ഇന്ത്യൻ കറൻസിയിലെ പൈതൃകങ്ങൾ

0
874

നവംബർ 8 2016 ഏതൊരു ഇന്ത്യക്കാരനും മറക്കാൻ പറ്റുമോ ഈ ദിവസം. താമരശ്ശേരി ഷൈൻ ഹോട്ടലിൽ നിന്ന് ബീഫും പൊറോട്ടയും തട്ടിയതിന് ശേഷം, വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് ‘മേരെ ദേശ് വാസിയോം’ വിളിയെത്തിയത്. ബേങ്ക് ഉദ്യോഗസ്ഥനായത്തിന്റെ വിലയും കഷ്ടപ്പാടും അറിഞ്ഞനാളുകൾ.ഏറെ വാഴ്ത്തപ്പെട്ട രണ്ടായിരത്തിന്റെ പുത്തൻ നോട്ട്, കീശയിൽ തിരുകി നെഗിളിപ്പോടെ ആദ്യം നടന്നതിന്റെ പവർ ബേങ്ക് ഉദ്യോഗസ്ഥർക്ക് ഇരിക്കട്ടെ.

നോട്ട് നിരോധനത്തോടെ ആർബിഐ പുറത്തിറക്കിയത് ആറ് പൊളപ്പൻ കറൻസികളാണ്. അതിലെ ലേറ്റസ്റ്റ് അവതാരം ജൂലൈയിൽ പുറത്തിറങ്ങിയ നൂറ് രുപ നോട്ടാണ്. ആറിൽ, അഞ്ച് നോട്ടും രാജ്യത്തിന്റെ പൈതൃകങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ പുത്തൻ നോട്ടുകളെ കുറിച്ച് ആർബിഐ വെബ്സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്…”Currency notes reflect the nation’s rich and diverse culture, her struggle for freedom and her proud achievements as a nation.”
അശോക സ്തൂപമാണ് ആദ്യമായി ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്ത ശില്പകല.

1954 പുറത്തിറങ്ങിയ ആയിരത്തിനും അയ്യായിരത്തിനും നോട്ടുകളിൽ തഞ്ചാവൂരിലെ ക്ഷേത്രവും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ പ്രതീകമായിരുന്നു. പിന്നീട് എൺപതുകളിൽ ഇറങ്ങിയ നോട്ടുകൾ കൂടുതലായി പ്രതിനിധീകരിച്ചിരുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുവാണ്. പഴയ അഞ്ചുരൂപ നോട്ട് ഓർമ്മയില്ലേ?.. ട്രാക്ടറിൽ മണ്ണ് ഉഴുവന്ന ആ കർഷകൻ സൂചിപ്പിച്ചത് കൃഷി മേഖലയിലെ യന്ത്രവൽക്കരണത്തെ കുറിച്ചാണ്. അതുപോലെ തന്നെ രണ്ട് രൂപ നോട്ടിലെ ആര്യഭട്ട ഉപകേതുവും, ഒരു രൂപ നോട്ടിലെ എണ്ണ കപ്പലും പ്രതീകമായത് രാജ്യത്തിന്റെ സാങ്കേതികവിദ്യയൊണ്.

