സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധയമാകുന്ന വീഡിയോ മാരുതിയുടെ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ ഇടിക്കുന്നതാണ് വീഡിയോ. ഹെെവേയിലൂടെ അതിവേഗതയില്‍ എത്തി ബലേനോ പെട്ടെന്ന് ഓട്ടോ ഇടത്തേക്ക് തിരിഞ്ഞതോടെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്‍റെ ഡാഷ് ക്യാമില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഓട്ടോറിക്ഷയിലെ യാത്രക്കാരില്‍ ഒരാള്‍ താഴെ വിണെങ്കിലും അപ്പോഴേക്കും കാര്‍ നിന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് തരിപ്പണമായി. എന്നാല്‍, ഓട്ടോറിക്ഷയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ളതാണ് കൗതുകകരം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.
ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ക്രാഷ് ടെസ്റ്റിലെ ആ വാഹനത്തിന്‍റെ മികവും മറ്റുമെല്ലാം ഉപഭോക്താക്കള്‍ ഇപ്പോള്‍ നോക്കാറുണ്ട്. എങ്കിലും മൈലേജും വിലയുമെല്ലാം തന്നെയാണ് കാര്‍ വാങ്ങുന്നതിന് മുമ്പ് സാധാരണക്കാരന്‍ ഇന്നും പരിഗണിക്കാറുള്ളത്. അപ്പോള്‍ സുരക്ഷ സ്വാഭാവികമായും കുറയുമെന്നാണ് ഇക്കാര്യത്തില്‍ ഉയരുന്ന വാദം.
രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് സുരക്ഷയുടെ കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുന്നത്. വിദേശ നിര്‍മ്മിത വാഹനങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വാഹനങ്ങളുടെ ദയനീയമായ അവസ്ഥ വ്യക്തമാക്കുന്ന പല സംഭവങ്ങളും നിരത്തിലുണ്ടായിട്ടുണ്ട്.