ആട്ടിടയന്മാരുടെ താഴ് വര ; കാശ്മീർ മേഖലയിലെ ഏറ്റവും മനോഹരമായ താഴ് വാരം “പഹൽഗാം”

0
1148

ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ ദൂരം. കോൽഹായ് ഗ്ലേഷിയറിൽ നിന്നും ഉത്ഭവിച്ച് അനന്തനാഗ് ജില്ലയെ കീറിമുറിച്ച്, 73 കിലോമീറ്റർ ദൂരം ഒഴുകി, ത്ധലം നദിയിൽ പതിക്കുന്ന ലിഡ്ഡർ എന്ന നദിയുടെ കരയിലാണ് പഹൽഗാം എന്ന മനോഹരമായ ഹിൽസ്റ്റേഷൻ. കീഴ്ക്കാംതൂക്കായ കുന്നുകളും പൈൻമരക്കാടുകളും പുൽമേടുകളും തലപ്പിൽ, മഞ്ഞുനെയ്ത തലപ്പാവ് ചൂടി നീലക്കൊടുമുടികളും അതിമനോഹരമായ കാഴ്ചകളാണ്ലി ഡ്ഡർ നദി കടന്നെത്തുന്ന ഓരോ സഞ്ചാരിയ്ക്കും പഹൽഗാം കരുതി വച്ചിരിക്കുക. മഞ്ഞുകാലത്തെന്നോ തുന്നിയ പച്ചക്കുപ്പായം പുതച്ച് മനോഹരമായ ഭൂമി. പ്രകൃതി ഒരുക്കിവെച്ച നിറങ്ങളുടെ സമന്വയമാണിവിടെ..!!

മഞ്ഞുരുകിയെത്തുന്ന പുഴവെള്ളത്തിൽ മുങ്ങിനിവർന്ന് മലഞ്ചെരിവിലെ പൈൻമരങ്ങൾക്കിടയിൽ ചുറ്റിത്തിരിയുന്ന മഞ്ഞുകാറ്റ് , നീലിച്ച മലനിരകൾക്ക് താഴെ ഭൂമി ഒരുക്കിവെച്ച പഞ്ഞിക്കിടക്കപോലെ മഞ്ഞുവീണ പുൽമേടുകൾ… മനോഹരമാണ് പഹൽഗാം… സുന്ദരമായ കാഴ്ചകൾ മാത്രമാണിവിടെ നിങ്ങളെ കാത്തിരിക്കുക.. കാശ്മീരിലെത്തി മൂന്നാംദിനമാണ് പഹൽഗാം യാത്രയ്ക്കായി തിരഞ്ഞെടുത്തത്. മഴയൊഴിഞ്ഞ കാലാവസ്ഥയാണെങ്കിലും വെയിൽ ഇരുണ്ട മേഘക്കൂട്ടങ്ങൾക്കിടയിലൂടെ പുറത്തുകടക്കാൻ വിമുഖതകാട്ടും പോലെ. വെയിൽപരന്ന തെളിഞ്ഞ അന്തരീക്ഷമാണ് പലപ്പോഴും ഭൂമിയുടെ മനോഹാരിതയെ പുറത്തേക്ക് കൊണ്ടുവരുന്നത്. ഇരുളടഞ്ഞ കാഴ്ചകൾ പ്രകൃതിയുടെ ഭംഗിയെ ചോർത്തിക്കളയാറുണ്ട്. ഇത്രദൂരം കാശ്മീർ കാണാനെത്തുന്ന സഞ്ചാരികൾക്ക് ഏപ്രിൽ മാസത്തെ ഈ ചാറ്റമഴ വല്ലാത്ത ഭീഷണി തന്നെ..

