കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ ആര്യങ്കാവിന് സമീപമുള്ള സ്ഥലമാണ് റോസ് മല… ധാരാളം ബസ്സുകളുള്ള പുനലൂർ-തെങ്കാശി റൂട്ടിലെ ചെറുപട്ടണമായ ആര്യങ്കാവിലാണ് റോസ് മല സന്ദർശനത്തിനായി നാം എത്തിച്ചേരേണ്ടത്…ആര്യങ്കാവിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ തെക്ക് മാറി, ശെന്തുരുണി വനത്തിലൂടെ മലകയറി വേണം റോസ് മലയിലെത്താൻ.വർഷങ്ങൾക്ക് മുൻപ് കൃഷിക്കായി ഭൂമി പതിച്ചു കൊടുത്തതിന്റെ ഭാഗമായി നിരവധി ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.ഇത് മലമുകളിൽ ഒറ്റപ്പെട്ട ഒരു ഗ്രാമപ്രദേശം കൂടിയാണ്.
റോസ് മലയിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വാച്ച് ടവറിൽ നിന്നുള്ള വീക്ഷണമാണ് ഇവിടുത്തെ ഹൈലൈറ്റ്. വാച്ച് ടവറിൽ നിന്നും നോക്കുമ്പോൾ തെൻമല ഡാമിന്റെ വിശാലമായ ദൃശ്യം കാണാം..
ഇവിടുത്തെ രണ്ടാമത്തെ ആകർഷണം ഇങ്ങോട്ടുള്ള പാത തന്നെയാണ് …. നിലവിൽ ടാർ ചെയ്യാതെ ,ഓഫ്
റോഡായിക്കിടക്കുന്ന ഈ പാതയും, അതിരിടുന്ന ആനയും കടുവയും ഉള്ള വനവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓഫ് റോഡ് അനുഭവം അധിക കാലത്തേക്ക് ഉണ്ടാവില്ല.. റോസ് മലയിലെ താമസക്കാർക്ക് വേണ്ടി റോഡിന്റെ കുറേ ഭാഗം കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു … ബാക്കി ഭാഗം കോൺക്രീറ്റിംഗ് അധികം വൈകാതെ നടക്കും.
റോസ് മലക്ക് ആ പേര് വരാൻ രണ്ട് കാരണങ്ങളാണ് കേട്ടത്… ഒന്ന് ആ മല റോസ് പുഷ്പത്തിന്റെ ഇതളുകൾ പോലെ തോന്നിക്കുന്നു എന്നും രണ്ടാമത്തേത് മുൻപവിടെ കൃഷി ചെയ്തിരുന്ന സായ്പിന്റെ ഭാര്യയുടെ പേര് റോസ് ലിൻ എന്നായിരുന്നതുകൊണ്ടാണ് എന്നുമാണ്.റോസ് മലയിലേക്ക് KSRTC യുടെ ആര്യങ്കാവ് ഡിപ്പോയിൽ
നിന്നും രാവിലെയും വൈകുന്നേരവുമായി ദിവസവും രണ്ട് ട്രിപ്പ് വീതം നടത്തുന്നുണ്ട്.ഇത് കൂടാതെ ഗതാഗത സംവിധാനമായി ആര്യങ്കാവിൽ നിന്നും റോസ് മലയിലേക്ക് ടാക്സി ജീപ്പുകൾ ട്രിപ്പ് സർവീസുകൾ നടത്തുന്നുണ്ട്.പുനലൂരിൽ നിന്നും പോകുമ്പോൾ, ആര്യങ്കാവിൽ, ആര്യങ്കാവ് KSRTC ഡിപ്പോ എത്തുന്നതിന് സുമാർ 300 മീറ്റർ മുൻപ്,
എക്സ്സൈസ് ചെക്ക് പോസ്റ്റ് / ഫോറസ്റ്റ് ടിമ്പർ ഡിപ്പോ സ്റ്റോപ്പിൽ ബസ്സിറങ്ങിയാൽ, റോഡിന് വലതുഭാഗത്തായി വലിയ മഹാഗണിത്തോട്ടത്തിനരികിലായി റോസ് മലയിലേക്ക് ട്രിപ്പ് പോകുന്ന ജീപ്പുകൾ നിർത്തിയിട്ടിരിയ്ക്കുന്നത് കാണാം…. ഒരു ട്രിപ്പിന് 500 രൂപ ലഭ്യമാകുന്ന പക്ഷം, എത്ര കുറച്ച് ആളാണെങ്കിലും
ജീപ്പ് ട്രിപ്പ് പോകും… യാത്രക്കാർ തുക ഡിവൈഡ് ചെയ്താൽ മതിയാകും… ഇതിവിടുത്തെ ഒരു രീതിയാണ്… ഞാൻ പോയ ജീപ്പിൽ 7 ആളുകളാണ് ഉണ്ടായിരുന്നത്… സഞ്ചാരിയായ ഞാനും, റോസ് മല നിവാസികളായ ആറ് പേരും… ആളൊന്നിന് 70 രൂപ പ്രകാരമാണ് ജീപ്പ് ഡ്രൈവർ തുക ഈടാക്കിയത്. ഉച്ചക്ക് മുൻപ് റോസ് മലയിലെത്തിയാൽ, പരമാവധി സമയം അവിടെ ചിലവഴിച്ച് വൈകുന്നേരം 5 മണിയുടെ ബസ്സിൽ തിരികെ പോകാവുന്നതാണ്.
അതിനു മുൻപാണെങ്കിൽ, റോസ് മലയിലേക്ക് ട്രിപ്പുമായി വരുന്ന ജീപ്പുകളിൽ മടങ്ങിപ്പോകാവുന്നതാണ്… ആളൊന്നിന് 50 രൂപ ജീപ്പുകാർക്ക് കൊടുത്താൽ മതിയാവും…റോസ് മലയിൽ ചെറിയ ചായക്കടയുണ്ട്.ഇത് കടക്കാരന്റെ വീടും കൂടിച്ചേർന്നതാണ്.ഉച്ചയൂണ് മുൻകൂട്ടി പ്പറഞ്ഞാൽ തയാറാക്കിത്തരും. അല്ലെങ്കിൽ ഉച്ചഭക്ഷണം കയ്യിൽ കരുതേണ്ടി വരും.റോസ് മലയിൽ ജീപ്പ് ട്രിപ്പ് അവസാനിപ്പിക്കുന്ന സ്ഥലത്തു നിന്നും സുമാർ 450 മീറ്റർ നടന്ന്, ഒരു ചെറിയ മല കയറിയാലാണ് വാച്ച് ടവറിലെത്തുക… വാച്ച് ടവർ സന്ദർശനത്തിന് വനം വകുപ്പ് 25 രൂപ ഫീസായി ഈടാക്കുന്നുമുണ്ട്.
Post by- shino jacob Koottanad