എന്ന മറുപടിയിൽ ആണ് സെന്റ് മേരീസ് അയലന്റ് പോകാൻ ഉള്ള പ്ലാൻ ഉദിക്കുന്നത്.
ഒരു മാസം മുന്നേ ഉള്ള പ്ലാനിങ് ആണ്. ജബൻ തിരുവനന്തപുരത്ത് നിന്ന് ട്രയിൻ കയറുന്നു, പുച്ഛനും, ജിബൂം മിഥും, സജിം കുറ്റിപ്പുറത്ത് നിന്നും ഞാൻ മംഗലാപുരത്ത് നിന്നും അവരോടൊപ്പം കൂടുന്നു. ഇതാണ് പ്ലാൻ.
എറണാകുളം നോർത്തിൽ നിന്ന് രാത്രി 8.25ന് ഉള്ള കൊച്ചുവേളി- ശ്രീ ഗംഗാനഗർ expressൽ കയറിയാൽ രാവിലെ 4.30ന് മംഗലാപുരം ജംഗ്‌ഷനിൽ എത്താം. അല്ലെങ്കിൽ രാവിലെ 6.30 ആവുമ്പോഴേക്കും ഉഡുപ്പി എത്താം.
മംഗലാപുരം ഇറങ്ങിയാൽ പിന്നെ, ഉഡുപ്പിയിലേക്കുള്ള ബസിൽ കയറി വേണം പോകാൻ. ബസ്സിൽ ഉറങ്ങി യാത്ര ചെയ്യണം എന്നുള്ളവർക്ക് 5.10ന് വൈറ്റില ഹബ്ബിൽ നിന്ന് എടുക്കുന്ന ആലപ്പുഴ-കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്‌സ് സെമി സ്ലീപ്പർ ബസ്സിൽ കയാറാവുന്നതാണ്. ഈ ബസ്സ് രാത്രി 9.30ന് കോഴിക്കോടും, ഒരുറക്കം കഴിയുമ്പോഴേക്കും രാവിലെ 4.40ന് ഉടുപ്പിയും എത്തുന്നതാണ്. മംഗലാപുരം ഇറങ്ങിയാൽ പിന്നെ ഉഡുപ്പി ബസ്സിൽ കയറി വേണം പോവാൻ.
ഉഡുപ്പി ബസ് സ്റ്റാന്റിൽ നിന്നും മാൽപെ ബസിൽ കയറുക. 15 മിനിറ്റ് ഉള്ളു ഉഡുപ്പി നിന്നും മാൽപെ വരെ. കഴിയുന്നതും ഉഡുപ്പിയിൽ നിന്ന് തന്നെ ഫ്രഷായി ഭക്ഷണം കഴിച്ചു പോവുക. അത്യാവശ്യം വിശപ്പിനെ ശമിപ്പിക്കുന്ന ഭക്ഷണങ്ങൾ കയ്യിൽ കരുതുക. കുടിവെള്ളം വല്ല ഫ്ലാസ്കിലോ മറ്റോ കരുതുക. കാരണം, St.Marys ൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒന്നും കടത്തി വിടില്ല. ദാഹിച്ചാൽ അവിടെ വിൽപ്പനക്ക് വച്ചിരിക്കുന്ന വില കൂടുതൽ കൊടുത്തു വെള്ളം വാങ്ങേണ്ടി വരും.
മുതിർന്നവർക്ക് 300 ഉം, കുട്ടികൾക്ക് 150 രൂപയുമാണ് മാൽപെ നിന്നും st.marysൽ പോകാനുള്ള ബോട്ട് ചാർജ് ഈടാക്കുന്നത്. ദ്വീപിൽ നിന്ന് തിരിച്ചു വരാൻ വേറെ ചാർജ്ജ് കൊടുക്കേണ്ടതില്ല. ഈ പൈസയിൽ തന്നെ തിരിച്ചുവരാം. പകൽ മുഴുവൻ st.marysൽ കറങ്ങി കളിച്ചു നടന്ന് വൈകുന്നേരത്തോടെ ഉഡുപ്പി നിന്നും നാട്ടിലേക്ക് വണ്ടി കയറാം. പിറ്റേ ദിവസം അതി രാവിലെ തന്നെ നമുക്ക് നാട്ടിൽ എത്തുകയും ചെയ്യാം എന്നതാണ് സൗകര്യം. എല്ലാം പറഞ്ഞുറപ്പിച്ച പോലെ തന്നെ ഞങ്ങൾ എല്ലാവരും മംഗലാപുരത്ത് വച്ചു കണ്ടുമുട്ടി. കുളിച്ചുഫ്രഷായി ഒരു ചായയൊക്കെ കുടിച്ചു നേരെ ബസ് സ്റ്റാൻഡിലെക്ക് വച്ചു പിടിച്ചു.ഞായറാഴ്ച ആയതിനാൽ നല്ല തിരക്കുണ്ട് എല്ലായിടവും.