ഒരു രൂപ നോട്ട് ഇന്നും ലഭ്യമാണ്. ഈ നോട്ടിന് ഒരു പ്രത്യേകതയുണ്ട് എന്താണെന്ന് അറിയാമോ…?
ഇന്ത്യൻ ഗവൺമെന്റ അച്ചടിച്ച് ഇറക്കുന്ന ഒരേയൊരു നോട്ട് ഒരു രൂപ കറൻസിയാണ്. മറ്റ് നോട്ടുകളെല്ലാം അച്ചടിക്കുന്നത് ആർബിഐ വഴിയാണ്.അടുത്ത തവണ ഒരു രൂപ കയ്യിൽ കിട്ടുമ്പോൾ നോക്കാൻ മറക്കേണ്ട! 1996 ശേഷമാണ് മഹാത്മാഗാന്ധി ശ്രേണിയിലുള്ള നോട്ടുകൾ പുറത്തിറങ്ങാൻ തുടങ്ങിയത്. കുറച്ചും കൂടി കലാസുന്ദരമായിരുന്നു ആ നോട്ടുകൾ. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമായ കാഞ്ചൻജംഗയും, പാർലമെന്റെ മന്ദിരവുമടങ്ങിയ നൂറിന്റെയും അമ്പത്തിന്റെയും നോട്ടുകൾക്ക് പുറമെ, ആ ശ്രേണിയിൽ ഇരുപത് രൂപയുടെ നോട്ടിൽ മാത്രമാണ് സ്ഥലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

പോർട്ട് ബ്ലെയറിലെ മൗണ്ട് ഹാരിയറ്റ് ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചയാണ് ഇരുപത് രൂപ നോട്ടിലെ ചിത്രം.
നോട്ട് നിരോധനത്തിലൂടെ പിൻവലിക്കപ്പെട്ട അഞ്ഞൂർ രൂപയിൽ ഉപ്പുസത്യാഗ്രഹത്തെ അനുസ്മരിക്കുന്ന ദണ്ഡിയാത്രയും, ആയിരം രൂപ നോട്ടിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുമാണ്  പ്രതിഫലിപ്പിച്ചിരിക്കുന്നത്.അതെ ആയിരത്തിന്റെ നോട്ടു മൂലം, രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ തകർന്നു എന്നത് ഏറെ വിരോധാഭാസം തന്നെ

66മീ.മീ X166മീ.മീ നെഞ്ചളവിൽ മജന്ത നിറത്തിൽ പിറവിയെടുത്ത രണ്ടായിരത്തിന്റെ നോട്ടോടുകൂടിയാണ് ആയിരം പടിയിറങ്ങിയത്.ചൊവ്വാ ദൗത്യത്തിലൂടെ പ്രശസ്തമായ മംഗൾയാനാണ് രണ്ടായിരത്തിലെ താരം. രണ്ടായിരം രൂപക്ക് ചില്ലറ കിട്ടാനുള്ള ഓട്ടത്തിൽ, മംഗൾയാനെ നമ്മൾ മറന്നാലും കരീന കപൂർ മറക്കില്ല… എജ്ജാതി ബ..ബ.ബ്ബ

അല്ലെ ഓള് മംഗൾയാനെ കുറിച്ച് പറഞ്ഞത്. നോട്ട് നിരോധനം ഗുണമോ ദോഷമോ…? എന്തുമാകട്ടെ ഒരു സഞ്ചാരി സംബന്ധിച്ചിത്തോളം പുത്തൻ നോട്ടുകളിലെ പൈതൃകങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.വിവിധ വർണ്ണങ്ങളിൽ പുറത്തിറങ്ങിയ പത്ത്, അമ്പത്, നൂറ്, ഇരുനൂർ, അഞ്ഞൂർ നോട്ടുകളിലെ സ്‌മാരകചിഹ്നങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.

1) പത്ത് രുപയിലെ കൊണാർക്ക് സൂര്യക്ഷേത്രം 

ജനുവരി അഞ്ച്, 2018 പുറത്തിറങ്ങിയ പത്ത് രൂപ നോട്ടിൽ ഒഡീസയിലെ കൊണാർക്ക് സൂര്യക്ഷേത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. യുനെസ്കോ വേൾഡ് ഹെറിറ്റേജിൽ ഇടം പിടിച്ചിട്ടുള്ള ക്ഷേത്രം വാസ്തുശില്പിയിലും നിർമ്മാണത്തിലും ശ്രദ്ധേയമാണ്. ‘ബ്ലാക്ക് പഗോഡ’, എന്ന് വിളിപ്പേരുള്ള ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷൻ രാജാവ് നരസിംഹദേവയാണ് നിർമ്മിച്ചിട്ടുള്ളത്.

