പാത്തു സോളോ ട്രിപ്പ് – Italy 🇮🇹 & Greece 🇬🇷
“നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടിൽ പണി ഉള്ളത്”…? പാത്തുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ ഇടക്ക് പറയുന്ന ഡയലോഗ് ആയിരുന്നു അത്. അതിനു എപ്പോഴും പാത്തു മറുപടി പറയും, “ഇവിടെ മൂന്ന് മക്കളെയും നോക്കി വീട്ടിൽ ഞാൻ ഇല്ലാതെ കുറച്ചു ദിവസം ഒറ്റക് ഇരുന്നു നോക്ക്, അപ്പോൾ മനസിലാവും അതിന്റെ കഷ്‌ടപ്പാട്”
അങ്ങനെ ഇരിക്കുമ്പോൾ ആണ് പാത്തുവിന്റെ ജന്മദിനം വന്നത്, പിറന്നാളിന് സമ്മാനം ഒന്നും കൊടുത്തില്ലെങ്കിൽ തലയ്ക്കു ഒലക്ക കൊണ്ട് അടി കിട്ടും എന്ന് ഉറപ്പുള്ള ഞാൻ ഇരുന്നു ആലോചിച്ചു,
“എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത്”? അപ്പോഴാണ് ആ ആശയം മനസ്സിൽ വന്നത്, പാത്തുവിനെ ഒരു സോളോ ട്രിപ്പിന് അയക്കുക, ജനിച്ച ദിവസം തന്നെ ഈ ലോകത്തു യാതൊരു വിധ ചുമലതകളും ടെൻഷനും ഇല്ലാതെ ഒരു ഫ്രീ ബേർഡ് ആയി പാറി പറന്നു നടക്കുക.
പിന്നെ ഈ സ്ത്രീ സ്വാതന്ത്ര്യവും സമത്വവുമൊക്കെ ഫേസ്ബുക്കിലും വാട്സപ്പിലും മാത്രം ഷെയർ ചെയാൻ ഉള്ളത് അല്ലാലോ, കുറച്ചൊക്കെ സ്വന്തം ജീവിതത്തിലും കാണിക്കാനും ഉള്ള അവസരം കൂടിയായി ഞാൻ ഇത് കണക്കാക്കി. അതിന്റെ കൂടെ ഒരു ആഴ്ച വീട്ടിൽ ഞാൻ ഒറ്റക് അവളുടെ സ്ഥാനത്തു ഇരുന്നു കാര്യങ്ങൾ നോക്കുക എന്ന ചലഞ്ചും ഏറ്റെടുക്കുക.സംഭവം പാത്തുവിനോട് പറഞ്ഞപ്പോൾ തന്നെ അവള് സന്തോഷം കൊണ്ട് വിളിച്ചു കൂവി, അവള് വര്ഷങ്ങളോളം മനസ്സിൽ ആഗ്രഹിച്ചിരുന്ന Santorini എന്ന ഒരു കൊച്ചു ഗ്രീക്ക് ദ്വീപിലേക് ആയിരുന്നു അവളുടെ സോളോ യാത്രക്കായി തിരഞ്ഞെടുത്തത്.
അങ്ങനെ അഞ്ചാറു ദിവസം കൊണ്ടു പോകാൻ ഉള്ളത് ഒക്കെ തയ്യാറാക്കി, പിറന്നാളിന്റെ തലേന്നു തന്നെ അവൾ ഇറ്റലിലേക്കു പറന്നു, അവിടെ നിന്നും പിറ്റേന്ന് സ്വപ്ന നഗരി ആയ Santorini എത്തി.
അതെ സമയം ഇങ്ങു വീട്ടിൽ ഞാനും കുട്ടിപട്ടാളവും വീട് തല കീഴാഴി മറിക്കുക ആയിരുന്നു, സ്കൂൾ തുറക്കുന്ന സമയം ആയതു കൊണ്ട് ബുക്കും യൂണിഫോമും ഒക്കെ വാങ്ങാൻ ആയിട്ടുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ.
