നാല്‍പ്പതു ദിനങ്ങളിലെ ഇന്ത്യ-Part 15 ബൊളീവിയന്‍ ഡെത്ത് റോഡുകളെ അനുസ്മരിപ്പിക്കുന്ന ഇന്ത്യയിലെ ഭയാനകമായ റോഡുകളിലൊന്നാണ് കില്ലര്‍- കിഷ്ത്വര്‍ പാത.ഇടുങ്ങിയ വഴികള്‍ കൊണ്ടും അപകടം നിറഞ്ഞ വഴികളില്‍ കൊണ്ടും ഈ പാത നിങ്ങളള്‍ക്ക് ഉദ്വേഗവും ഭയവും ഒരേ സമയം നല്‍കും.ഹിമാചലിന്‍െറ ദേവഭൂമിയില്‍ നിന്നും കാശ്മീരിന്‍െറ സ്വര്‍ഗ്ഗഭൂവിലേക്ക് തുറക്കുന്ന വാതിലാണ് കില്ലര്‍-കിഷ്ത്വര്‍ റോഡ്.
സച്ച്പാസ് ഇറങ്ങി കില്ലര്‍ എത്തിയപ്പോഴേക്കും വണ്ടിയുടെ ലഗേജ് ക്യാരിയര്‍ പൊട്ടിയിരുന്നു.സച്ച്പാസിലെ ചെങ്കുത്തായ കയറ്റങ്ങളും ഓഫ്റോഡും ചെറിയ വീഴ്ചകളും കൂടിയായപ്പോള്‍ ക്യാരിയറിന്‍െറ വെല്‍ഡിംഗ് പലയിടത്തും വിട്ട് പോയിരുന്നു.കില്ലര്‍ ചെറിയൊരു അങ്ങാടിയാണ്.ബസ് സ്റ്റാന്‍റും പബ്ലിക്ക് ടോയിലറ്റും കുറച്ച്
കടകളും സ്റ്റുഡിയോയും മറ്റുമുള്ള ചെറിയൊരു ടൗണ്‍.വെല്‍ഡറെ കുറെ നേരം തപ്പിയൊടുവില്‍ കണ്ടുപിടിച്ചു.
വന്നും പോയും ഇരിക്കുന്ന കറന്‍റ് ഞങ്ങളെ പോലെ വെല്‍ഡറേയും വിഷമത്തിലാക്കി. കില്ലാഡ് നേരം ഇരുട്ടും മുമ്പേ പാസ് ചെയ്ത് പോകണമെന്ന് പുള്ളി ഓര്‍മ്മിപ്പിച്ചു.പാങ്ങി വാലിയുടെ സൗന്ദര്യം ആസ്വദിച്ച് കില്ലറില്‍
ഇരുന്ന് സമയം പോയതറിഞ്ഞില്ല.കുറേ സമയത്തെ അധ്വാനത്തിന് വെല്‍ഡര്‍ ചെറിയ കാശേ വാങ്ങിച്ചുള്ളൂ.
പുള്ളിയോട് യാത്ര പറഞ്ഞ് കില്ലര്‍-കിഷ്ത്വര്‍ റോഡിലേക്ക് തിരിഞ്ഞു. വനാന്തര ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്
പോലെയാണിപ്പോള്‍.വല്ലപ്പോഴും ഒരാളെ കണ്ടാലായി.കുറച്ചൂടി കഴിഞ്ഞപ്പോള്‍ HP പോലീസ് ബാരിയര്‍ എത്തി.ഇവിടെ കര്‍ശന പരിശോധനയാണ്.ഐഡി പ്രൂഫുകളും ലഗേജും ചെക്ക് ചെയ്ത് വാഹനത്തിനൊപ്പം
ഓരോരുത്തരെയും നിര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയാണ് കടത്തി വിട്ടത്.ഒരു ചെറിയ ഗ്രാമത്തില്‍ എത്തി ചായക്കായി നിര്‍ത്തി. കുട്ടികള്‍ ചായക്കടയുടെ അടുത്തുള്ള ക്ഷേത്രത്തതില്‍ കളിച്ചു കൊണ്ടിരിക്കുന്നു.
