യാത്ര ടിക്കറ്റ് കഴിന്ന 10 വർഷമായി എന്റെ പേഴ്സിൽ സൂക്ഷിക്കുന്നു ;ഒരു വലിയ ദുഃഖത്തിന്റെയും അതിനെ തുടർന്നുള്ള സ്നേഹമസ്രണമായ തടോലിന്റെയും ഓർമക്ക്

0
528

ഇന്നും പച്ചപ്പിടിച്ച ഒരു യാത്രാ വിവരണം ! ഈ യാത്ര ടിക്കറ്റ് കഴിന്ന 10 വർഷമായി എന്റെ പേഴ്സിൽ സൂക്ഷിക്കുന്നു. ഒരു വലിയ ദുഃഖത്തിന്റെയും അതിനെ തുടർന്നുള്ള സ്നേഹമസ്രണമായ തടോലിന്റെയും ഓർമ പുതുക്കലിന് വേണ്ടിയാണ് ഞാനിതു എടുത്തു വെച്ചിട്ടുളത്. 2009 ലെ നോമ്പ്കാലം കേരളത്തിന് പുറത്തു പോവുകയും ഒരു മാസത്തെ ദേശാടനം പൂർത്തിയാക്കി ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വരാൻ കൊതിക്കുകയായിരുന്നു.വിശേഷങ്ങൾ ഉമ്മയോട് പങ്കു വെക്കാൻ വേണ്ടി.പിന്നെ പുറം നാട്ടിലെ നമ്മുടെ സഹോദരങ്ങളുടെ ദുരിതങ്ങൾ അറിയിക്കാനും ,നാം എത്രത്തോളം ഭാഗ്യവന്മാരാണ് എന്ന് സ്വയം വിശ്വസിക്കാനും. പക്ഷെ എന്തോ എങ്ങനെയോ കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ലഭിച്ചില്ല. ബോംബയിലെ ദാദറിലേക്കുള്ള എക്സ്പ്രെസ്സിൽ കയറിപറ്റി.

കാലിൽ ചെറിയൊരു മുറിവുണ്ടായിരുന്നു അതിന്റെ വേദന ചെറുങ്ങനെയാണേലും എന്നെ വേട്ടയാടുന്നുണ്ടായിരുന്നു .ദാദറിലെത്തിയാൽ ബോംബയിൽ നിന്നും പുറപ്പെടുന്ന ലോകമാന്യ തിലക് എക്സ് പ്രസ്സിൽ നാട്ടിലേക്ക് വിടാം എന്ന് കരുതി. കറങ്ങി കറങ്ങി 2009 സെപ്റ്റംബർ 24 പുലർച്ചെ 3.30 നു ദാദറിലെത്തി. എന്റെ മുൻപ് ബോംബെ സന്ദർശിച്ച ചങ്ങായി പാനൂർക്കാരൻ സുഫൈൽ എന്നോട്പ റഞ്ഞിരുന്നു,”ബോംബയിൽ യാത്ര സുഖം ടാക്സിയിലാണെന്ന്”. കുറഞ്ഞ പൈസയും പെട്ടെന്ന് എത്തുകയും ചെയ്യുമത്രെ !. അങ്ങനെ ദാദറിൽ ട്രെയിൻ ഇറങ്ങി സ്റ്റേഷന് പുറത്തിറങ്ങി.കയ്യിൽ വലിയ ഒരു ട്രോളിയും ഒന്ന് രണ്ടു കവറുമുണ്ടായിരുന്നു കൂടെ വേദനയും.നിനച്ചിരിക്കാതെ ഒരാൾ വന്നു പറഞ്ഞു “ബായി ടാക്സി റെഡിയാണ് വേണോ” അതിനിടയിൽ വേറൊരാൾ എന്റെ പെട്ടിയിൽ പിടുത്തമിട്ടിരുന്നു.എന്റെ മനസ്സിലും ലടു പൊട്ടി ഏതായാലും ടാക്സി ലാഭമാണ് എന്ന് സുഫൈൽ പറഞ്ഞു.ടാക്സി പിടിക്കുകയും വേണം.ആയിക്കോട്ടെ !
“ലോകമാന്യ തിലകിലേക്ക് പോവണം എത്ര ദൂരമാവും?”.

