ചില നല്ല നിമിഷങ്ങളാണ് ജീവിതത്തില് പിന്നീടു നല്ല ഓര്മ്മകളായി മാറുന്നത് സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിൽ നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കാണ് ഈ യാത്ര!!! കുടക്കല്ല് , കൂനൻകല്ല് എന്നിങ്ങനെ രണ്ട് വലിയ കല്ലുകൾ ആണ് ഇവിടെ ഉള്ളത്. താഴ്വശത്തായി ഉള്ള ഗുഹയും സമീപമുള്ള ഉമ്മിക്കുന്നും ഇല്ലിക്കൽ കല്ലിലെ മനോഹര കാഴ്ചകളാണ്
ഇല്ലിക്കൽ കല്ലിൻ്റെ ഏറ്റവും വലിയ പ്രത്യേകത മൂടൽ മഞ്ഞു വന്നാൽ ഞൊടിയിടയിൽ തൊട്ടടുത്തു നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അവസ്ഥ ആവുമെന്നതാണ്. 💯/💯 നൂറിൽ നൂറ് മാർക്ക് കൊടുക്കാവുന്ന കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല് .കാരണം മറ്റൊന്നുമല്ല നല്ല കാലാവസ്ഥയും മനോഹരമായ കാഴ്ചകളും അതിലുപരി നല്ല സ്റ്റാഫുകളും ,വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും ,റ്റോയ്ലറ്റും,ഒരു സൂപ്പർ ജീപ്പ് സഫാരിയും ,നല്ല ഭക്ഷണം ലഭിക്കുന്ന കൊച്ചു കൊച്ചു കടകളും…
എല്ലാംകൊണ്ടും നല്ലൊരു സ്ഥലമാണ് ഇല്ലിക്കൽ കല്ല് . മഞ്ഞുമൂടിയ ഒരു കുന്നിൻ മുകളിൽ പോകണമെന്ന് മനസ്സിൽ തോന്നിയപ്പോൾ തന്നെ മനസ്സിൽ ഓടിയെത്തിയത് ഇല്ലിക്കൽ കല്ലായിരുന്നു. പിന്നെ ചിന്തിച്ചില്ല. കാരണം കൂടുതൽ ആലോചിക്കാൻ പോയാൽ ട്രിപ്പ് നടക്കില്ല.
രാവിലെ എട്ടു മണിയോടെ യാത്ര തുടങ്ങി. മനോഹരമായ വഴിയിലൂടെയുള്ള യാത്ര ചെന്നെത്തിയത് ഇല്ലിക്കൽ കല്ലിനു താഴ്ഭാഗത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ. ഇവിടെ വരെയേ നമ്മുടെ വാഹനം കൊണ്ടു പോകുവാൻ സാധിക്കുകയുള്ളൂ. കുന്നിൻ മുകളിലേക്ക് പുതിയ റോഡ് ആണെങ്കിലും കുത്തനെ ഉള്ള കയറ്റമാണ്. C I A എന്ന സിനിമയിൽ ദുൽഖർ സൽമാൻ ബൈക്ക് ഓടിച്ചു പോകുന്ന ഈ വഴിയിലൂടെ ഇപ്പോൾ നമ്മുടെ വാഹനം കടത്തിവിടുകയില്ല.
കാരണം മുകളിൽ ഒത്തിരി വാഹനം പാർക്ക് ചെയ്യുവാനുള്ള സ്ഥലം ഇല്ലാത്തതിനാലാണ്. ആളൊന്നിന് ഇരുപത് രൂപകൊടുത്താൽ ഇവിടെ നിന്നും പത്തുപേർക്ക് പോകാവുന്ന കമാന്റെർ ജീപ്പിന് പോകാം. അതല്ല സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ നടന്നു കയറാം. പക്ഷേ എൻ്റെ അഭിപ്രായം 20 രൂപകൊടുത്ത് ഒരു ജീപ്പ് സഫാരി ചെയ്യണമെന്നാണ്. കുലുങ്ങി കുലുങ്ങി മുകളിലേക്കും തിരിച്ചുമുള്ള ജീപ്പ് യാത്ര വളരെ രസകരമാണ്.
