ചോലവനത്തിലെ നായകന്മാർ; ഇന്ത്യയിലെ ഏക ഗുഹാവാസികളായ ഗോത്രവിഭാഗക്കാർ

0
643

നിലമ്പൂരിനടുത്തുള്ള കരുളായി പഞ്ചായത്തിൽ സൈലന്റ്‌വാലി മലനിരകളുടെ അരികത്തായി പശ്ചിമഘട്ട മലനിരകളിൽ കിലോമീറ്ററുകളോളം ഉള്ളിലേക്ക് മാറി തമിഴ്നാട് അതിർത്തിയോട് തൊട്ടുകിടക്കുന്ന ഒരു ആദിവാസി കോളനിയുണ്ട്‌ – മാഞ്ചീരി. ലോകത്തിലെ തന്നെ വിരളമായ ഒരാദിവാസി സമൂഹമായ ചോലനായ്ക്കരുടെ ആവാസ കേന്ദ്രമാണിത്. ഇന്ത്യയിലെ ഏക ഗുഹാവാസികളായ ഗോത്രവിഭാഗക്കാരാണിവർ. വനാന്തർഭാഗത്തുള്ള “കല്ലുലൈ“ എന്നു വിളിക്കുന്ന ഗുഹകളിലോ തുറന്ന് സ്ഥലങ്ങളിൽ ഇലകൾ വച്ചുകെട്ടിയോ ആണ് ഇവർ കുടിലുകൾ ഉണ്ടാക്കുക.കാടിനെയും മരത്തിനെയും അത്രത്തോളം ആരാധിക്കുന്ന ഇവർക്ക് ദൈവം മരങ്ങളും മലകളുമാണ്. കാടിന്റെ സംരക്ഷകർ.

കൊടും വനത്തിനുള്ളിലെ ഇങ്ങനൊരു ജനസമൂഹത്തെപ്പറ്റി ലോകം അറിയുന്നത് തന്നെ 1971 കാലഘട്ടത്തിലാണ്. 1991ലെ സെൻസസ് പ്രകാരം 360 ജനസംഘ്യയുണ്ടായിരുന്ന ഇവർ ഇന്ന് 179 എന്ന എണ്ണത്തിലേക്ക് ക്രമാതീതമായി കുറഞ്ഞു വരികയാണ്.ഉയരം കുറഞ്ഞ ശരീരവും ചുരുണ്ട മുടിയും വളരെ പതിഞ്ഞ സംസാരവും അല്പം മുന്നോട്ട് കുനിഞ്ഞ നടത്തവും ഒക്കെയായി ചോലനായ്ക്കന്മാരെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്.

മൈസൂരിൽ നടന്ന ഒരു യുദ്ധത്തിൽ തോറ്റപ്പോൾ നിലമ്പൂർ വനമേഖലയിലേക്ക് കുടിയേറി പാർത്തതാണെന്ന് പറയപ്പെടുന്ന ഈ വിഭാഗക്കാരുടെ ഭാഷ മലയാളവും കന്നടയും തമിഴുമൊക്കെ കൂടി കലർന്ന് ഒരു തനത് ദ്രാവിഡ ഭാഷയാണ്. പൊതുവേ പുറത്ത് നിന്നുള്ളവരുമായുള്ള സമ്പർക്കം അത്ര ഇഷ്ടമല്ലാത്തവരാണ് ഇവർ.

കൃഷി ചെയ്ത് ജീവിക്കുന്ന പാരമ്പര്യമില്ലാത്ത ചോലനായ്ക്കർ, കാട്ടിൽ നിന്ന് ലഭിക്കുന്ന ഇലകളും പഴങ്ങളും കിഴങ്ങുകളും മത്സ്യങ്ങളും ഒക്കെയായിരുന്നു പ്രധാന ഭക്ഷ്യ വിഭവങ്ങൾ. ആനയും മാനുകളും കാട്ടുപോത്തും മേയുന്ന കൊടും വനത്തിനുള്ളിൽ കൃഷി എന്നത് അപ്രയോഗികമായ ഒന്നാണ്.

