ഈ ചൂടിൽ നിന്നൊരു രക്ഷ തേടണം. ഇത്തിരി തണുപ്പ് വേണം. അതിലൂടെ അങ്ങനെ നടക്കണം. ഈയൊരു ചിന്ത ഒരാഴ്ചയായി തുടങ്ങിയിട്ട്. കാരണം വേറൊന്നുമല്ല, മുൻപത്തെ ആഴ്ചയിൽ കുളിര് തേടി വാൽപ്പാറ പോവാൻ വാഴച്ചാൽ വരെ എത്തിയതാണ്.
പ്രളയാനന്തരം അതിരപ്പിള്ളിയിൽ നിന്ന് വാൽപ്പാറയിലേക്ക് ബൈക്ക് കടത്തി വിടുന്നില്ലത്രേ. അതിനാൽ തന്നെ ഇത്തവണ ഇനി അങ്ങോട്ടേക്കില്ല. പകരം നറുക്ക് വീണത് വയനാടിന് ആണ്. എന്നും എപ്പോഴും എന്റെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ് വയനാട്.
മറ്റൊന്ന് ഗോപാൽസ്വാമി ബെട്ടയും. അതിനാൽ തന്നെ രാവിലെ കുറുമ്പാലക്കോട്ടായിലെ ഉദയം കണ്ട ശേഷം ഗുണ്ടൽ പെട്ട വഴി ഗോപാൽസ്വാമി ബെട്ടവഴി മസിനഗുഡി ചുരം കയറി ഗൂഡല്ലൂർവഴി തിരിച്ചുപോരാൻ ആയിരുന്നു പ്ലാൻ.
അങ്ങനെയാണ് തലേന്ന് വൈകുന്നേരം 7മണിക്ക് എറണാകുളത്ത് നിന്ന് ഞാനും സുഹൃത്തും വയനാട് ലക്ഷ്യമാക്കി പുറപ്പെട്ടത്12 മണിയോടെ കുറ്റിപ്പുറം പാലത്തിൽ നിന്നും ബാക്കി സുഹൃത്തുക്കളും ഒത്തു ചേർന്നു. ഇനി നേരെ ചുരം ലക്ഷ്യമാക്കി ബൈക്കോടിക്കണം.
അടിവാരത്ത് നിന്ന് ഓരോ കട്ടൻചായയും കുടിച്ചു ഞങ്ങൾ താമരശ്ശേരിചുരം കയറി. മുകളിൽ നല്ല തണുപ്പുണ്ട്. ആ തണുപ്പിൽ എല്ലാം മറന്നങ്ങനെ നിന്നു ഒരുപാട് നേരം. സമയം നാല് മണി ആയിരിക്കുന്നു. സമയം ഒട്ടും വൈകിച്ചൂടാ.
കുറുമ്പാലക്കോട്ടായിലെ ഉദയം മാത്രമേ ലക്ഷ്യമുള്ളു. വൈത്തിരി എത്തിയപ്പോഴേക്കും തണുപ്പ്അ സഹ്യമായിരിക്കുന്നു. എങ്ങനെയോ ബൈക്ക് കൽപ്പറ്റ എത്തിച്ചു. ഇത്തിരി നേരം ഇറങ്ങി, ശരീരംചൂട് പിടിപ്പിച്ചു. തണുപ്പ് എന്നിട്ടും കുറയുന്നില്ല. അഞ്ചരയോടെ തണുപ്പിലൂടെ കുറുമ്പാലകോട്ട മലയുടെ അടിയിൽ എത്തി. ഇവിടെ ആകെ മാറിയിരിക്കുന്നു.
ഇതിന് മുൻപ് മൂന്ന് തവണ വന്നതാണ്. അന്നൊന്നും ഇല്ലാത്ത മാറ്റം ഇത്തവണ കൈവന്നിരിക്കുന്നു. നിറയെ പാർക്കിങ് facility വന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ പാർക്കിങിനായി തുറന്നു വച്ചതാണ്. അതിനായി ഓരോ വാഹനമുടമകളുടെയും കയ്യിൽ നിന്ന് 20 രൂപ അവർ വാങ്ങുന്നുണ്ട്. മുകളിലേക്ക് കയറാൻ ആരംഭിച്ചു.
