കായലോ കടലോ കാടോ ഏതുവേണം ഒരു ദിവസം മുതൽ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാൽ ഈ കൊട്ടാരക്കാഴ്ചകളിൽ നിന്നും വെള്ളച്ചാട്ടങ്ങളിൽ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികൾക്ക് പ്രിയം.
കടൽക്കാറ്റേറ്റ് നിൽക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടൻ രുചികൾ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകൾ തകർക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകൾ എന്ന കാര്യത്തിൽ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേർന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകൾ പരിചയപ്പെടാം
കോവളം ബീച്ച്
വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേർ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ഇടക്കാലത്ത് ഹിപ്പികളുടെ താവളമായും ഈ ബീച്ച് മാറിയിരുന്നു.
കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഈ ബീച്ച് തെങ്ങിൻ കൂട്ടങ്ങളാൽ നിറഞ്ഞു കിടക്കുന്ന ഒന്നാണ്. ഒരു വശത്ത് കടലും മറുവശത്ത് മനോഹരമായ പ്രകൃതി ഭംഗിയുമായി നിൽക്കുന്ന ഇവിടം അതിരാവിലെയോ അല്ലെങ്കിൽ വൈകിട്ടോ ആണ് സന്ദർശിക്കുവാൻ പറ്റിയ സമയം.
ഹവ്വാ ബീച്ച്
കോവളം കോവളം ബീച്ചിനോട് ചേർന്നു കിടക്കുന്ന മറ്റൊരു പ്രധാന ബീച്ചാണ് ഹവ്വാ ബീച്ച്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോപ് ലെസ് ബീച്ച് കൂടിയാണിത്. വിദേശികളാണ് ഇവിടെ കൂടുതലായി എത്തിച്ചേരാറുള്ളത്. കോവളത്തുള്ള ബീച്ചുകളിൽ സ്ഥാനം കൊണ്ട് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബീച്ച് കൂടിയാണിത്.
ഒരു കാല്തത് യൂറോപ്യൻ വനിതകൾ ടോപ് ലെസായി ഇവിടെ കുളിച്ചിരുന്നുവെന്നും അങ്ങനെയാണ് ഈ ബീച്ച് ഹവ്വാ ബീച്ച് ആയി മാറിയതെന്നുമാണ് പറയപ്പെടുന്നത്. സാധാരണയായി തിരക്ക് വളരെ കുറഞ്ഞ ഇവിടെ പക്ഷേ, തിരകളുടെ ശക്തി കൂടുതലാണ്. അതുകൊണ്ട് തന്നെ കടലിലിറങ്ങുമ്പോഴും മറ്റും ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അനുസരിക്കുവാൻ ശ്രദ്ധിക്കുക.
ശംഖുമുഖം ബീച്ച്
തിരുവനന്തപുരം എയർപോർട്ടിനോട് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം എന്ന നിലയിൽ വിദേശികൾ കൂടുതലായും എത്തിച്ചേരുന്ന സ്ഥലമാണ് ശംഖുമുഖം ബീച്ച്. തിരുവനന്തപുരത്ത മറ്റു കടൽത്തീരങ്ങളെ അപേക്ഷിച്ച് വൃത്തിയാണ് ഇതിന്റെ പ്രത്യേകത.
കാനായി കുഞ്ഞിരാമന്റെ മത്സ്യ കന്യക എന്ന ശില്പം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക്,ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഇടം തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്. നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ഈ ബീച്ചുള്ളത്.
സമുദ്ര ബീച്ച്
കോവളം കോവളത്തെ മൂന്നു ബീച്ചുകളിൽ ഏറ്റവും അവസാനത്തേയാണ് സമുദ്ര ബീച്ച്. അശോക ബീച്ചിനു വടക്കു ഭാഗത്തായാണ് സമുദ്ര ബീച്ചുള്ളത്. കോവളം ബീച്ചിൽ നിന്നും അല്പ ദൂരം നടന്നാൽ ഇവിടെ എത്താൻ സാധിക്കും. കടലിനു സമീപത്തെ പാറക്കെട്ടുകളിൽ തല്ലിയാർക്കുന്ന തിരകളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത.
