ചാദർ- സ്വർഗം അതിങ്ങു ഭൂമിയിലും ഉണ്ട് ഹേ

0
483

ഗുഡ് മോർണിംഗ് സാബ്, ചായ്‌ റെഡി ഹേ എന്നുള്ള വിളി കേട്ടാണ് കണ്ണ് തുറന്നത്..2 ലയർ സ്ലീപ്പിങ് ബാഗിനോടും 3 ലയർ ജാക്കറ്റുകളോടും നല്ലൊരു മൽപിടുത്തം നടത്തി തല പുറത്തേക്കിട്ടു ചുറ്റുമൊന്നു നോക്കി .. കുട്ടേട്ടനും ലുട്ടാപ്പിയും നല്ല ഉറക്കത്തിലാണ്. ടെന്റിനുള്ളിലായിട്ടുപോലും അതി ശൈത്യം മൂലം രണ്ടു പേരുടെയും താടിയിലും മുടിയിലും പറ്റിപ്പിടിച്ച മഞ്ഞിനെ പറ്റി അവർ അറിയുന്നു കൂടി ഉണ്ടായിരുന്നില്ല .. നടുക്ക് കിടന്നതിനാൽ ഇതോന്നും എന്നെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നില്ല

സമയം നോക്കാൻ തപ്പി പിടിച്ചു മൊബൈൽ എടുത്തപ്പോൾ ഇതിനേക്കാളും ഭേദം ഐസ് കട്ട ആണെന്ന് തോന്നിപ്പോയി, 6 30 കഴിഞ്ഞിരിക്കുന്നു. വിളിയുടെ ശക്തി കൂടി വന്നതിനാൽ അധികം ആലോചിക്കാതെ 2 ലയർ ടെന്റിന്റെ സിപുകൾ തുറന്നു.. സ്മാൻലാ അണ്ണൻ തന്നെ .( സാമി അണ്ണൻ എന്ന് ചുരുക്കാം, പല്ലുപോലും തേക്കാൻ പറ്റാത്ത ഈ കൊടും തണുപ്പത്തു നാവു വടിച്ചാൽ മാത്രം നേരാം വണ്ണം പറയാൻ പറ്റുന്ന പേരുകാർ മാത്രം ചുറ്റും ഉണ്ടാകുന്നതു എന്തൊരു ദ്രാവിഡാണ്).

പേരിന്റെ കനം ഒന്നും സ്വഭാവത്തിൽ തീരെ ഇല്ലാത്ത മൂപ്പർ നല്ലൊരു ചിരി ചിരിച്ചുകൊണ്ട് ചായക്കപ്പുകൾ നീട്ടി . ഉറങ്ങികിടക്കുന്നവർക്കടക്കം 3 കപ്പിൽ ചായയും മേടിച്ചു ഞാൻ അടുത്ത ടെന്റിലേക് പോകുന്ന മൂപ്പരേയും നോക്കി ഇരുന്നു ..മൂപ്പരുടേത് ഒരു അസാധ്യ ചിരി ആണ്, മൈനസ് 20 ഡിഗ്രി തണുപ്പിലും എത്ര കട്ടിയുള്ള ഐസിനെയും നിമിഷ നേരം കൊണ്ട് അലിയിച്ചു കളയാൻ മാത്രം കരുത്തുള്ള സാധനം .മൂപ്പരുടേത് മാത്രമല്ല ഈ യാത്രയിൽ കൂടെ ഉള്ള പ്രദേശവാസികൾ ആയ എല്ലാരും ഏകദേശം ഇങ്ങനൊക്കെ തന്നെയാണ് . എന്തിനേറെ, മല നിരകളിൽ മുൻപ് കണ്ട പലരും ഇങ്ങനെ തന്നെ ആയിരുന്നു .