ഗ്രാമവാസികളിലൊരാള്‍ ദൂരേക്ക് ചൂണ്ടി കാണിച്ചു തന്നു-അതാണ് കില്ലാഡ്.ഒരു മലയിലൂടെ ആരോ തലങ്ങും വിലങ്ങും വരച്ചതു പോലെ കില്ലര്‍-കിഷ്ത്വര്‍ റോഡ് അവ്യക്തമായി കണ്ടു.നെഞ്ചിടിപ്പ് കൂട്ടാനായി ഗ്രാമവാസിയുടെ വക കഴിഞ്ഞ ആഴ്ച താഴേക്ക് പോയ ടാറ്റ സുമോയുടെ കഥയും !ചെളിയില്‍ പുതഞ്ഞാണ് റോഡിന്‍െറ തുടക്കം തന്നെ.പല ഭാഗത്തും നീന്തിയാണ് വണ്ടികള്‍ പോകുന്നത്.വലിയ പാറക്കെട്ടിനെ
വെട്ടിപ്പൊളിച്ചാണ് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു ഭാഗത്ത് ആകാശം മുട്ടി നില്‍ക്കുന്ന വലിയ പാറക്കെട്ടുകള്‍,അതിനു മുകളില്‍ നിന്നും ഇപ്പൊ വീഴും എന്ന മട്ടിലുള്ള കല്ലുകള്‍,യാതൊരു സുരക്ഷാ വേലികളും ഇല്ലാത്ത റോഡിനു മറുവശം അഗാധമായ കൊക്കയും.വളരെ ശ്രദ്ധയോടെ പതിയെ ആയിരുന്നു എല്ലാവരുടെയും മുന്നോട്ടുള്ള യാത്ര.ഒന്നു പാളിയാല്‍ മതി അഗാധമായ താഴ്ചകളിലേക്ക് കൂപ്പ് കുത്താന്‍.
ജമ്മു കാശ്മീരിലെ കിഷ്ത്വര്‍ നിന്നും ഹിമാചലിലെ സ്പിതിയെ ബന്ധിപ്പിക്കുന്ന പാതയാണ് കില്ലര്‍-കിഷ്ത്വര്‍.114 കിലോമീറ്റര്‍ ദൂരമുള്ള ഈ മലമ്പാത NH 26 ആണ്.കിഷ്ത്വര്‍ നിന്നും 5374 അടിയില്‍ തുടങ്ങി സ്പ്തിയിലേക്ക് 10100 അടി ഉയരത്തിലേക്ക് വളഞ്ഞ് പുളഞ്ഞ് നീണ്ടു കിടക്കുന്ന അപകടമേറിയ മലമ്പാതയാണ് കില്ലര്‍-കിഷ്ത്വര്‍.മഞ്ഞുകാലങ്ങളില്‍ ഈ പാത പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നു. ഉയരത്തിന്‍െറ
കാഠിന്യത്തേക്കാള്‍ കില്ലര്‍ ഉയര്‍ത്തുന്ന വെല്ലുവിളി വീതി കുറഞ്ഞ റോഡും റെയില്‍ ഗാര്‍ഡുകള്‍ ഇല്ലാത്തതും
ആണ്.എതിരെ വാഹനങ്ങള്‍ വന്നാല്‍ ഒതുക്കികൊടുക്കാന്‍ പലയിടത്തും റിസ്ക് ആണ്.കില്ലര്‍ പാസ് ചെയ്യുന്ന സമയത്ത് ഒരേയൊരു വണ്ടി മാത്രമേ വന്നുള്ളൂ എന്നത് ഓര്‍മ്മിക്കുന്നു.താഴെ അഗാധമായ താഴ്വാരത്ത് കൂടി ചെനാബ് നദി ഒഴുകുന്നു.
മരതക താഴ്വാരങ്ങള്‍ക്ക് മേല്‍ ഒരു വെള്ളികൊലുസ്സ് അണിഞ്ഞ പോലെ ചെനാബിന്‍െറ ഭംഗി പലപ്പോഴും മനസ്സറിഞ്ഞ് ആസ്വദിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. കാരണം ഭീതി നിറഞ്ഞ വഴികളാണ് മുന്നില്‍.
