കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നുയുര്‍ന്ന് ആകാശത്തെ ചുംബിക്കുമ്ബോള്‍ മട്ടന്നൂര്‍ നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് തിരശ്ശീല വീണത്. ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.186 യാത്രക്കാരാണ് ആദ്യ യാത്രയില്‍ കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് പറന്നത്. അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.2300 ഏക്കറില്‍ 2350 കോടി രൂപ ചിലവിട്ടാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്
കണ്ണൂര്‍ വിമാനത്താവളത്തിനുള്ള ശ്രമം ആരംഭിക്കുന്നത് 1996 ഡിസംബറിലാണ്.കേരളമായി ഏറെ ബന്ധമുള്ള അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോടെയാണ് കണ്ണൂര്‍ വിമാനത്താവളം എന്ന പദ്ധതിക്ക് ജീവന്‍വെക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിന്റെ നാള്‍വഴികള്‍ സുഗമമായിരുന്നില്ല. മുഖ്യമന്ത്രി ഇ.കെ നായനാര്‍ പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് 1998 മേയില്‍ മട്ടന്നൂരില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.
എന്നാല്‍ ഒരു വിമാനത്താവളം കൂടി വേണ്ട എന്ന വാദവുമായി 2001ല്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. ഭൂമി ഏറ്റെടുക്കലും പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് 2004ല്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ലോകസഭയില്‍ വിമാനത്താവളം യാഥ്യാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പദ്ധതി ഉയര്‍ത്തേഴുനേല്‍ക്കുന്നത്