ഈ ലോകത്തു ഇത് വരേക്കും കണ്ട ഏറ്റവും നല്ല ചിരികൾ പഹാഡികളുടേതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദുഷ്കരമായ കാലാവസ്ഥയിലും എല്ലു കോച്ചുന്ന തണുപ്പിലും ഒരു നറു പുഞ്ചിരിയോടെ അവരെ നിങ്ങള്ക് പലയിടത്തും കാണാം . കുക്ക് സാമി അണ്ണനും കിലോക്കണക്കിന് ഭാരം താങ്ങി അന്നത്തിന് വക നേടുന്ന പോട്ടർമാർക്കും, മുൻപ് സർപാസ് ട്രെക്കിങ്ങിനിടെ ഗ്രഹാനിലും ഭണ്ഡാക് താച്ചിലും കണ്ട ഗ്രാമവാസികൾക്കും, എല്ലാ വെല്ലുവിളികളെയും നേരിട്ട് , തോല്പിച്ചു ജീവിതം മുന്നോട്ടു നീക്കുന്ന, തോൽക്കാൻ മനസിലാത്തവരുടെ ഇമ്പമുള്ള ഇതേ പുഞ്ചിരിയാണ്. യാതൊരു പരാതിയും പരിഭവവും ഇല്ലാതെ തങ്ങളുടെ കാഠിന്യമേറിയ ജീവിത സാഹചര്യങ്ങളെ പുഞ്ചിരിയോടെ മാത്രം വിവരിക്കുന്ന അവർ ഓരോ മനുഷ്യനും പാഠമാണ്.

തലേന്ന് രാത്രി മഞ്ഞു വീണതുകൊണ്ട് ചുറ്റുമുള്ള എല്ലാ കാഴ്ചകളും വെള്ള പുതചിട്ടുണ്ട്. തണുതുറഞ്ഞ സനസ്കാർ നദയിലേക്ക് കാലെടുത്തു വച്ചിട്ടു ഇന്നേക്ക് ഇത് രണ്ടാം ദിനം. ക്യു ഇല്ലാതെ പ്രഭാത കർമങ്ങൾ സാധിക്കണമെങ്കിൽ പെട്ടെന്ന് പോയെ പറ്റു എന്നുള്ള തിരിച്ചറിവിൽ ചിന്തകളിൽ നിന്നും ഉണർന്നു കുട്ടേട്ടനെ കുലുക്കി വിളിച്ചു . ബേബി വെപ്പ്, ടോയ്ലറ്റ് പേപ്പർ എടുത്ത് വെറും ടോയ്ലറ്റ് പേപ്പർ കൊണ്ട് മാത്രം കാര്യം സാധിക്കുന്ന സായിപ്പന്മാരേ മനസ്സിൽ ധ്യാനിച്ചു ടോയ്ലറ്റ് ടെന്റിലേക്കു നടന്നു. നിലത്തൊരു കുഞ്ഞു കുഴിയും തോണ്ടി അതിന്മേൽ വയസായവർ ഉപയോഗിക്കുന്ന പോലത്തെ ഒരു സ്പെഷ്യൽ സ്റ്റൂൾ വച്ച് ഒരു ടെന്റ് കൊണ്ട് മറക്കിയ സെറ്റപ്പ് ആണ് ക്യാമ്പ് ടോയ്ലറ്റ് .

എങ്ങനെ എങ്കിലും കാര്യം കഴിഞ്ഞു പുറത്തേക്കോടിയാൽ മാത്രം എന്നുള്ള ചിന്ത മാത്രമേ വരൂ എന്നുളതുകൊണ്ടു എപ്പോഴും എല്ലാം വളരെ പെട്ടെന്നായിരുന്നു .നേരം വെളുത്തുവെങ്കിലും സുര്യനെ മാത്രം കാണാൻ പറ്റിയില്ല, മേഘങ്ങളുടെ പിറകിൽ ഒളിച്ചു കളിക്കുന്ന മൂപ്പർ ചാദർ ട്രെക്കിലെ ഏതൊരാളേയും പരിഭ്രമിപ്പിക്കുന്ന പരിപാടിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. മൂടിക്കെട്ടിയ ഈ കാലാവസ്ഥ മഞ്ഞുരുകാനും ഐസ് പാളികളുടെ ഖനം കുറയാനും കാരണമാകുന്നതിനാൽ മറ്റു ട്രെക്കുകളിൽ നിന്ന് വിഭിന്നമായി എല്ലാരും മൂപ്പരെ പുറതെത്തിക്കാനുള്ള പ്രാർത്ഥനയിലായിരിക്കും..