ഒരു സംരക്ഷിത വനമേഖലയാണ് ഈ മേഖല. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ളവർക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ട്രൈബൽ ഡവലപ്മെന്റ് വകുപ്പിന്റെ ഒരു വാഹനം ഭക്ഷണ സാധനങ്ങളുമായി ഈ കോളനിക്കരികിലുള്ള ഒരു ചെക്ക് പോയിന്റിലേക്കെത്താറുണ്ട്. അവശ്യ സാധനങ്ങളായ അരി, ഗോതമ്പ്, ചെറുപയർ തുടങ്ങിയവ എല്ലാ ആഴ്ചയിലും കോളനിയിലേക്കെത്തിച്ചു കൊടുക്കുന്നു. ചെക്ക് പോയിന്റിൽ നിന്ന് വീണ്ടും പത്തു കിലോമീറ്ററോളം ഉള്ളിലേക്കായാണ് അളകൾ സ്ഥിതി ചെയ്യുന്നത്

ഈ ചരിത്രങ്ങളും വായനയുമാണ് എന്നിൽ മാഞ്ചീരി കാണണമെന്ന് ആഗ്രഹമുണ്ടാക്കിയത്. വേണ്ടുന്ന പെർമിഷൻ എടുത്ത ശേഷം പൂക്കോട്ടും‌പാടത്തുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്ന് അവിടേക്കുള്ള അരിയും സാധനങ്ങളുമായി ഞങ്ങൾ 6 പേർ യാത്ര തിരിച്ചു. നെടുങ്കയം വരെ വന്നു തഴമ്പിച്ച വഴികളാണ്. അതിനപ്പുറത്തേക്ക് ഇന്ന് വരെ സ്വപ്നമായിരുന്നു. ആ സ്വപ്നങ്ങളും ചാക്കിൽ നിറച്ചാണ് ഈ ജീപ്പ് മുന്നോട്ട് നീങ്ങുന്നത്. നെടുങ്കയത്തുള്ള ചെക്ക് പോസ്റ്റും കഴിഞ്ഞ് ജീപ്പ് മണ്ണള കോളനി ലക്ഷ്യമാക്കി നീങ്ങി. ടാറിടാത്ത റോഡിന്റെ അസ്വസ്തകളുണ്ടായെങ്കിലും

കാ‍ടിന്റെ മണവും കാറ്റിന്റെ കുളിരും ചെറു ചാറ്റൽ മഴയും നുകർന്നുള്ള ആ പോക്ക് എങ്ങിനാണിവിടെ വാക്കുകൾ കൊണ്ട് വിവരിക്കുക. മണ്ണള കോളനിക്കടുത്തെത്തിയപ്പോഴേക്ക് സാധനങ്ങൾ വാങ്ങുവാനായി അവർ റോഡരികിലേക്ക് എത്തിയിരുന്നു. ഓരോരുത്തർക്കുള്ള റേഷൻ വിഹിതം ദീപച്ചേച്ചി പേരു വായിക്കുന്ന മുറയ്ക്ക് മഹേഷേട്ടനും ബൈജുവേട്ടനും എടുത്തു നൽകി. കരുളായി അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കാൻ അവർ ശേഖരിച്ചിരുന്ന നാഗഗന്ധി വേരും മാതള നാരങ്ങകളും വേറൊരു വണ്ടിയിലേക്ക് മാറ്റി, അവ ഏറ്റു വന്ന കുട്ടകളിലേക്ക് റേഷൻ സാധനങ്ങൾ നിറച്ചു.

അടുത്ത ലക്ഷ്യം പുലിമുണ്ട കോളനിയാണ്. ഉൾകാട്ടിലേക്ക് ഇനിയും പോകണം പുലിമുണ്ടയിലേക്ക്. കോളനിക്കടുത്തു വരെ വണ്ടി നീക്കി. വണ്ടി തിരിച്ചിടാൻ ഒരിത്തിരി സ്ഥലം കിട്ടിയപ്പോൾ വണ്ടി തിരിച്ച് റീവേർസിലായിരുന്നു അല്പദൂരം മുമ്പോട്ട് പോയത്. വരിവരിയായി കുട്ടയും തൂക്കി കാടിനുള്ളിൽ നിന്ന് പുലിമുണ്ട കോളനിവാസികൾ സാധനങ്ങൾ വാങ്ങുവാനായി വന്നു. അവിടെയും വിതരണം കഴിഞ്ഞു.

