വേനൽമഴ ; വായിച്ചപ്പോൾ കണ്ണും മനസ്സും നിറഞ്ഞു… ഇഷ്ടം ആ നല്ല മനസ്സിനോട്

0
1294

അവളുടെ കൈവിരലുകൾ മഴത്തുള്ളികളേറ്റു തണുത്തു വിറങ്ങലിച്ചിരുന്നു. ചലനമറ്റ കുഞ്ഞു കാലുകളെ താങ്ങിനിർത്തുന്ന അവളുടെ വീൽ ചെയറിന്റെ FOOT REST എന്റെ മുതുകിൽ അമരുന്ന വേദനയിൽ, കഷണ്ടി കയറിയ എൻറെ നെറുകെയിൽ അവളുടെ തണുത്ത കൈവിരലുകൾ അമരുന്നത് ഞാനറിഞ്ഞില്ല. ഒരു വലിയ മഴതുള്ളി അവളുടെ വീൽ ചെയറിന്റെ ഇരുമ്പു ചക്രത്തിലേക്ക് വീണു ചിന്നിച്ചിതറി. മഴത്തുള്ളികൾ അടർന്നു വീണ്തണുത്തുറഞ്ഞു പോയ അവളുടെ ചെയറിന്റെ ചക്രങ്ങൾ ഇടയ്ക്കിടയ്ക്ക് ഞരങ്ങുന്ന ഒച്ച കേൾക്കാമായിരുന്നു.


“എടീ നീ ബ്രേക്കിടാൻ മറന്നുപോയോ” ?
എൻറെ ആവർത്തിച്ചുള്ള ചോദ്യം അവളെ അരിശം കൊള്ളിക്കുന്നുണ്ടായിരുന്നു.
തിരയും, തീരവും കലഹിക്കുന്ന ശബ്ദവും മഴയുടെ സംഗീതവും ചക്രവാള പശ്ചാത്തലത്തിൽ ഇഴുകിച്ചേർന്ന് കൊണ്ടിരുന്നു. കടൽപരപ്പിനോട് വിട പറഞ്ഞ് എന്നോ ആകാശത്തിന്റെ അനന്തതയിലേക്ക് യാത്ര ചൊല്ലി പോയ ജലത്തുള്ളികൾ മഴത്തുള്ളികളായി നീണ്ട അജ്ഞാത വാസത്തിനു ശേഷം കടലിലേക്കും, കരയിലേക്കും എന്റെ ആത്മാവിലേക്കും പെയ്തിറങ്ങുന്നു

ഈ മേടമാസത്തിലെ കത്തുന്ന സൂര്യനു കീഴിൽ പടിപ്പുരയിലേക്ക് കണ്ണുംനട്ട് ഇന്ന് അവൾ ഇരിക്കുന്നുണ്ടാവും എന്നോർത്ത് ധൃതിയിൽ ഞാനവൾക്ക് ആയുള്ള പുസ്തകങ്ങൾ വാരിക്കൂട്ടി. ഇന്ന് വരാം നാളെ വരാം എന്ന് സ്ഥിരം പറഞ്ഞു പറ്റിക്കൽ ഇന്ന് അവസാനിക്കുന്നു.വീട്ടിൽ നിന്നും വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. രാവിലത്തെ നിലമ്പൂർ – ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയുടെ ചിഹ്നം വിളി അങ്ങ് ദൂരെ നിന്ന് ഞാൻ കേട്ടു. തേക്ക് മരങ്ങൾക്കിടയിലൂടെ പുസ്തകക്കെട്ടും പേറി ഞാൻ ഓടി. സാമാന്യം തിരക്കുണ്ടായിരുന്നു എല്ലാ കമ്പാർട്മെന്റിലും.

ആദ്യം കണ്ട ബോഗിയിൽ തന്നെ കയറി ഇടതു വശത്തായി ജനാലക്കരികിൽ ഒരു സീറ്റിൽ പുസ്തകക്കെട്ടു വെച്ച് ഞാൻ ഇരിപ്പിടം ഉറപ്പാക്കി. സമയം രാവിലെ 7 കഴിഞ്ഞിരിക്കുന്നു. ബോഗിയിൽ വിദ്യാർഥികൾ ആണ് കൂടുതൽ. നിലമ്പൂർ – ഷൊർണ്ണൂർ പാതയിലെ രണ്ടാമത്തെ സ്റ്റേഷനായ വാണിയമ്പലത്തു നിന്നും ഒരു ചിഹ്നം വിളിയോട് കൂടി തീവണ്ടി മെല്ലെ ഇഴഞ്ഞു നീങ്ങി തുടങ്ങി. തേക്ക് മരങ്ങൾ പുറകോട്ട് ഓടുന്നതും നോക്കി ഞാൻ ഇരുന്നു . നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ജനൽ കുറച്ചൂടെ മുകളിലേക്ക് ഉയർത്തി വെച്ചത് എന്റെ അരികത്തായി ഇരിക്കുന്ന ചേട്ടന് ഇഷ്ടമായില്ല എന്നെനിക്ക് മനസ്സിലായി.
ഫോണിൻറെ ഒരു ഞരക്കം പോക്കറ്റിൽനിന്നും.

“ആ….ടീ പറ…” “നീ എവിടെ എത്തി” ? “ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയിട്ടില്ല “ “ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല” “ അങ്ങനെയാണല്ലേ.” “ എങ്കിൽ പിന്നെ ഓക്കേ. “ അതിനുശേഷം ഞാൻ അവൾക്ക് അയച്ച മെസ്സേജിന് ഒന്നും എനിക്ക് മറുപടി ലഭിച്ചില്ല. രാവിലത്തെ തീവണ്ടിയാത്ര ആയതിനാൽ ആവണം ബോഗിയിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. എല്ലാവരും മൊബൈൽ ഫോണിൽ കുത്തികുറിച്ചു കൊണ്ടിരിക്കുകയാണ്. ആരും പരസ്പരം സംസാരിക്കുന്നില്ല. പുറത്തെ കാഴ്ചകൾ കാണുന്നില്ല, പത്രം വായിക്കുന്നത് പോലും കാണാൻ ഇല്ല. അന്യംനിന്നുപോയ ആചാര-അനുഷ്ഠാനങ്ങൾ ആണല്ലോ വായനയും വർത്തമാനവും എല്ലാം എന്നോർത്തിരിക്കെ ഞാൻ അവളെ ഒന്നുകൂടി വിളിച്ചു നോക്കി. മറുതലയ്ക്കൽ മറുപടിക്കായി ചെവിയോർത്ത ഞാൻ നിരാശനായി. ഒന്നു പറ്റിക്കാൻ വേണ്ടി ഇന്ന് വരാൻ പറ്റില്ല എന്ന് പറഞ്ഞതാ. അതിപ്പോ പണിയാണല്ലോ എന്ന് ആലോചിച്ചിരിക്കെ നാല് സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ പതുക്കെ അങ്ങാടിപ്പുറം സ്റ്റേഷനിലേക്ക് എത്തി.

നിലമ്പൂർ ഷൊർണൂർ റൂട്ടിലെ ഏറ്റവും സുന്ദരിയായ റെയിൽവേസ്റ്റേഷൻ ഇതുതന്നെ ആയതിനാൽ ആവണം “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്” എന്ന ചലചിത്രം ഒരുക്കാൻ ഈ സ്ഥലം തന്നെ “കമൽ “തിരഞ്ഞെടുത്തത്. ആ സിനിമയും , 22 വർഷങ്ങൾക്ക് മുൻപുള്ള സ്റ്റേഷനും ഓർമ്മകളിലൂടെ കടന്നു പോയി. ഏറനാടിൻറെ പ്രസിദ്ധമായ പൂരമായ “അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ശ്രീഭഗവതി ക്ഷേത്രത്തിലെ” പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പൂരം നടക്കുന്ന സമയം ആയതിനാൽ ആവണം ട്രെയിനിൽ ഇറങ്ങാനും കയറാനും നിറയെ ആളുകളുണ്ട്. കുറേ യക്ഷികൾ മുടി അഴിച്ചിട്ടു കാവൽ നിൽക്കുന്ന പോലെ വലിയ ആൽമരങ്ങൾ സ്റ്റേഷൻ നിറയെ കാണാം.

തൂങ്ങി നിൽക്കുന്ന വള്ളികൾക്കു ഇടയിലൂടെ വെപ്രാളത്തിൽ എന്തൊക്കെയോ ചിന്തിച്ചു ഫോണും ചെവിയിൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആളുകളെ നോക്കി ഞാനങ്ങനെ ഇരുന്നു. എൻറെ അരികത്തായി പുതിയ മുഖങ്ങൾ ഇരിപ്പിടം ഉറപ്പിച്ചു. തീവണ്ടി അങ്ങാടിപ്പുറം സ്റ്റേഷൻ ഉപേക്ഷിച്ച് ചിന്നം വിളിച്ചു കൂവി പായാൻ തുടങ്ങി . കൃഷ്ണഗുഡി കണ്ണിൽനിന്നും മെല്ലെമെല്ലെ മാഞ്ഞുപോയി. ചെറുകരയും, കുലുക്കല്ലൂരും , വല്ലപ്പുഴയും , വാടാനാംകുറിശ്ശിയും പിന്നിട്ട തീവണ്ടി മുക്കാൽ മണിക്കൂറിലധികം സമയം എടുത്തു ഷൊർണൂർ സ്റ്റേഷൻ എത്താൻ.

സമയം ഏതാണ്ട് ഒന്പതിനോട് അടുക്കുന്നു. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങി ഓടിയതല്ലേ.നല്ല വിശപ്പുണ്ട്. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞാൻ റോഡിന് എതിർവശത്തുള്ള ദോശക്കട (സ്ഥിരമായി കഴിക്കുന്ന) ലക്ഷ്യമാക്കി നടന്നു. കടയുടെ പുറത്തുനിന്നുകൊണ്ട് ചൂട് ദോശയും സാമ്പാറും ചട്ട്ണിയും ഞാൻ ആർത്തിയോടെ അകത്താക്കി. (അതെനിക്ക് എപ്പോഴും പുറത്തു നിന്ന് കഴിക്കുന്നതായിരുന്നു ഇഷ്ട്ടം). ദോശക്കല്ലിലേക്ക് വീണ എണ്ണ തുള്ളികളിൽ ഒരെണ്ണം എൻറെ കൈമുട്ട് ലേക്ക് തെറിച്ചുവീണു. ഒന്നങ്ങു മാറി നിന്ന് കഴിക്ക് ചേട്ടാ….ദോശചേട്ടൻ മാവ് ഒഴിക്കുന്നതിനിടയിൽ എന്നെ ഒരു നോട്ടം. ഒരു വ്യാഴവട്ട കാലത്തിൽ കൂടുതൽ ആയി ഈ കടയിൽ നിന്നും സ്ഥിരമായി ദോശയും ചട്നിയും ഞാൻ കഴിക്കുന്നു. അന്ന് ഇതൊരു പെട്ടിക്കട മാത്രമായിരുന്നു .ഇപ്പോൾ അകത്ത് വിശാലമായ ഇരിപ്പിടവും മുറികളും എല്ലാമായി വലിയ കടയായി പുരോഗമിച്ചിരിക്കുന്നു.

പത്തരയ്ക്ക് ഉള്ള നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസിൽ കയറി കൊയിലാണ്ടി ഇറങ്ങാം എന്ന് തീരുമാനിച്ച് ഞാൻ റെയിൽവേ സ്റ്റേഷനിൽ അന്തംവിട്ടു നിന്നു.ഫോണിൽ വണ്ടിയുടെ നിജസ്ഥിതി തപ്പി നോക്കിയപ്പോൾ ഒരു മണിക്കൂർ വൈകും എന്ന് അറിയാൻ കഴിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ആൾക്കാരെയും, കച്ചവടക്കാരെയും, ചുമട്ടു തൊഴിലാളികളെയും, പത്ര വില്പനക്കാരനെയും, നിലം തൂത്തു വാരുന്ന ചേച്ചിയെയും, ചില്ലു കൂട്ടിൽ ഉറങ്ങി കിടക്കുന്ന പഴം പൊരിയെയും

നിലത്തു ചുരുണ്ടു കൂടി നേരം വെളുത്തതു പോലും അറിയാതെ ഉറങ്ങുന്ന യാചകരെയും നോക്കി ഞാൻ ഇരുന്നു.മെല്ലെ ഒന്ന് മയങ്ങിപ്പോയി.ദൂരെനിന്നും എന്തോ ബഹളം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ഒമ്പതരയ്ക്ക് പോകാറുള്ള കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ പത്തര ആയിട്ടും സ്റ്റേഷനിൽനിന്നും എടുക്കാത്തതിൽ കുപിതരായ യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു. അവരെ അനുനയിപ്പിക്കുന്ന ചിലർ..
ബഹളം കണ്ടുനിൽക്കുന്ന ചിലർ… ബഹളത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു നിൽക്കുന്ന മറ്റുചിലർ


എപ്പോൾ പോയാലും എനിക്കെന്താ എന്ന് ചിന്തിച്ച് ഇതൊന്നും അറിയാത്ത മട്ടിൽ ട്രെയിനിൽ ഇരിക്കുന്ന മറ്റുചിലർ………അൽപ്പ നേരം ഞാനും ആ ബഹളം കണ്ടു രസിച്ചങ്ങനെ നിന്നൂ (എനിക്ക് പോകാനുള്ള വണ്ടി അല്ലല്ലോ വൈകിയത് എന്ന യാഥാർഥ്യ ബോധം ഉൾക്കൊണ്ട് ). “നാഗർകോവിൽ നിന്നും മംഗലാപുരം വരെ പോകുന്ന 16606 NUMBER ഏറനാട് എക്സ്പ്രസ് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്.”
ആ വിളിച്ചു പറച്ചിൽ എനിക്ക് ഉള്ളതായിരുന്നു. പ്ലാറ്റ്ഫോം സ്ഥിതീകരണം ലഭിക്കാത്തതിനാൽ മേൽപ്പാലത്തിൽ കയറി നിൽക്കാം എന്ന് ഞാൻ തീരുമാനിച്ചു.വൈദ്യുതപ്രവാഹ മുന്നറിയിപ്പ് ബോർഡിൻറെ കമ്പികൾ ക്കിടയിലൂടെ ചൂളമടിച്ചു ഇഴഞ്ഞു വരുന്ന തീവണ്ടികൾ.നിർത്തിയിട്ടിരിക്കുന്ന നിരവധി ബോഗികൾ.
മേൽപ്പാലത്തിലെക്കുള്ള പടികൾ വളരെ കഷ്ടപ്പെട്ട് കയറുന്ന തടിച്ച ഒരു സ്ത്രീ. പടികൾ ഓടിക്കയറുന്ന കുട്ടികൾ .എൻറെ ഇടതുവശത്തായി മുട്ടിയുരുമ്മി നിന്നു കുശലം പറയുന്ന കമിതാക്കൾ.