ലക്ഷ്യസ്ഥാനത് എത്താൻ കഴിയുമോ എന്നുള്ള വിഷമം മാത്രം ഉള്ള ഞങ്ങളുടെ മുഖങ്ങളെക്കാളും ഭാരം, ഗൗരവം തളം കെട്ടികിടന്ന ഗൈഡ് വാങ്ടോക് അണ്ണനായിരുന്നു . അപകടം വിതയ്ക്കുന്ന, കെണികൾ ഒരുക്കി വച്ച് കാത്തിരിക്കുന്ന നദിയെ മനസിലാക്കി ലക്ഷ്യസ്ഥാനത്ത് അപകടം കൂടാതെ ഞങ്ങളെ എത്തിക്കുക എന്നുള്ളത് മൂപ്പരുടെ പണി ആണല്ലോ..പോർട്ടർമാരൊക്കെ നിസ്സംഗഭാവത്തിൽ പാക്കിങ് തുടങ്ങിയിരുന്നു , സ്ലെഡ്ജിൽ കെട്ടി വലിക്കുന്നതിനു പകരം ഇതേ സ്ലെഡ്ജുകൾ അവര്ക് ചുമക്കേണ്ടി വന്നേക്കാം , ചില സ്ഥലങ്ങളിൽ നദിയിൽ നിന്നും മാറി വശങ്ങളിലുള്ള പാറകെട്ടുകളിലൂടെ ഉള്ള നടത്തം ട്രെക്കേഴ്സിന് തന്നെ ഒരു തലവേദനയാണ്, പൊടി മഞ്ഞു മൂടി കിടക്കുന്ന പാറകളിൽ ഗം ബൂട്ട് വഴുതാനും സാധ്യത കൂടുതലാണ്, ഇതുപോലുള്ള

പോയിന്റുകൾ പോർട്ടര്മാരുടെ ജോലി വളരെ ദുഷ്കരമാക്കുന്നു … മനുഷ്യൻ തന്റെ സർവ അഹങ്കാരങ്ങളും ഇറക്കി വെച്ച് പ്രകൃതിയോട് പ്രാർത്ഥിക്കുന്ന ചില നിമിഷങ്ങൾ തിരിച്ചറിവുകളാണ് , എന്തൊക്കെ ഏതൊക്കെ രീതിയിൽ കെട്ടിപൊക്കിയാലും പുരോഗമിച്ചാലും പ്രകൃതിദേവിക്ക് മുകളിൽ ഒന്നുമില്ല എന്നും നമ്മൾ ഒന്നുമല്ല എന്നുള്ള സത്യം.മൗത് വാഷും എടുത്ത് പല്ലു വൃത്തിയാക്കി എന്ന് സ്വയം പറഞ്ഞു പരിസരഭംഗി ആസ്വദിക്കുമ്പോൾ മറ്റുള്ള ഗ്രൂപ്പുകളിൽ നിന്നും മാറി മാത്രം എപ്പോളും ഞങ്ങളുടെ ടെന്റ് സെറ്റ് ചെയുന്ന വാങ്ടോക് അണ്ണനോട് നല്ല മതിപ്പു തോന്നി , പ്രൈവസി സേഫ്ടി ഇതിനൊക്കെ എല്ലാരും ക്യാമ്പ് ചെയ്യുന്ന ഷിംഗ്ര കോമ നിന്നും ഒരു മണിക്കൂർ നടന്നാൽ മാത്രം എത്തുന്ന ‘ചോമോ’ വന്ന ഈ തീരുമാനം നല്ലതാണ് .