ബസ്സിൽ മുൻ സീറ്റിൽ തന്നെ ഞങ്ങൾ കഥയൊക്കെ പറഞ്ഞിരുന്നു. ഉഡുപ്പി വരെ ഏകദേശം നമ്മുടെ കേരളത്തിന്റെ അതേ ഭൂപ്രകൃതിയാണ്. നമ്മുടെ നാട്ടിൽ കാണുന്ന പോലെയുള്ള വീടുകളും കായലുകളും, തോടുകളും പുഴകളും എല്ലാം ഉണ്ട്. ചിരിയും കളിയുമായി സമയവും ദൂരവും പോയതറിഞ്ഞില്ല. ഇടയ്ക്ക് ഡ്രൈവറും ഞങ്ങളെ തമാശകൾക്ക് ചിരിക്കുന്നുണ്ട്. മംഗലാപുരം എത്തിയാൽ പിന്നെ കന്നഡ പറഞ്ഞു കഷ്ടപ്പെടണം എന്നില്ല. ഇവിടെ ഒരുവിധം എല്ലാവർക്കും മലയാളം അറിയാം. ഉടുപ്പിയിൽ നിന്നും breakfast കഴിച്ച ശേഷം ഞങ്ങൾ ബസ്സിൽ കയറി.
Malpe ഇറങ്ങി ഞങ്ങൾ മെല്ലെ ഹാർബറിനുള്ളിലൂടെ നടന്നു. ദ്വീപിലേക്കുള്ള ടിക്കറ്റ് കൗണ്ടറിൽ എത്തി. വരി നിന്ന് ടിക്കറ്റ് എടുത്തു. നല്ല തിരക്കുണ്ട്. ഞങ്ങൾക്കുള്ള ബോട്ടെത്തി. തീരം വിട്ടപ്പോഴേക്കും ബോട്ടിൽ പാട്ടും ഡാൻസുമായി എല്ലാവരും ആഘോഷം തുടങ്ങി. മനസ്സിലെ എല്ലാ ദുഖങ്ങളും ചിന്തകളും വലിച്ചെറിഞ്ഞു കൊണ്ട് എല്ലാവരും ഈ നിമിഷം ആസ്വദിക്കുകയാണ്. അങ്ങ് ദൂരെ നമുക്ക് കാണാം st.marys ദ്വീപ്.
ദ്വീപ് ന്റെ അടുത്ത് എത്താറായപ്പോൾ ഒരു ചെറിയ ബോട്ടിലേക്ക് എല്ലാവരെയും മാറ്റി. ഈ ബോട്ടെ ദ്വീപിലേക്ക് പോകുള്ളൂ. ദ്വീപിൽ എല്ലാവരും സന്തോഷത്തോടെ ചാടിയിറങ്ങി. മുൻപൊരിക്കൽ വന്നിട്ടുള്ളതിനാൽ എവിടെ ആദ്യം പോകണം എന്ന ബോധം ഉണ്ടായിരുന്നു. മുൻപ് വന്നപ്പോൾ വെള്ളത്തിൽ ഇറങ്ങിയിരുന്നില്ല. ആ പരിഭവവും ഇത്തവണ തീർക്കണം.
തെങ്ങുകൾ നിറഞ്ഞ ഒരു കൂട്ടം ദ്വീപുകൾ ആണ് സെന്റ് മേരീസ് ദ്വീപുകൾ. ദശലക്ഷകണക്കിന് വർഷം മുൻപേ ലാവയിൽ നിന്ന് ഉണ്ടായ Bassaltic Columnar lava rocks എന്ന പ്രത്യേകയിനം പാറക്കൂട്ടങ്ങളാണ്ഇവിടുത്തെ പ്രത്യേകത. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അംഗീകരിച്ച ഭൗമശാസ്ത്ര സ്മാരകങ്ങളുടെ പട്ടികയിൽ സെന്റ് മേരീസ് ഐലൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വാസ്കോഡഗാമയാണ് ഈ ദ്വീപ് കണ്ടെത്തിയത് എന്നാണ് ചരിത്രം.
ദ്വീപിന്റെ മുൻ ഭാഗങ്ങളിൽ നമ്മളെ സ്വാഗതം ചെയ്യുന്നത് നല്ല പച്ചപ്പും തെങ്ങുകളും ആണ്. പിൻ ഭാഗത്ത് കക്കകൾ പൊടിഞ്ഞുണ്ടായ തരികൾ ആണ്. മണലിന് പകരം എവിടെ നോക്കിയാലും കക്കകൾ മാത്രം. ദ്വീപിന്റെ ഇടത് ഭാഗത്ത് എല്ലായിടവും പാറ കൂട്ടങ്ങളാണ്.