വളരെ ധൃതിയിൽ ആരെയും ശ്രദ്ധിക്കാതെ പരസ്പരം നോക്കാതെ വളരെ വേഗത്തിൽ നടന്നു പോകുന്ന മറ്റുചിലർ. യാത്രക്കാരുടെ ലഗേജും മറ്റും തലയിൽ എടുത്തുകൊണ്ട് മെല്ലെ നടന്നു പോകുന്ന ചുവന്ന ഉടുപ്പിട്ട റെയിൽവേ ജീവനക്കാർ. എല്ലാം നോക്കി മേൽപ്പാലത്തിൽ ഞാനങ്ങനെ നിന്നു.ആ പേപ്പർ ഒന്ന് തരാമോ? ദാ… എങ്ങോട്ടാ? വടകര ….. നിങ്ങളോ ? ഞാൻ കൊയിലാണ്ടി …… അവിടെയാണോ വീട് ????? അല്ല . എൻറെ സുഹൃത്തിനെ കാണാൻ പോവുകയാണ് . അത് ശരി. ഞങ്ങൾ ദാ ആ കിടക്കുന്ന കോയമ്പത്തൂർ- മംഗലാപുരം പാസഞ്ചറിൽ വന്നതാണ്.

ഇവിടെ ഇറങ്ങി ഏറനാട് എക്സ്പ്രസിന് പോകാം എന്ന് വിചാരിച്ചു.ആ പാസഞ്ചർ നാട്ടിൽ എത്തുമ്പോഴേക്കും വൈകുന്നേരമാവും.എല്ലാറ്റിനും ഞാൻ ഒരു പുഞ്ചിരിയോടുകൂടി തലയാട്ടി. എന്താ കോയമ്പത്തൂർ? മകൻറെ പിജി അഡ്മിഷൻ എടുത്തു വരുകയാണ്. ഒന്നാം തീയതി ക്ലാസ്സ് തുടങ്ങും. അവിടെ ഇലക്ഷൻ ഒക്കെ അല്ലേ? ഞാൻ മകൻറെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്താ പേര്? ArunJith. MBBS എറണാകുളത്തുനിന്നും കഴിഞ്ഞു . ഹൗസ് സർജൻസിയും. ഇപ്പോൾ ചെങ്കൽപേട്ട് മെഡിക്കൽ കോളേജിൽ PG ക്കു ADMISSION കിട്ടിയിരിക്കുകയാണ്. ഓ അത് ശരി…ദാ.. അവൻ തിന്നാനായി തുടങ്ങിയ ബിസ്ക്കറ്റ് എനിക്ക് നേരെ നീട്ടി .അയ്യോ ..വേണ്ട…ഞാൻ ഇപ്പോൾ ദോശ കഴിച്ചതേയുള്ളൂ.ഉം…..

അല്ല ഇത്തവണ ജയരാജൻ ജയിക്കൂലേ? ലോക്സഭാ ഇലക്ഷൻ സമയമായതിനാൽ ഞാൻ കുശലാന്വേഷണങ്ങൾ ചോദിച്ചു.ഓ പിന്നെന്താ സുഖമായി ജയിക്കൂലേ? ഇത്തവണ സർവേഫലങ്ങൾ ഒക്കെ നമുക്ക് എതിരാണ് …
സർവ്വേയിൽ ഒന്നും വലിയ കഥയില്ല….. ഒന്നര ലക്ഷത്തിലധികം മുല്ലപ്പള്ളിക്ക് ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണ്
ഹാ…അങ്ങകലെ നിന്നും എനിക്കായി,അല്ല ഞങ്ങൾക്കായി ഉള്ള തീവണ്ടി ചൂളം അടിച്ചു വരുന്നത് ഞാൻ കണ്ടതും മൈക്കിലൂടെ ചേച്ചി അത് വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു. അച്ഛനും മകനും ഞാനും പ്ലാറ്റ്ഫോം

അഞ്ചിലേക്ക് വേഗത്തിൽ നടന്നിറങ്ങി.സാമാന്യം നല്ല തിരക്കുണ്ടായിരുന്ന വണ്ടിയിൽ ഞാനാദ്യം ഓടിക്കയറി. കുറേ ആളുകൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിനാലാവണം രണ്ടോ മൂന്നോ സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ആദ്യം കണ്ട സീറ്റിൽ ഞാൻ ചാടിക്കയറി സ്ഥാനംപിടിച്ചു. എൻറെ കയ്യിലെ പുസ്തകക്കെട്ടു ഇടതുവശത്ത് വെച്ച് അവർക്കുള്ള ഇരിപ്പിടം ഉറപ്പാക്കി. മകനും ഞാനും അടുത്തടുത്ത സീറ്റുകളിൽ ആയി ഇരുന്നു. അച്ഛൻ അപ്പുറത്ത് ഉണ്ടെന്ന് ഞങ്ങളോട് വന്നു പറഞ്ഞു .ഭക്ഷണസാധനങ്ങൾ വിൽക്കുന്നവരുടെ ബഹളം തന്നെയാണ് അകത്തും പുറത്തും. ഉച്ച യാവാൻ ആയില്ലേ. ബിരിയാണിയുടെയും മണം മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ട്.

