പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികള്‍ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യങ്ങളില്‍ ജാഗരൂകരാകാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു ആവശ്യമായ വിഭവങ്ങള്‍ നല്‍കിവരുന്നത് നമ്മുടെ പ്രകൃതിയാണ്
ആദ്യകാലങ്ങളില്‍ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ഒരു ജീവിതമാണ് മനുഷ്യന്‍ നയിച്ചിരുന്നത്. എന്നാല്‍ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്‍റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യന്‍റെ പ്രവര്‍ത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു.
പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നാക്രമണങ്ങള്‍ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരില്‍ ഭൂമിയില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു