ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ് ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെൻപസാർ’ ആണ്.
ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയിലുൾപ്പെടുന്നു. 2010മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 3,891,428 ആണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാംമത വിശ്വാസികളും.