“ഭായി അത് ഇവിടെ അടുത്ത് തന്നെ നിങ്ങൾ കയറൂ”. പിന്നെ,ഒരു സംശയം “എത്ര രൂപയാവും”? “അത് ഭായി കിലോമീറ്ററിനു 13 രൂപയാവും”. “അടുത്ത്” എന്ന പ്രയോഗം എന്നിൽ ഒരു കുറഞ്ഞ ദൂരമേയുള്ളൂ എന്ന് തോന്നിപ്പിച്ചു. അങ്ങനെ കാറിന്റെ അടുത്ത് എത്തി,ഒരു പഴഞ്ചൻ പദ്മിനി കാർ !. “ഓ ഈ ലോകൽ കാറിലാണല്ലോ പോവേണ്ടത്”ആത്മഗതം ചെയ്തു.ആട്ടെ പോവുക തന്നെ. കാറിൽ കയറാൻ പോവുമ്പോൾ അയാൾ തടഞ്ഞു നിർത്തി പറഞ്ഞു. കയറല്ലേ ! ഒരു ചന്ദനതിരി കത്തിക്കണം.ആയിക്കോട്ടെ എന്ന് ഞാനും കരുതി.കൈ നീട്ടമല്ലേ !. അയാൾ ചന്ദനതിരി കത്തിച്ചു മുന്നിലുള്ള ഗണപതി ചിത്രത്തിന് മുന്നിൽ തിരുകി വെച്ചു പിന്നെ കുറച്ചു ശ്ലോകങ്ങളും. യാത്ര തുടങ്ങി.

കൂടെ മുൻസീറ്റിൽ എന്റെ ട്രോളി ആദ്യം പിടിച്ച ആളുമുണ്ടായിരുന്നു.ബോംബെ നഗരം ഒന്ന് കാണാം എന്ന് കരുതി തല പുറത്തിട്ടു. എല്ലാം അടഞ്ഞു കിടക്കുന്നു. എന്നാലും ഇത്രനാളും കേട്ട് മാത്രം പരിചയമുള്ള ബോംബയിലൂടെ ഞാനിതാ പദ്മിനി കാറിൽ വിലസുന്നു എന്ന ചെറിയ ഹുങ്കുമായി ഇരിക്കുമ്പോൾ ഡ്രൈവർ എനിക്ക് ഒരു ടേബിൾ തന്നു. ഞാൻ ചോദിച്ചു ഇതെന്താണ്?. ഇത് ഫെയർ ടാബിളാണ് സർ ! “ഓഹോ”
ഞാൻ ടാബിൾ വെറുതെ നോക്കി.”എനിക്ക് എത്ര രൂപയാവും?”. ഒരു 50 രൂപയൊക്കെയാവും എന്ന പ്രതീക്ഷയിലാണ് ചോദ്യം.”അത് സാറേ 15 കിലോമീറ്റർ ഉണ്ടാവും,പിന്നെ നൈറ്റ് ചാർജ് 50% വേറെയുമുണ്ടാവും”.എന്റെ തല മിന്നി തുടങ്ങി അതായത് ഏകദേശം 300 രൂപയാവും.

ഒരു മാസത്തെ അലച്ചിലിന് ശേഷം എന്റെ കയ്യിൽ ബാക്കി ആകെയുള്ളത് 635 രൂപ മാത്രമാണ്.അതിൽ 300 രൂപ ഇവന് നൽകിയാൽ പിന്നെ എന്റെ കയ്യിൽ എന്തുണ്ടാവും??? വെറും 300 രൂപയോ ??? നാട്ടിലേക്ക് ടിക്കറ്റ് എടുക്കണം,ഒരു ദിവസത്തെ യാത്രയിൽ ഭക്ഷണം വെള്ളം ഇതും വേണ്ടതാണല്ലോ. എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു.ഞാൻ പറഞ്ഞു ഇത് വഞ്ചനയാണ്. അയാളത് ഗൗനിക്കുന്നേയില്ല ! 300-രൂപ വേണ്ടി വരും എന്ന് ശടികുന്നു. 18-വയസ്സുകാരനായ എന്നിൽ അന്ന് കരച്ചിലും വിങ്ങലും എല്ലാം ഒന്നിച്ചു വന്നു.എന്ത് ചെയ്യും? ബോംബയെ കുറിച്ച് കേട്ടതൊക്കെ സത്യമാണന്നു ഉറപ്പു വന്നു. എന്നാലും അറ്റ കൈ പ്രയോഗം എടുത്തു. എന്റെ കയ്യിൽ അത്രയും കാശില്ല,എനിക്ക് നാട്ടിൽ പോവണം എന്നൊക്കെ കരഞ്ഞു പറഞ്ഞു.

