ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ പ്രകടനം കാഴ്ച്ചവെച്ച ടാറ്റ നെക്‌സോണിനെ നമ്മുക്കെല്ലാവര്‍ക്കും അറിയാം. സുരക്ഷയില്‍ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് ഇതിനോടകം പല സന്ദര്‍ഭങ്ങളിലായി ടാറ്റ കാറുകള്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഡെറാഡൂണില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോകും ടാറ്റയ്ക്ക് ‘സ്തുതി’. കടപുഴകിയ കൂറ്റന്‍ ബില്‍ബോര്‍ഡിനും നെക്‌സോണിന്റെ സുരക്ഷയെ തകര്‍ക്കാനായില്ല
അത്യാഹിതം സംഭവിച്ചിട്ടും പോറല്‍ പോലുമേല്‍ക്കാതെ എസ്‌യുവിയുടെ ഡോര്‍ത്തുറന്ന് ആളുകള്‍ ഇറങ്ങിയോടുന്ന രംഗത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് രാജ്യത്തെ വാഹന പ്രേമികള്‍. കനത്ത മഴയില്‍ നിന്നും അഭയംതേടി നെക്‌സോണില്‍ കയറിയ കുടുംബം അറിഞ്ഞിരുന്നില്ല, നിമിഷങ്ങള്‍ക്കകം നടക്കാനിരുന്ന വലിയ വിപത്തിനെ കുറിച്ച്. പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോള്‍ വാഹനത്തിന് തൊട്ടുസമീപത്തുണ്ടായിരുന്ന ബില്‍ബോര്‍ഡ് കൂറ്റന്‍ ഇരുമ്പു തൂണിനൊപ്പം കടപുഴകി.
നെക്‌സോണിന് നേരെ മുകളിലേക്കാണ് ഭീമന്‍ തൂണ്‍ നിലംപതിച്ചത്. അപകടത്തിന്റെ തീവ്രത സമീപത്തെ സിസിടിവി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വെളിപ്പെടുത്തും. വീഴ്ച്ചയില്‍ നെക്‌സോണിന്റെ മേല്‍ക്കൂര നാമാവശേഷമായെങ്കിലും ആഘാതം പ്രതിരോധിക്കാന്‍ ക്യാബിന്‍ ഘടനയ്ക്ക് സാധിച്ചു. ഇവിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ക്യാബിന്‍ ദൃഢത നിര്‍ണായകമായി.