മഞ്ഞു പെയ്യുന്ന മൂന്നാർ!! മുന്നാറിൽ മഞ്ഞില്ല, തണുപ്പില്ല, എന്ന് പറയുന്നവർ ഒന്ന് കണ്ടു നോക്ക്

0
956

[ ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… ഈ വിവരണത്തിൽ വരാൻ പോകുന്ന തെറ്റുകൾക്ക് വേണ്ടി… സ്‌കൂളിൽ മലയാളം പരീക്ഷക്ക് വേണ്ടി അല്പം എഴുതിയതല്ലാതെ ഗ്രൂപ്പിലെല്ലാം എഴുതി വല്യ പരിചയമൊന്നുമില്ല അതുകൊണ്ടാണ്.. ]

ചർച്ചകൾക്കൊടുവിൽ അവസാനം ബൈക്ക് റെയ്ഡിന് ഒരു സ്ഥലം അങ്ങ് തീരുമാനിച്ചു.. “അൽ മൂന്നാർ”.. കുറച്ച് ദിവസമായി മൂന്നാറിനെ പറ്റി പല അഭിപ്രായങ്ങളും കേൾക്കുന്നു… ഒരു ഭാഗത്ത് നല്ല മഞ്ഞാണെന്നും, മറ്റൊരു ഭാഗത്ത് അവിടെ ഒരു ഉലക്കയുമില്ലെന്നും… എന്നാൽ പിന്നെ ഒന്നു പോയി നോക്കി സത്യാവസ്ഥ മനസ്സിലാക്കിയേച്ചും വരാം എന്ന് വിചാരിച്ച് ഇറങ്ങിയതാണ്.

9ന് രാത്രി ഇറങ്ങുന്നതുകൊണ്ട് പണിമുടക്ക് കഴിഞ്ഞ് പെട്രോൾ പമ്പ് തുറക്കുമോ എന്ന സംശയം ഉണ്ടായിരുന്നത് കൊണ്ട് 7ന് രാത്രി തന്നെ എന്റെ പൾസർ 150 യിലും ഹഫീലിന്റെ അളിയന്റെ ബുള്ളെറ്റിലും എണ്ണ അടിച്ചിട്ടു. 9ന് രാത്രി 12.30 ഞങ്ങൾ ഇറങ്ങി… ” പൊന്നാനി – ചാവക്കാട് – അങ്കമാലി – പെരുമ്പാവൂർ – സൂര്യനെല്ലി – മൂന്നാർ ” ആയിരുന്നു വഴി.. ഏകദേശം 200 KM ഉണ്ട്. നമ്മുടെ സഞ്ചാരി ഗ്രൂപ്പിൽ നിന്നും രാജ എന്ന് പേരുള്ള കൊളുക്കുമലയിലെ ഒരു ജീപ്പ് ഡ്രൈവറുടെ നമ്പർ കിട്ടിയിരുന്നു. അതിൽ വിളിച്ചപ്പോൾ രാവിലെ സൂര്യനെല്ലി എത്താൻ പറഞ്ഞതുകൊണ്ടാണ് നേരെ അങ്ങോട്ട് വെച്ചുപിടിച്ചത്.

ഏതാണ്ട് കോതമംഗലം കഴിഞ്ഞതോടെ ചെറുതായി തണുപ്പ് തുടങ്ങി.. ജീൻസും, ഗ്ലാവ്സും, സ്വെറ്ററും ഉണ്ടായിട്ടും തണുപ്പ് അടങ്ങുന്നില്ല.. പാന്റ്സിന്റെ ഉള്ളിലൂടെ എന്തോ കയറിയിറങ്ങിപ്പോകുന്നത് പോലെ.. പോകുന്ന വഴിയിൽ ഏതോ ഒരു ചർച്ച് കണ്ട് അജീഷ് ഉടനെ വണ്ടി നിർത്തി.. ആദ്യം എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് കാര്യം പിടികിട്ടി..