നട്ടുച്ച സമയമാണെങ്കിലും നല്ല തണുത്ത കാറ്റാണ് ഇവിടെ. മുകളിലുള്ള കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കും… രണ്ടു വശവും ചെങ്കുത്തായ കൊക്കയാണ്. നല്ല തണുപ്പും, നല്ല കാറ്റും ഉണ്ടെങ്കിലും ശ്രദ്ധ ഒറ്റു തെറ്റിയാൽ ശരിക്കും സ്വർഗത്തിൽ ചെല്ലും. അതുകൊണ്ട് സൂക്ഷിക്കണം… സെൽഫി എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണേ.
മാത്രമല്ല ഇല്ലിക്കൽ കല്ലിൻ്റെ ഭാഗത്തേക്ക് സഞ്ചാരികൾ ഇറങ്ങുന്നത് ശിഷാർഹമാണ് .ഇടിമിന്നൽ സാധ്യതാ മേഖലയായതിനാൽ ഇടിമിന്നലൊള്ളപ്പോൾ ഇവിടെ പോകരുത്. ഇല്ലിക്കൽ കല്ലിനു സമീപമുള്ള കുന്നുവരെ നമുക്ക് പോകാം .ഇവിടെ നല്ല മൂടൽ മഞ്ഞും ശക്തമായ കാറ്റും ആണ് .
ഇല്ലിക്കൽ കല്ലിനു സമീപം എത്തണമെങ്കിൽ പുല്ലുകൾ വകഞ്ഞു മാറ്റി ഒരാൾക്ക് മാത്രം ഒരു സമയം കടന്നു പോകാൻ പറ്റുന്ന ഇടുങ്ങിയ വഴിയിലൂടെ സാഹസികമായി വേണം പോകുവാൻ…
“നരകപാലം ” എന്ന് പറയുന്ന വഴിയുടെ രണ്ടു വശവും ചെങ്കുത്തായ കൊക്കയാണ്. ഇവിടെ 2016 -ൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. നരകപാലത്തില് കൂടിയുള്ള യാത്ര വളരെ അപകടംനിറഞ്ഞതാണ് . അതുകൊണ്ട് ആരും അതിനു തുനിയരുത്…. മഴയും,ഇടിമിന്നലും ഉള്ള സമയത്ത് ഇവിടം ഏറ്റവും അപകടം നിറഞ്ഞ സ്ഥലമാണ്.
സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇവിടം കാണുവാൻ അനുദിനം തിരക്ക് കൂടിവരുന്നു… മുകളിൽ ആളെ പറത്തികൊണ്ട് പോകും തക്കവിധം തണുത്ത കാറ്റാണ്.
ഒരുമയുടെ ആ പ്രളയകാലം ഓർത്തുവെക്കാൻ “കയ്യൊപ്പ് ” വീഡിയോ കാണാം
മാത്രമല്ല മൂടൽ മഞ്ഞില്ലെങ്കിൽ ഇവിടെ നിന്നും നോക്കിയാൽ കാണുന്ന കാഴ്ച നമ്മെ അതിശയിപ്പിക്കും.
ഒരു വൺഡേ ട്രിപ്പിന് ഏറ്റവും നല്ല സ്ഥലമാണ് ഇല്ലിക്കൽ കല്ല്…എനിക്ക് വന്ന ചെലവ്
പെട്രോൾ-Rs.180 | ലഘുഭക്ഷണം -Rs.42 | Entry pass -Rs.10 | Bike parking-Rs.10 | മലമുകളിലേക്കും താഴേക്കും ഉള്ള സൂപ്പർ ജീപ്പ് സഫാരി – Rs.20 = Total ചിലവ് 262 രൂപ ! ക്യാമറ കൊണ്ടുള്ള ഓട്ടത്തിനിടയിൽ രണ്ടു തവണ വീണതൊഴിച്ചാൽ ആറു മണിക്കൂർ സന്തോഷം നൽകിയ ട്രിപ്പായിരുന്നു ഈ ഇല്ലിക്കൽ യാത്ര.
വൈവിധ്യമാർന്ന ദൃശ്യ ഭംഗികൾ കൊണ്ട് മനോഹരമാണ് ഇല്ലിക്കൽ കല്ല്. ഈ യാത്ര ജീവിതത്തിലെ നല്ലോരനുഭവം കൂടിയാണ്.സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന കേരളത്തിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കു സമീപമുള്ള ഇല്ലിക്കൽ മലനിരകൾ.100% സന്തോഷം നൽകിയ ട്രിപ്പ് ആയിരുന്നു ഈ യാത്ര <3
ഓർക്കുക…”യാത്രക്ക് മനസ്സാണ് പ്രധാനം”
✍ ജൂബിൻ കുറ്റിയാനി.