വലത് ഭാഗത്ത് പറകൂട്ടങ്ങൾ ഉണ്ടെങ്കിലും കുളിക്കാൻ സാധിക്കുന്ന തരത്തിൽ ഒന്ന് രണ്ടു ബീച്ചുകൾ ഉണ്ട്. ഞങ്ങൾ ആദ്യം വലത് ഭാഗത്തേക്ക് ആണ് പോയത്. തൂവെള്ള മണലിൽ ഞങ്ങൾ വെള്ളത്തിൽ ഇറങ്ങി. നട്ടുച്ച ആയതിനാൽ നല്ല വെയിലും വെള്ളത്തിന് നല്ല ഉപ്പും ഉണ്ട്. കളിച്ചും തിമിർത്തും സമയം പോയി. മാൽപെ ബീച്ചിൽ ഹെലികോപ്റ്റർ റൈഡും, ഇവിടെ വാട്ടർസ്പോർട്സും ഉണ്ട്. അത്തരം വിനോദങ്ങളിൽ പൈസ കളയാൻ ഇല്ലാത്തതിനാൽ അതിന് മുതിരുന്നില്ല.
പാറക്കൂട്ടങ്ങളിലൂടെ നടക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാല്തെന്നിയാൽ പാറപ്പുറത്ത് വീഴും എന്ന് മാത്രമല്ല, കക്കകൾ ഒട്ടി ചേർന്ന് ബ്ലേഡിനേക്കാൾ മൂർച്ചയോടെ നമ്മുടെ കയ്യും കാലും മുറിയും. അതിനാൽ വളരെ സൂക്ഷിച്ചു വേണം നടക്കാൻ. പ്രവേശനം നിഷേധിച്ചതാണെന്നറിയാതെ ഞങ്ങൾ ദ്വീപിലെ ഏറ്റവും ഉയരമുള്ള പാറകൂട്ടത്തിന്മുകളിലേക്ക് കയറി. അവിടെ നിന്നാൽ ദ്വീപിലെ എല്ലാ ഭാഗവും ഏകദേശം കാണാം.
അസ്തമയ സൂര്യന്റെ സ്വർണപ്രഭയിൽ ഞങ്ങൾ 360° എല്ലാം നോക്കി കണ്ടു. വെള്ളത്തിലേക്ക് dive ചെയ്യാൻ വേണ്ടി ഒരു സ്റ്റാന്റും ഉണ്ട് ഇവിടെ. മുൻകൂട്ടി പൈസ അടച്ചാൽ അതിൽ നിന്നും താഴെ വെള്ളത്തിലേക്ക് ചാടാം. നീന്തൽ അറിയുന്നവർക്ക് വല്ലാത്തൊരു അനുഭവം ആവും അത്. അറിയാത്തവർക്ക് അവസാനത്തേതും..
ഒരു ദിവസത്തെ മുഴുവൻ ആഘോഷങ്ങൾക്കും ശേഷം ഞങ്ങൾ തിരിച്ചു പോരുകയാണ്. ഒരുപാട് ഓർമ്മകളാണ് ഈ മണൽതരികളിൽ ബാക്കിയാക്കുന്നത്…കാരണം വേറൊന്നുമല്ല രാവിലെ മുതൽ കുത്തി മറിയുകയായിരുന്നു. അതിനാൽ തന്നെ ട്രൗസറിന്റെ ഉള്ളിൽ മണൽ എത്താത്ത ഒറ്റ സ്ഥലവും ഇനി ബാക്കിയില്ല. എല്ലാം ഒരു വിധം ഒഴിവാക്കി ഡ്രെസ്സുമിട്ട് ഞങ്ങൾ തിരിച്ചു പോകാനുള്ള ബോട്ടിൽ കയറി. ഒരു ദിവസത്തിന്റെ മുഴുവൻ ക്ഷീണവും ആ ബോട്ടിൽ കയറിയ എല്ലാവരിലും കാണാം.
പാട്ട് തുടങ്ങി. രാവിലെ വന്നപ്പോൾ ഉള്ളതിനേക്കാൾ ഉഷാറായി എല്ലാവരും താളം പിടിക്കുന്നുണ്ട്. നൃത്തം ചവിട്ടുന്നുണ്ട്. അപരിചിതത്വത്തിനിടയിലെ സൗഹൃദങ്ങളും ഓർമ്മകളും എല്ലാം ബാക്കിയാക്കി ഞങ്ങൾ ഉടുപ്പിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറുകയാണ്…. ഒരു ദിവസം കൊണ്ട് കേരളത്തിൽ എവിടെ നിന്നും വന്ന് പോകാമെന്നതും, ഒരു മിനി ഗോവൻ ഫീൽ കിട്ടുന്നതും എല്ലാം st. Mary’s നെ അടിപൊളിയാക്കുന്നു. ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിച്ചവർ ഒട്ടും മടിക്കാതെ, ഏറ്റവും അടുത്ത ഒഴിവു ദിവസം തന്നെ പോകൂ..
കടപ്പാട് :: Shanu Prasad Choorapra