ലക്ഷദ്വീപിന്റെ ചരിത്രം അറിയാമോ ? ലക്ഷദ്വീപിനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ

0
5669

കേരളത്തിൽ നിന്നും പടിഞ്ഞാറുമാറി 200 മുതൽ 400 km വ്യത്യാസത്തിൽ അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപികളുടെ കൂട്ടമാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിലുള്ള ഈ പ്രദേശം ഇന്ത്യ യിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ്. ജനവാസമുള്ളതും അല്ലതാദുമായ 36 ദ്വീപ് സമൂഹത്തിൽ 11 ദ്വീപിൽ മാത്രമേ ആൾ താമസമുള്ളൂ. ലക്ഷദ്വീപ് മിനിക്കോയ് ആൻഡ് അമിനി ദ്വീപി ഐലൻഡ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപുകൾ 1973 നവംബർ 1 ന് ലക്ഷദ്വീപ് എന്ന പേരിലറിയപെട്ടു.

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ആന്ദ്രോത്തും ചെറുത് ബിത്രയുമാണ്. ആന്ദ്രോത് ഒഴികെ മറ്റെല്ലാ ദ്വീപുകളും തെക്ക് വടക്കായിട്ടാണ് നിലകൊള്ളുന്നത്. അറബിക്കടലിനടിത്തട്ടിൽ തെക്ക് വടക്കായി ഉയർന്നു നിൽക്കുന്ന ആരവല്ലി പർവത ശിഖരങ്ങളിലാണ് ഈ ദ്വീപുകൾ രൂപം കൊണ്ടിട്ടുള്ളതെന്ന് ഭൂഗർഭ ശാസ്ത്രജന്മാർ അഭി പ്രായ പ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് കടലിന്റെ ആഴം 4000 മീറ്ററും കേരളത്തെ അഭിമുഖികരിക്കുന്ന

കിഴക് ഭാഗത്തു 2000 മുതൽ 2700 മീറ്റർ വരെയും ആഴമുണ്ട്. കേരള തീരത്തുനിന്ന് സാവധാനം ആഴ്ന്നിറങ്ങുന്ന സമുദ്രത്തിന്റെ അടിത്തട്ട് 183 മീറ്റർ നിന്നും പെട്ടന്ന് 1830 മീറ്റർ വരെയാകും. 1700 മീറ്ററുകൾ വരെ ആഴമുള്ള പ്രദേശത്തു നിന്നാണ് എല്ലാ ദ്വീപുകളും ഉഴർന്ന് വന്നിരിക്കുന്നത്.
ലക്ഷദ്വീപിലെ ചരിത്രത്തെക്കുറിച്ചും പറയാൻ ശ്രമിക്കാം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും പടിഞ്ഞാറുമാറി ചിതറിക്കിടക്കുന്ന കുറെ ചെറിയ തുരുത്തുകൾക്ക് ഇന്ത്യൻ ഹിസ്റ്ററിയിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടോ എന്ന് അന്വേഷിച്ചു പോകുമ്പോൾ കടലിലൂടെ ജലവാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയ അതിപുരാതനകാലം മുതൽക്കേ ഉള്ള ചരിത്രത്തിലേക്ക് നമുക്ക് നോക്കേണ്ടിവരും.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ലക്ഷദീപിനെ ക്കുറിച്ചുള്ള ചരിത്രകൃതികൾ കുറവാണ്. അതുകൊണ്ടുതന്നെ ഒരുപാട് മിത്തുകൾ നിറഞ്ഞ ഒരു ചരിത്രം ആയിരിക്കും ലക്ഷദ്വീപ് ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് കേൾക്കാനിടവരിക.