“നോ രക്ഷ” അവൻ വഴങ്ങുന്നില്ല.അവൻ പറഞ്ഞു “എന്നാൽ നമുക്ക് പോലിസ് സ്റ്റേഷനിൽ പോവേണ്ടി വരുമെന്ന്”.ഞാൻ പറഞ്ഞു “ആയികോട്ടെ, അതായിരിക്കും എനിക്കും നല്ലത്”. ഞാനും ഓക്കേ പറഞ്ഞു.
പക്ഷെ,അതിൽ അവൻ അടവ് മാറ്റി. അത് നടക്കില്ല നീ കാശ് തന്നെ മതിയാവൂ.എന്താ ചെയ്യാ ..!
വല്ലാത്ത പെടലാണ് പെട്ടത്.ഉടൻ റോഡ് സൈഡിൽ പോലിസിനെ ഞാൻ കണ്ടു എന്ന് അവൻ മനസ്സിലാക്കിയപ്പോൾ ഉള്ളിലെ ലൈറ്റ് പോലും അവൻ അണച്ചു ഇരുട്ടാക്കി. ഞാൻ വീണ്ടും കേണപക്ഷിച്ചു “ഭായി എന്നെ ഒന്നു വിട്ടു തരൂ,ഒരു പകുതി കാശ് തരാം”. അയാൾ വഴങ്ങുന്നില്ല എന്നായപ്പോൾ ഏതായാലും കാശ് കൊടുക്കാം എന്ന് ഞാനും കരുതി. പേഴ്സ് എടുത്തു 500 രൂപയുടെ നോട്ടു ഞാൻ കയ്യിൽ തിരുകുന്നത് കൂടെയുള്ള മറ്റവൻ കണ്ടു.ഉടൻ അവൻ എന്റെ കയ്യിൽ നിന്നും ആ പണം തട്ടി പറിച്ചു.

പടച്ചോന്റെ വിധി പോലെ അപ്പോഴേക്ക് ലോകമാന്യ തിലക് സ്റ്റേഷന്റെ ഒരു 300 മീറ്റർ അകലെയായി വണ്ടി നിർത്തി എന്നെ ഇറക്കിച്ചു. എനിക്ക് പ്രതികരിക്കാൻ കൂടെ സമയം തരാതെ വണ്ടി എടുത്തു അവർ പറപ്പിച്ചു വിട്ടു.ആകെ സങ്കടം തന്നെ കണ്ണിൽ നിന്നും അറിയാതെ കണ്ണ്നീർ വരുന്നുണ്ടായിരുന്നു.ഒരു നല്ല പര്യവസാനം കരുതിയ യാത്ര ഇത് പോലെയൊരു ദുരിതത്തിന് സാക്ഷിയാവേണ്ടി വന്നലോയെന്നോർത്തും പിന്നെ അന്യനാടും എല്ലാത്തിനും പുറമേ അസഹ്യമായ കാലു വേദനയും. അവിടെയൊരു ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു കൂടെ ഇരുട്ടും ഒരു ശോക അന്തരീക്ഷം എന്റെ ചുറ്റും സൃഷ്ട്ടിക്കപെട്ടു. വേച്ചു വേച്ചു

