ആൻഡമാൻ കടലോരത്തെ അത്ഭുത ദ്വീപ്‌  ഫുക്കറ്റ്.. അറിയേണ്ടതെല്ലാം

0
863

തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. സ്വാതന്ത്ര്യമാണ് തായ്‌ലൻഡിലെ ടൂറിസ്റ്റ് ലൈഫിനെ ആകർഷമാകുന്നത്. കടുത്ത ലൈംഗിക അരാജകത്വവും മതബോധവും കപടസദാചാര സാമൂഹ്യവ്യവസ്ഥിതിയുമൊക്കെ വീർപ്പുമുട്ടിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇവിടെയെത്തി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന സഞ്ചാരികൾ എറെയുണ്ട്.

പൊതുവെ തായ്‌ലൻഡിലെ പകലുകൾക്ക് ഒരാലസ്യമാണ്. എന്നാൽ സന്ധ്യ മയങ്ങുമ്പോൾ ആഘോഷത്തിലേക്കും ഉന്മാദത്തിലേക്കും നഗരം ഉണരുന്നു. തായ്‌ലൻഡിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്.
48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുണ്ട് ഫുക്കറ്റിന്. മുനമ്പ് (Cape) എന്നർത്ഥം വരുന്ന തലങ് എന്ന പേരിലായിരുന്നു ഫുക്കറ്റ് നേരത്തെ അറിയപ്പെട്ടിരുന്നത്.

വളരെ വർണാഭമായ ഒരു ചരിത്രവും സംസ്കാരവുമുള്ള നാടാണ് ഫുക്കറ്റ്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഇന്ത്യയുമായും ചൈനയുമായും വ്യാവസായിക ബന്ധങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് റബർ, വെള്ളീയം (tin) എന്നിവയായിരുന്നു ദ്വീപിന്റെ പ്രധാന വരുമാന സ്രോതസ്സ്. 1990കൾക്ക് ശേഷം ടൂറിസം പച്ചപിടിച്ചതോടെ രാജ്യത്തിന്റെ മുഖഛായ തന്നെമാറി. ഇപ്പോൾ ദ്വീപിന്റെ സാമ്പത്തികവ്യവസ്ഥയെ താങ്ങി നിർത്തുന്ന രണ്ടു തൂണുകൾ റബറും ടൂറിസവുമാണ്.

പശ്ചിമ ഫുക്കറ്റിലാണ് ലോകശ്രദ്ധയാകർഷിച്ച കടൽത്തീരങ്ങളുള്ളത്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് പ്രധാനികൾ. പതങ് ആണ് പ്രധാനപ്പെട്ട കടലോര വിനോദ സഞ്ചാര കേന്ദ്രം. കേരളത്തിനോട് സാമ്യമുള്ള, വർഷത്തിലുടനീളം പൊതുവെ സൗമ്യമായ കാലാവസ്ഥയാണ് ഫുക്കറ്റിൽ. ഇന്ത്യൻ സമയത്തേക്കാൾ ഒന്നരമണിക്കൂർ മുന്നിലാണ് തായ്‌ലൻഡിലെ സമയം.

ക്വാലാലമ്പൂർ വഴിയായിരുന്നു കണക്‌ഷൻ ഫ്‌ളൈറ്റ്. കടലിനെ തൊട്ടുരുമ്മിയാണ് ഫുക്കറ്റ് രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനം ലാൻഡ് ചെയ്യാനായി താഴ്ന്നു പറക്കുമ്പോൾ കൊച്ചിയിൽ നിന്നും പറന്നുയരുമ്പോൾ കാണുന്ന പച്ചപ്പിന്റെയും ജലാശയങ്ങളുടെയുമൊക്കെ കാഴ്ചകൾ ഇവിടെയും കാണാം.

ഉച്ചയോടെ വിമാനത്താവളത്തിലെത്തി വീസ നടപടികൾ കഴിഞ്ഞു ബാഗേജും ശേഖരിച്ചു പുറത്തെത്തി. മുൻകൂട്ടി ബുക് ചെയ്ത ട്രാവൽ ഏജൻസിയുടെ ഡ്രൈവർ പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. നേരെ പതങ്ങിലുള്ള ഹോട്ടലിലേക്ക്. വിമാനത്താവളത്തിൽനിന്നും ഏകദേശം 35 കിലോമീറ്ററുണ്ട് പതങ്ങിലേക്ക്. വികസിത രാജ്യത്തെ അനുസ്മരിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നു. സുന്ദരമായ റോഡുകൾ വൃത്തിയുള്ള തെരുവോരങ്ങൾ.