ഇനിയുള്ളത് മാഞ്ചീരി കോളനിയാണ്. സംഭവം പുലിമുണ്ട കോളനിയുടെ അരികത്തായൊഴുകുന്ന പുഴയുടെ അക്കരെയാണെങ്കിലും പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് കൊണ്ട് വന്ന വഴി വീണ്ടും തിരിച്ചു പോയി നെടുങ്കയത്ത് നിന്ന് പുഴക്കക്കരെയുള്ള വഴിയിലൂടെ നീങ്ങണമായിരുന്നു. അങ്ങനെ വന്ന വഴി തന്നെ തിരിച്ചിറങ്ങി നെടുങ്കയവും കഴിഞ്ഞ് മാഞ്ചീരി കോളനി ലക്ഷ്യമാക്കി നീങ്ങി. ഒരാനക്കഴ്ചയോ കാട്ടുപോത്തിൻ കൂട്ടമോ മാൻ‌കൂട്ടമോ കാണാനായി ഞങ്ങൾ നാലു പേരും തുറസായ ആ വണ്ടിയുടെ പുറകെ നിന്ന് ചുറ്റിലും നോക്കിക്കിണ്ടിരുന്നു. കുറ്റിയായ് വളർന്ന് നിൽക്കുന്ന തേക്കിൻ കാടുകൾക്കിടയിലൂടെ ഇന്ന് രാവിലെയോ മറ്റോ ആന ചവിട്ടി മെതിച്ച് നീങ്ങിയ അടയാളം കാട്ടിത്തന്ന് മഹേഷേട്ടൻ പറഞു “ രാവിലെ ഇതുവഴി ആന പോയിട്ടുണ്ട്”

കുറച്ച് മുന്നോട്ടേകെത്തിയപ്പോൾ പുറകിൽ വെള്ള വരകളുള്ള ഒരുകൂട്ടം കാട്ടുപന്നി കുഞ്ഞുങ്ങളും തള്ളയും വഴി മുടക്കി നിന്നു. അല്പം ഒച്ചവച്ചപ്പോൾ അത് വഴിവിട്ട് നീങ്ങി. കുഴികൾ കല്ലിട്ട് നിരത്തിയ, ഘട്ടറുകൾ നിവരാത്ത റോഡിലൂടെ ആടിയും ചരിഞ്ഞും പാണപ്പുഴയുടെ അരികുപറ്റി ഞങ്ങൾ നീങ്ങി. ആനപ്പിണ്ടം മണക്കുന്ന വഴികളിലൂടെ.. ആന കുത്തിമറിച്ചിട്ട മൺകൂനകൾക്ക് മുകളിലൂടെ.. കാറ്റിലാടിവീണ മരച്ചില്ലകൾക്ക് മുകളിലൂടെ.. കാട്ടരുവികളുടെ മുകളിലൂടെ..

പുഴവക്കത്താണ് മാഞ്ചീരി. കുപ്പമലയുടെ മുകളിലെവിടെയോ നിന്നുൽഭവിക്കുന്ന നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കരിമ്പുഴ. അതിനരികിലായ് ഇവർക്ക് പണിതു നൽകിയ വീടുകൾ.. ഇവിടെ വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടേങ്കിലും ഒന്നു രണ്ടാളുകളൊഴികെ ഇവിടാരും താമസിക്കാറില്ല.സ്ഥിരതാമസം ശീലമാക്കിയവരല്ല ചോലനായ്ക്കന്മാർ. മാഞ്ചീരിയിൽ നിന്ന് കുറേയേറെ പേർ സാധനങ്ങൾ വാങ്ങാനായ് വന്നിരുന്നു. അവർക്കൊക്കെയും സാധനങ്ങൾ വിതരണം ചെയ്ത് കഴിഞ്ഞപ്പോഴേക്കും രണ്ടുമണി കഴിഞിരുന്നു.

എല്ലാ ബുധനാഴ്ചയും ചെറുപുഴയിൽ നിന്ന് പാചകക്കാർ വന്ന് ഇവിടം ചോറും കറികളും വെയ്ക്കാറുണ്ട്. അതിനായി നിർമ്മിച്ച ഒരു ഷെഡും സ്റ്റോറ് റൂമും. ഉണ്ടിവിടെ. ഇന്ന് ഉച്ചയൂണ് ഈ കാട്ടിനുള്ളിൽ വച്ചാണ്. റേഷനരിച്ചോറിനും സാമ്പാറിനും മീൻ‌കറിക്കും നല്ല രുചി. പൈപ്പിലൂടെ നിർത്താതെ ഒഴുകിവരുന്ന കാട്ടുചോലയിലെ തെളിനീർ കുടിച്ച് ദാഹം തീർത്ത് അടുത്തുണ്ടായ കരിമ്പുഴ വരെ ഒന്ന് പോയി നോക്കി.

