ബ്രിടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഡൈനാമിറ്റ് സ്ഫോടനം നടത്തിയത് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് തൃക്കളയൂർ ശിവക്ഷേത്രത്തിലായിരുന്നു. എന്റെ വീട് സ്ഥിതി ചെയ്യുന്ന കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് കുന്നിൻ മുകളിലാണ് #തൃക്കളയൂർ ശിവക്ഷേത്രം ഉള്ളത്. കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നും, ഒരുകാലത്ത് ഇവിടം ഒരു സുപ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു എന്നും ക്ഷേത്ര കവാടത്തിലെ ചെങ്കൽ ശില്പങ്ങളും ക്ഷേത്ര നടവഴിയുടെ നിർമ്മിതിയും കണ്ടാൽ മനസ്സിലാവും.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഡൈനാമിറ്റ് സ്ഫോടനം നടത്തിയത് ഇവിടെയാണ് എന്ന് വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിച്ചിട്ടുണ്ട്. 1884 ഡിസംബർ 28 ന് ആയിരുന്നു അത്.
മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തി പ്രദേശം, ചാലിയാർ പുഴയുടെ തീരത്താണ് കീഴുപറമ്പ്.1884 ഡിസംബർ ൽ മലപ്പുറത്ത് കണ്ണഞ്ചിരി രാമൻ എന്നയാൾ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിംകൾക്കിടയിൽ ചേർന്ന് ബ്രിട്ടീഷുകാർക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചപ്പോൾ കൊളക്കോടൻ കുട്ടിഹസ്സൻ എന്നയാളും സംഘവും രാമനെ തേടി മലപ്പുറത്തെത്തി.
രാമനെ പിടികിട്ടാത്ത സംഘം അനിയൻ ചോയിക്കുട്ടിയെ വധിക്കുകയും അവരുടെ വീടിന് തീ വെക്കുകയും ചെയ്തു. ഇതറിഞ്ഞ ബ്രിട്ടീഷ് സൈന്യം കുട്ടിഹസനെയും സംഘത്തെയും തിരയുന്നുണ്ടെന്നു മനസ്സിലാക്കിയ അവർ ചാലിയാർ പുഴ കടന്ന് കീഴുപറമ്പിലെ പുരാതന മുസ്ലിം പള്ളിയായ ചൂരാട് ജുമാ മസ്ജിദ് ൽ അഭയം തേടി. അവിടുന്ന് പിന്നീട് പഴംപറമ്പ് കുന്നിൻ മുകളിലെ തൃക്കളയൂർ ശിവക്ഷേത്രത്തിൽ അവിടുത്തെ ഹിന്ദുക്കൾ കുട്ടിഹസ്സനും സംഘത്തിനും അഭയം നൽകി . ചെങ്കൽ ശില്പങ്ങളുള്ള ചുറ്റുമതിലുകളുള്ള കുന്നിൻ മുകളിലെ ക്ഷേത്രം അവർക്ക് സുരക്ഷിതമായ ഒരു ഒളിത്താവളമായിരുന്നു.
എന്നാൽ കുട്ടിഹസ്സനും സംഘവും ക്ഷേത്രത്തിനുള്ളിൽ ഉണ്ടെന്ന വിവരം ലഭിച്ചു കോഴിക്കോട് നിന്നും പോലീസ് സൂപ്രണ്ട് മേജർ F. Holey യുടെ നേതൃത്വത്തിൽ വൻ പട്ടാള സംഘം 1884 ഡിസംബർ 28ന് തൃക്കളയൂർ ക്ഷേത്രം വളഞ്ഞു. കുട്ടിഹസ്സനും സംഘവും പൊലീസിന് നേരെ വെടിവെപ്പ് തുടർന്നു. എന്നാൽ പോലീസ് നു ക്ഷേത്രത്തിനകത്തു കടക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ കുർട്ടീസ് മദ്രാസിൽ നിന്നും കൊണ്ടുവന്ന ഡൈനാമിറ്റ് സ്ഫോടനം പരീക്ഷിക്കാൻ പട്ടാളം തീരുമാനിച്ചു. ഡൈനാമിറ്റ് മണ്ണിൽ പൊതിഞ്ഞു ക്ഷേത്ര ഭിത്തിയിൽ പതിപ്പിച്ചു തീ കൊളുത്തിയായിരുന്നു സ്ഫോടനം നടത്തിയിരുന്നത്.
അതോടെ ക്ഷേത്ര കവാടം തകർന്നു, അകത്തുകയറിയ പട്ടാളം കുട്ടിഹസ്സനെയും, അദ്ദേഹത്തിന്റെ സഹോദരി പാത്തുമ്മയെയും ഉൾപ്പെടെ കൂടെയുണ്ടായിരുന്ന എല്ലാവരെയും വധിച്ചു.ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ചാലിയാർ പുഴയിലൂടെ മൂന്നു തോണി നിറയെ മൃത ശരീരങ്ങളുമായാണ് ബ്രിട്ടീഷ് സൈന്യം കീഴുപറമ്പ് നിന്നും തിരിച്ചു പോയത്.
ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു വീടിനടുത്തുള്ള ഈ സ്ഥലം ഒന്ന് സന്ദർശിക്കണമെന്നു. അങ്ങനെ ഒരു ദിവസം ബൈക്കെടുത്തു ഇറങ്ങി. തൃക്കളയൂർ അങ്ങാടിയിൽ കൊളക്കാടൻ ആനയെ കെട്ടിയിടാറുള്ള ഒരു ആനക്കൂടുണ്ട് അതിനു മുന്പിലൂടെയാണ് ക്ഷേത്ര നടവഴി. നേരെ ചെല്ലുന്നത് വലിയ ഒരു ആല്മരച്ചുവട്ടിലേക്കാണ് തൊട്ടടുത്ത് വലിയൊരു ക്ഷേത്രക്കുളവുമുണ്ട്.
കുളത്തിലേക്കുള്ള ചെങ്കൽ പടവുകൾ കയറിയാണ് ക്ഷേത്രത്തിലേക്ക് നടന്നത്… ഒരു കിലോമീറ്ററോളം കുന്ന് കയറണം.ചെങ്കല്ലിൽ വെട്ടിയുണ്ടാക്കിയ ഈ വഴികളിലൂടെ നടക്കുമ്പോൾ മനസ്സിലാവും ഒരു കാലത്ത് ഇവിടെ ധാരാളം ആളുകൾ വന്നിരുന്നു എന്ന്. ക്ഷേത്ര മതിലിലെ കൊത്തുപണികൾ കണ്ടാലറിയാം നൂറുകണക്കിന് വർഷം പഴക്കമുള്ള നിർമ്മിതിയാണെന്ന്.ഈ ക്ഷേത്രത്തിന് മുവ്വായിരം വർഷം പഴക്കമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ഷേത്രത്തിനു ചുറ്റും അഞ്ചു ആൽമരങ്ങളുണ്ട്… നൂറുകണക്കിന് വർഷം പഴക്കമുള്ള ഒരു കള്ളിമുൾ ചെടിയുണ്ട് ,. ഒറ്റത്തടിയിൽ തീർത്ത പാർവതീ ദേവിയുടെ പൂർണ്ണകായ പ്രതിമയുണ്ട്..
എന്നൊക്ക അവിടെയുണ്ടായിരുന്ന വിശ്വാസികളിൽ നിന്നും ഞാൻ ചോദിച്ചു മനസ്സിലാക്കി.
കടപ്പാട് : Dr. Rabeebudheen