ഹോട്ടലിലെത്തി അൽപനേരം വിശ്രമിച്ച ശേഷം വൈകുന്നേരത്തോടെ നഗരം കാണാനിറങ്ങി. ഏഷ്യയിലെതന്നെ സഞ്ചാരസൗഹൃദ വിനോദകേന്ദ്രങ്ങളിലൊന്നാണ് ഫുക്കറ്റ്. ആഘോഷങ്ങൾ അവസാനിക്കാത്ത നഗരം എന്നാണ് പതങ്ങിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ രാത്രികൾക്കെപ്പോഴും ചെറുപ്പമാണ്. പാട്ടും നൃത്തവും മദ്യവും മറ്റു സുഖങ്ങളുമൊക്കെയായി സഞ്ചാരികൾ രാത്രിയെ അതിന്റെ പൂർണതയിൽ ആഘോഷിക്കുന്നു.

ഒരു നഗരത്തെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ നിരത്തുകളിലൂടെ രാത്രികാഴ്ചകൾ കണ്ടുനടക്കുക എന്നതാണ്. സന്ധ്യ മയങ്ങുമ്പോൾ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ ഫുക്കറ്റിലെ തെരുവീഥികളിൽ കൂടി നടക്കുന്നത് സവിശേഷമായ അനുഭവവും അനുഭൂതിയുമാണ്.

ഫുക്കറ്റിലെ രാത്രികൾക്ക് അനേകം മുഖങ്ങളുണ്ട്. ആഘോഷത്തിന്റെ, ഉന്മാദത്തിന്റെ, തൃഷ്ണകളുടെ അങ്ങനെയങ്ങനെ… എടുത്തുപറയേണ്ടത് ഇവിടെയുള്ള സ്ത്രീസൗഹൃദ സഞ്ചാര അന്തരീക്ഷമാണ്. സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടങ്ങളോ കടന്നുകയറ്റങ്ങളോ ഇല്ലാതെ സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടമായുമൊക്കെ രാത്രിയിൽ ഈ തെരുവുകളിലൂടെ നിർഭയം സഞ്ചരിക്കുന്നു. നമ്മുടെ നാട്ടിൽ നിന്നും (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽനിന്നും) ധാരാളം സ്ത്രീകൾ ഇവിടെയെത്തി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ ആസ്വദിക്കുന്നു.

നഗരത്തിൽ നിന്നും പതങ് ബീച്ചിലേക്കുള്ള നടപ്പാതകൾ (walking street) പ്രശസ്തമാണ്. വഴിയോര വാണിഭത്തിന്റെയും ജീവിതകാഴ്ചകളുടെയും കേന്ദ്രമാണ് ഈ ഇടനാഴികൾ. ജീവിതത്തിന്റെ വിവിധ മുഖങ്ങൾ, ജീവിക്കാൻ വേണ്ടി മനുഷ്യർ കെട്ടിയാടുന്ന വിചിത്രങ്ങളായ വേഷങ്ങൾ ഒക്കെ ഈ ഒരു യാത്രയിലൂടെ നമ്മുടെ കണ്മുന്നിൽ ഒരു സിനിമ പോലെ തെളിഞ്ഞുവരും. തായ്‌ലൻഡിലെ പട്ടായയിലും ഇതിനു സമാനമായി (കു)പ്രസിദ്ധമായ വാക്കിങ് സ്ട്രീറ്റ് ഉണ്ട്. നിരവധി ഇന്ത്യൻ ഭക്ഷണശാലകളും ഇവിടെ പ്രവർത്തിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ക്രിസ്മസും പുതുവർഷവും ആഘോഷിക്കാനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. കൂടാതെ ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ നമ്മുടെ അയൽരാജ്യങ്ങളിൽനിന്നും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു.

