷ്ണമാണ് നമുക്ക് മുന്നിൽ മാന്യതയുടെ മുഖം മൂടികൾ അണിഞ്ഞു വെള്ളപൂശി നടക്കുന്ന പലരും.

അങ്ങനെയുള്ളവരുടെ കാമാത്തിപ്പുരകൾ മുംബൈയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്. അവളുമായി കൂടി വന്നാൽ 15 മിനിട്ട് മാത്രം ചിലവഴിച്ച ഓർമകൾ മാത്രം മതി എനിക്ക്. എന്നും കേറിയിറങ്ങി പോകുന്ന അനേകം പേരിൽ ഒരുവൻ. ഒരുപക്ഷേ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങിയ കുറ്റബോധം അവളിൽ നിഴലിച്ചേക്കാം. ഞാനും മനസ്സറിഞ്ഞു ആർക്കൊക്കെയോ വേണ്ടി നേർന്നു വെച്ച കാശ് അർഹതപ്പെട്ട കൈകളിൽ വെച്ചുകൊടുത്തു.യാത്ര പോലും പറയാതെ തിരിഞ്ഞു നോക്കാതെ ഒട്ടും കുറ്റബോധമില്ലാതെ നഗരത്തിന്റെ തിരക്കുകളിലേക്ക്….

എഴുതിയത് : അഭയാനന്ദ് ശിവറാം.

ചിത്രങ്ങൾ : ഗൂഗിൾ

LEAVE A REPLY

Please enter your comment!
Please enter your name here