നാസിർ അഹമ്മദ് തലേന്ന് രാത്രി പറഞ്ഞതുപോലെ തന്നെ 8 .30 ന് കാറുമായി ഹോട്ടലിലെത്തി.
ഉപ്പുമാവും പൂരിയും ഓട്ട്സുമൊക്കെ ഹോട്ടൽമെനുവിൽ ഇടംപിടിച്ചതിനാൽ ഭക്ഷണം മടുപ്പിക്കുന്നതായിരുന്നില്ല. പല യാത്രകളിലും സംഭവിച്ചിട്ടുള്ളതുപോലെ ഒരു നേരമെങ്കിലും ചോറ് കഴിക്കുക എന്ന അതികഠിനമായ മോഹം ഇത്തവണ വേട്ടയാടിയതേയില്ല. കൃത്യ സമയത്ത് തന്നെ വണ്ടി പുറപ്പെട്ടു. തലേ ദിവസത്തേക്കാൾ സൗമ്യനാണിന്ന് നാസിർ അഹമ്മദ്. കടന്നുപോയ വഴികളും അതിന്റെ ചരിത്രവും വർത്തമാനവുമൊക്കെ കൃത്യമായി പറഞ്ഞുതരുന്നുണ്ട്. ശ്രീനഗർ-ജമ്മു ഹൈവേയിലൂടെയാണിപ്പോൾ യാത്ര. നാലുവരിപ്പാത.. ഇടയ്ക്കെപ്പോഴോ അയാൾ കാശ്മീരിലെ കുങ്കുമപ്പാടങ്ങളെപ്പറ്റി പറഞ്ഞിരുന്നു. പാംപോർ… അതാണ് കശ്മീരിലെ സഫ്രോൺ ടൗൺ… ശ്രീനഗറിൽ നിന്നും ജമ്മു ഹൈവേയിൽ 16 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഇന്ത്യയിൽ കുങ്കുമപ്പൂവ് ഏറിയ പങ്കും കൃഷിചെയ്യുന്ന പ്രദേശം. വണ്ടി പാംപോറിലേക്കെത്തി. കാട്ടുചെടികൾ പൂത്തുനിൽക്കുന്ന പാടങ്ങളാണിപ്പോൾ പാതയ്ക്ക് ഇരുവശത്തും. ആഗസ്ത് മാസമാണ് കുങ്കുമം കൃഷിചെയ്ത് തുടങ്ങുക. ഒക്ടോബർ-നവംബർ മാസങ്ങളാണതിന്റെ വിളവെടുപ്പുകാലം. പ്രതിവർഷം 4500 ഹെക്ടറിലായി 2130 കിലോഗ്രാം കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. നൂറു കിലോ പൂവിൽ നിന്നും കേവലം

മൂന്നു കിലോ സഫ്രോൺ ആണ് ലഭിക്കുക. ഒരു കിലോ സഫ്രോണിന് രണ്ടു ലക്ഷം രൂപയാണ് വിപണിവില. ഒക്ടോബർ മാസം കുങ്കുമപ്പാടങ്ങൾ പർപ്പിൾ നിറത്തിൽ പൂത്തുകിടക്കും. പൗർണമിയിലെ നിലാവത്ത് കുങ്കുമപ്പാടങ്ങൾ വെട്ടിത്തിളങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. മുഗൾചക്രവർത്തിയായിരുന്ന ജഹാംഗീർ ഈ പർപ്പിൾപ്പാടങ്ങൾ കാണാൻ എത്തുമായിരുന്നത്രേ.. വണ്ടിയിപ്പോൾ വഴിയരുകിൽ നൂർ മുഹമ്മദ് ഭട്ടയുടെ ഡ്രൈഫ്രൂട്സ് കടയുടെ പാർക്കിങ് ഏരിയായിലേക്ക് കടന്നുനിന്നു.

പാംപോറിലെ പ്രസിദ്ധമായ കടയാണത്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ചെറിയ കടയ്ക്കുള്ളിൽ വലിയ തിരക്ക്. മുറ്റത്ത് കാശ്മീരി കാവ വിൽക്കുന്ന വൃദ്ധനായ കച്ചവടക്കാരനെ കണ്ടു. കാശ്മീരിന്റെ തനത് പാനീയമാണത്. ഡ്രൈ ഫ്രൂട്സും കുങ്കുമവും ഹണിയുമൊക്കെ ചേർത്ത് നിർമ്മിക്കുന്ന ചൂടുള്ള മധുരപാനീയം.
അടിയിൽ കനൽ ഒളിപ്പിച്ചുവെച്ച മനോഹരമായ കൂജയിൽ നിന്നും വൃദ്ധൻ ചെറിയകപ്പിൽ അത് പകർന്നുതന്നു. കശ്മീരിന്റെ രുചി… തെരുവിൽ ഇത്തരം കച്ചവടക്കാരിലാണ് കാശ്മീരി കാവ തനത് രുചിയിൽ ലഭിക്കുക എന്ന് നാസിർ അഹമ്മദിന്റെ സാക്ഷ്യം. വളരെകുറച്ച് ഡ്രൈ ഫ്രൂട്ട്സും കുങ്കുമവും വാങ്ങി തിരികെ വണ്ടിയിലേക്ക് കയറി. കാർ വീണ്ടും പുറപ്പെട്ടു. ഇടയ്ക്ക് ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞിരിക്കുന്നു.
എതിർവശത്ത് നിരനിരയായി സൈനിക വാഹനങ്ങൾ കടന്നുവരുന്നുണ്ട്. പുൽവാമ തീവ്രവാദി ആക്രമണത്തിനു ശേഷം ഇത്തരം നടപടിക്രമങ്ങൾ യാത്രികർക്ക് ശീലമായിരിക്കുന്നു. പുൽവാമയിലൂടെയാണിപ്പോൾ കാർ കടന്നുപോകുന്നത്. ആക്രമണം നടന്ന സ്ഥലം കുറച്ചകലെയാണെന്ന്