വിശാലമായ പതങ് കടൽത്തീരം മനോഹരമാണെങ്കിലും സഞ്ചാരികളുടെ ബാഹുല്യം കടൽത്തീരത്തിന്റെ വൃത്തിയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വാട്ടർ സ്‌കൂട്ടറുകളിൽ തിരമാലകൾക്കുമീതെ പായുന്ന സാഹസിക സഞ്ചാരികൾ, ദൂരെ ഉപജീവനത്തിനായി ഒഴുകിനീങ്ങുന്ന മൽസ്യബന്ധന ബോട്ടുകൾ, മണൽപ്പരപ്പിലൂടെ അലസഗമനം നടത്തുന്നവർ, സൂര്യസ്നാനം ചെയ്യുന്നവർ. ഇങ്ങനെ പലർക്കും പലതാണ് കടൽ.

അടുത്ത ദിവസം രാവിലെ ഫുക്കറ്റ് നഗരം പരിചയപ്പെടുത്തുന്ന ഒരു ടൂർ പ്രോഗ്രാം ബുക് ചെയ്തിരുന്നു. രാവിലെ ടൂർ ഏജൻസിയുടെ വാഹനം ഹോട്ടലിൽനിന്നും പിക്ക് ചെയ്തു. ആദ്യം പോയത് കാരൻ വ്യൂ പോയിന്റിലേക്കാണ്. ഫുക്കറ്റിലെ മൂന്ന് കടൽത്തീരങ്ങളായ കത നോയ്, കത യായ്, കാരൻ ബീച്ചുകളുടെ വിദൂരമായ ആകാശക്കാഴ്ചയാണ് കാരൻ വ്യൂ പോയിൻറിന്റെ സവിശേഷത. ഇവിടെനിന്നു ഫോട്ടോയെടുക്കാനായി സഞ്ചാരികളുടെ നീണ്ടനിരതന്നെയുണ്ട്.

ഫുക്കറ്റിലെ 29 ബുദ്ധക്ഷേത്രങ്ങളിൽ പ്രധാനിയായ വാറ്റ് ചലോങ്ങി ഇവിടുത്തെ പ്രശസ്തമായ ബുദ്ധ ക്ഷേത്രമാണ്. തായ് നിർമാണവൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നാണ് വാറ്റ് ചലോങ്. 1876 ലെ ചൈനീസ് വിപ്ലവത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ച ലോ പോ ചെ, ലോ പോ ചുവാങ് എന്നീ ബുദ്ധസന്യാസികളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രമാണിത്.

രാവിലെ തന്നെ തദ്ദേശീയരായ വിശ്വാസികളുടെ തിരക്ക് തുടങ്ങുന്നു.ക്ഷേത്രത്തിന്റെ എതിർവശത്തു പരസ്പരം അഭിമുഖീകരിക്കുന്ന രീതിയിൽ നീളൻ പഗോഡയും കാണാം. ഏകദേശം 10 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഈ പഗോഡയ്ക്ക്. ഇതിലെ പിരിയൻ ഗോവണി കയറി മുകളിലെത്താൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടി വന്നു.

ആചാരാനുഷ്ടാനങ്ങളും പാരമ്പര്യവും മുറുക്കെപിടിക്കുന്ന ജനതയാണ് ഫുക്കറ്റിലുള്ളത്. ബുദ്ധസംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ പ്രൗഢമായി ഇപ്പോഴും ജനതയുടെ ഹൃദയങ്ങളിൽ പരിലസിക്കുന്നു.

ആതിഥേയത്വവും സഹൃദയത്വവും കാത്തുസൂക്ഷിക്കുന്ന ജനങ്ങൾ. ഇന്ത്യയിൽനിന്നാണെന്നു പറയുമ്പോൾ വളരെ താൽപര്യത്തോടെ പുതിയ ഹിന്ദി സിനിമകളെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചുമൊക്കെ തായ് ശൈലിയിലുള്ള ഇംഗ്ലീഷിൽ ചോദിക്കും.