അതികഠിനമായ വേനൽ ആണ് ഈ വർഷം. 40 ഡിഗ്രി മുകളിൽ പല ദിവസങ്ങളിലും ചൂട് വർദ്ധിച്ചിരിക്കുന്നു. ദിവസേന സൂര്യതാപമേറ്റ് നിരവധി മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. മൂന്ന് ഇരുമ്പ് ഫാനുകൾ ശക്തിയായി ഞങ്ങൾക്ക് മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഞാൻ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ബോഗിയിൽ നല്ല തിരക്കുണ്ട്. സമയം ഏകദേശം 12 മണി കഴിഞ്ഞിരിക്കുന്നു. നിരവധി ആളുകൾ നിൽക്കുന്നു. ചിലരൊക്കെ നിലത്തിരിക്കാൻ ശ്രമിക്കുന്നു. മുകളിലെ ലഗേജ് വെക്കുന്നിടത്തേക്ക് ഇടയ്ക്കിടെ

നോക്കുന്ന ചിലർ. അവിടേക്ക് കയറാൻ ശ്രമിക്കുന്ന മറ്റു ചിലർ. കുട്ടികളെ എടുത്തു നിൽക്കുന്ന അമ്മമാർ. ഫോണിലേക്ക് മാത്രം നോക്കി തല കുനിച്ചു നിൽക്കുന്ന പെൺകുട്ടികൾ. കയ്യിൽ ഒരു ബിസ്ക്കറ്റും ഒരു കുപ്പി വെള്ളവുമായി വഴിയിൽ നിൽക്കുന്ന കുട വയറൻ ചേട്ടൻ. അയാളുടെ വയറു കാരണം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ നന്നേ കഷ്ട്ടപ്പെടുന്ന ചിലർ. ബാത്റൂമിലേക്ക് എണീറ്റ് പോയാൽ തന്റെ ഇരിപ്പിടം നഷ്ടമാവുമോ എന്നോർത് സീറ്റിൽ അമർന്നിരിക്കുന്ന ചിലർ. നീളൻ സീറ്റിനു നടുവിലായി നിലയുറപ്പിച്ച കുറെ പേർ കാരണം താഴേക്ക് കാറ്റ് കിട്ടാത്തതിനാൽ പലരും കയ്യിലുള്ള പേപ്പർ കൊണ്ട് വീശുന്നുണ്ട്.

ചിന്നം വിളി അങ്ങ് ദൂരെ നിന്നും കേട്ടു. എനിക്കെതിരെയുള്ള തീവണ്ടിയാണോ ഞാൻ ഇരിക്കുന്ന വണ്ടി ആണോ നീങ്ങി തുടങ്ങിയത്? ഞാൻ പ്ലാറ്റഫോമിലെ കടയിലേക്ക് നോക്കി. ഞാൻ ഇരിക്കുന്ന വണ്ടി തന്നെ എന്നുറപ്പായി. കച്ചവടക്കാരെയും സ്റ്റേഷനെയും പിന്നിലാക്കി തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.
അല്പം പാട്ടു കേൾക്കാം എന്ന് തീരുമാനിച്ചു. ചെവിയിൽ അതിനുള്ള ഉപകരണവും തിരുകി കണ്ണടച്ച് ഞാൻ അങ്ങനെ ഇരുന്നു. എന്റെ അരികത്തായി ഡോക്റ്റർ സുഹൃത് ഏതോ സിനിമ കാണുന്നു. പട്ടാമ്പിയും, കുറ്റിപ്പുറവും, തിരൂരും താനൂരും പിന്നിട്ട് വണ്ടി കൂകി പാഞ്ഞു. എല്ലാ സ്റ്റേഷനിലും ആളുകൾ കയറുന്നും, ഇറങ്ങുന്നുമുണ്ട്. കയറുന്ന ആളുകൾ ആണ് കൂടുതൽ എന്ന് മാത്രം. എൻറെ വലതുവശത്തായി ജനലിനോട് ചേർന്നുള്ള ഒറ്റ സീറ്റിൽ രണ്ടു പേർ കഷ്ടപ്പെട്ട് ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിൽ ഒരാളുടെ കയ്യിൽ

തലയും ചായ്ച് മൂന്നു നാലു വയസ്സ് പ്രായം തോന്നിക്കുന്ന കയ്യിൽ നിറയെ മൈലാഞ്ചിയണിഞ്ഞ ഒരു സുന്ദരിക്കുട്ടി നിൽപ്പുണ്ടായിരുന്നു. നിറയെ വളകൾ അണിഞ്ഞ വലിയ നീല പുള്ളികളുള്ള തൂവെള്ള കുഞ്ഞുടുപ്പിട്ട കുഞ്ഞു സുന്ദരി ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്.ഞാൻ അവളെയും.
എവിടെ നിന്നോ നല്ല തണുത്ത കാറ്റ് മുഖത്തേക്കടിച്ചു. ഞാൻ മുന്നിലുള്ള ആളുകൾക്കിടയിലൂടെ ഇടതു വശത്തെ ജനാലക്കിടയിലൂടെ കഷ്ടപ്പെട്ട് പുറത്തേക്ക് നോക്കി. കടലുണ്ടിപ്പുഴ അറബിക്കടലിലേക്ക് ഒഴുകി ലയിച്ച് ഇല്ലാതാവുന്ന മനോഹരമായ കാഴ്ച. പല നിറങ്ങളിലുള്ള ചായം പൂശിയ മൽസ്യ ബന്ധന ബോട്ടുകൾ അങ്ങിങ്ങായി കിടക്കുന്നു.പക്ഷെ നിമിഷ നേരം കൊണ്ട് ആ സുന്ദര മായ കാഴ്ച കണ്ണിൽ നിന്നും മാഞ്ഞു പോയി. കടലുണ്ടിപ്പുഴയുടെ മുകളിലൂടെ തീവണ്ടി മെല്ലെ ഇഴഞ്ഞു നീങ്ങി.

കൈ നിറയെ മൈലാഞ്ചിയണിഞ്ഞ സുന്ദരിക്കുട്ടിയെ ഞാൻ മെല്ലെ നോക്കി.അവൾ തെല്ലൊരു മയക്കത്തിലാണ്.വലതു കൈ ജനാലയിൽ പിടിച് ഇടതു കൈ കൊണ്ട് ഉറങ്ങിക്കിടക്കുന്ന മോളെയും താങ്ങി നിർത്തി സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടുന്ന അവളുടെ ഉപ്പയെ ഞാൻ നോക്കി. രണ്ടു പേർ ഇരിക്കുന്ന ജനാലക്കരികിലെ കുഞ്ഞൻ സീറ്റിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ കഷ്ട്ടപ്പെടുന്നതിനിടയിൽ നാൽപ്പതിൽ താഴെ പ്രായം തോന്നിക്കുന്ന അയാൾ ഇടക്കിടക്ക് എന്നെയും നോക്കുന്നുണ്ട് . മോൾ നല്ല ഉറക്കത്തിലാണ് തോന്നുന്നു? “ദാ ഇവിടെ സുഖമായി ഇരുന്നോളു” എന്റെ ഇരിപ്പിടം ആ അച്ഛനും മകൾക്കുമായി ഞാൻ ഒഴിഞ്ഞു കൊടുത്തു.

ബേപ്പൂരും, ഫാറൂഖും പിന്നിട്ട് വണ്ടി കോഴിക്കോട് എത്തി. ഇപ്പോൾ കമ്പാർട്ട്മെൻറ് ആകെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥ. അടുത്ത സ്റ്റേഷൻ കൊയിലാണ്ടി ആണ്.എനിക്ക് ഇറങ്ങാൻ ആയല്ലോ എന്ന സമാധാനത്തിൽ ഞാൻ കമ്പി യിൽ പിടിച്ചു അങ്ങനെ നിന്നു.
എൻറെ ഡോക്ടർ ചങ്ങാതി ഷൊർണൂരിൽ നിന്നും കയറിയപ്പോൾ സിനിമ കാണാൻ തുടങ്ങിയതാണ്.
ഏതാ സിനിമ ?”ചാർളി”(ചെവിയിൽ നിന്നും ഉപകരണം ഊരിക്കൊണ്ട്)”ചാർലി” മുൻപേ കണ്ടിട്ടില്ലേ?
പലതവണ ……..ഒരു ചെറുപുഞ്ചിരി. “ നമ്മളെ താടിക്കാരുടെ പടമാണ് “ചാർലി പോലെ പാറിപ്പറന്നു നടക്കുകയാണ് ഞാനും. കല്യാണം ഒന്നും കഴിച്ചിട്ടില്ല .ഇതുവരെയായിട്ടും?