സ്റ്റേഷനിൽ കയറി. ഒരു പാട് മനുഷ്യ ജന്മങ്ങളുടെ ആവാസ കേന്ദ്രമാണല്ലോ റെയിൽവേ.
ഞാനുമതിലൊരാളായി ചേരാൻ തീരുമാനിച്ചു.രാവിലെ 8 മണിക്ക് സ്റ്റാർട്ട് ചെയ്യേണ്ട റിസർവെഷനു ഇപ്പോൾ തന്നെ വലിയ 3 നിര സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമയം പുലർച്ചെ 4.30 ആയിട്ടുണ്ടാവും.അവിടെ ഒഴിവു കണ്ട ഒരു ബെഞ്ചിൽ ഞാൻ ഒരു ഇടം പിടിച്ചു തല കുമ്പിട്ടിരുന്നു.എന്തോ ഒരു വിഷമം,കണ്ണ് നീരിനെ തടുക്കാനും കഴിയുന്നില്ല.വിഷമഘട്ടത്തില്ലാണ് മനുഷ്യൻ ആത്മീയതയിലേക്ക് സ്വാഭാവികമായി തിരിയുക.ആ ഇരുത്തത്തിൽ മുത്തുനബിയുടെ മേൽ സ്വലാത്ത് ചൊല്ലി കൊണ്ടേയിരുന്നു.കൂടെ ഇനിയുള്ള യാത്രയും എങ്ങനെയെന്നും പ്ലാനിടുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു കൌണ്ടറിൽ പോയി കണ്ണുരിലേക്കുള്ള ഫെയർ ചോദിച്ചു 200 രൂപയിലധികമാവും.
എന്ത് ചെയ്യും? കുറച്ചു നേരം കൂടി ബെഞ്ചിലിരുന്നു ആലോചിച്ചു. അപ്പോൾ ഓർത്തു നോ രക്ഷ ഉള്ള കാശിനു ടിക്കെറ്റ് എടുത്തു പിന്നെ കള്ള വണ്ടി പോകൽ തന്നെ.അങ്ങനെ കർമാലി എന്നോ കുടാൽ എന്നോ പറഞ്ഞ ഒരു സ്ഥലത്തേക്ക് ടിക്കറ്റ് തന്നു.ടിക്കറ്റുമായി സ്റ്റേഷനിലൂടെ നടക്കുമ്പോൾ ട്രെയിൻ ഫെയർ ടേബിൾ കണ്ടു. നോക്കിയപ്പോൾ അതിൽ 125 രൂപയേയുള്ളൂ.പക്ഷെ,എനിക്ക് തന്നത് 135 രൂപയുടെ ടിക്കറ്റും.ഞാൻ കൌണ്ടറിൽ ചെന്ന് ചോദിച്ചു “സാറേ 125 യുടെ യാത്രക്ക് എനിക്ക് തന്നത് 135 ന്റെ ടിക്കെറ്റാണ് ഇത് മാറ്റി തരണം”.ഒരു തരം ഇടി വെട്ടിയവന് പാമ്പ് കടിച്ച അവസ്ഥ !.അല്ലെങ്കിലേ കാശില്ല, പിന്നെ ഇയാളെ വക ഒരു 10 രൂപ എക്സ്ട്രാ എടുക്കൽ.

അയ്യാൾ പറഞ്ഞു “മോനെ കാൻസൽ ചെയ്യുമ്പോൾ 10 രൂപ പോവും, ഈ കാൻസൽ കൊണ്ട്നിങ്ങൾക്ക് ഉപകാരമില്ല”. പക്ഷെ അതൊന്നും എന്റെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല.എനിക്ക് 10 രൂപ തന്നെ മതിയാവൂ. ഈ തർക്കം നീണ്ടതിനാലാവം.ഒരാൾ ഒരു മലയാള പേപർ കക്ഷത്ത് തിരുകി കൊണ്ട് വന്നു ഹിന്ദിയിൽ വിഷയം ചോദിച്ചു.എന്തോ എനിക്ക് അയാളെ മൈൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.ഞാൻ വീണ്ടും ഉദ്യോഗസ്ഥനുമായി തർക്കിച്ചു കൊണ്ടിരുന്നു.വീണ്ടും അയാൾ മലയാളത്തിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചു.
ഞാൻ ടിക്കറ്റ് വിഷയം പറഞ്ഞു.എന്റെ മുഖത്തെ വിഷമം കണ്ടായിരിക്കണം അയാൾ എന്നെയും കൂട്ടി ബെഞ്ചിലിരുന്ന വിഷയം ചോദിച്ചു.

ഞാൻ ഒന്നൊഴിയാതെ അയാളോട് എന്റെ സങ്കടം മൊത്തം പറഞ്ഞു.ഒരു നിമിഷം അയാൾ ചിന്തിച്ചു.പിന്നെ എന്നോട് ടിക്കറ്റ് കാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു.ഞാൻ ഒന്ന് അമ്മാന്തിച്ചു പോയി ! എന്നാലും മലയാളിയല്ലേ എന്ന് കരുതി കാൻസൽ ചെയ്തു.10 രൂപ പോയി കിട്ടി.എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു അയാൾ പോയി .വീണ്ടും എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റിക് ഉണ്ടായത് പോലെ ! കുറച്ചു കഴിഞ്ഞു അയാൾ വന്നു അടുത്തുള്ള കുംട്ടി കടയിൽ നിന്നും ചായയും ബിസ്കട്ടും വാങ്ങി തന്നു.അവിടെ കണ്ട റിസർവേഷൻ കൌണ്ടറിലെ എമ്പ്ലോയിസിനോട് എന്റെ കാര്യവും പറഞ്ഞു. എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.”ജീവിതം കിട്ടിയത് ഭാഗ്യം”!!!