അടുത്തതായി ഫിഫി ദ്വീപിലേക്കായിരുന്നു യാത്ര. ഫുക്കറ്റിൽ നിന്നും ഒന്നര മണിക്കൂർ ബോട്ട് യാത്രയുണ്ട് ഫിഫിയിലേക്ക്. ജലഗതാഗതം മാത്രമാണ് പുറംലോകവുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്നത്. മൂന്നുനിലയുള്ള ഒരു ചെറിയ ബോട്ടിൽ ആയിരുന്നു ദ്വീപിലേക്കുള്ള യാത്ര

മെച്ചപ്പെട്ട കാഴ്ചകൾക്കായി വശങ്ങളിലായി സ്ഥാനം പിടിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ. ലോകത്തിന്റെ പരിച്ഛേദംതന്നെയുണ്ട് ആ ചെറുകപ്പലിൽ. ദ്വീപിലേക്കുള്ള യാത്ര മനം കുളിർപ്പിക്കുന്നതാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വെള്ളാരങ്കല്ലുപോലുള്ള കടൽ. ഇടയ്ക്കിടയ്ക്ക് വെള്ളത്തിൽ നിന്നും പെട്ടെന്നുയർന്നു വന്ന കോട്ടകൾ പോലെ തോന്നിക്കുന്ന മലകൾ.

വർണാഭമായ നിറങ്ങൾ ചാലിച്ച ചെറുവള്ളങ്ങളും മൽസ്യബന്ധന ബോട്ടുകളും യാത്രയിലുടനീളം കാണാം.

2000ത്തിലിറങ്ങിയ ‘ദ് ബീച്ച് ‘ എന്ന ഡികാപ്രിയോ ചിത്രത്തോടെയാണ് ഫിഫി ലോക ടൂറിസം ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായത്. ദ്വീപിൽ ചെന്നിറങ്ങിയാൽ നമ്മുടെ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിനെ അനുസ്മരിപ്പിക്കുന്ന ഇടുങ്ങിയ നടപ്പാതകളും വശങ്ങളിൽ തിങ്ങിഞെരുങ്ങി പലതരം വാണിഭകേന്ദ്രങ്ങളും കാണാം. ഇതുവഴി നടന്നെത്തുന്നത് പഞ്ചാര മണൽ വിരിച്ച മനോഹരമായ കടൽത്തീരത്തേക്കാണ്. സ്ഫടികം പോലെ തിളങ്ങുന്ന ശാന്തമായ കടൽ. നിരവധി സഞ്ചാരികൾ സൂര്യസ്നാനത്തിനായി മണലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കടലിലൂടെ കനോയിങ്, കയാകിങ്, ബോട്ടിങ്, സ്നോർക്കലിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തായ്‌ലൻഡിലെ മറ്റൊരു ദ്വീപസമൂഹമായ ക്രാബിയുടെ അധികാരപരിധിയിലാണ് ഫിഫി ദ്വീപ് വരുന്നത്. കോ ഫിഫി ഡോൺ, കോ ഫിഫി ലെ എന്നീ രണ്ടു ദ്വീപുകളാണ് ഇവിടെ പ്രധാനമായും ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. പവിഴപ്പുറ്റുകൾ കൊണ്ടും ചുണ്ണാമ്പുപാറകൾ കൊണ്ടും അപൂർവ മൽസ്യസമ്പത്തു കൊണ്ടും സമൃദ്ധമാണ് ഇവിടുത്തെ കടൽത്തീരം. മൽസ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ദ്വീപുകളിലെ ഭൂരിഭാഗം പേരും.

ഫാൻ ന ബേ ദ്വീപസമൂഹങ്ങളിലേക്കായിരുന്നു യാത്ര. നമ്മുടെ പഞ്ചാബി ഹൗസ് സിനിമയിലുള്ളപോലൊരു ബോട്ടിലായിരുന്നു യാത്ര. മലാക്ക കടലിടുക്കിനും ഫുക്കറ്റിനും ഇടയിൽ ആൻഡമാൻ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഫാൻ ന ബേ. കിഴുക്കാംതൂക്കായ മലഞ്ചെരിവുകൾ, ചുണ്ണാമ്പു പാറകൾ, പുരാവസ്തു പ്രാധാന്യമുള്ള ഗുഹകൾ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഫാൻ ന ബേയിലെ ഏറ്റവും പ്രശസ്തമായ ദ്വീപാണ് ഒരു സൂചിമുന പോലെ കടലിൽ പൊന്തിനിൽക്കുന്ന ജെയിംസ് ബോണ്ട് ഐലൻഡ് (ക്വാവ് ഫിൻ കാൻ). വിഖ്യാതമായ ജെയിംസ് ബോണ്ട് ചലച്ചിത്രശ്രേണിയിലെ ഒൻപതാം ചിത്രം ‘മാൻ വിത് ഗോൾഡൻ ഗൺ’ ഈ ദ്വീപസമൂഹങ്ങളിലാണ് ചിത്രീകരിച്ചത്. അതോടെയാണ് അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന ഈ ചെറുദ്വീപിന്‌ ‘ജെയിംസ്‌ബോണ്ട് ഐലൻഡ്’ എന്ന പേരുലഭിച്ചത്.