അറബിക്കടലിലെ മർമപ്രധാനമായ സ്ഥലത്താണ് ലക്ഷദ്വീപുകളുടെ സ്ഥാനം എന്നതുകൊണ്ട് അറബികളും മറ്റും മലബാർ ലക്ഷ്യമാക്കിയുള്ള യാത്രകളിൽ ലക്ഷദ്വീപിനെ ഇടത്താവളമായി ഉപയോഗിച്ചിരുന്നു എന്നതിന് പല തെളിവുകളും ലഭിച്ചിട്ടുണ്ട്.1948 കടമത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽ നിന്നും ലഭിച്ച AD ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ നാണയങ്ങൾ അതിനുദാഹരണമാണ്. ആദ്യമായി ദ്വീപുകളെ കുറിച്ച് ചരിത്രകൃതികളിൽ പ്രതിപാദിച്ചത് നാവികരുടെ അനുഭവങ്ങളും ലാൻഡ്മാർക്കുകളും വിവരിക്കുന്ന പെരിപ്ലസ് എന്ന കൃതിയിൽ പേരുവെളിപ്പെടുത്താത്ത ഗ്രന്ഥകാരനാണ്. AD തൊണ്ണൂറുകളിലാണ് അത് രചിച്ചിരിക്കുന്നത്. ദ്വീപുകളിൽ സുലഭമായി ലഭിച്ചിരുന്ന ആമത്തോടുകളെ കുറിച്ചാണ് ഇത്.

അതുപോലെതന്നെ AD 150ൽ ടോളമി എന്ന സഞ്ചാരി സിലോണിനു ചുറ്റും1378 ഓളം ദ്വീപുകൾ ഉണ്ടെന്ന വിവരണത്തിൽ ലക്ഷദ്വീപുകളും(മറ്റു ദീപുകൾ മാലിദീപസ്‌ ആവാം ) ഉൾപ്പെടുന്നു എന്ന് അഭിപ്രായമുണ്ട്.
അതുപോലെ ചരിത്രകാരൻമാരും സഞ്ചാരികളുമായ അമ്മിയാനസു (320-390 AD), ഫാഹിയാൻ (5th century ), കോസ്മോസ് (535-550AD), ഇബ്നുബതൂത(1343-44 AD) തുടങ്ങിയവർ ദീപുകളെകുറിച്ചുള്ള

പരാമർശം നടത്തിയിട്ടുണ്ട്. അറബി സഞ്ചാരികൾ ഈ ദ്വീപിനെ “ദ്വിവിസ്” എന്നും “ദിബജാഅ” എന്നും വിളിച്ചിരുന്നു. ഡച്ച് റിക്കാർഡുകളിൽ ഈ ദ്വീപുകളെ “ലക്കർ ദിവാ” എന്നും വിളിച്ചു കാണുന്നു.
ഇതിൽ നിന്നെല്ലാം നമുക്ക് അനുമാനിക്കാവുന്ന ഒരു കാര്യം ദ്വീപുകൾ മലബാറിലേക്കുള്ള നാവികരുടെ ഒരു ഇടത്താവളമായിരുന്നു എന്നതാണ് പക്ഷേ അന്ന് അവിടെ ജനങ്ങൾ സ്ഥിരതാമസമാക്കിയിരുന്നോ എന്നുള്ളത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്.

ചില വിശ്വാസങ്ങൾ പ്രകാരം ചേരമാൻ പെരുമാളിന്റെ കാലം തൊട്ടാണ് ദ്വീപിൽ കുടിയേറ്റം ആരംഭിച്ചത്. ഒരു വിശ്വാസപ്രകാരം മലബാറിൽ നിന്ന് അറേബ്യയിലേക്ക് പോയ പെരുമാളെ തേടിപ്പോയവരുടെ കപ്പൽ തകർന്നാണ് ആദ്യ കൂടിയേറ്റം ഉണ്ടായത്. പക്ഷെ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഈ വാദങ്ങൾക്ക് ഇല്ല.
ആദ്യം കുടിയേറ്റം ആരംഭിച്ചത് അമിനി androth കവരത്തി അഗത്തി കൽപേനി ദ്വീപുകളിലാണ്. കിൽത്താൻ, ചെത്ത്‌ലത്ത്, കടമത്ത് എന്നീ ദ്വീപുകൾ പിൽക്കാലത്ത് കുടിയേറി താമസിച്ചതാണ്. 1795ൽ ദ്വീപ് സന്ദർശിച്ച ബെന്റലിയുടെ വിവരണപ്രകാരം കിൽത്താൻ ചേത്ത്ലത്ത് ദ്വീപുകളിൽ 100 പേരും കടമത്ത് ആൾത്താമസം ആരംഭിച്ചിട്ടും ഇല്ലായിരുന്നു.

