പുണെയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് ചരക്കുമായി എത്തിയ ലോറി ഏഴുകിലോമീറ്റര്‍ വഴിമാറി ഓടിയതിന് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പ് ചുമത്തിയ പിഴ 18,96,000 രൂപ. തമിഴ്‌നാട് ജി.എസ്.ടി. വകുപ്പിന്റെ നടപടി മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ പിഴ 5000 രൂപയായി.
തമിഴ്‌നാട് വിരുതുനഗറിലെ ഇരുചക്രവാഹന വ്യാപാരിയാണ് കോടതിയെ സമീപിച്ചത്. പുണെയില്‍നിന്ന് 40 ഇരുചക്ര വാഹനങ്ങളുമായി വിരുതുനഗറിലേക്ക് പുറപ്പെട്ട ലോറിയാണ് വഴിതെറ്റി ശിവകാശിയിലെത്തിയത്. അവിടെ പരിശോധനയിലുണ്ടായിരുന്ന ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ ലോറിയും ചരക്കും പിടികൂടി 18,96,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചു
ലോറിഡ്രൈവർ ചോദ്യംചെയ്യലിൽ സഹകരിച്ചില്ലെന്നും അതിനാലാണ് ലോറി പിടികൂടിയതെന്നുമായിരുന്നു ഉദ്യോഗസ്ഥർ കോടതിയിൽ ബോധിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് ഇംഗ്ലീഷും തമിഴും മാത്രമാണ് അറിയുന്നത്. ലോറിഡ്രൈവർ മഹാരാഷ്ട്രക്കാരനായ ബദരീനാഥ് ഭണ്ഡാരിക്കാകട്ടെ അറിയാവുന്നത് മറാഠിയും ഹിന്ദിയും മാത്രം. അതാണ് ചോദ്യംചെയ്യലിൽ മറുപടിപറയാൻ കഴിയാതിരുന്നതെന്ന് കോടതി കണ്ടെത്തി. വഴിമാറിപ്പോയതാണെന്നും ബില്ലോ മറ്റ് രേഖകളോ ഇല്ലാതെ എത്തിച്ചതല്ലെന്നും കോടതി കണ്ടെത്തി. നികുതി കൃത്യമായി ഒടുക്കിയിട്ടുണ്ടെന്നും നികുതി വെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന് 5000 രൂപ പിഴ ഈടാക്കി വസ്തുവും ലോറിയും വിട്ടുനൽകാൻ ഉത്തരവിടുകയായിരുന്നു. അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന് ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് കോടതി താക്കീതും നൽകി.