ബോട്ട് പ്രധാന ചെറുദ്വീപുകളുടെ സമീപം നിർത്തും. തുടർന്നുള്ള യാത്ര രണ്ടുപേർക്കു സഞ്ചരിക്കാവുന്ന ചെറുവള്ളങ്ങളിലാണ് (Canoeing). ദ്വീപുകൾക്ക് സമീപമുള്ള മലഞ്ചെരിവുകളിലൂടെയും ഗുഹകളിലൂടെയും കണ്ടൽക്കാടുകളിലൂടെയുമൊക്കെ വൈദഗ്ധ്യത്തോടെ തുഴച്ചിൽക്കാർ നമ്മെ കൊണ്ടുപോകും.

അതിശയിപ്പിക്കുന്ന ജൈവവൈവിധ്യത്തിന്റെ കലവറകളാണ് ഈ ദ്വീപുകൾ. ചില ദ്വീപുകളിൽ ചെങ്കുത്തായ കുന്നുകൾ കയറി മുകളിലേക്ക് പോകാൻ പടികൾ തീർത്തിട്ടുണ്ട്. മുകളിലെത്തിയാൽ കാറ്റിന്റെ കലമ്പലിനൊപ്പം സമീപദ്വീപുകളുടെ വിശാലമായ കാഴ്ച മനംനിറയെ ആസ്വദിക്കാം. വൈകുന്നേരത്തോടെ മടക്കയാത്ര. ലോകത്തെവിടെ പോയാലും അവിടെയൊരു മലയാളി ഉണ്ടാകും എന്ന ശൈലി ഊട്ടിയുറപ്പിച്ച് ഓരോ ദിവസവും മലയാളി സഹയാത്രികരെ കണ്ടുമുട്ടയിരുന്നു..

ലോകത്തെ മികച്ച സ്പാ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫുക്കറ്റ്. ഇവിടെ ഒരു കുടിൽ വ്യവസായം പോലെയാണ് മസാജ് പാർലറുകൾ. നമ്മുടെ ആയുർവേദത്തിലെ ഉഴിച്ചിലിന്റെ മറ്റൊരു വകഭേദമാണ് തായ് മസാജ്. പ്രധാന ഹോട്ടലുകളിലെല്ലാം സ്പാ, മസാജ് കേന്ദ്രങ്ങളുണ്ട്. മനസ്സിനും ശരീരത്തിനും വളരെയധികം സ്വാസ്ഥ്യവും സമാധാനവും പകരുന്നതാണ് തായ് മസാജ്. സന്ധ്യ മയങ്ങുമ്പോൾ വഴിയോരങ്ങളിൽ വർണാഭമായ ബോർഡുകളും മിന്നിത്തിളങ്ങുന്ന ലൈറ്റുകളും വച്ച കടകൾക്കുമുന്നിൽ

വഴിയോരത്തുകൂടെപോകുന്ന സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടു സ്ത്രീകൾ ഇരിപ്പുതുടങ്ങും. ഇതിന്റെ മറപറ്റി സെക്സ് പാർലറുകളും വളരുന്നുണ്ട് എന്നത് ഇവിടെ പരസ്യമായ രഹസ്യമാണ്.
ഇതുകൂടാതെ ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും, വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും ഇവിടെയുണ്ട്. നിർമാണകലയിലും നഗരാസൂത്രണത്തിലും നിപുണത അവകാശപ്പെടാം തായ്‌ലൻഡിന്. വൃത്തിയുള്ള റോഡുകൾ, പാതയോരങ്ങൾ, നടപ്പാതകൾ…പതങിന് സമീപമുള്ള ഒരു സ്ട്രീറ്റിലൂടെ കടന്നുപോകുമ്പോൾ വഴിയോരത്ത് ഒരേ ശൈലിയിൽ പണിതു പലനിറങ്ങൾ ചാലിച്ച വീടുകൾ കാഴ്ചയുടെ വിസ്മയമൊരുക്കും.