നാസിർ അഹമ്മദ്.. പഹൽഗാമിലേക്കുള്ള യാത്രയ്ക്കിടയിൽ അവന്തിപ്പുരയിലെ ക്ഷേത്രം കാണേണ്ടതുണ്ട്.
വണ്ടി എക്സ്‌പ്രസ് വേയിൽ നിന്നും ജമ്മു-ശ്രീനഗർ പഴയ പാതയിലേക്ക് കടന്നു. പൊട്ടിപ്പൊളിഞ്ഞ പാത. അധികദൂരം പോകേണ്ടിവന്നില്ല. റോഡിന്റെ ഇടതുഭാഗത്തായി അവന്തിപ്പുര ക്ഷേത്രം പ്രത്യക്ഷപ്പെട്ടു. തകർന്നു തരിപ്പണമായ ഒരു ചെറിയ കോട്ടപോലെ. AD 855-883 ൽ അവന്തിവർമ്മൻ എന്ന കാശ്മീർ രാജാവ്

പണികഴിപ്പിച്ച ക്ഷേത്രം. കാലപ്പഴക്കം കൊണ്ട് തകർന്നുപോയ കൽക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെ
കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിൽ വൃത്തിയായി സൂക്ഷിക്കുന്നു. അധിക സമയം കാണുവാനുണ്ടായിരുന്നില്ല. വളരെപ്പെട്ടന്ന് വാഹനത്തിലേക്ക് മടങ്ങി. പഹൽഗാമിലേക്ക് ഇനിയും അറുപതോളം കിലോമീറ്റർ. വീണ്ടും പ്രധാനപാതയിലേക്ക് കടന്നു. വഴിക്കിരുവശവും ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന ചെറുകിട ഫാക്ടറികൾ കാണുന്നു.

അതിനപ്പുറമുള്ള പാടങ്ങൾ മുഴുവൻ കാശ്മീരി വില്ലോമരങ്ങൾ കൊണ്ട് സമ്പന്നമാണ്. കാർ സ്റ്റീരിയോയിൽ മുഴങ്ങിക്കേൾക്കുന്ന ഹിന്ദിഗാനങ്ങൾക്കൊപ്പം വണ്ടിയിപ്പോൾ ഹൈവേയിൽ നിന്നും ചെറിയ റോഡിലേക്ക് കടന്നു. റോഡിന് സമാന്തരമായി കുന്നിൻചെരിവിലൂടെ പതിഞ്ഞ താളത്തിൽ ,സ്ഫടികത്തിളക്കത്തിൽ
ലിഡ്ഡർ നദി താഴേക്ക് പായുന്നു. കൃത്യമായ വഴികളില്ല. വികൃതിയായൊരു കുട്ടിയെപ്പോലെ ഓരോ

മഞ്ഞുകാലത്തിനൊടുവിൽ അതിരുകൾ ചാടിക്കടന്ന്….. വഴികൾക്കിരുവശവും നിറയെ വീടുകൾ
കണ്ണെത്താദൂരം പൂത്തുനിൽക്കുന്ന ആപ്പിൾമരങ്ങൾ.. കുന്നിൻ ചെരിവിൽ ഇടതൂർന്നുനിൽക്കുന്ന നിൽക്കുന്ന പൈൻമരങ്ങൾ.. പോപ്ലാറും, ദേവദാരുവും മലഞ്ചെരിവുകളെ മനോഹരമാക്കുന്നു. കാഴ്ചയിൽ മുഴുവൻ വെയിൽ പടർന്നിരിക്കുന്നു. അതിപ്പോൾ താഴ് വര മുഴുവൻ നിറഞ്ഞതുപോലെ. ഇടയ്ക്ക്ആ പ്പിൾത്തോട്ടങ്ങൾക്കിടയിലെ ചെറിയ കടയിൽ വണ്ടിയൊതുക്കി.

