യുവതികൾക്കും പ്രവേശിക്കാം ഇത് പത്തനംതിട്ടയിലെ പുത്തൻ ശബരിമല

0
1089

ശബരിമലയിൽ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്‌‍റെ കോലാഹലങ്ങൾ ഇതുവരെയും അടങ്ങിയിട്ടില്ല. ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണന്നും അതിനാൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ളവർ പ്രവേശിക്കാൻ പാടില്ല എന്നുമാണ് വിധിയെ എതിർക്കുന്നവരുടെ പ്രധാന വാദം.

അതുകൊണ്ടുതന്നെ വിധി കേട്ട് ഇവിടെ എത്തുന്ന പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കാനാവുന്നില്ല. ഈ സാഹചര്യത്തിൽ ശബരിമല കൂടാതെ പ്രശസ്തിയിലേക്കുയരുന്ന മറ്റൊരു ക്ഷേത്രമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ രൂപത്തിലും മാതൃകയിലും തന്നെ നിർമ്മിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം. പത്തനംതിട്ട തടിയൂരിലെ പുത്തൻശബരിമല ക്ഷേത്രമാണ് യഥാർഥ ശബരിമല ക്ഷേത്രവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധമായിരിക്കുന്നത്. പുത്തൻശബരിമല ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

പഞ്ചലോഹപ്രതിഷ്ഠയാണിവിടെ. ശബരിമലയിലെപ്പോലെതന്നെ കന്നിരാശിയില്‍ ഗണപതിപ്രതിഷ്ഠ, കുംഭരാശിയില്‍ മാളികപ്പുറത്തമ്മ, മീനം രാശിയില്‍ വാവരുസ്വാമി, പതിനെട്ടാംപടിക്കുതാഴെ ഇരുവശത്തുമായി കറുപ്പന്‍സ്വാമി, കറുപ്പായി അമ്മ, വലിയകടുത്തസ്വാമി, യക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിന് ശബരിമലയിലേതുപോലെതന്നെ 18 പടിയുണ്ട്. പടിക്കുമുന്നില്‍ വിശാലമായ കല്‍ത്തളവും തെങ്കാശിയില്‍നിന്നു വരുത്തിയ കരിങ്കല്ലുകൊണ്ടു നിര്‍മിതമായുള്ള പതിനെട്ടാംപടിയുടെ ഏറ്റവും താഴത്തെ പടിയുടെ ഇരുവശത്തുമായി ആനയുടെയും പുലിയുടെയും കരിങ്കല്ലില്‍ക്കൊത്തിയ രൂപങ്ങളുമുണ്ട്.

ശബരിമലയിലെ അതേയളവിലും രൂപത്തിലുമുള്ളതാണ് പതിനെട്ടാംപടി. മകരവിളക്കാണ് പ്രധാന വിശേഷദിനം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവമായി ആഘോഷിക്കുന്നു. അപ്പം, അരവണ പ്രധാനവഴിപാടുകളാണ്. പേട്ടകെട്ട് ഇവിടെയുമുണ്ട്. ജനവരി 4മുതല്‍ 14 വരെയുള്ള മകരവിളക്ക് മഹോത്സവകാലത്ത് വ്രതാനുഷ്ഠാനങ്ങളോടുകൂടി ജില്ലയ്ക്കകത്തും പുറത്തുംനിന്നായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി വന്ന് നാളികേരമുടച്ച് പടിചവിട്ടി അയ്യപ്പദര്‍ശനം നടത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ക്ഷേത്രത്തില്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരുകാര്യം മാത്രമേ ഉള്ളൂ; ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ക്കൂടി ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ പതിനെട്ടാംപടി ചവിട്ടുന്നതിന് ശബരിമല ക്ഷേത്രത്തിലെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്.

ഒരുകാലത്ത് നിബിഡവനമായിരുന്ന പുത്തന്‍ശബരിമലയില്‍, മണികണ്ഠസ്വാമി പുലിപ്പാല്‍ അന്വേഷിച്ചുള്ള യാത്രയ്ക്കിടെ ഋഷീശ്വരന്മാരുടെ ആശ്രമത്തില്‍ താമസിച്ചതായാണ് ഐതിഹ്യം.
തിരുവല്ല-റാന്നി റൂട്ടില്‍ തിരുവല്ലയില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരെ കടയാർ ജങ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കോട്ടുമാറിയും റാന്നിയില്‍നിന്നു 10 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് ക്ഷേത്രം.
ഉത്സവ സമയത്ത് പടിപൂജ,പൂജാദികർമ്മകൾ, കലാപരുപാടികൾ, വാദ്യഘോഷങ്ങൾ,
എന്നിവ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശകസമിതിയുമായി ബദ്ധപ്പെടുക..
പ്രസിഡന്റ്‌ 8606478390 സെക്രട്ടറി 9539057735

LEAVE A REPLY

Please enter your comment!
Please enter your name here