മെഡിക്കൽ റെസ്ക്യൂ ടീം ക്യാമ്പ് ചെയുന്ന മറ്റോരു ലൊക്കേഷൻ ആണ് ചോമോ. ഞങ്ങളുടേത് അടക്കം 5 ക്യാമ്പിംഗ് ടീമുകളുടെ ടെന്റ് ആണ് ഉണ്ടായിരുന്നത് ..മൂപ്പർ ഈ വരവോടെ ചാദറിൽ 15 വര്ഷം പൂർത്തിയാക്കുകയാണ് ..ലേഹ് സനസ്‌ക്കാർ ഹൈവേ ഒക്കെ പണി തുടങ്ങുന്നതിനു മുൻപ് ചില്ലിങ് എന്ന് പറഞ്ഞ സ്ഥലത് നിന്നുമായിരുന്നു ട്രെക്ക് തുടങ്ങിയത് .ചില്ലിങ് മുതൽ പാടുങ് വരെയുള്ള ട്രെക്ക് 18 ദിവസം നീണ്ട ഒരു സാഹസികത തന്നെ ആയിരുന്നു .

ഇന്നിപ്പോൾ അത് 6 ദിവസം ആയിരിക്കുന്നു. ബക്കുള നിന്നും തുടങ്ങി പാടുങ് വരെ പോകാതെ നേരക് വെള്ളച്ചാട്ടം വരെ പോകുന്നതാണ് നിലവിലുള്ള രീതി, രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞാൽ ഷിംഗ്ര കോമ വരെയോ അല്ലെങ്കിൽ ചോമോ വരെയോ റോഡ് എത്തിയേക്കാം . റോഡ് എന്നുള്ളത് ഗ്രാമവാസികളുടെ സ്വപ്നവും ട്രെക്കേഴ്സിന്റെ സ്വാർത്ഥത നിറഞ്ഞ കണ്ണുകളിൽ ഒരു നഷ്ടവുമാണ് . റോഡ് വരുന്നതുകൂടെ ട്രെക്കിങ്ങ് ണ്ടെ മനോഹാരിത നഷ്ടമായേക്കാം, ദിവസങ്ങൾ നടന്നു നേരക് ഫാൾ എത്തുന്ന നിങ്ങളെ നോക്കി വണ്ടിയിൽ കയറി ഒരു ദിവസം കൊണ്ടെത്തിയവർ ചിരിച്ചേക്കാം , ശാന്ത സുന്ദരമായിരുന്ന ട്രെയിൽ ഇപ്പോൾ തന്നെ ആൾക്കാരുടെ ആധിക്യം കൊണ്ട് പലയിടങ്ങളിലും ബഹളമയമാണ് ..

ഭാഗ്യം കൊണ്ട് ഞങ്ങളുടെ ജനുവരി 17 ബാച്ച് 4 ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ 21 ആം തീയതി പുറപ്പെടാൻ 28 ബാച്ചുകൾ ഉണ്ടെന്നു എട്ടോഷ (ഓപ്പറേറ്റർ ) പറഞ്ഞറിഞ്ഞു ..കാലിനടിയിൽ അമർന്നു ചിതറുന്ന ഐസ് പാളികളുടെ ശബ്ദത്തിന്റെ ലഹരി അനുഭവികണമെങ്കിൽ അധികം തിരക്കില്ലാത്ത യാത്ര ആയിരിക്കും നല്ലത്. ഇതുകൊണ്ടൊക്കെ തന്നെ നിങ്ങൾ ചാദർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ എത്രയും പെട്ടെന്നു ചെയ്യാൻ ശ്രമയ്ക്കണം , എല്ല വർഷവും ജാൻ 10 മുതൽ ഫെബ് 10 വരെ ആണ് നോർമൽ സീസൺ ടൈം …