പൂത്തുനിൽക്കുന്ന ആപ്പിൾമരങ്ങൾ കൗതുകമുള്ള കാഴ്ചയായിരുന്നു. ചായയ്ക്കും പക്കോടയ്ക്കുമൊപ്പം ചില ചിത്രങ്ങൾ പകർത്തി യാത്ര തുടർന്നു. കുന്നിറങ്ങി ലിഡ്ഡർ നദിയ്ക്കുകുറുകെ വലിയ ഇരുമ്പുപാലം മറികടന്ന് പഹൽഗാം എന്ന മലയോരപട്ടണത്തിന്റെ കവാടത്തിലേക്ക് വണ്ടിയൊതുക്കി. പഹൽഗാം ഡെവലപ്മെന്റ് അതോറിറ്റിയ്ക്കാണ് ടൂറിസത്തിന്റെ ചുമതല. എൻട്രിപാസ് കൈപ്പറ്റി യാത്ര തുടർന്നു. പഹൽഗാം ഒരു വലിയ

പട്ടണമായിരുന്നില്ല. വലിയ മലഞ്ചെരിവിന്റെ അടിവാരത്തായി ലിഡ്ഡർ നദിയുടെ കരയിൽ വളരെ ചെറിയൊരു പട്ടണം. മലഞ്ചെരിവിലേയും, താഴ് വരയിലേയും മനോഹരമായ കാഴ്ചകളാണ് പഹൽഗാമിന്റെ പ്രധാന ആകർഷണം. ആഗസ്ത്- സെപ്റ്റംബറിലെ ആപ്പിൾ വിളവെടുപ്പുകാലം പഹൽഗാം ടൂറിസത്തിന് വീണ്ടും ജീവൻ വയ്ക്കുന്നുണ്ട്. ആരുവാലി, ബേട്ടാബ് വാലി,ബായ് സരൺ വാലി, ലിഡ്ഡർ നദി, തുളിയൻ ലേക്ക്, ചന്ദൻവാരി
ഇവയൊക്കെയാണ് പ്രധാന ആകർഷണകേന്ദ്രങ്ങൾ..

പഹൽഗാമിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയുള്ള ചന്ദൻവാരിയിൽ നിന്നാണ് അമർനാഥ് യാത്ര ആരംഭിക്കുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെ നീളുന്ന തീർത്ഥാടനകാലത്ത് യാത്രികരുടെ ഒഴുക്കുണ്ടാകും ഇവിടേയ്ക്ക്. കുതിര സവാരിയ്ക്കായുള്ള പോയിന്റിലാണ് നാസിർ വണ്ടി നിർത്തിയത്. അതിനു മുമ്പുതന്നെ
ഏകദേശ വിവരണം അയാൾ നൽകിയിരുന്നു. പോണീ റൈഡാണിവിടെ ടൂറിസ്റ്റുകൾക്കുള്ള പ്രധാന

വിനോദം. മലമുകളിലെ വ്യൂ പോയിന്റുകളിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. സമയക്കുറവും, ചെങ്കുത്തായ മലകയറുവാനുള്ള പ്രയാസവും കാരണം കുതിരസവാരിയാകും സഞ്ചാരികൾ തെരഞ്ഞെടുക്കുക. കാശ്മീരിലെ മറ്റിടങ്ങളെപ്പോലെ തന്നെ ഫീസ് കൂടുതലാണ്. ആൾക്ക് 2200 രൂപയ്ക്ക് സവാരിയുറപ്പിച്ച് യാത്ര ആരംഭിച്ചു.
ചെറിയ ചെറിയ ടാർ വഴികളിലൂടെ യാത്ര തുടങ്ങി. ദരിദ്രരായ ഗ്രാമീണരുടെ ടിൻഷീറ്റ് മേഞ്ഞ കുഞ്ഞുകുഞ്ഞു വീടുകൾക്കിടയിലൂടെ ചിരപരിചിതരായ കുതിരകൾ വരിവരിയായി നടന്നു നീങ്ങി.