ബോംബയിൽ ലക്ഷത്തോളം ടാക്സി വണ്ടികളുണ്ട് ഒരു കൊലപാതകം നടത്തിയാലും ആരും അറിയില്ല,പിന്നെ കള്ളന്മാർ നല്ലവരാണ് എന്ന് തോന്നുന്നു കാരണം നിങ്ങളെ ലഗേജ് എടുത്തില്ല ! അതുപോലെ 135 രൂപയെങ്കിലും ശിഷ്ടം തന്നു,ബോംബെ നഗരത്തിൽ ടാക്സി വണ്ടിയിൽ പാസഞ്ചേഴ്‌സ് അല്ലാതെ ഡ്രൈവറുടെ കൂടെയുള്ള ആളെ കയറ്റരുത് കളവിനിരയാക്കും”. അങ്ങനെ ഒരു പാട് ഉപദേശ നിർദേശങ്ങൾ തന്നു അവർ മടങ്ങി. അപ്പോഴും നമ്മളെ മലയാളി പേപർ വായിക്കുകയായിരുന്നു.ഞാൻ വീണ്ടും പഴയ സീറ്റിൽ പോയി കുത്തിയിരുപ്പു തുടർന്നു. 10-മിനുട്ട് കഴിഞ്ഞപ്പോൾ അയാൾ വന്നു കാശ് തരാൻ പറഞ്ഞു.ഞാൻ ബാക്കി 125-രൂപ നീട്ടി വെച്ചു അതിൽ 100-രൂപ അയാൾ എടുത്തു പോയി പിന്നെ അയാളെ ഒരു വിവരവുമില്ല.
ഞാൻ കാത്തു കാത്തു മടുത്തു.എനിക്ക് കൂടുതൽ പേടി തോന്നി തുടങ്ങി ഇപ്പോൾ കയ്യിൽ ആകെയുള്ളത് 25 രൂപയും വല്ല ചില്ലറയുമുണ്ടെങ്കിൽ അതേ ഉണ്ടാവൂ.

അപ്പോഴേക്ക് ഞാൻ സ്വലാത്ത് കുറേ ചൊല്ലിയിരുന്നു. സമയം ഏഴും എട്ടും ഒമ്പതും പത്തും പിന്നിട്ടു .എന്റെ ആധി കൂടി കൂടി വന്നു.ട്രെയിൻപുറപ്പെടാൻ മുക്കാൽ മണിക്കൂർ ബാക്കി നിൽക്കെ എന്റെ അടുക്കൽ അദ്ദേഹം വന്നു.ഈ കാണുന്ന ടിക്കറ്റ് തന്നു !.പടച്ചോനെ അയാളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് വാക്കുകൾ ലഭിച്ചില്ല.ഞാൻ അയാളോട് പേരും ഫോണ് നമ്പറും ചോദിച്ചു കൂടെ അഡ്രസ്സും ഈ കാശ് നാട്ടിലെത്തിയാൽ മണി ഓർഡർ അയക്കാൻ വേണ്ടിയായിരുന്നു ചോദിച്ചത്.പക്ഷെ, അയാൾ ഒന്നും പറഞ്ഞു തന്നില്ല പകരം നാട്ടിൽ വടകരയിലാണെന്ന് പറഞ്ഞു.ജോലി ലോകമാന്യ തിലക് സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് ഒപ്പിച്ചു കൊടുക്കുന്ന പണിയാണ്.അധികം അയാൾ അവിടെ ചിലവഴിച്ചില്ല. പോട്ടെ എന്ന് പറഞ്ഞു സലാമും ചൊല്ലി ആ ജനകൂട്ടത്തിലേക്ക് ഇഴകി ചേർന്നു.