(അത്ഭുതത്തോടെ) എന്തെ? ഓ … ഞാൻ മറന്നു പോയി…! എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു. അല്ല…. നീ വടകര അല്ലേ ഇറങ്ങുന്നത്? എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായി …. ഞാനും അവിടെ ഇറങ്ങാം എന്ന് തീരുമാനിച്ചു…. എനിക്ക് ഇവിടെ നിന്നും വീട്ടിലേക്ക് ബസ് കിട്ടും. ആണോ? അത് ഏതായാലും നന്നായി. കൊയിലാണ്ടി സ്റ്റേഷനിൽ ഞാൻ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതുവഴി പല തവണ പോയിട്ടുണ്ടെങ്കിലും. റയെ ആളുകളുമായി ഒരു വലിയ ചിന്നം വിളിയോടെ വണ്ടി കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഒരു കിതപ്പോടെ വന്നു നിന്നു. പുസ്തകക്കെട്ടും എടുത്ത് ഞാൻ തിരക്കിനിടയിലൂടെ വാതിൽക്കലേക്ക് നടക്കവേ പുറകിൽ നിന്നും ഒരു കൈ എൻറെ കയ്യിൽ പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കി.
താങ്ക്സ്…!!! വലതു കൈ കൊണ്ട് എനിക്ക് കൈ തന്നു നന്ദി അറിയിച്ചപ്പോൾ അയാളുടെ ഇടതുകൈയിൽ മൈലാഞ്ചിയണിഞ്ഞ, നിറയെ വളകൾ അണിഞ്ഞ ആ കുഞ്ഞു സുന്ദരി ഇപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
ഞങ്ങളെ സുരക്ഷിതമായി ഇവിടെ എത്തിച്ച നീളൻ വണ്ടി കൂകി പാഞ്ഞു ചിഹ്നം വിളിച് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയി.

നമുക്ക് ഒരു ഓട്ടോ പിടിച്ചു പോകാം.ഇവിടെ നിന്നും ബസ്സ്റ്റാൻഡിലേക്ക് അല്പം ദൂരം ഉണ്ട്.
ഞങ്ങളിരുവരും ഓട്ടോയുടെ പിൻസീറ്റിലിരു ന്ന് പരസ്പരം നമ്പറുകൾ കൈമാറി.വടകര വരുമ്പോൾ വിളിക്കാം.
5 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തി.20 രൂപ ഓട്ടോക്കൂലി അവനാണ് കൊടുത്തത്. വിളിക്കാ എന്ന് പറഞ് അവൻ നടന്നു പോകുന്നത് ഞാൻ പൊരിവെയിലിൽ നോക്കി നിന്നു.
അതി കഠിനമായ ചൂടാണ്.ഞാൻ നല്ലപോലെ വിയർത്തൊലിക്കുന്നുണ്ട്.സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിആയിരിക്കുന്നു.എനിക്കാണെങ്കിൽ അസഹ്യമായ വിശപ്പും. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഞാൻ അവളെ ഒന്നുകൂടി വിളിച്ചു. നീയെന്താ ഫോൺ എടുക്കാത്തത് ? എത്ര നേരമായി ഞാൻ വിളിക്കുന്നു?
നീയെന്നെ പറ്റിച്ചതാണ് എന്ന് എനിക്കറിയാം. ഇന്ന് വരൻ പറ്റില്ല എന്ന് രാവിലെ പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി നീ വീട്ടിൽ നിന്നും ഇറങ്ങി കാണും എന്ന്. അതൊക്കെ പോട്ടെ .. നീ എവിടെ എത്തി?
ഞാനിപ്പോ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ.

ആ എന്ന പിന്നെ നീ ഒരു കാര്യം ചെയ്യ് നേരെ കോഴിക്കോട് ബസ്സിൽ കയറിക്കോ. എന്നിട്ട് ചേമഞ്ചേരി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വേഗം വന്നോ. ഓക്കേ.. അല്ലാ………. ബിരിയാണി റെഡി അല്ലേ. ? ഓ ……..പിന്നേ ബിരിയാണി ഇവിടെ വീട് നിറയെ പണിക്കാരാണ്.
അവർക്ക് കൊടുക്കുന്നത് നിനക്കും തരും. ഞാൻ മനസ്സിൽ ചിരിച്ചുകൊണ്ട് ഫോൺ കട്ടാക്കി.
കോഴിക്കോട് ബസിനായി ചുറ്റും കണ്ണോടിച്ചു. നല്ല ഉച്ചത്തിൽ ഹിന്ദി പാട്ടുകൾ കേൾക്കുന്ന, നീലയും പച്ചയും ചുവപ്പും പിന്നെ എന്തൊക്കെയോ ചായക്കൂട്ടുകൾ കൊണ്ട് അലങ്കരിച്ച കോഴിക്കോട് എന്ന ബോർഡ് വെച്ച ഒരു ബസ്സ്. ഞാൻ അതിൽ കയറി പിൻ സീറ്റിൽ തന്നെ ഇരുന്നു (എനിക്ക് ഇറങ്ങേണ്ട സ്ഥലം അറിയില്ലല്ലോ).
ചേട്ടാ ഒരു ചേമഞ്ചേരി. ചേമഞ്ചേരി നിർത്തൂല. പൂക്കാട് ഇറങ്ങിക്കോ. ഇത് ലിമിറ്റഡ് ആണ്. തൊട്ടടുത്ത സ്റ്റോപ്പ് ആണ് .കുറച്ചു ദൂരമേയുള്ളൂ അവിടുന്ന് ചേമഞ്ചേരിയിലേക്ക്.

