കേരളത്തിൽ ഇപ്പോളത്തെ തണുപ്പിനൊരു കാരണം ഉണ്ട് !! വരാൻ പോവുന്ന ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ്

0
4474

ശബരിമലയുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ കേരളം തണുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില.

ഒന്നോ രണ്ടോ ദിവസങ്ങള്‍ മഞ്ഞ് കനക്കുകയും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിരുന്ന കേരളത്തിലെ മഞ്ഞുകാലത്തിന്റെ ഗതി മാറിയിരിക്കുന്നു. മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ പോലും ഒരാഴ്ചയിലധികം മൈനസ് അഞ്ചും, മൈനസ് മൂന്നും തണുപ്പ് തുടരുന്നത് അപൂര്‍വമാണ്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞും തണുപ്പും വന്ന് മൂടും. വെയിലുറച്ചാലും തണുപ്പ് തങ്ങി നില്‍ക്കും.

എന്താണ് ഇപ്പോള്‍ കേരളമനുഭവിക്കുന്ന തണുപ്പിന് കാരണം? കാലാവസ്ഥയിലുണ്ടായ നേരിയ മാറ്റമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുമ്പോള്‍ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു വശം കൂടിയാണിതെന്നും ഇനി കേരളത്തില്‍ കൊടും വേനലിനും വരള്‍ച്ചക്കും കൂടിയുള്ള സാഹചര്യമൊരുങ്ങുകയാണെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ തണുപ്പ്- കാരണം

സോളാര്‍ വോള്‍ടെക്‌സ് എന്ന പ്രതിഭാസം കാരണമാണ് നിലവില്‍ കേരളത്തിലും ശൈത്യത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ് അഭിലാഷ് പറയുന്നു. ചില പ്രത്യേക സമയങ്ങളില്‍ സംഭവിക്കുന്ന സോളാര്‍ വോള്‍ടെക്‌സ് മൂലം ധ്രുവ പ്രദേശങ്ങളില്‍ നിന്ന് തണുപ്പ് കൂടിയ വായു തെക്കോട്ട് വീശുന്നതാണ് കേരളത്തില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്ന കടുത്ത തണുപ്പിന് കാരണമാവുന്നത്.

എന്നാല്‍ ഇതിന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമായി ബന്ധവമുണ്ട്. ആര്‍ട്ടിക്കില്‍ മഞ്ഞുരുകുകയാണ്. അത് സഡണ്‍ സ്റ്റാറ്റോസ്‌ഫെറിക് വാമിങ്ങിന് കാരണമാവുകയും കാറ്റിന്റെ ഗതിയില്‍ മാറ്റം വരുകയും ചെയ്യുന്നു. യുറേഷ്യയിലെ സ്‌നോ കവറിനും ഈ പ്രതിഭാസവുമായി ബന്ധമുണ്ട്.

എന്നാല്‍ ഇത്രയും തണുപ്പേറുന്നത് കേരളത്തില്‍ അസാധാരണമല്ലെന്നും മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ ഇത് സംഭവിക്കാറുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറയുന്നു. “കേരളത്തില്‍ റെക്കോര്‍ഡ് ബ്രേക്ക് ചെയ്തിട്ടില്ല. ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുള്ളതാണ്. എല്ലായിടത്തും ഉണ്ടാവണമെന്നില്ല. ഇത് കാലാവസ്ഥാ വ്യതിയാനം എന്നൊന്നും പറയാന്‍ പറ്റില്ല. നേരിയ ഒരു മാറ്റം ഉണ്ടായെന്ന് മാത്രമേയുള്ളൂ. മൂന്ന് ദിവസം കഴിയുമ്പോള്‍ സാധാരണ നിലയിലേക്ക് വരും എന്നാണ് പ്രതീക്ഷ.”