അവിടെ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരിയുടെ ചൂട് പിടിക്കാൻ പോയതാണ് അവൻ. കുറച്ച് നേരം അവിടെ ഇരുന്ന് വീണ്ടും യാത്ര തുടർന്നു. അതിനിടയിൽ പൊട്ടൻകാട് ഒന്ന് നിർത്തി ഒരു ചായ കുടിച്ച്‌ ചായക്കടക്കാരൻ ജോയ് ചേട്ടനോട് കുശലം പറയുന്നതിനിടയിൽ ഒരു അഭിപ്രായം കിട്ടി.. കൊളുക്കുമലയിലേക്ക് പോകണ്ട.. പ്രത്യേകിച്ച് ഒന്നുമില്ല അവിടെ.. 2000 Rs കൊടുക്കുന്നതിനുള്ളതൊന്നും അവിടെ ഇല്ല എന്നൊക്കെ… അത് കേട്ടപ്പോൾ ആകെ ഡെസ്പ് ആയി.. ആ വഴി മാറ്റിപിടിക്കാമെന്ന് വെച്ചു..

പിന്നീട് ചേട്ടൻ പറഞ്ഞതു പോലെ ഗ്യാപ് റോഡ് കയറി ബൈസണ് വാലിയിലേക്ക്… അങ്ങനെ പോയതുകൊണ്ട് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടായില്ല…. നല്ല കാഴ്ചകളും, തേയില തോട്ടങ്ങളും കരിമ്പിൻ കൃഷിയുമെല്ലാം കണ്ട് നേരെ അങ് മുന്നാറിലോട്ട് വെച്ചു പിടിച്ചു. പോകുന്ന വഴിയിൽ റോഡ് പണി നടക്കുന്നതിനാൽ നല്ല പൊടി ആയിരുന്നു. വഴിയിലെ ചില സ്ഥലങ്ങൾ ഹിമാലയൻ പാതകൾ പോലെ ആയിരുന്നു.. ( ഞാൻ പോയിട്ടില്ല, ഗ്രൂപ്പിൽ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ) ഹഫീലിന്റെ ഹിമാലയൻ പിക് രണ്ടെണ്ണം എടുത്തു കൊടുത്ത് അവിടുന്ന് വിട്ടു. അടുത്ത കടമ്പ റൂം എടുക്കുന്നതായിരുന്നു, തലേ ദിവസത്തെ നല്ല ഉറക്ക ക്ഷീണം എല്ലാവരിലും ഉണ്ടായിരുന്നു.

1 മണിക്കൂർ ഉറങ്ങിയാൽ അത് ശരിയാവും. മാട്ടുപ്പെട്ടിയിലേക്ക് തിരിയുന്നതിനടുത്ത് ചെട്ടിനാട് ചിക്കൻ ഹോട്ടലിനടുത്ത് റൂം ഉണ്ടായിരുന്നു. 4 പേർക്ക് താമസിക്കാൻ റേറ്റ് ചോദിച്ചപ്പോൾ 1300 പറഞ്ഞു. പിന്നീട് അത് കുറച്ച് കുറച്ച് 800ൽ എത്തിച്ചു.. ആ ക്രെഡിറ്റ് നമ്മുടെ ചങ്ക് ഹഫീലിന് തന്നെ. ഫുഡും അടിച്ച് ഒരു 2 മണിക്കൂർ ഒന്ന് റെസ്റ്റ് എടുത്തു.

എഴുന്നേറ്റ് ഫ്രഷ് ആയപ്പോഴേക്ക് ഫാസിലിനും ഹഫീലിനും സ്ഥിരം വായ്നോട്ടത്തിന്റെ സമയം ആയിരുന്നു. പിന്നെ, മൂന്നാർ ആണെന്നൊന്നും നോക്കീല… തൊട്ടടുത്തുള്ള എഞ്ചിനീറിങ് കോളേജ് പരിസരത്തേക്ക് വിട്ടു.. ഒരു പെണ്കുട്ടിയോട് ഇവിടെ തൊട്ടടുത്ത് ഏതാ നല്ല സ്ഥലം എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു POTHAMEDU VIEW POINT എന്ന്.. നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. കുറച്ച് ഫോട്ടോ ഷൂട്ടും കഴിഞ്ഞ് അവിടുന്ന് അസ്തമയം കാണാം എന്നു വെച്ച് നിൽക്കുവാർന്നു. അപ്പോഴാണ് ഒരു പുതിയ ഫ്രണ്ടിന്റെ കടന്നു വരവ്. അജേഷ് ബ്രോ….. മൂപ്പർക്ക് 39 വയസ്സായി എന്നിട്ട് ഇപ്പോഴും പെണ്ണുകെട്ടാത്തത് എന്താ എന്ന് ചോദിക്കുമ്പോ യാത്രകളാണ് എന്റെ വധു എന്ന പഴഞ്ചൻ ഡയലോഗുമടിച്ചു നടപ്പാണ് ആൾ..