15 മിനിറ്റിനുള്ളിൽ ബസ്സ് പൂക്കാട് സ്റ്റോപ്പിലെത്തി .അവിടെ ഇറങ്ങിയ ഞാൻ ഒരു ഓട്ടോ പിടിച്ചു ചേമഞ്ചേരി സ്കൂളിന് മുന്നിൽ ഇറങ്ങി. സ്കൂളിന് പുറകിലായി വിശാലമായ തെങ്ങിൻതോപ്പിലെ നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു നടപ്പുവഴി. തെങ്ങിൻതോപ്പുകൾക്കിടയിലൂടുള്ള വരമ്പിലൂടെ അവളുടെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ പ്രതീക്ഷയുടെയും, ആകാംക്ഷയുടെയും, കാത്തിരിപ്പിനും, സൗഹൃദത്തിൻറെ യും വിങ്ങലുകൾ മനസ്സിൽ കിടന്നു വീർപ്പുമുട്ടുണ്ടായിരുന്നു. കുറെ നടന്ന് ഒരു വളവു തിരിഞ്ഞു. ഇടതുവശത്തായി ഈ വേനലിലും നിറഞ്ഞുനിൽക്കുന്ന കാടുപിടിച്ച് ഒരു വെള്ള കനാൽ ഒഴുകുന്നുണ്ടായിരുന്നു. വശങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന കൈതച്ചെടികൾ. കനാലിലെ തെളി നീരിൽ വീണു കിടക്കുന്ന തെങ്ങോല എന്റെ ഇടതു വശത്തായി നിൽക്കുന്ന തെങ്ങിന്റെ ഓലയുടെ പ്രതിഫലനം ആണോ എന്ന് ഞാൻ സംശയിച്ചു. തെങ്ങോലകൾ അങ്ങിങ്ങായി വീണു കിടക്കുന്നു. താഴേക്കിറങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വശങ്ങളെല്ലാം ഇടിഞ്ഞു തൂങ്ങി നിൽക്കുകയായിരുന്നു

നല്ല തെളി നീർ ആണ്. അങ്ങകലെ തെങ്ങിൻതോപ്പുകൾക്കു അക്കരെ പണിതീരാത്ത വീടിൻറെ ഉമ്മറത്തിണ്ണയിൽ തട്ടത്തിൻ മറയത്തിലൂടെ അവളുടെ കണ്ണുകൾ മാത്രം തിളങ്ങി നിൽക്കുന്നത് ഞാൻ ദൂരെ നിന്നു തന്നെ കണ്ടു. അത് അങ്ങനെ ആയിരുന്നു അവളുടെ കണ്ണുകൾക്കു നക്ഷത്രത്തിളക്കം ആയിരുന്നു. ഇത്തിരി വെള്ളം എടുത്ത് മുഖമൊന്നു കഴുകി. കൺപീലികളിൽ ഒട്ടി നിന്നിരുന്ന വെള്ളത്തുള്ളികൾ ഒരു കണ്ണിറുക്കൽ ഇൻറെ ആലസ്യത്തിൽ നിലത്തു വീണു ഉടഞ്ഞു പോയി. ഇപ്പോൾ അവളുടെ കൊച്ചുവീട് എനിക്ക് വ്യക്തമായി കാണാം . തെങ്ങിൻ തോപ്പിനു നടുവിലൂടെ യുള്ള വരമ്പിലൂടെ ഞാൻ നടന്നു .ഉമ്മയും, ഉമ്മുമ്മയും, ജേഷ്ഠനും, ഏട്ടത്തിയമ്മമാരും നിറഞ്ഞ പുഞ്ചിരിയോടെ ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു.
വീട് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയോ? ഏയ് ഇല്ല ……..

പൊടിപാറി കിടക്കുന്ന ഉമ്മറത്തേക്ക് ചെരുപ്പൂരി വച്ച് ഞാൻ കയറുന്നതിനിടയിൽ കറുത്ത മെലിഞ്ഞ ശരീരമുള്ള മീശക്കാരൻ വാതിലിൽ PAINTING ജോലിക്കിടയിൽ എന്നെ ഒന്ന് നോക്കി.നിലത്ത് ആകെ പൊടിയാണ് ചെരിപ്പു അഴിക്കണ്ട മോനേ എന്ന് ഉമ്മുമ്മ യാണ് പറഞ്ഞത്. എല്ലാവരും എന്നോട് വർത്തമാനം പറഞ്ഞിരുന്നു
ഒരാളൊഴികെ.ദൂരെനിന്നും ഞാൻ കണ്ട കണ്ണുകളുടെ അവകാശിയെ ഞാൻ അവിടെ എല്ലാംഒന്ന് കണ്ണോടിച്ചു നോക്കി.എങ്ങും കണ്ടില്ല. പതിവുപോലെ പരിഭവങ്ങളും, പരാതികളും പറയാൻ പാകപ്പെടുത്തി വച്ച് ഇടനാഴിയിലൂടെഇരുട്ടിൽ നിന്നും വീൽ ചെയറിന്റെ രണ്ടു ചക്രങ്ങൾ എന്നിലേക്ക് മെല്ലെ ഉരുണ്ടു വന്നു. രാവിലെ മുതൽ അവൾ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു എന്ന് ഉമ്മ പറഞ്ഞപ്പോഴും അവൾ ചിരിച്ചില്ല. പരിഭവം പെയ്തുതീരാത്ത മുഖമുയർത്തി ചുവന്ന തട്ടത്തിന് ഇടയിലൂടെ എന്നെ ഒന്ന് നോക്കി.പരാതിപ്പെട്ടി തുറക്കും മുൻപേ അവൾക്കായി ഞാൻ കൊണ്ടുവന്ന ഒരുപാട് പുസ്തകങ്ങൾ മടിയിലേക്ക് ഞാൻ വെച്ചുകൊടുത്തു.

ചക്രങ്ങളിൽ നിന്നും കൈകൾ എടുത്ത് പുസ്തകങ്ങൾ ഓരോന്നോരോന്നായി മറച്ചു നോക്കുന്നതിനിടയിൽ അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നീളൻ ചില്ലു ഗ്ലാസിൽ നിറയെ നാരങ്ങാവെള്ളവും ആയി അവളുടെ ചേട്ടൻറെ ഭാര്യ അടുക്കളയിൽ നിന്നും വരുന്നത് ഞാൻ കണ്ടു. നിറയെ വളകൾ അണിഞ്ഞ കൈകളിൽ നിന്നും വെള്ളം വാങ്ങി ആർത്തിയോടെ ഞാൻ കുടിച്ചു.നല്ല ബിരിയാണിയുടെയും, വറുത്ത മീനിനെയും മണം എവിടെനിന്നോ വരുന്നത് എന്നറിയാൻ ഞാൻ ചുറ്റുപാടും പരതിനോക്കി. അടുക്കള ഭാഗത്തേക്ക് ആണ് എൻറെ കണ്ണുകൾ എത്തിയത്. അടുക്കളവാതിലിൽ പാതി ചെരിഞ്ഞ മുഖവുമായി എന്നെ നോക്കുന്ന ഒരു നിറപുഞ്ചിരി ഞാൻ ശ്രദ്ധിച്ചു. അവളുടെ ചെറിയ ഏട്ടത്തിയമ്മ. നാണത്തോടെ അലസമായി അണിഞ്ഞ വീട്ടുവേഷത്തിൽ എന്നെ നോക്കി അവർ ചിരിച്ചു“ ഇങ്ങളെന്താ അവിടെത്തന്നെ നിൽക്കുന്നെ?ഇങ്ങട്ട് പുറത്തേക്ക് വരി..
ഇങ്ങക്ക് ബിരിയാണി ഇഷ്ടമാണെന്ന് ഇവൾ എപ്പളും പറയും . ഇക്കാക്ക രാവിലെ തന്നെ പോയി നല്ല ബീഫ് വാങ്ങി കൊണ്ടു വന്നതാണ്.ഞാൻ അതിൻറെ പണിയിലായിരുന്നു.PAINTING പണിയുടെ അവശിഷ്ടങ്ങൾ വീട്ടിൽ അങ്ങിങ്ങായി കിടക്കുന്നുണ്ടായിരുന്നു . പൊടി നിറഞ്ഞ കോണിപ്പടികളിൽ ഞാൻ ഇരുന്നപ്പോൾ അവിടെ നിറയെ പൊടിയാണ് മോനെ അവിടെ ഇരിക്കേണ്ട ന്ന് ഉമ്മയാണ് പറഞ്ഞത്.പച്ചപുതച്ച തെങ്ങിൻ തോപ്പിനു നടുവിലായി ഒരു കൊച്ചുവീട്ടിൽ പുഞ്ചിരിക്കുന്ന കുറെ നല്ല മനുഷ്യർ.