ഷിംലയിലെ കുഫ്രിയിൽ കുന്നിന്മുകളിലേക്ക് നടത്തിയ കുതിരസവാരിയെക്കുറിച്ചോർത്തപ്പോൾ ഒട്ടും ഭയം തോന്നിയതേയില്ല. മെലിഞ്ഞു നീണ്ട് മധ്യവയസ്ക്കരായ കുതിരക്കാർ കുതിരയ്‌ക്കൊപ്പം കുന്നുകളിലേക്ക് നടന്നുകയറുകയാണ്. ചെങ്കുത്തായ കുന്നുകളിലേക്കാണിപ്പോൾ കുതിര നടന്നുകയറുന്നത്
വഴി നിറയെ ഉരുളൻ കല്ലുകൾ… അഗാധമായ താഴ് വരകൾ.. കുഫ്രിയെ മറന്നൊന്ന് നിലവിളിക്കാൻ തോന്നിപ്പോയി… വിറളിപിടിച്ച കുതിരയുടെ പോക്ക് എങ്ങോട്ടാണ്…?? കടിഞ്ഞാണിൽ പിടിച്ചിരുന്നു..

ഇതിനിടെ ചില വ്യൂ പോയിന്റുകൾ കടന്നുപോയിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോഴേക്കും കടിഞ്ഞാൺ പിടിച്ച് കുതിരയ്ക്ക് ചില നിർദേശങ്ങൾ നൽകാൻ പഠിച്ചു. കാശ്മീർ വാലിയും.. ബായ് സരൺ വാലിയും..
മനോഹരമായ കാഴ്ചയായിരുന്നു. മിനി സ്വിറ്റ്സർലാൻഡ് എന്ന് വിളിപ്പേരുള്ള ബായ് സരണിലെ പുൽത്തകിടിയിൽ, വെറും നിലത്ത് വെറുതേ കിടന്നു..

ചുറ്റും മഞ്ഞുമൂടിയ മലനിരകൾ.. ഇരുൾപ്പച്ചയിൽ പൈൻമരക്കാടുകൾ..ഹിന്ദി സിനിമകളുടെ ഷൂട്ടിങ് പോയിന്റുകൾ..നിറങ്ങൾക്കൊണ്ട് തുന്നിച്ചേർത്ത കമ്പളം പോലെ മനോഹരമാണീ ഭൂമി.ഉരുളൻകല്ലുകളും കയറ്റിറക്കങ്ങളും പിന്നിട്ട് മലഞ്ചെരിവിൽ കുതിരയ്‌ക്കൊപ്പംനടക്കുകയാണ് കുതിരക്കാർ.പാവം തോന്നി…എത്ര ദൂരമാണിവർ മലകയറിയത്.. ഇറങ്ങിയത്..തിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാകും..ചെറുപ്പകാലത്തൊക്കെ

രണ്ടു സവാരി നടത്തുമായിരുന്നത്രേ..!!ആട് വളർത്തി ഉപജീവനം നടത്തിയിരുന്ന ഇടയന്മാരുടെ പിൻമുറക്കാർ..പഹൽഗാമിലെ ടൂറിസം ഇവരുടെ ജീവിതത്തിൽ എന്തുമാറ്റം വരുത്തിയിട്ടുണ്ടാകും.ഭൂമിയിലെ എല്ലായിടത്തും ദരിദ്രരായ മനുഷ്യർ അന്നന്നത്തെ ആഹാരം തേടിയുള് അലച്ചിലിലാണ്.ഇവിടെയുമുണ്ടവർ.

തലപ്പാവും മുഷിഞ്ഞുനീണ്ട കുപ്പായവും ധരിച്ച് മലഞ്ചെരിവുകളിൽവിയർത്തുമുഷിയുന്നവർ..കുതിരകൾ താഴ് വരയിലെ ടാർ വഴിയിലേക്കിറങ്ങി.സവാരി അവസാനിക്കാറായിരിക്കുന്നു.. കുതിരയ്ക്ക് വേഗത കൂടുന്നു.

കുതിരക്കാരുടേയും…വെയിൽ ചാഞ്ഞുതുടങ്ങി.ദൂരെ..താഴ് വരയിലെ ആട്ടിൻപറ്റങ്ങൾപൈൻമരങ്ങളുടെ നിഴലുകൾപ്പറ്റി പുഴക്കരയിലെ വീടുകളിലേക്ക് നടക്കുന്നത് കാണാമിപ്പോൾ…

കടപ്പാട് : അരുൺ കളപ്പില

LEAVE A REPLY

Please enter your comment!
Please enter your name here