പിറ്റേന്ന് പോവാൻ Top Station ഉം നല്ല ഭക്ഷണം കഴിക്കാൻ Surya Soma Restaurant ഉം മൂപ്പർ സജ്ജസ്റ്റ്‌ ചെയ്തു തന്നു. റൂമിൽ എത്തി കിടക്കാൻ നേരത്ത് മൂപ്പരെ ഒന്നൂടെ വിളിച്ച് ചേട്ടാ… ഒന്ന് നൈറ്റ് റൈഡിന് പോയാലോ എന്ന് ചോദിച്ചപ്പോ ചങ്ക് കൂടെ വന്നു. തട്ടുകടയിൽ നിന്നും ഫുഡും കഴിച്ച് റോഡ് സൈഡിൽ നിന്നും കുറച്ച് തീയും കാഞ്ഞു ഞങ്ങൾ പിരിഞ്ഞു… റൂമിൽ എത്തി അജീഷിനോട് കാലത്ത് 4.30ന് തന്നെ വിളിക്കാൻ പറഞ്ഞു കിടന്നു.

Day 2 : അജീഷ് ഏതാണ്ട് കൃത്യ സമയത്ത് തന്നെ വിളിച്ചു… പക്ഷെ ഞങ്ങൾ 3ഉം എഴുന്നേറ്റ് വരുമ്പോഴേക്ക് പിന്നെയും അര മണിക്കൂർ വൈകിയിരുന്നു.. ബൃഷും ചെയ്ത് പുറത്ത് വെച്ചിരുന്ന ബൈക്ക് എടുക്കാൻ വന്നപ്പോൾ തണുപ്പിന്റെ ഗതി ഏതാണ്ട് മനസ്സിലായി. ഞങ്ങളുടെ ബൈക്ക് ആകെ മഞ്ഞിൽ കുളിച്ച് കിടക്കുവായിരുന്നു. തൊട്ടടുത്ത് കിടന്നിരുന്ന കാറിന്റെ ഗ്ലാസ് ഒന്നും കാണാനില്ല.. ഒരുമാതിരി ഒലക്കേൽത്ത തണുപ്പ്… എന്തായാലും അവിടുന്ന് വിടാം എന്ന് കരുതി ബൈക്ക് എടുത്ത് ഒരു 5-km പോയപ്പോഴേക്കും കൈ ഒക്കെ വിറങ്ങലിച്ചു..

ഗ്ലവ്സ് ഇട്ടിട്ടൊന്നും വല്യ കാര്യല്ലാന്ന് അതോടെ മനസ്സിലായി. കഷ്ടകാലത്തിന് ലൈറ്ററും തീപ്പെട്ടിയും എടുക്കാൻ മറക്കുകയും ചെയ്തു.. അവസാനം വണ്ടീടെ എന്ജിനിലും സൈലൻസറിലും കൈ വെച്ച് ചൂടാക്കി… അവിടുന്ന് വീണ്ടും വണ്ടിയെടുത്ത് കുടച്ചുടെ പോകുമ്പോഴേക്ക് വീണ്ടും തണുപ്പ് കൂടി വിറങ്ങലിച്ചു പോയി… വഴിയിൽ ഒരു ടീം തീ കായുന്നത് കണ്ട് അവരോടൊപ്പം കൂടി. അപ്രതീക്ഷിതമായി ഞങ്ങളുടെ തൊട്ടു താഴെ നിന്നിരുന്ന ഒരു കാട്ടാനയെ കാണാൻ കഴിഞ്ഞു.

കുറെ സമയം തീയ്ക്ക് അടുത്ത് നിന്നിട്ടും തണുപ്പ് അടങ്ങുന്നില്ല. എന്നാലും കുറച്ച് നേരം അവിടെ നിന്നിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വഴിയിൽ മാട്ടുപ്പെട്ടി ഡാമിലേക്ക് നോക്കുമ്പോൾ ആരോ വെള്ളത്തിന് മുകളിൽ തീയിട്ടതു പോലെ കോട കെട്ടിക്കിടക്കുന്നു. മുന്നാറിൽ അതില്ല… ഇതില്ല.. എന്ന് പറയുന്നവർ കാറിൽ പോയി അവർക്ക് തോന്നിയ സ്ഥലത്ത് നിർത്തി പിക് എടുത്തവരോ… നട്ടുച്ചയ്ക്ക് പോയി നിന്നവരോ ഒക്കെ ആവാം എന്ന് ഞങ്ങൾക്ക് മനസ്സിലായി…. മതി വരുവോളം ആ ഭംഗി ആസ്വദിച്ച് ചിത്രങ്ങളും വീഡിയോയും പകർത്തി യാത്ര വീണ്ടും തുടർന്നു.. അതിനിടയിൽ മുന്നേ നീലക്കുറിഞ്ഞി പൂത്ത് നിന്നിരുന്ന ഒരു സ്ഥലം കാണാൻ കഴിഞ്ഞു..