ഇതൊരു സങ്കേതമാണ്. എല്ലാ ബുധനാഴ്ചകളിലും ചോലനായ്ക്കർ അവരവരുടെ അളകൾ വിട്ട് ഇവിടെ വന്ന് കൂടും. തീ കൂട്ടി സാധനങ്ങളും വരുന്ന വണ്ടിയും കാത്ത് അതിനു ചുറ്റിലുമിരിക്കും. കാട്ടിൽ നിന്ന് ശേഘരിച്ച പച്ചമരുന്നുകളും കിഴങ്ങുകളും കാട്ടുതേനും നെല്ലിക്കയും വി.എസ്.എസ് നു നൽകി പണം വാങ്ങും. ഉച്ചക്കുള്ള ചോറും കഴിച്ച് തിരിച്ച് അളകളിലേക്ക് മടങ്ങും. ഇതാണ് പതിവ്. ഇവിടെ നിന്നും പത്തു കിലോമീറ്ററോളം ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്ന അളകൾ വരെയുണ്ട്. പാറകൾക്കിടയിലെ ഗുഹകളിൽ ആണ് പലരുടെയും താമസം. ഒരു മലയിലെ വിഭവങ്ങൾ ശേഖരിച്ച് മറ്റു മലകളിലേക്ക് ചേക്കേറും.

ഊണും കഴിച്ച് മൂന്നുമണിയോടടുത്തപ്പോൾ തിരിച്ചു. വഴിയരികിൽ കായ്ച്ചു നിൽക്കുന്ന നെല്ലിക്കയും പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോൾ കോളനിയിൽ നിന്ന്, ചോലനായ്ക്കൻ വിഭാഗത്തിൽ നിന്ന് തന്നെയും ആദ്യമായി ബിരുദം നേടിയ വിനോദിനെപ്പറ്റി (Vinod C Mancheeri)പറഞ്ഞു തന്നു മഹേഷേട്ടൻ. ഈ കോളനിയിലെ സാക്ഷരത 16% മാത്രമാണ്. അവിടെ നിന്നും ഒരു ബിരുദദാരിയുണ്ടാവുകയെന്നത് പ്രശംസനീയം തന്നെയാണ്

ഒരുകാലത്ത് പുറം ലോകവുമായി ഒരു ബന്ധവും വച്ചുപുലർത്താതിരുന്ന ജനസമൂഹത്തെ കണ്ടെത്തി, അവർക്ക് ആവശ്യമായ സംരക്ഷണം നൽകിവരുന്ന സർക്കാരിനെയോർത്ത്, വനം – പട്ടികവർഗ്ഗ വകുപ്പിനെയോർത്ത്, ആ വകുപ്പിൽ കുറച്ച് കാലമെങ്കിലും ജോലി ചെയ്യാൻ സാധിച്ച ഭാഗ്യത്തെയോർത്ത് അഭിമാനിച്ചു.വരുംകാലങ്ങളിൽ ഇവിടെനിന്ന് ഇനിയും വിനോദുമാർ ഉയർന്നുവരട്ടേ.. വിവരങ്ങൾക്ക് കടപ്പാട്: റീജിയണൽ സയൻസ് സെന്റർ അന്റ് പ്ലാനറ്റേറിയം, കോഴിക്കോട്, ജന്മഭൂമി

Minmutty

 

Special Thanks to: Sree Sreekumaran Sir, Project Officer,Nilambur. Sree Shaiju Sir, TEO Perinthalmanna. Location: Mancheeri. Lattitude :11.30213 Longitude: 76.42428.

Route: Nilambur-Karulai-Nedumkayam-Manjeeri
Nearest Railway Station: Nilambur Road

NB: Needs Special permission from Tribal Department and Forest Department to enter into the Forest.

LEAVE A REPLY

Please enter your comment!
Please enter your name here