ചായം പുരട്ടിയ പട്ടണത്തിൻറെ ദുർഗന്ധം വമിക്കുന്ന കാപട്യത്തെയും, ലഹരിയുടെയും, മത്സരത്തിന്റെയും, വെറുപ്പിന്റെയും , പകയുടെയും, പ്രതികാരത്തിന്റെയും, ചതിയുടെയും, കൊലച്ചിരി നിറയുന്ന നാട്ടിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കമായ ചിരികൾ. നാട്ടുവഴികളും, തോടുകളും, പുഴകളും, മുത്തശ്ശിമാരും മുക്കുറ്റിയും, പൂത്തുനിൽക്കുന്ന ഇടവഴികളും എങ്ങുമില്ല.6X4 INCH DISPLAY യുടെ ലോകത്തിലേക്ക് ഒതുങ്ങുന്ന തല കുനിഞ്ഞ യൗവ്വനങ്ങൾ പെറ്റുപെരുകുന്ന നാട്ടിൽ മേൽ പറഞ്ഞതിന് പ്രസക്തിയില്ല. കഥകൾ കേൾക്കാത്ത, വായനയില്ലാത്ത, മടിയിൽ കിടന്ന് ഉറങ്ങാത്ത, അച്ഛനും അമ്മയോടും സംസാരിക്കാത്ത, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാത്ത, മഴയത്ത് മുറ്റത്ത് ഓടി കളിക്കാത്ത (അതിനു മുറ്റം ഇല്ലല്ലോ), വേനൽക്കാലത്തെ പൊരിവെയിലിൽ പാടത്തു വിയർത്തൊലിച്ച് പന്തു കളിക്കാത്ത (അതിന് പാടങ്ങളും മൈതാനങ്ങളും ഇല്ലല്ലോ), മഴയും, മഞ്ഞും, നിലാവും, കാറ്റും അറിയാത്ത,അനുഭവിക്കാത്ത, ചുറ്റുപാടുകൾ അറിയാത്ത, സ്വയം അറിയാത്ത 6X 4 INCH DISPLAY യുടെ കുഞ്ഞൻ ലോകത്തിലേക്ക് ഒതുങ്ങിപ്പോകുന്ന ബാല്യങ്ങൾ, കൗമാരങ്ങൾ, യൗവനങ്ങൾ.

സ്വന്തം തന്തയെ കാണാതായാൽ പോലും ഗൂഗിളിൽ തപ്പി നോക്കുന്ന തലച്ചോറിൻറെ വികാസം. പരീക്ഷകളിൽ എല്ലാവർക്കും A PLUS . ആരും തോൽക്കുന്നില്ല. ഉന്നതവിജയം വിജയശതമാനം പിന്നെയും കൂടി. ചുറ്റുപാടുകളെ അറിയാത്ത, സ്വയം അറിയാത്ത ഒരു തലമുറയുടെ പരാജയ ശതമാനം വർഷാവർഷവും കൂടുന്നു.സുഹൃത്തിൻറെ ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ 20 വയസ്സ് പോലും തികയാത്ത അയൽവാസി (സ്ഥിരമായി വീട്ടിൽവരുന്ന) പകർത്തിയതും, അതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ അവൻറെ ഫോൺ പരിശോധിച്ചപ്പോൾ അവന്റെ സഹോദരിയുടെ (ചെറിയമ്മയുടെ മകൾ) അടക്കമുള്ള കുളിമുറി ദൃശ്യങ്ങൾ കണ്ടുപിടിച്ചതും ഈയടുത്ത് നടന്ന സംഭവം (വീടിനു തൊട്ടടുത്തു). കാലവും, കാഴ്ചപ്പാടുകളും, സമീപനങ്ങളും ലോകം പുരോഗമിച്ചപ്പോൾ മാറ്റത്തിന് വിധേയമായത് ആവാം. സ്വത്വം ഇല്ലാത്ത പ്രണയവും, സൗഹൃദവും നാട്ടിൽ പെറ്റുപെരുകുന്നു.

വീട്ടു പണിക്കാരുടെ ഒച്ചപ്പാടുകൾ അടങ്ങിയിരിക്കുന്നു. ഭക്ഷണമുറി അടിച്ചുവാരുന്ന ഇത്താത്ത. അടുക്കളയിൽ നിന്നും ഉയരുന്ന മണവും ശബ്ദകോലാഹലങ്ങളും.മോൻ കൈകഴുകി വരൂ…അവൾ കഴിക്കുന്നില്ലേ ഉമ്മ?
ഞാൻ അവളുടെ കൂടെ ഇരുന്നോളാം .“അല്ലാതെ പിന്നെ നീ ഒറ്റയ്ക്ക് ആണല്ലോ കഴിക്കുന്നത്, വേഗം എന്നെ എടുത്ത് കസേരയിൽ എടുത്തെടാ തെണ്ടി“ വീൽചെയറിൽ നിന്നും അവളെ എടുത്ത് ഞാൻ തീന്മേശക്ക് മുന്നിലെ കസേരയിൽ ഇരുത്തി. തീൻമേശ നിറഞ്ഞുതുടങ്ങി. എൻറെ വായിൽ വെള്ളവും.സമയം 3 മണി കഴിഞ്ഞിരിക്കുന്നു.നല്ല ചൂടു പാടുന്ന നാടൻ ചോറിന് ഇടതും വലതുമായി ആവിപറക്കുന്ന ഐല മുളകിട്ടതും ഞണ്ട് കറിയും സ്ഥാനം പിടിച്ചു.