പാതയിലേക്ക് തൂങ്ങി നില്‍ക്കുന്ന പാറകള്‍ സില്‍വര്‍സ്റ്റന്‍ സ്റ്റാലോണിന്‍െറ Cliffhanger മൂവിയെ
പലപ്പോഴും ഓര്‍മ്മിപ്പിച്ചു.കില്ലര്‍ റോഡ് BRO അറ്റക്കുറ്റപ്പണികള്‍ നടത്തി വരുന്നുണ്ട്.കില്ലര്‍ തുറക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ തന്നെ ആണ്. ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിലേക്ക്. ഒരിട വേള പിഴച്ചു പോയാല്‍ ആയിരക്കണക്കിന് അടി താഴേക്ക് പതിച്ച് ചെനാബില്‍ വിലയം പ്രാപിക്കാം.ഒറ്റ വാക്കില്‍ കില്ലാഡിനെ കുറിച്ച് ഒന്നേ പറയാനുള്ളൂ- ”Almost killer Road” അപകടം നിറഞ്ഞ ഭാഗങ്ങള്‍ പിന്നിട്ടതോടെ നേരം ഇരുട്ടി.ദൂരെ മിന്നാമിനുങ്ങളെ പോലെ പ്രകാശം കണ്ട് തുടങ്ങി.അത് ഗുലാബ്ഗഢ് പട്ടണമാണ്.
ഗുലാബ്ഗഢില്‍ എത്തിയതോടെഎല്ലാവര്‍ക്കും വലിയ ആശ്വാസമായി.താഴെ കണ്ട കടയില്‍ നിന്നും ഭക്ഷണവും കഴിഞ്ഞ് അങ്ങാടിയില്‍ തന്നെ ടെന്‍റ് അടിച്ചു കിടന്നു. ഇപ്പോള്‍ കാശ്മീര്‍ സംസ്ഥാനത്ത്ത്തി യിരിക്കുന്നു ഗുലാബ്ഗഢ് ജമ്മു കാശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലാണ്. നേരം വെളുത്തു വരു ന്നേയുള്ളൂ ,ഉച്ചത്തിലുള്ള ഹോണടി കേട്ടാണ് ഉണര്‍ന്നത്.അങ്ങാടിയില്‍ ഏതോ ബസ്സുകാരന്‍െറ വകയാണ്.ജമ്മു പോകുന്ന ബസ്സാണ്.പത്തിരുപത് മിനിട്ട് നീണ്ട് നിന്ന ഹോണടി എല്ലാവരേയും ഉണര്‍ത്തി.ഒരു ചായക്ക് തൊട്ടടുത്ത കടയില്‍ പറഞ്ഞ് നേരെ ബുദ്ധിസ്റ്റ് ഗോംപയില്‍ പോയി.ഗുലാബ്ഗഢ് നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൊണ്ട്
പ്രശസ്തമായ ഇടമാണ്.
ദലേലാമ ഇവിടുത്തെ ഗോംപെ 2010-ല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിന്‍െറ ബേസ് ക്യാംപ്
ഗുലാബ്ഗഢ് ആണ്.”Valley of Sapphire” എന്നറിയപ്പെടുന്ന പഢാര്‍ താഴ്വരയില്‍ ആണ് ഗുലാബ്ഗഢ് നിലകൊള്ളുന്നത്.മൊണാസ്ട്രി സന്ദര്‍ശനം കഴിഞ്ഞ് ചായയും കുടിച്ച് യാത്ര തുടര്‍ന്നു.കൃഷിയിടങ്ങളാണ് എല്ലായിടത്തും. ഒരു വീടിന്‍െറ മുറ്റത്ത് ആപ്പിള്‍ മരങ്ങള്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹം
ആയി.ദീദിയോട് ചോദിച്ച് ആപ്പിള്‍ പറിച്ച് കഴിക്കുമ്പോള്‍ ആദ്യമായി ആപ്പിള്‍ മരങ്ങള്‍ കണ്ടതിന്‍െറ ആവേശമായിരുന്നു.അഡ്വഞ്ചര്‍ ആക്ടിവിറ്റീസിന് പറ്റിയ ഇടമാണ് ഗുലാബ്ഗഢും പഢാര്‍ താഴ്വവാരങ്ങളും.
കടപ്പാട് : Nisar Mohamed