“നബി കീർത്തനത്തിൽ ഞാൻ ചിന്ത തളച്ച മുതൽ നബിയെന്റെ മോചകനായ് ഞാൻ കണ്ടു സർവതിലും” എന്ന ഇമാം ബൂസൂരിയുടെ വരികളാണ് സത്യത്തിൽ ഇവിടെ പുലർന്നത്.വിഷമഘട്ടത്തിൽ മുത്ത്നബിയെ ഓർത്താൽ അവിടുന്ന് നമ്മുടെ കരം പിടിക്കാൻ തീർച്ചയായും ഉണ്ടാവുമെന്ന് എന്റെ ജീവിതത്തിൽ നേരിട്ടുണ്ടായ അനുഭവമാണിത്. ഒരു നിമിഷം അയാളുടെ നടത്തം ശ്രദ്ധിച്ചു.പിന്നെ ട്രെയിനിലേക്ക് കയറി.ലഭ്യമായ ചില്ലറക്ക് വെള്ളം വാങ്ങി കയ്യിൽ വെച്ചു. കാഴ്ചയും കണ്ടിരിക്കെ എന്റെ മനസ്സ് ആ വ്യക്തിയെ ഓർക്കുക തന്നെയായിരുന്നു.അപ്പോളാണ് എന്റെ മുന്നിൽ എറണാകുളത്തുകാരൻ വിത്സൻ അമ്മക്ക് സുകമില്ലാതെ നാട്ടിലേക്ക് പോവാൻ വന്നിരിക്കുന്നത് .എന്റെ വിഷാദ മുഖം കണ്ടതിനാലാവണം അദ്ദേഹം വിഷയങ്ങൾ കുത്തി കുത്തി ചോദിച്ചു.എല്ലാം പറഞ്ഞു.

ബോംബയുടെ ഭീകരതയും കൊള്ളയും കളവും അദ്ദേഹം വിവരിച്ചു തന്നു. ബോംബയിലെ ഒരു സായാഹ്ന പത്രത്തിൽ 20 ലധികം വർഷമായി എഡിറ്ററായി ജോലി ചെയ്യുന്നു .അന്നുച്ച ഭക്ഷണം വിൽസേട്ടൻ വക. യാത്രക്കിടയിൽ കൊല്ലത്തുക്കാരൻ ഒരാളും വന്നു.അയാൾ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കെ വിത്സണ് എല്ലാം പറഞ്ഞു.അദ്ദേഹം ഒരു കച്ചവടത്തിന് വന്നിട്ട് വിഷയം നടക്കാതെ ടെന്ഷനിലായി നാട്ടിൽ പോവുകയാണ്.രാത്രി ഭക്ഷണം ആ പേരറിയാത്ത കൊല്ലത്തുക്കാരൻ വകയും ഞാനിങ്ങനെ ആലോചിച്ചു ഞങ്ങൾ 3 ആളുകൾ 3 വിഷമങ്ങൾ പേറി യാത്ര ചെയ്യുന്നു.ഒടുവിൽ കണ്ണൂരിൽ ട്രെയിൻ ഇറങ്ങുമ്പോൾ എന്തോ എനിക്ക് അവർ രണ്ടാളോടുമായി ഒരു തരം ആത്മ ബന്ധം സ്ഥാപിക്കപെട്ടിരുന്നു. 10 രൂപ മിച്ചമുള്ള ഞാൻ വീട്ടിലേക്കു ബസ്സ് കയറി 7 രൂപ ടിക്കറ്റ് 2.50 നു മുറിവിൽ ഒട്ടിക്കാനുള്ള പ്ലാസ്റ്ററും വാങ്ങി ബാക്കി 50 പൈസയും ചുമന്നു വീടിലേക്ക് കയറി.

ഒരു യാത്രയുടെ തീരാത്ത ശേഷിപ്പുമായി…! നമ്മുടെ ജീവിതം എത്ര ആളുകളോടാണ് കടപ്പെട്ടിരിക്കുന്നത്. ബോംബയിലെ വടകരക്കാരൻ ചിലപ്പോൾ ഇന്നും മലയാള പേപ്പർ കക്ഷത്തിൽ വെച്ചു കൊണ്ട് ലോകമാന്യ തിലകിലൂടെ നടക്കുന്നുണ്ടാവും,ആർക്കെങ്കിലും ടിക്കറ്റ് ഒപ്പിച്ചു കൊടുക്കാൻ വേണ്ടി.വിൽസേട്ടൻ അമ്മയുടെ അസുഖം ബേധമായതിനെ തുടർന്ന് ചിലപ്പോൾ ബോംബയിൽ തിരിച്ചെത്തി ജോലിയിൽ തുടരുന്നുണ്ടാവാം.

കൊല്ലത്തുക്കാരൻ വീണ്ടും ബോംബയിലെത്തി കച്ചവടത്തിൽ പുരോഗതി പ്രാപിചിട്ടുണ്ടാവാം .ഞാൻ അതിനു ശേഷം വീണ്ടും പലപ്പോളായി ബോംബയിൽ പോയി ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തി.
ഈ യാത്ര തുടരും അനവരതം ..!.

Adv Muhammed Shamveel Nurani

LEAVE A REPLY

Please enter your comment!
Please enter your name here