പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ ഗുജറാത്തിൽ; ഉയരം 80 മീറ്റര്‍

0
610

182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുക. ഇതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബുദ്ധപ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങള്‍.പ്രതിമ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ വല്ലഭി എന്ന പേരില്‍ ബുദ്ധമത സര്‍വകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളെപ്പറ്റി പ്രതിപാദിക്കുന്ന ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളില്‍ ഇതേപ്പറ്റിപ്പറയുന്നുണ്ടെന്നും പ്രശീല്‍ രത്‌ന പറയുന്നു.

ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ഇപ്പോള്‍ ബുദ്ധമത കേന്ദ്രങ്ങളുള്ളത്. ഇനി ഗുജറാത്തിലെ നിര്‍ദ്ദിഷ്ട സ്ഥലവും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അനുഗ്രഹീതമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിലെ സബര്‍കാന്ത് ജില്ലയിലുള്ള ദേവ് നി മോരി ബൗദ്ധ പുരാവസ്തു കേന്ദ്രത്തിന് സമീപം ഭീമന്‍ സ്മാരകം നിര്‍മ്മിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here