സൂര്യദേവന്റെ രഥങ്ങളുടെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ രൂപകല്പന. രഥത്തിലെ ചക്രങ്ങൾ സമയവും കാലവും സൂചിപ്പിക്കുന്നു. പകലിലെ യാമങ്ങളിൽ സൂര്യരശ്മികൾ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മാണശൈലി. ഭാഗികമായി തകർന്നുപോയ ക്ഷേത്രം ഇന്നും ഒരു അത്ഭുതമാണ്.ഒഡീസയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് വളരെ അടുത്താണ് ഈ ക്ഷേത്രം. ഡിസംബറിലെ ആദ്യ വാരങ്ങളിൽ നടത്താറുള്ള കൊണാർക്ക് ഫെസ്റ്റിവലുമായി ബന്ധപ്പെടുത്തി കൊണാർക്കിലോട്ട് യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.

2)അമ്പതിലെ ഹംപി

വിജയനഗര സാമ്രാജ്യത്തിലെ പ്രൗഢി വിളിച്ചറിയിക്കുന്ന നഗരമാണ് ഹംപി. പതിനാറാം നൂറ്റാണ്ടിൽ കൃഷ്ണദേവരായ പടുത്തുയർത്തിയതാണ് ഈ മഹാനഗരം. വീരുപക്ഷയും വിറ്റാലയുമാണ് ഹംപിയിലെ പ്രധാന ക്ഷേത്രങ്ങൾ. വിറ്റാലക്ഷേത്രത്തിന്റെ നടുത്തളത്തിൽ കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള രഥമാണ് നോട്ടിൽ അച്ചടിച്ചിട്ടുള്ളത്. വിഷ്ണുഭഗവാന്റ വാഹനമായ ഗരുഡയുടെ ബലിപീഠമായിട്ടാണ് രഥത്തെ കണക്കാക്കുന്നത്. ആനന്ദം സിനിമയിലൂടെ പ്രശസ്തമായ മ്യൂസിക്കൽ പിലേർസും ഈ ക്ഷേത്ര അങ്കണത്തിലാണുള്ളത്.
അടുത്ത പട്ടണമായ ഹോസ്പേട്ടിൽ നിന്നും അരമണിക്കൂർ ഇടവിട്ട് ഹംപിയിലോട്ട് ബസ് സർവീസുണ്ട്. മാർച്ച്-ഏപ്രിലിൽ വിരുപക്ഷ ഉത്സവത്തോടനുബന്ധിച്ച് യാത്രകൾ പ്ലാൻ ചെയ്യാം.

3)നൂറിന്റെ നോട്ടിലെ പടവ് കിണർ -റാണി കി വാവ്.

ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിക്കരികിലാണ് റാണി കി വാവ് നിർമ്മിച്ചിട്ടുള്ളത്.
ഭീംദേവ ഒന്നാമന്റെ ഭാര്യ ഉദയമതി റാണി തന്റെ ഭർത്താവിനോടുള്ള സ്നേഹസ്മാരകം എന്ന നിലയിൽ 1068ലാണ് ഈ കിണർ പൂർത്തീകരിച്ചത്. ഭൂമിക്കടിയിലേക്ക് ഏഴു തട്ടുകളായി നിർമ്മിച്ചിട്ടുള്ള ഈ കിണറിന് 65 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്. 2014ൽ യുനസ്കോ വേൾഡ് ഹെറിറ്റേജ് ഇടംപിടിച്ച റാണി കി വാവ് ശരിക്കും ‘വോവ് ‘ തന്നെയാണ്. ഇന്ത്യൻ യാത്രികർക്ക് നാൽപത് രൂപയും വിദേശികൾക്ക് അറുന്നൂർ രൂപയുമാണ് ടിക്കറ്റ് നിരക്ക്.