ഒഴിഞ്ഞു കിടക്കുന്ന മൈതാനം.. അവിടെ ആകെ മഞ്ഞു മൂടി കിടക്കുന്നു.. വെയിൽ വന്നിട്ട് പോലും ഇലകളിലും മരങ്ങളിലും ആകെ മഞ്ഞിൻ കണങ്ങൾ നിറഞ്ഞു നിന്നിരുന്നു… TOP STATION എത്തുന്നതിനു മുൻപ് അതിന്റെ ഒരു നല്ല വ്യൂ കിട്ടിയതോണ്ട് അവിടെ നിർത്തി ചിത്രങ്ങൾ പകർത്തി.. അടുത്തുളള പെട്ടിക്കടയിൽ നിന്നും ചായയും കുടിച്ചു.. നല്ല അസ്സൽ ചായ .. അങ്ങനെ 30Km ഇനുള്ളിൽ ഏതാണ്ട് 8 സ്ഥലത്തോളം നിർത്തി ടോപ്പ് സ്റ്റേഷൻ എത്തി.. അവിടുന്ന് ഒരു കെട്ട് ഫ്രഷ് ക്യാരറ്റും വാങ്ങിച്ചു. ക്യാഷ് കൊടുത്ത് ഒന്നും കാണണ്ട എന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നത് കൊണ്ട് അങ്ങോട്ട് ഇറങ്ങാൻ ഒന്നും നിന്നില്ല…

ആ വാങ്ങിയ ക്യാരറ്റ് അവിടുന്ന് കഴിച്ച് തീർത്ത് വീണ്ടും റൂമിലോട്ട്.
അവിടുന്ന് കുളിച്ച് ഫ്രഷ് ആയി ഇരവികുളം – മറയൂർ – കാന്തല്ലൂർ – പൊള്ളാച്ചി – കൊല്ലങ്കോട് – കുന്നംകുളം – പൊന്നാനി വരാം എന്ന് വെച്ചു.. കുറച്ച് കിലോമീറ്റർ കൂടുതൽ ആണെങ്കിലും കാഴ്ചകൾ ഗംഭീരമാണെന്ന് അജീഷിനോട് അവന്റെ ഏതോ ഒരു ഫ്രണ്ട് പറഞ്ഞത്രേ… വരുന്ന വഴിയിൽ ആവശ്യത്തിലധികം ആനകളെയും, മാനുകളെയും, തേയിലത്തോട്ടങ്ങളെയും കണ്ട് അതിന്റെയൊക്കെ ചിത്രങ്ങളും പകർത്തി രാത്രി 1 മണിയോടെ വീട്ടിലെത്തി

വെറും 1000 രൂപക്ക് താഴെ ചിലവിൽ ബൈക്കിൽ സുഖമായി രണ്ട് ദിവസത്തെ യാത്ര
NB : മുന്നാറിൽ മഞ്ഞില്ല, തണുപ്പില്ല, എന്ന് പറയുന്നവരുടെ വാക്കുകൾ വിശ്വസിക്കാതിരിക്കുക.. തണുപ്പ് ആസ്വദിക്കണമെങ്കിൽ പുലർച്ചെ എഴുന്നേറ്റ് ബൈക്കിൽ ഒന്ന് മാട്ടുപ്പെട്ടി ഡാം, സീതക്കുളം, പെരിയാവാര പാലം, ഹെഡ്വർക്‌സ് ഡാം എന്നിവിടങ്ങളിലൊക്കെ ഒന്ന് കറങ്ങി വരിക.. എന്നിട്ട് പോസ്റ്റ് ചെയ്യുക.

കടപ്പാട് : Afseer Mohammed ( സഞ്ചാരി ഫേസ്ബുക് ഗ്രൂപ്പ് )

LEAVE A REPLY

Please enter your comment!
Please enter your name here