വർത്തമാനകാല അഡ്വഞ്ചർ ടൂററുകളെപ്പോലെ ആധുനികവും സങ്കീർണ്ണവുമായ രൂപകല്പനയല്ല ഹിമാലയന്റേത്. ലാളിത്യം തുളുമ്പുന്ന, എന്നാൽ അങ്ങേയറ്റം പ്രായോഗികമായ രൂപം. വലിയ വിന്റ്ഷീൽഡും വൃത്താകൃതമായ ഹെഡ്ലാമ്പും റിയർ വ്യൂ മിററുകളും ചേർന്ന് മുൻ ഭാഗത്തിനു ഒരു റെട്രോ പരിവേഷമേകുന്നു. വശങ്ങളിലേക്കു വരുമ്പോൾ ആദ്യം ശ്രദ്ധിക്കുക 15 ലീറ്റർ ഫ്യുവൽ ടാങ്കിന്റെ രൂപമാവും. ഇതിലെ ‘നീ റിസസുകൾ’ റൈഡർക്കു സുഖസവാരിയേകുന്നതോടൊപ്പം ബ്രേക്കിംഗ് സമയത്തും എണീറ്റു നിന്ന് റൈഡ്
ചെയ്യുമ്പോഴുമൊക്കെ വാഹനത്തിനുമേലുള്ള ഗ്രിപ്പും വർദ്ധിപ്പിക്കുന്നു. സുഖകരമായതും മികച്ച ഗ്രിപ്പേകുന്നതുമായ സീറ്റിനു താഴെ, ബോഡി പാനലിൽ ‘ഹിമാലയൻ’ ബാഡ്ജിംഗ്. പിന്നിൽ പാനിയർ ബോക്സുകൾ മുതലായവ ഘടിപിക്കുവാനുള്ള മൗണ്ടിംഗ് പോയന്റുകളുമുണ്ട്. ടാങ്കിനിരുവശവുമായി ജെറി ക്യാനുകൾ ഘടിപ്പിക്കുവാനുള്ള മൗണ്ടുകൾ .800 മിമീ എന്ന സീറ്റ് ഹൈറ്റ് ഒരു അഡ്വെഞ്ചർ ടൂററിനു അല്പം കുറവെന്നു തോന്നാമെങ്കിലും ശരാശരി ഇന്ത്യക്കാരനു നന്നായിണങ്ങും.
എൽ ഇ ഡി ടെയിൽ ലാമ്പ് രൂപത്തിൽ എവിടെയൊക്കെയോ തണ്ടർബേർഡ് ശ്രേണിയോടു കടപ്പെട്ടിരിക്കുന്നുവെന്നു തോന്നി. ഡ്യുവൽ സ്പോർട്ട് ബൈക്കുകൾക്കിണങ്ങുംവിധം ഉയർന്നു നില്ക്കുന്ന പിൻ ഫെന്ററും എക്സ്ഹോസ്റ്റ് പൈപ്പും. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഡിജിറ്റൽ കോമ്പസ്, ഫ്യുവൽ ഗേജ്, റൈഡർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയടങ്ങുന്ന അതിഗംഭീര ഇൻസ്റ്റ്രമെന്റ് ക്ളസ്റ്റർ. റൈഡർ ഇൻഫർമേഷൻ ഡിസ്പ്ളേയുടെ സ്ക്രീനിൽ 2 ട്രിപ് മീറ്ററുകൾ, ഡിജിറ്റൽ ഗിയർ ഇന്റിക്കേറ്റർ, ശരാശരി വേഗത , സമയം ,താപനില, എന്നിവ ലഭ്യം. സ്വിച്ച് ഗിയറുകൾ നിലവാരമുള്ള പ്ളാസ്റ്റിക്കിൽ തീർത്തിരിക്കുന്നു