4)ഇരുനൂറിലെ സാഞ്ചി സ്തൂപം

ഓറഞ്ച് നിറത്തിലുള്ള ഇരുറിന്റെ നോട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റ് ഇരുപതിനാലോടു കൂടിയാണ് പുറത്തിറങ്ങിയത്. പ്രശസ്തനായ മൗര്യൻചക്രവർത്തി അശോക പണിത സാഞ്ചി സ്തൂപമാണ് ഇരുനൂറിനെ വർണ്ണിച്ചിരിക്കുന്നത്. ഏറ്റവും പഴക്കം ചെന്ന ബുദ്ധിസ്റ്റ് സന്യാസിമഠമാണ് സാഞ്ചി സ്തുപാ. അർദ്ധവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഗോപുരത്തിന് ചേർന്ന് നാല് കവാടങ്ങളാണുള്ളത്. ടൊറാനസ് എന്നാണ് ഈ കവാടങ്ങളെ വിശേഷിപ്പിക്കുന്നത്.ബുദ്ധദേവന്റെ ആദ്യകാലജീവിതം ശിക്ഷണവുമാണ് ഇതിൽ കൊത്തിവച്ചിട്ടുള്ളത് .’Jataka tales’ എന്ന പേരിൽ ഈ കഥകൾ അറിയപ്പെടുന്നു. ഭോപാലിനിന്നും ഒന്നര മണിക്കൂർ യാത്രചെയ്താൽ സാഞ്ചിയിൽ എത്തിച്ചേരാം.

5) അഞ്ഞുർ രൂപയിലെ റെഡ് ഫോർട്ട്

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചുവന്ന കല്ലുകളാൽ നിർമ്മിക്കപ്പെട്ട കോട്ട. ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിലോന്നാണ് റെഡ് ഫോർട്ട്. പേർഷ്യൻ തത്വശാസ്ത്രം ഇടകലർത്തിയാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത്. ഓൾഡ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ മന്തിരത്തിൽ നിന്നാണ് വർഷാവർഷവും പ്രധാനമന്ത്രി സ്വാതന്ത്രദിന സന്ദേശം നൽകാറുള്ളത്. മുഗൾ സാമ്രാജ്യത്തിന്റെ വസതിയായിരുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്.

രാവിലെ ഒമ്പത്ത് മുതൽ നാലര വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച അവധി ദിവസമാണ്.അടുത്ത തവണ ഈ നോട്ടുകൾ നിങ്ങളുടെ കൈകളിലൂടെ മാറിമറിഞ്ഞു പോകുമ്പോൾ രാജ്യത്തിന്റെ പൈതൃകങ്ങളെ കുറിച്ച് ഓർക്കുക, രാജ്യം നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് സ്മരിക്കുക, അവ തേടി യാത്ര പോവുക… എന്തെന്നാൽ,”Its better to see something once than to hear about it a thousand times” പുതിയ കറൻസികളെ കുറിച്ചുള്ള വിശദമായ വിവരണം ആർബിഐ വെബ്സൈറ്റിൽ ലഭ്യമാണ്.

(NB: ഈ ചിത്രങ്ങളിൽ ഹംപി ഒഴിച്ച്, മറ്റു ചിത്രങ്ങളൊന്നും ഞാൻ പകർത്തിയതല്ല. ഗൂഗിൾ ചിത്രങ്ങളാണ്. നാലു വർഷങ്ങൾക്ക് മുമ്പ് ഞാനും സുഹൃത്ത്ജോബിയും നടത്തിയ ഭാരതപര്യടനത്തിൽ റാണി കി വാവ് ഒഴികെയുള്ള സ്ഥലങ്ങൾ സന്ദർഷിക്കുവാൻ ഭാഗ്യം ലഭിച്ചിരുന്നു.)

LEAVE A REPLY

Please enter your comment!
Please enter your name here