എന്നാല്‍ പ്രളയത്തിന് ശേഷം സിഡബ്ല്യുആര്‍ഡിഎം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാലാവസ്ഥാ മാറ്റത്തില്‍ പ്രസക്തമാണ്. അതിതീവ്രമഴ ഉണ്ടായത് പോലെ എല്ലാ കാലാവസ്ഥയും അടുത്ത കാലത്ത് കേരളം കണ്ടിട്ടില്ലാത്ത വിധം അതിന്റെ പാരമ്യത്തില്‍ അനുഭവപ്പെടാനുള്ള സാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. പഠനങ്ങളും നിരീക്ഷണങ്ങളും നിലനില്‍ക്കെ കാലാവസ്ഥാ വ്യതിയാനം കേരളത്തിലും വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് കരുതണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം.

എല്‍നിനോ- കേരളം കൊടും വരള്‍ച്ചയിലേക്കോ?

പ്രളയാനന്തര കേരളത്തില്‍ പലയിടത്തും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത് കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ വെള്ളം കിട്ടാത്തതിനാലാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലം പോലും പലയിടത്തും ലഭ്യമല്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലയിടങ്ങളിലെങ്കിലും ജലാശയങ്ങളും കുടിവെള്ള സ്രോതസ്സുകളും വറ്റി.

കേരളം വരള്‍ച്ചയിലേക്ക് പ്രവേശിച്ചത് സംബന്ധിച്ച വിവിരങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. മഴയ്‌ക്കൊപ്പം മഞ്ഞും ഏറി തന്നെയിരിക്കുന്നതിനാല്‍ ഈ വര്‍ഷം വേനലും കടുക്കും എന്ന നിരീക്ഷണമാണ് പരിസ്ഥിതി-കാലാവസ്ഥാ വിദഗ്ദ്ധര്‍ പങ്കുവക്കുന്നത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ വേനലിന്റെ കാഠിന്യവും ചൂടും മുന്‍ വര്‍ഷങ്ങളുടേതിനെ അപേക്ഷിച്ച് കൂടുതലായിരുന്നു. സൂര്യാതപമേറ്റ് നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇത്തവണ സ്ഥിതി അതീവ ഗുരുതരമാവാനുള്ള മറ്റൊരു സാഹചര്യത്തെക്കുറിച്ച് കൂടിയാണ് വിദഗ്ദ്ധര്‍ സംസാരിക്കുന്നത്. 2019ല്‍ ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഇത് കേരളത്തേയും കാര്യമായി ബാധിക്കാനാണിട.

2015-16 വര്‍ഷങ്ങളില്‍ എല്‍ നിനോ പ്രതിഭാസമുണ്ടായപ്പോള്‍ അത് കേരളത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാവുകയും മണ്‍സൂണ്‍ ലഭ്യത വളരെ കുറവുമായിരുന്നു. ഇത് ജനജീവിതത്തേയും കാര്‍ഷികോത്പാദനത്തേയും ബാധിച്ചു.

ഈ വര്‍ഷവും എല്‍ നിനോ സജീവമാവുകയാണെങ്കില്‍ അതിനെ കേരളം അതിജീവിക്കുന്നതെങ്ങനെയെന്ന സംശയമാണ് കാലാവസ്ഥാ വിദഗ്ദ്ധരായ ഡോ. എസ് അഭിലാഷും, ഡോ. ജോസ് കല്ലറക്കലും മുന്നോട്ട് വക്കുന്നത്. അഭിലാഷ് പറയുന്നു, “എല്‍ നിനോയുടെ ഭാഗമായി കടുത്ത വേനലും വരള്‍ച്ചയും വന്നേക്കാം. മണ്‍സൂണ്‍ ലഭ്യതയിലും കുറവ് വരാം. ഇത് കേരളത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ ആവശ്യം വേണ്ടതിലും വളരെ താഴെയാണ്.”

പ്രളയം വന്ന് ഒഴികിപ്പോയതിനാല്‍ മണ്‍സൂണിലോ, അതിന് ശേഷം പെയ്ത അതിതീവ്ര മഴയോ ഭൂമിയിലേക്ക് ശേഖരിക്കപ്പെട്ടിട്ടില്ല. തുലാവര്‍ഷപ്പെയ്ത്തുണ്ടായിട്ടും ഭൂജല നിരപ്പില്‍ കാര്യമായ മാറ്റം വരുത്താന്‍ അതിനായിട്ടില്ല. സംസ്ഥാനത്ത് ഇത്തവണ തുലാമഴ മൂന്ന് ശതമാനം കുറവാണ് കിട്ടിയത്.

