അഞ്ചു വര്‍ഷമായി ഇവന്‍ നമ്മുടെ റോഡുകളില്‍ നിത്യസാന്നിധ്യമായിരുന്നു. സൗന്ദര്യംകൊണ്ടും കരുത്തുകൊണ്ടും പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനവുമായി മാറി. പറഞ്ഞുവരുന്നത് മാരുതി സുസുക്കിയുടെ ബലേനോയെക്കുറിച്ചാണ്. നിരത്തിലെത്തി ഒന്നര വര്‍ഷത്തിനുള്ളിലാണ് ഇന്ത്യക്കാരുടെ മനംകവര്‍ന്ന കാറായി മാറാന്‍ ബലേനോയ്ക്ക് കഴിഞ്ഞത്. അഞ്ചുലക്ഷമെന്ന മാന്ത്രിക അക്കം കടക്കാനും ഈ പ്രീമിയം ഹാച്ച്ബാക്കിന് കഴിഞ്ഞു.
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിപണിയിലെത്തുന്നത്. നാലുവര്‍ഷത്തിനിടെ ബലേനോയില്‍ ആദ്യമായാണ് കമ്പനി കൈവെക്കുന്നത്. പുതിയ ബലേനോയിലെ മാറ്റങ്ങളറിയാന്‍ ഒരു ടെസ്റ്റ്ഡ്രൈവ് സംഘടിപ്പിച്ചു. നെഞ്ചിനുള്ളില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുറംമോടിയിലും അകത്തും ഒന്നുകൂടെ ഫ്രഷായിട്ടുണ്ട് ആശാന്‍.
മാരുതിയുടെ ഡിസൈന്‍ പരിവേഷം മാറ്റിയ ആദ്യകാറായിരുന്നു ബലേനോ. കാറെന്ന സൗന്ദര്യസങ്കല്‍പ്പത്തിന് ചിറകുമുളച്ചത് ഈ പ്രീമിയം ഹാച്ച്ബാക്കിലൂടെയായിരുന്നു. അതുകൊണ്ടു തന്നെ മൊത്തം ശരീരഭംഗിയില്‍ കൈകടത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഒഴുകിയിറങ്ങുന്ന രൂപം അതേപടി നിലനിര്‍ത്തി. മുന്നിലെ ഗ്രില്ല് ത്രിമാന രൂപം നല്‍കുന്നതായി മാറി. അതേസമയം മുന്‍ഭാഗത്ത് കൂടുതല്‍ ഭംഗി പകരുന്ന ഗ്രില്ലിന്
വശത്തുകൂടെ ഒഴുകിപ്പോകുന്ന ക്രോം ലൈനിങ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. എല്‍.ഇ.ഡി. ഡി.ആര്‍. എല്ലുകളുമായി എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ സ്ഥാനം പിടിച്ചു. പ്രെസിഷന്‍ കട്ട് ടു ടോണ്‍ അലോയ്‌വീലുകളായി മാറി. സ്പോക്കിലെ വളവുകളാണ് ഇതിന്റെ പ്രത്യേകത. വാഹനത്തിന് കൂടുതല്‍ എടുപ്പ് നല്‍കാന്‍ ഈ അലോയ്‌വീലുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.