വർക്കല ബീച്ച്
സൂര്യാസ്തമയ കാഴ്ചകൾക്കും ക്ലിഫിനും പേരുകേട്ടതാണ് വർക്കല ബീച്ച്. വെള്ളമണലിൽ ശാന്തമായി കിടക്കുന്ന ഇവിടം ആത്മീയമായും ഏറെ പ്രസിദ്ധമാണ്. ശിവഗിരി മഠവും പാപനാശം ബീച്ചും ജനാർദ്ദന സ്വാമി ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ മറ്റ് കാഴ്ചകൾ. ആയുർവ്വേദ സമാജ് സെന്ററുകളും മികച്ച ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തു നിന്നും 51 കിലോമീറ്റർ അകലെയാണ് ബീച്ചുള്ളത്.
വിഴിഞ്ഞം ബീച്ച്
കോവളത്തു വന്നാൽ മറക്കാതെ പോയിരിക്കേണ്ട ബീച്ചാണ് വിഴിഞ്ഞം ബീച്ച്. കോവളത്തു നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വിഴിഞ്ഞം ഹാർബർ, ആഴിമല ശിവക്ഷേത്രം, ഗുഹാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകൾ.
പൂവാർ ബീച്ച്
തിരുവനന്തപുരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കിടക്കുന്ന ഒരു ദ്വീപാണ് പൂവാർ. വിഴിഞ്ഞത്തിനടുത്തു സ്ഥിതി ചെയ്യുന്ന പൂവാർപ്രകൃതി ഭംഗിയുടെ കാര്യത്തിൽ തിരുവനന്തപുരത്തെ മറ്റെല്ലാ ബീച്ചിനെയും കടത്തിവെട്ടും. ഒരുകാലത്ത് വലിയ വ്യാപാര കേന്ദ്രമായിരുന്നു പൂവാർ എന്നാണ് ചരിത്രം പറയു്നത്. ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒഫീർ തുറമുഖം പൂവാറായിരുനിനുവെന്നും ചരിത്രകാരന്മാർക്ക് അഭിപ്രായമുണ്ട്.
ചൊവ്വര ബീച്ച്
തിരുവനന്തപുരത്തെ വൃത്തിയുള്ള ബീച്ചുകളിൽ മറ്റൊന്നാണ് ചൊവ്വര ബീച്ച്. കോവളത്തു നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് തെങ്ങുകൾക്കിടയിലായാണുള്ളത്. തുടുംബവുമായാണ് ഇവിടെ ആളുകൾ കൂടുതലും എത്തുക. എന്നാൽ പുറമേ നിന്നുള്ളവർക്ക് അത്ര പരിചിതമല്ല ഇവിടം. മീൻ പിടിക്കാനായി ആളുകൾ കടലിലേക്കിറങ്ങുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം
ആഴിമല ബീച്ച്
ആഴിമല ക്ഷേത്രത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബീച്ചാണ് ആഴിമല ബീച്ച്. ആയുർവ്വേദ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പേരുകേട്ട ഇവിടം സൂര്യാസ്തമയ കാഴ്ചകൾക്കാണ് അറിയപ്പെടുന്നത്. ശിവന് സമർപ്പിച്ചിരിക്കുന്ന ആഴിമല ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആഴി എന്നാൽ കടൽ എന്നാണ് അർഥം.
നെല്ലിക്കുന്ന് ബീച്ച്
വിഴിഞ്ഞത്തിനും ചൊവ്വരയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ബീച്ചാണ് നെല്ലിക്കുന്ന് ബീച്ച്. സ്വകാര്യ റിസോർട്ടുകളാണ് ഇവിടെ അധികമുള്ളത്.