പണ്ട് ഞാൻ SSLC പരീക്ഷയുടെ റിസൾട്ട് അറിയാൻ വേണ്ടി സ്കൂളിൽ പോയിട്ടു തിരിച്ചു ഓടി വന്നു, വീട് എത്തുന്നതിനു മുൻപേ ദൂരെ നിന്നും ഞാൻ വിളിച്ചു പറഞ്ഞു…
“അച്ഛാ…. അച്ഛന്റെ മുത്തിന് ഫസ്റ്റ് ക്ലാസ്” എന്റെ തോൽവിയും പ്രതീക്ഷിച്ചു കോലായിലെ ചാര് കസേരയിൽ ഇരുന്ന എന്റെ ഉപ്പ അത് കേട്ടപ്പോൾ തന്നെ ബോധം കേട്ട് വീണു, അതെ വർഷം എന്റെ കൂടെ ഇരുന്നു SSLC പരീക്ഷ എഴുതിയ എന്റെ പുന്നാര പെങ്ങൾ അവൾക്കു കിട്ടിയ ഫസ്റ്റ് ക്ലാസിനു യാതൊരു വിലയും ഇല്ലാതായി എന്ന് മനസിലാക്കി പൈ കരയുന്നത് പോലെ വാവിട്ടു കരഞ്ഞു, ബോധംകെട്ടു വീണ ഉപ്പാനെ നോക്കണോ, പരൂക്ഷയിൽ ഫസ്റ്റ് ക്ലാസ്സിൽ പാസായ മകനെ നോക്കണോ എന്ന് അറിയാതെ, എന്റെ ഉമ്മ പഞ്ചാബി ഹൊസ്സിലെ ദിലീപിനെ പോലെ ജബ ജബ എന്നും പറഞ്ഞു ഓടി നടന്നു.
അന്ന് അവരുടെ ഒക്കെ മുന്നിൽ വിജയശ്രീലാളിതൻ ആയി നിന്നതു പോലെ, ഇപ്പോൾ പാത്തുവിന്റെ മുന്നിലും നിൽക്കണം എന്നുള്ളത് കൊണ്ട് എല്ലാ കഷ്‌ടപ്പാടും ഞാൻ വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.
എല്ലാ ദിവസവും പാത്തു അവിടത്തെ വിശേഷങ്ങൾ ഫോട്ടോ ആയി അയച്ചു തന്നുകൊണ്ടിരുന്നു, വളരെ മനോഹരമായ ഒരു കൊച്ചു ദ്വീപ് ആയിരുന്നു Santorini , വളരെ കുറച്ചു ആളുകൾ മാത്രം താമസിക്കുന്ന ഈ ദ്വീപിൽ ഒരുപാട് ഇന്ത്യൻ സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.
അങ്ങനെ ആറ് ദിവസത്തെ ഗ്രീക്ക് പര്യടനവും കഴിഞ്ഞു പാത്തു വന്നു, എയർപോർട്ടിൽ പിക്ക് ചെയാൻ പോയപ്പോൾ കുട്ടിപ്പട്ടാളം ഓടി ചെന്ന് പാത്തുവിനെ എത്ര മിസ് ചെയ്തെന്നു പറഞ്ഞു കെട്ടിപിടിച്ചു നിന്നു, പിന്നെ എയർപോർട്ട് മുതൽ വീട് വരെ പാത്തുവിന്റെ ഗ്രീക്ക് പുരാണം ആയിരുന്നു, ഈ ട്രിപ്പ് എത്ര മാത്രം കോൺഫിഡന്റ് തന്നെനും, എത്ര സന്തോഷം ആയെന്നും, ആ സ്ഥലങ്ങളെ പറ്റിയും ഭക്ഷണത്തെ പറ്റിയും എല്ലാം വാതോരാതെ പ്രസംഗിച്ചു.വീട്ടിൽ എത്തിയപ്പോൾ കൊണ്ട് വന്ന സമ്മാനങ്ങൾ ഒക്കെ തരുന്നതിന്റെ ഇടയിൽ പാത്തു ചോദിച്ചു,
“എങ്ങനെ ഉണ്ടായിരുന്നു ഞാൻ ഇല്ലാതെ അഞ്ചാറു ദിവസം? ശെരിക്കും കഷ്‌ടപെട്ടോ കുട്ടിപട്ടാളത്തെ ഒറ്റക് നോകീട്ടു….?”ഞാൻ വളരെ പതുക്കെ പാത്തുവിന്റെ അടുത്തേക് ചെന്നു, എന്നിട്ട് രണ്ടു കൈ കൊണ്ടും അവളുടെ മുഖം ചേർത്ത് പിടിച്ചു, എന്നിട്ട് ചോദിച്ചു….”പാത്തു….എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല നിനക്ക് എന്താ ഇത്ര മാത്രം ഈ വീട്ടിൽ പണി ഉള്ളതെന്ന്”
—— ശുഭം !!!!! —— NB – ഇതിന്റെ ബാക്കി കൂടുതൽ കഥകൾ അറിയാൻ വേണ്ടി പാത്തുവിന്റെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുക @family.behind.the.wheel