ഭക്ഷണപ്രിയർക്ക് തങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ പാകത്തിലുള്ള വിഭവങ്ങളാൽ സമൃദ്ധമാണ് ഫുക്കറ്റ്. പഴുതാരയും ചിലന്തിയും പാറ്റയും മുതൽ പെരുമ്പാമ്പ് വരെ ഇതിൽപ്പെടും. രാത്രിയിൽ പാതയോരത്തെ തട്ടുകടകളിൽ ഇവയെ ലൈവായി പുഴുങ്ങി പാകം ചെയ്തു തരും.

ഷോപ്പിങ്ങിന്റെ കേന്ദ്രമാണ് ഫുക്കറ്റ്. പോക്കറ്റിന്റെ കനത്തെ തൃപ്തിപ്പെടുത്തുന്ന മുന്തിയ മാളുകളും വഴിയോര വാണിഭ കേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. വിലപേശി പകുതി വിലയ്ക്ക് സാധനം മേടിക്കാം എന്നതാണ് വഴിയോര വാണിഭ കേന്ദ്രങ്ങളുടെ ആകർഷണീയത.

അടുത്ത ദിവസം രാത്രിയോടെ ഫുക്കറ്റിൽ നിന്നും നാട്ടിലേക്കുള്ള വവിമാനം പറന്നുയർന്നു..എങ്കിലും പുതിയ നാടുകൾ തന്ന കാഴ്ചകൾ, കാഴ്ചപ്പാടുകൾ ഒക്കെ നന്ദിയോടെ സ്മരിച്ചു. ഓരോ യാത്രയും ഒരനുഭവമാണ്. ലോകത്തെ കൂടുതലറിയുന്ന, അനുഭവപന്ഥാവുകൾ വിശാലമാകുന്ന യാത്രകൾ അനുസ്യൂതം തുടരട്ടെ…

എങ്ങനെ എത്തിച്ചേരാം?

പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഫുക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് കണക്‌ഷൻ ഫ്‌ളൈറ്റുകളുണ്ട്. കൊച്ചിയിൽ നിന്നും ക്വാലാലമ്പൂർ വരെ നാലുമണിക്കൂർ. അവിടെ നിന്ന് ഫുക്കറ്റ് വരെ ഒന്നര മണിക്കൂർ.

വീസ?

ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസയാണ്. എയർപോർട്ടിൽ ചെന്നിറങ്ങി വീസ ഓൺ അറൈവൽ സെക്‌ഷനിൽ ചെന്ന് അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകണം. 1000 ബഹ്താണ് വീസ ഫീസ്. രണ്ടാഴ്ചത്തേക്കാണ് വീസ ലഭിക്കുന്നത്. ഇത് ദീർഘിപ്പിക്കുകയുമാകാം.

കറൻസി?

തായ് ബഹ്താണ് കറൻസി. നമ്മുടെ രൂപയുടെ ഏകദേശം ഇരട്ടിമൂല്യമുണ്ട് ബഹ്തിന്.
ചെലവ് എത്രയാകും? മുൻകൂട്ടി ബുക് ചെയ്താൽ 15000 രൂപ മുതൽ റൗണ്ട് ദി ട്രിപ്പ് ടിക്കറ്റുകൾ ലഭിക്കും. ഹോട്ടൽ ഡബിൾ റൂം 500 രൂപ മുതൽ പ്രതിദിനവാടകയ്ക്ക് ലഭിക്കും. ഏകദേശം 35000 രൂപയുണ്ടെങ്കിൽ ഒരാൾക്ക് അഞ്ചുദിവസം ഫുക്കറ്റിൽ ചെലവഴിച്ചു മടങ്ങി വരാം.

കടപ്പാട് : Vishnu S Nair

LEAVE A REPLY

Please enter your comment!
Please enter your name here