ടിക്ടോക്കിലെ സുന്ദരികളെ ഇത് കാണുക, നിങ്ങൾ സുരക്ഷിതരല്ല..!!

0
2708

ലിപ് സിങ്ക് വിഡിയോ ആപ് ആയ ടിക്ടോകിൽ താരമായതിന്റെ സന്തോഷത്തിലാണ് പല സുന്ദരിമാരും. വിഡിയോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം അതു വൈറലാകുമ്പോൾ തങ്ങൾ എന്തൊക്കെയോ ആയി എന്ന ഭാവത്താൽ അവർ മതിമറക്കും. ടിക്ടോക്ക് വിഡിയോ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം തരംഗമാകുകയും ചെയ്യുന്നു. ഈ കുട്ടിയെ അധികം വൈകാതെ സിനിമയിൽ കാണാം, ഇത് അഭിനയമല്ല ജീവിതമാണ് എന്നൊക്കെയുള്ള ചില കമന്റുകളും കൂടിയാകുമ്പോൾ പെൺകുട്ടികൾ വേറേതോ ലോകത്തെത്തിയതുപോലെ ആനന്ദിക്കും. പക്ഷേ ഈ ആനന്ദത്തിന് അധികം ആയുസ്സില്ലെന്നാണ് അടുത്തിടെ പ്രചരിക്കുന്ന ചില വാർത്തകൾ സൂചിപ്പിക്കുന്നത്.

ടിക്ടോക് വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്നെടുക്കുന്ന സ്ക്രീൻഷോർട്ട് ചിത്രങ്ങൾ സഭ്യമല്ലാത്ത കുറിപ്പുകൾക്കും സത്യമല്ലാത്ത വാർത്തകൾക്കുമൊപ്പം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നിരപരാധികളായ പല സ്ത്രീകളുമാണ് ഈ വ്യാജവാർത്തയുടെ ഇരകളാകുന്നതെന്നുമാത്രം. മോഡലാണെന്ന് ടിക്ടോക്കിൽ പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെയും കൂടെയുള്ള കുട്ടിയുടെയും ചിത്രം പ്രചരിക്കപ്പെടുന്നത് വിദ്യാർഥിയെയും കൊണ്ട് ഒളിച്ചോടിയ അധ്യാപിക എന്ന പേരിലാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത് ടിക്ടോക് വിഡിയോ വൈറലാകുന്നതിനേക്കാൾ വേഗത്തിലാണ്. ചിത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാർത്തകൾ ഫോർവേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്. വെർച്വൽ ലോകത്തെ പരദൂഷണ പ്രിയർക്ക് തങ്ങൾ വെറും ഇരകൾ മാത്രമാണെന്ന ഓർമയില്ലാതെയാണ് പലരും ഇത്തരം ആഘോഷങ്ങൾക്കു പിന്നാലെ പായുന്നത്.

പ്രശസ്തരാകാനുള്ള കൊതിയും മറ്റുള്ളവരുടെ മുന്നിൽ സ്വന്തം കഴിവു തെളിയിക്കാനുള്ള ഉത്സാഹവുമൊക്കെയാകാം ഇത്തരം വിഡിയോ പുറത്തുവിടാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. പക്ഷേ പ്രശസ്തി കൊതിച്ച് ഇത്തരം വിഡിയോകൾ പരസ്യമാക്കുമ്പോൾ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അവർ ആലോചിക്കുന്നതേയില്ല. കഴുകൻ കണ്ണുകളുമായി ഇരകളെ പരതി വെർച്വൽ ലോകത്തു വിരാചിക്കുന്ന മാനസികവൈകൃതമുള്ള ചില ആളുകൾക്കു മുന്നിലേക്കാണ് പല സ്ത്രീകളും അവരുടെ സ്വകാര്യതയെ തുറന്നു കൊടുക്കുന്നത്.

ചിലർ ഒരു പടികൂടി കടന്ന് സ്വന്തം കുഞ്ഞുങ്ങളുടെ വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. പരിചയമില്ലാത്ത പലരും അത്തരം വിഡിയോകളെടുത്ത് ഡ്യുയറ്റ് ചെയ്യുകയും ചിലപ്പോൾ അത്തരം ദൃശ്യങ്ങൾ വൈറലാവുകയും ചെയ്യാറുണ്ട്. സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത കാലത്താണ് സ്വന്തം സ്വകാര്യത അപരിചിതർ മാത്രമുള്ള ഒരു വെർച്വൽ ഇടത്തിലേക്ക് സ്ത്രീകൾ തുറന്നു കൊടുക്കുന്നത്. അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് തിരിച്ചറിയുമ്പോഴേക്കും അതൊരുപാട് വൈകിപ്പോവുകയും ചെയ്യും.

വിഡിയോയിൽ നിന്ന് ചിത്രങ്ങളെടുത്ത് കൃത്രിമം കാട്ടുന്നവരെ കുടുക്കാനല്ലേ ഇവിടെ പൊലീസും നിയമങ്ങളും ഉള്ളത് എന്ന ചോദ്യവുമായായിരിക്കും ഇത്തരം ആശങ്കകൾക്കുനേരെ പലപ്പോഴും ഉയരുക. പക്ഷേ വ്യാജവാർത്തകളും ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ മാത്രമേ ഇത്തരക്കാർക്കെതിരെ നടപടികളിലേക്കു കടക്കാനാകൂ… അങ്ങനെയുണ്ടായില്ലെങ്കിൽ പരിചയമില്ലാത്ത ആരൊക്കെയോ ചേർന്ന് അവരുടെ മാനസികവൈകൃതങ്ങൾ പ്രകടിപ്പിച്ച് ആരുടെയൊക്കെയോ പ്രിയപ്പെട്ട സഹോദരിമാരുടെയോ ഭാര്യമാരുടെയോ പെൺകുഞ്ഞുങ്ങളുടെയോ ചിത്രങ്ങൾ ദുരുപയോഗം ചെയ്യും.

Related Video

LEAVE A REPLY

Please enter your comment!
Please enter your name here