ആലപ്പുഴയിൽ നിന്നും വെറും 15 കിലോമീറ്റർ ചെല്ലുമ്പോൾ വേമ്പനാട് കായലിന് നടുവിലായി ഒരു കൊച്ചു പറുദീസ.തണ്ണീർമുക്കം ബണ്ടിൽ നിന്നു നോക്കിയാൽ കായലിനു നടുവിൽ പച്ച കുട വിരിച്ചു വെച്ച പോലെ കാണപ്പെടുന്ന മനോഹര ദൃശ്യം. മിച്ചമുള്ള അവധി ദിനങ്ങൾ എണ്ണി കഴിഞ്ഞ അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വെളുപ്പിനെ 5 മണിക് തന്നെ അവളെ വിളിച്ചു. കൊല്ലത്ത് നിന്നു ഞാൻ വരുന്നു കൊച്ചിയിൽ നിന്ന് നീയും ഇറങ്ങിക്കോ
.പതിവ് പോലെ ആലപ്പുഴ ബീച്ചിൽ കണ്ടു മുട്ടി.കുറെ നേരം ആ കടപ്പുറത്തു കാലത്തിന്റെ തിരുശേഷിപ്പായ തകർന്ന പഴയ പാലവും നോക്കി ഇരുന്നു. വെയിലു മൂത്തപ്പോൾ ഞങ്ങൾ തീരുമാനിച്ചു എങ്ങോട്ടെങ്കിലും പോകാം.എങ്ങോട്ടു?ഞാനും അവളും ആലോചിച്ചു, മാറി മാറി പല സുഹൃത്തുക്കളെയും വിളിച്ചു. ഒടുവിൽ ഒരു സുഹൃത്തിന്റെ വായിൽ നിന്നും ആ പേരു വീണത്.
പാതിരാമണൽ.
അവൾ പറഞ്ഞു ആ പേര് അവൾ കേട്ടിട്ടുണ്ട്. ചേച്ചിയുടെ വീട്ടിൽ പോകുമ്പോൾ പാലത്തിൽ വെച്ചു പല വട്ടം കണ്ടിട്ടുണ്ട് കായലിന്റെ നടുവിലെ പച്ചിലകാട്.ഗൂഗിൾ മാപ്പിനോട് കാര്യം അവതരിപ്പിച്ചപ്പോൾ മാന്യമായ എളുപ്പവഴി കാണിച്ചു തന്നു.12 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ജംഗ്ഷനിൽ എത്തി. അവിടെ നിന്നും വലത്തേക്കാണ് ഇനി പോകേണ്ടത്. ഞങ്ങൾ വണ്ടി നിർത്തിയതിനു അടുത്തായി തന്നെ ഒരു ഹോട്ടല് കണ്ടു.
ഹോട്ടൽ സ്മിത “വൈദ്യരുടെ കട” എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും അറിയാതിരിക്കില്ല. കരിമീൻ പൊരിച്ചതും കൂട്ടി നല്ല നാടൻ ഊണും കഴിച്ചിറങ്ങി യാത്ര തുടർന്നു
. 3 കിലോമീറ്റർ ചെന്നപ്പോൾ വേമ്പനാട് കായൽ. അവിടെ നിന്നും 10 മിനിറ്റിന്റെ ബോട്ട് യാത്രക്കു ഒടുവിൽ ഞങ്ങൾ ആ ദ്വീപിൽ എത്തി. ഉള്ളിലേക്കും നടക്കും തോറും വേമ്പനാട് കായലിനെ മറച്ചു കൊണ്ട് ഞങ്ങൾക്ക് ചുറ്റും ഒരു കാടിന്റെ സൗന്ദര്യം ഉയർന്നു വന്നു.വലിയ മരങ്ങളും, കണ്ടൽ ചെടികളും, ഇലകൾക്കിടയിലൂടെ ഊർന്നു വീഴുന്ന സൂര്യ രശ്മിയും, കായലിന്റെ തണുത്ത കാറ്റും, കിളികളുടെ ഒച്ചയും എല്ലാം ആ ദ്വീപിനു കുറുകെ കല്ലു നിരത്തിയ വഴിയിലൂടെ അവൾകൊപ്പം നടക്കുമ്പോൾ പലപ്പോഴും തോന്നിപ്പിച്ചു ഞാൻ ഒരു പറുദീസയിൽ ആണോ എന്ന്…?