മുംബൈ എന്ന മഹാ നഗരത്തിന്റെ സൂചികുത്താൻ ഇടമില്ലാത്ത തിരക്കുകളിൽ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ തീർത്തും ഏകാന്തമായി ശീതീകരിച്ച മുറിക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന നിമിഷങ്ങളിൽ ആകെയുള്ള ആശ്വാസം തുരുതുരാ വരുന്ന സന്ദേശങ്ങളിലും വാ തോരാതെ സംസാരിച്ചു വാചാലമായി പോകുന്ന സൗഹൃദങ്ങളുടെ വേലിയേറ്റത്തിലുമാണ്..സൗഹൃദങ്ങൾക്കു പഴമയെന്നോ പുതുമയെന്നോ അർത്ഥമില്ല. പുതിയ സൗഹൃദങ്ങൾ വരുമ്പോൾ പഴയത് മറന്നെന്നും അർത്ഥമില്ല. എല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ ചോർന്നു പോകാതെ കൂടെ ചേർത്തു പിടിച്ചിട്ടുണ്ട്
എവിടെനിന്നൊക്കെയോ പറന്നെത്തുന്ന പുതിയ സൗഹൃദങ്ങളുടെ കടൽ കടന്നു കഥ പറയുന്ന പഞ്ചാര മണൽകാട്ടിലെ അത്തറിന്റെ മണം ഒഴുകുന്ന സുറുമയുടെ കുളിരുള്ള സൗഹൃദങ്ങൾ വീണ്ടും മെസ്സെഞ്ചറിൽ ചിലച്ചപ്പോൾ അപരിചിതത്വത്തിന്റെ മറ നീക്കിയുള്ള സംഭാഷണങ്ങളിൽ എപ്പോഴോ കയറി വന്ന ഒരു ടോപ്പിക്കിലാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യയും സോനാഗച്ചിയുമൊക്കെ കയറി വന്നത്. അതേ ! വിശപ്പ് മാറ്റുവാൻ മടിക്കുത്തഴിക്കേണ്ടി വന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകൾ കാണുക എന്നത് പലപ്പോഴും മുംബൈയിൽ വന്നുപോയിട്ടുണ്ടെങ്കിലും പലപ്പോഴും ഈ തെരുവുകളിൽ അലഞ്ഞു തീർത്തപ്പോഴും ബാക്കിയായ ഒന്നായിരുന്നു പണ്ട് മുതൽക്കേ പറഞ്ഞു കേട്ട കാമാത്തിപ്പുരയുടെ ഇക്കിളിപ്പെടുത്താത്ത ലൈംഗികതയുടെ തുറന്നിട്ട വാതായനങ്ങൾ കാണണമെന്നത്.