ഒരു പാത്രം നിറയെ മത്തി വറുത്തത് .മോരുകറിയും, പാവയ്ക്കാ തോരനും, ഉപ്പിലിട്ട അച്ചാറും പപ്പടവും. ഒരുപാത്രം നിറയെ കോയിക്കോടൻ ബീഫ് ബിരിയാണി. ഞാൻ ആകെ ധർമ്മസങ്കടത്തിലായി. ഒന്നും പഠിച്ചിട്ടില്ലാത്ത കുട്ടി ചോദ്യപേപ്പറും ആയി പരീക്ഷാഹാളിൽ വെള്ളപേപ്പറിൽ മുന്നിൽ പകച്ചു നിൽക്കുന്നത് പോലെ ഞാൻ തീന്മേശക്ക് മുന്നിൽ ഇരുന്നു.ഉമ്മ ഇത് വല്ലാത്ത ചതിയായിപ്പോയി …ഞാനെവിടെ തുടങ്ങും?? ഞങ്ങൾ കോഴിക്കോട്ടുകാരുടെ മീൻകറിയും ബിരിയാണിയും ആണ് മോനെ വയറുനിറച്ചു കഴിച്ചോളി . അരമണിക്കൂറിലധികം എടുത്ത കഠിനാധ്വാനത്തിന് ഒടുവിൽ പല പാത്രങ്ങളും കാലിയായി തുടങ്ങി . വേസ്റ്റ് ഇടാൻ വേറെ പാത്രം ഒന്നും വേണ്ടി വന്നില്ല. മീൻ വറുത്തത് മൊത്തം ആദ്യമേ ഞാൻ അങ്ങ് കാലിയാക്കി.ഇനി വേസ്റ്റ് അതിൽ ഇടാല്ലോ അയ്യോ… ഉമ്മാ .. ഞണ്ടു കറി ഞാൻ കഴിക്കൂല…

അതാ ..!എന്നിട്ട് ഇവൾ പറഞ്ഞില്ലല്ലോ… അത് സാരല്ല..ചോറും , അയല കറിയും, വറുത്തതും , ബിരിയാണിയും ഞാൻ വയറു നിറയെ അകത്താക്കി.എല്ലാരും ചുറ്റിലും നിന്നു പിന്നേം പിന്നേം എനിക്ക് വിളമ്പി തന്നു. തീൻ മേശയിൽ നിന്നും എണീക്കാൻ വയ്യാത്ത അവസ്ഥ ആയി. വയറും, മനസ്സും നിറഞ്ഞു ഒരു ഏമ്പക്കവും വിട്ട് ഉമ്മറത്തെ തിണ്ണയിൽ പൊടി തട്ടി ഞാൻ ഇരുന്നു …
താടീ ഇന്നാ ഒന്ന് വലിച്ചോ.

കഴിഞ്ഞമാസം ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ വന്ന അവളുടെ മൂത്ത ജ്യേഷ്ടൻ ഒരു സിഗരറ്റ് പാക്ക് എനിക്കുനേരെ നീട്ടി. ഞാൻ അങ്ങനെ എപ്പോഴെങ്കിലുമേ വലിക്കാറുള്ളു എന്ന് പറഞ്ഞ് വീടിന് പുറകിലേക്കു മാറി നിന്ന് ഞാൻ ഒരു സിഗരറ്റിനു തീ കൊളുത്തി. മലമുകളിൽനിന്ന് തെളിനീരുറവ ഒലിച്ചുവരുന്ന പോലെ കളങ്കമില്ലാത്ത സ്നേഹത്തിൻറെയും ,സൗഹൃദത്തിൻറെ യും ആദിത്യ മര്യാദയുടെയും തലോടലുകളെ കുറിച്ച് ഓർത്ത് സിഗരറ്റിന്റെ പുകച്ചുരുളുകൾ തെങ്ങിൻ തോപ്പിന്റെ പശ്ചാത്തലത്തിൽ അന്തരീക്ഷത്തിലേക്ക് ഇല്ലാതാവുന്നത് ഞാൻ നോക്കിനിന്നു… നല്ല മഴക്കോള് കാണുന്നുണ്ട് മക്കളെ… വൈകുന്നേരം ആയാൽ ബീച്ചിലൊക്കെ നല്ല തിരക്കാവും.. പോകുന്നെങ്കിൽ നിങ്ങൾ വേഗം ഇറങ്ങിക്കോ.. അകത്തുനിന്ന് ഉമ്മയുടെ ശബ്ദം. വലിച്ചു തീർന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി ഞാൻ ഉമ്മറത്തേക്ക് ചെന്നു. നാല് മണിക്ക് വരാം എന്ന് പറഞ്ഞ ഓട്ടോ ചേട്ടൻ ഇത് വരെ എതീലല്ലോ എന്ന് ആരൊക്കൊയോ അടക്കം പറയുന്നത് കേട്ടു. ഇനി ഒരിക്കൽ വരാം എന്ന് പറഞ്ഞ് യാത്ര പറഞ്ഞ് ഞാൻ വീടിൻറെ പടികളിറങ്ങി. തെങ്ങിൻ തോപ്പിന്റെ അക്കരെ നിന്നും ഓട്ടോയുടെ കുടുകുടാ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു

“ഡാ… നീ എന്നെ എടുക്കുന്നോ? അതോ എൻറെ വീൽചെയർ എടുക്കുന്നോ? ““10- 50 കിലോയുള്ള നിന്നെ എടുക്കാൻ എനിക്ക് വട്ടാണോ”എന്നെ യാത്രയാക്കാൻ എന്റെ കൂടെ ഇറങ്ങിയ എല്ലാരും ചിരിച്ചു .ഞാൻ അവളെ വീൽചെയറിൽ നിന്നും എടുത്ത് സ്കൂട്ടറിനു പുറകിൽ മെല്ലെ ഇരുത്തി. ഞങ്ങൾ റോഡിൽ കാണും എന്ന് പറഞു എനിക്ക് സിഗരറ്റു വെച്ച് നീട്ടിയ അവളുടെ ചേട്ടൻ അവളെയും പുറകിൽ ഇരുത്തി സ്കൂട്ടർ ഓടിച്ചു തെങ്ങിൻ തോപ്പിലെ വീതി കുറഞ്ഞ വരമ്പിലൂടെ പോകുന്നത് ഞാൻ നോക്കി നിന്നു. കറുപ്പിൽ നിറയെ ചുവന്ന പൂക്കളുള്ള അവളുടെ ഉടുപ്പും,ചുവന്ന തട്ടവും കണ്ണിൽനിന്ന് മാഞ്ഞുപോകുന്നത് ഞാൻ നോക്കിനിന്നു.

ഇനിയൊരിക്കൽ വരാമെന്ന് പറഞ്ഞ് അവളുടെ വീൽചെയറും എടുത്ത് വരമ്പിലൂടെ നടന്നു പോകുന്നതിനിടയിൽ ഒന്നുരണ്ടുവട്ടം വീട്ടുകാരെ ഞാൻ തിരിഞ്ഞു നോക്കി .അവളുടെ ഉമ്മയും, ഉമ്മുമ്മയും , 2 ചേട്ടത്തിയമ്മമാരും പിന്നെ PAINTING ജോലി നിർത്തി കുറെ പണിക്കാരും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. കനാലിനു സമീപത്തൂടെ നടന്നപ്പോൾ ചെയർ കയ്യിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .നല്ല കനം ഉണ്ടായിരുന്ന വീൽചെയർ ഇടയ്ക്കിടയ്ക്ക് വലതു കൈയിൽ നിന്നും ഇടത്തിലേക്ക് ഞാൻ മാറ്റി പിടിച്ചു. ഇത് കണ്ട് “നിനക്ക് അങ്ങനെ തന്നെ വേണം” എന്നു പറഞ്ഞു ചിരിക്കുന്ന അവളെ ദൂരെ നിന്നുതന്നെ ഞാൻ കണ്ടു

LEAVE A REPLY

Please enter your comment!
Please enter your name here