ഫുഡ് ടെന്റിൽ ജിഗ്ഗ ഭായ് ആൻഡ് കൃഷ്ണ ഭായ് ഗുജറാത്തിയിൽ പൊരിഞ്ഞ ചർച്ചയിലാണ് , ഇവരെ കൂടാതെ സർപാസ് ട്രെക്കിങ് സമയത്തു പരിജയ്യപ്പെട്ട പൂനാ വാല ശൈലേഷ് , ബാംഗ്ലൂർ നിന്നുള്ള 5 അംഗ സംഘം പിന്നെ ഞങ്ങൾ 3 മലയാളികൾ ഇത്രയാണ് ഞങ്ങളുടെ 11 പേരടങ്ങുന്ന ബാച്ച് . 2 ഗൈഡ് , 3 കുക്ക് 6 പോട്ടർ മാർ അംങ്ങനെ 11 പേരടങ്ങുന്ന സ്റ്റാഫ് അടക്കം ഞങ്ങളുടെ ടീം 22 പേരാണ്…
ഞാനും കൂടെ ചേർന്നതോടെ ചർച്ച ഹിന്ദിയിലായി, കൂട്ടത്തിൽ മടിയന്മാരായ ബാംഗ്ലൂർ ഗ്യാങ് കൂടെ എത്തിയതോടെ ബ്രെയ്ക് ഫാസ്റ്റ് തുടങ്ങി.. ഓട്സ് , ബ്രഡ് ഓംലെറ് ഒക്കെ ആണ് പ്രധാന ഭക്ഷണം..പതിവ് പോലെ എല്ലാവരും ഫ്ലാസ്കിൽ ചൂട് വെള്ളം നിറച്ചു ടെന്റുകളിലേക് മടങ്ങി, ഇനി വൈകുന്നേരം വരെ ഇതാണ് കുടിക്കുന്ന വെള്ളതിനുള്ള ഒരേ ഒരു ആശ്രയം .

ഐസ് പല സ്ഥലങ്ങളിലും ഉരുകിയത്തിന്റെ ബാക്കി പതിപ്പായി വെള്ളത്തിന്റെ ഒഴുക്കിന് ശക്തി ആർജിച്ചിട്ടുണ്ട്, വാക്കിങ് ക്രാമ്പോൺസ് ധരിച്ചു എല്ലാവരും ട്രെക്ക് തുടങ്ങാൻ റെഡി ആയി . ഇന്ന് ഞങ്ങളുടെ ലക്ഷ്യം അടുത്ത ക്യാമ്പ് ആയ ടിബ് കൈവ് ആണ്, അതി സാഹസത്തിനു മുതിരാതെ എല്ലാവരും ഗൈഡിന് പുറകെ നിരയായി നടന്നു തുടങ്ങി , സാമാന്യം നല്ല വേഗത്തിൽ നടക്കുന്ന ഞങ്ങൾ 5 പേർ വാങ്‌ടോക്‌നോടൊപ്പവും ബാക്കിയുള്ളവർ അസിസ്റ്റന്റ് ഗൈഡ് അവി യുടെ ഒപ്പവും കൂടി. 5 പേർക് മിനിമം ഒരു ഗൈഡ് എങ്കിലും വേണം എന്ന് കേട്ടതിലെ കാര്യം ഇപ്പോളാണ് മനസിലായത്, പല വേഗത്തിൽ നടക്കുന്ന മെംബേർസ് ഉണ്ടാകുന്നതുകൊണ്ടു തന്നെ വലിയ ബാച്ചുകളിൽ (15-20) ആവശ്യമായ ഗൈഡ് ട്രെക്കർ അനുപാതം ഇല്ലാത്തതിനാൽ പലരും ഗൈഡ് ഇല്ലാതെ ഒരുപാടു ദൂരം നടക്കേണ്ടി വരുന്ന അപകടകരമായ പ്രവണത ചിലപ്പോഴൊക്കെ കണ്ടു …

അവി- അവിനായി യെ ഹിന്ദികാരൻ ധർമജൻ എന്ന് വേണമെങ്കിൽ വിളിക്കാം, നല്ല ഒന്നാംതരം എന്റർറ്റായിനർ ആണ് പുള്ളിക്കാരൻ. മലയാളിയികളാണ് എന്ന് കേട്ടപാടെ തന്നെ മൂപ്പർ ജീപ്പ് നെ കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. സെക്കന്റ് ഹാൻഡ് ജീപ്പ് കേരളത്തിൽ നിന്നും വാങ്ങി മോഡിഫയ്‌ ചെയ്തു സിക്കിമിൽ ഷൈൻ ചെയ്യണം എന്ന ആഗ്രഹം പറഞ്ഞു . ഹിമാലയൻ മൗന്റണീറിങ് ഇന്സ്ടിട്യൂട്ടിൽ നിന്നും ബേസിക് മൗണ്ടനീറിങ് , റെസ്ക്യൂ കോഴ്‌സുകൾ ചെയ്‌തിട്ടുള്ള മൂപ്പർ ഗൈഡ് ആയി ജോലി നോക്കുകയാണ്.. ഈ മുതലാളി, പോസ്റ്റ് ഗ്രാജ്ജുവേറ്റ് ആണെന്നും സ്വന്തമായി റിസോർട് ഒക്കെ ഉള്ള ആളാണെന്നുള്ള വിവരം പിന്നീടറിയാൻ പറ്റിയത് ഒരു സർപ്രൈസ് ആയിരുന്നു..