.മുൻപത്തെ പോലെ കയറാൻ സാധിക്കുന്നില്ല. കിതപ്പ് അനുഭവപ്പെടുന്നുണ്ട്. തടി നല്ലോണം കൂടിയിട്ടുണ്ട്. എങ്ങനെയോ ഉരുണ്ടുരുണ്ടു മുകളിലെത്തി. സൂര്യൻ ഉദിക്കാറായി. ചക്രവാളത്തിൽ വെളിച്ചം വിതറിത്തുടങ്ങിയിരിക്കുന്നു. ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു.
ഒപ്പം തന്നെ മാലിന്യങ്ങളും. ചായയും, കാപ്പിയും വിൽക്കാൻ വരെ ആളുകൾ ഉണ്ട് മുകളിൽ. സൂര്യൻ ഉദിച്ചു കൊണ്ടിരിക്കുന്നു. മേഘങ്ങൾ തെളിയാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ കാലുകൾക്കടിയിലായി അവ നിൽക്കുന്ന പോലെ തോന്നും. ഏറെ നേരം ഫോട്ടോയെടുപ്പുകൾ നടത്തിയ ശേഷം ഞങ്ങൾ താഴേക്ക് നടക്കാൻ തുടങ്ങി.
വെയിലായി കഴിഞ്ഞാൽ പിന്നെ ചൂടാണ്. പിന്നെ അവിടെ നിൽക്കുന്നത് ബുദ്ധിയല്ല. കമ്പളക്കാട് നിന്നും ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ബാവലി ലക്ഷ്യമാക്കി യാത്ര തിരിച്ചു. നല്ല ചൂടാണ്. ബന്ദിപ്പുർ കടുവ സങ്കേതം തീപിടിച്ചുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾ ഗോപാൽസ്വാമി ബെട്ട എന്ന ലക്ഷ്യം താൽക്കാലികമായി ഉപേക്ഷിച്ചു. ബാവലി അടുക്കുന്തോറും ചൂട് കൂടി കൂടി വന്നു.
കാട് കരിഞ്ഞുണങ്ങിയിരിക്കുന്നു. തലേ രാത്രിയുടെ ഉറക്കമില്ലായ്മയും ചൂടും ഞങ്ങളെ നല്ലോണം തളർത്തി.നാഗർഹോളെ കാടിന്റെ പാതി വഴിയിൽ നിന്ന് ഞങ്ങൾ തിരിച്ചു പോന്നു. എവിടേലും ഒരു കാക്ക തണൽ എങ്കിലും കണ്ടാൽ മതി എന്ന അവസ്ഥയിൽ ആയി എല്ലാവരും. തിരിച്ചു വരുമ്പോൾ ബാവലി നിന്നും ഞങ്ങൾ ചേകാടി വഴി ആണ് വന്നത്.
ചേകാടിയെ ഞങ്ങൾക്ക് മുന്നേ അറിയാം. പ്രളയത്തിന് ശേഷം മെഡിക്കൽ ക്യാമ്പ് നടത്തിയത് ഇവിടെ ആയിരുന്നു. ചേകാടിയിൽ കബനീതീരത്ത് ഒരു മരത്തണലിൽ ഞങ്ങൾ അങ്ങനെ ഇരുന്നു. ഒത്തിരിനേരം. കഥകൾ പറഞ്ഞു ഇരുന്നു.ക്ഷീണം മാറിയ ശേഷം നേരെ പുൽപ്പള്ളി വഴി പൂക്കോട് തടാകം കാണാൻ പുറപ്പെട്ടു.
വൈകുന്നേരത്തോടെ പൂക്കോട് തടാകം എത്തി. ആ പച്ചപ്പിന്റെ തണുപ്പിലൂടെ ഞങ്ങൾ അങ്ങനെ നടന്നു. ഇരുൾ വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ചുരമിറങ്ങി തുടങ്ങിയിരുന്നു. അവരവരുടെ വീടുകൾ ലക്ഷ്യമാക്കി യാത്ര തുടർന്നു.
വിവരണം : Shanu Prasad Choorapra