വാട്ടര്‍ റീചാര്‍ജിങ് നടന്നിട്ടുമില്ല. അങ്ങനെയിരിക്കെ വരള്‍ച്ച അടുത്തെത്തിക്കഴിഞ്ഞെന്ന സൂചനകളാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ പോലും കഴിയില്ലാത്തതിനാല്‍ അതിന്റെ അപകട സാധ്യതയേറെയെന്ന് ഡോ. ജോസ് കല്ലറക്കല്‍ പറയുന്നു.

“പ്രളയം ഉണ്ടായതിനാല്‍ വരള്‍ച്ച ഉണ്ടാവാനുള്ള സാധ്യതകള്‍ തന്നെ ഏറെയാണ്. അതിനൊപ്പം എല്‍ നിനോ കൂടി ബാധിച്ചാല്‍ സ്ഥിതി അപകടകരമാവും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എപ്പോള്‍ എന്ത് നടക്കുമെന്ന് പറയാന്‍ പറ്റില്ല എന്നതാണ് പ്രശ്‌നം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അതിവര്‍ഷം വരാം, വരള്‍ച്ച വരാം, സൈക്ലോണുകള്‍ ആഞ്ഞടിക്കാം…

എന്തും സംഭവിക്കാം. പ്രകൃതി ദുരന്തത്തിന് എപ്പോഴും സാധ്യതയുള്ള സ്ഥലമായി കേരളവും മാറിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം ഇവിടെയുള്ളവര്‍ അംഗീകരിക്കണം. എന്നിട്ട് ദുരന്തത്തെ നേരിടാന്‍ പ്രിപ്പയേഡ് ആവണം. ഒട്ടും വെള്ളമില്ലാതാവുന്ന അവസ്ഥയെ പറ്റി ആലോചിച്ച് നോക്കൂ. ആ അവസ്ഥയൊന്നും കേരളത്തിന് ഇനി അന്യമായിരിക്കില്ല.”

കേരളത്തെ നേരിട്ട് ബാധിച്ചില്ലെങ്കിലും ആന്ധ്രയില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റും കേരളത്തെ വിട്ടില്ല. ആന്ധിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തി, പശ്ചിമഘട്ട മലനിരകളെ കടന്ന് കാറ്റ് കേരളത്തിലെ ചുരുക്കം പ്രദേശങ്ങളിലേക്കെങ്കിലും എത്തി. മുന്‍ കാലങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തുന്ന സൈക്ലോണുകള്‍ കേരളത്തിലേക്ക് എത്തിയിരുന്നില്ല. പശ്ചിമഘട്ട മലനിരകള്‍ അതിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ഗജയുടെ കാര്യത്തില്‍ അതുണ്ടായില്ല. കേരളത്തില്‍ ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായിട്ടാണെന്നാണ് പരിസ്ഥിതി ഗവേഷകരുടെ പക്ഷം. ഓഖിയും പ്രളയവുമെല്ലാം സൂചനകള്‍ മാത്രമാണെന്നും, തുടര്‍ച്ചയായി സൈക്ലോണുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമായി കേരളം മാറിയെന്നുമാണ് ഇവരുടെ അഭിപ്രായം.

ഇതിന് ഏക പോംവഴി പ്രകൃതി ദുരന്തങ്ങളേയും കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാവുന്ന മറ്റ് കാര്യങ്ങളേയും നേരിടാന്‍ കേരളം പര്യാപ്തമാവുക എന്നത് മാത്രമാണ്. നവകേരള നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ പ്രകൃതിയെയും പരിസ്ഥിതിയെയും കൂടി പുന:നിര്‍മ്മിച്ച് അതിന് പര്യാപ്തമാക്കണമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here