പല സൗകര്യങ്ങൾ സ്വന്തമായി ഉണ്ടെങ്കിലും, പർവതങ്ങൾ ഒരു ലഹരിയായി കൊണ്ട് നടക്കുന്നവർക്ക് അതിലൊന്നിലും ഉറച്ചു നിൽക്കാനും ആസ്വദിക്കാനും കഴിയില്ല എന്ന് പറഞ്ഞുകേട്ടത്ഊ ട്ടിയുറപ്പിക്കുന്നതായിരുന്നു അവിയോടൊപ്പം ചെലവിട്ട ഓരോ നിമിഷങ്ങളും . കാഠിന്യം കുറഞ്ഞിരുന്നുവെങ്കിലും മഞ്ഞു വീഴ്ച തുടർന്നുകൊണ്ടേ ഇരുന്നു, മറ്റേതൊരു ട്രെക്കിലും മഞ്ഞുപെയ്യണെ എന്ന് പ്രാർത്ഥിക്കുന്ന ഒരാളും ചാദറിൽ അത് ആഗ്രഹിക്കുന്നുണ്ടാവില്ല, മനം മയക്കുന്ന കാഴ്ചയാണെങ്കിൽ പോലും അത് ലക്ഷ്യസ്ഥാനതെത്താനുള്ള നിങ്ങളുടെ സാധ്യത കുറച്ചുകൊണ്ടേ ഇരിക്കും..

എതിരെ നിന്നും വരുന്ന പോർട്ടര്മാരോട് ജിഗ്ഗ ഭായ് ഹലോ എന്ന് അർത്ഥമുള്ള ലഡാകി വാക്കായ ‘ജുലൈ’ പറഞ്ഞു കൈവീശി..വാങ്‌ടോക് പോർട്ടറോട് സംസാരിക്കുന്നതും മുഖത്തെ ഭാവം മാറുന്നതും കണ്ടപ്പോഴേ സംഭവം ഡാർക്ക് ആണെന്ന് ഊഹിച്ചു ..പ്രതീക്ഷയുടെ അവസാന കണികയും നദിയിലൊഴുക്കി നിരാശയോടെ നടക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞങ്ങൾ എന്താണ് സംഭവം എന്ന് ചോദിക്കാതെ മുന്നോട്ടു നടന്നു. ചാദറിനടിയിലൂടെയും, മഞ്ഞുരുകിയ സ്ഥലങ്ങളിൽ മറയില്ലാതെയും സംസ്കാർ രൗദ്ര ഭാവത്തിൽ ഒഴുകിക്കൊണ്ടേയിരുന്നു..
തുടരും

Arjun Babu Karuvath

കടപ്പാട്- 2018 സർപാസ് ബാച്ചിനോട്, എഴുതാൻ ഉള്ള പ്രേരണ തന്നുകൊണ്ടേയിരുന്ന ആ whatsapp ഗ്രൂപ്പിലെ പ്രിയപ്പെട്ടവർക്…
യാത്രവിവരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിചു തിരുത്തുന്ന സഞ്ചരിയിലെ സുഹൃതുകൾക്…

ചിത്രങ്ങൾ : പ്രിയപ്പെട്ട കുട്ടേട്ടൻ Sabin Sukumar, Lithin Vetinmel
chadar, chader

LEAVE A REPLY

Please enter your comment!
Please enter your name here