 


1843 ദീപ് സന്ദർശിച്ച സർ. എച്ച്. ഡബ്ലിയു. റോബിൻസൺ ന്റെ വിവരണത്തിൽ കടമത്ത് ദ്വീപിൽ ജനവാസം തുടങ്ങിയതായും തെങ്ങുകൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയതായും പറയുന്നു.
ദ്വീപിലേക്ക് ഇസ്‌ലാംമതം കടന്നുവന്നത് എങ്ങനെ എന്നുള്ളതിന് ദ്വീപിലെ വിശ്വാസപ്രകാരം അറേബ്യൻ ഇസ്ലാംമത പ്രബോധകനായ ഉബൈദുളള എന്ന് പേരുള്ള ഒരാൾ (ദ്വീപുകളിൽ പരക്കെ മുമ്പ് മൈലിയാ കാക്കാ അഥവാ ആദ്യത്തെ മുസ്‌ലിയാർ) വഴിയാണ്. അതിനുമുമ്പ് ഇവിടെ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നും കുടിയേറിയ ഹിന്ദുക്കളായിരുന്നു. ദീപുകൾ ഇന്നും നിലനിൽക്കുന്ന ചില ആചാരങ്ങളിലും ഭവന നിർമ്മാണ രീതിയിലുമൊക്കെ അത് നമുക്ക് കാണാൻ സാധിക്കും.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പതിനഞ്ചാം നൂറ്റാണ്ട് അവസാനം (1498) പോർച്ചുഗീസുകാർ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തെക്കേ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് കടന്ന് മലബാർ തീരത്തേയ്ക്ക് വരുന്നതോടുകൂടി ഇന്ത്യയ്ക്കും അതേപോലെ ലക്ഷദ്വീപിനും പുതിയൊരു ചരിത്രം പിറക്കുകയായി.
അതിനു മുമ്പുവരെയുള്ള ഒരു അവ്യക്തമായ ചരിത്രത്തിൽ നിന്നും കുറച്ചുകൂടി വ്യക്തതയുള്ള ഒരു ചരിത്രം അവിടെ നിന്നാണ് തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം.പോർച്ചുഗീസുകാരുടെ ആഗമനകാലത്ത് ദ്വീപുകൾ കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്നു. മമ്മാലികൾ എന്ന പേരിലറിയപ്പെട്ടിരുന്ന രാജപ്രതിനിധികളുടെ മേൽനോട്ടത്തിലായിരുന്നു ഭരണകാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

മലബാറിൽ ആധിപത്യം സ്ഥാപിച്ച പോർച്ചുഗീസുകാർക്ക് ദ്വീപുകളുടെ നിയന്ത്രണം കരസ്ഥമാക്കിയാൽ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ വളരെയധികം ഗുണം ചെയ്യുമെന്ന് മനസ്സിലായി. മാത്രമല്ല കയർ, കടൽ ഉത്പന്നങ്ങൾ തുടങ്ങിയവയിലും അവർക്ക് നോട്ടം ഉണ്ടായിരുന്നു. അങ്ങനെ ഇന്ത്യയിൽ വൈസ്രോയിയായി  എത്തിയ അൽഫോൻസോ അൽബുക്കർക്ക് ചില നിർദ്ദേശങ്ങളോടെ പട്ടാളക്കാരെ വിവിധ ദ്വീപുകളിലേക്ക് അയച്ചു. ആദ്യമായി ആമേനി ദ്വീപിലെത്തിയ പറങ്കികൾ അവിടെയൊരു കോട്ട സ്ഥാപിക്കുകയും നാട്ടുകാരെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ചെയ്തു, ഇതിൽ പൊറുതിമുട്ടിയ ദ്വീപ്കാർ ചിറക്കൽ രാജാവിന്റെ

സഹായത്തിനായി അഭ്യർത്ഥിച്ചു. ചിറക്കൽ രാജാവ് കാതൽ തഞ്ചകൻ എന്ന് വിളിപ്പേരുള്ള(യഥാർത്ഥ പേര് എവിടെയും പ്രതിപാദിച്ചതായി കാണുന്നില്ല ) ഒരാളെ ദ്വീപിലേക്കയച്ചു അദ്ദേഹം സൂത്രത്തിൽ പറങ്കികളുമായി സൗഹൃദം സ്ഥാപിക്കുകയുംഅവരുടെ വിശ്വാസം പിടിച്ചുപറ്റുകയും അവരെ ഒരു സദ്യക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. അത് നടന്ന സ്ഥലം ഇന്നും amini ദ്വീപിൽ പാമ്പും പള്ളി എന്നറിയപ്പെടുന്നു.
ഇതറിഞ്ഞ പോർച്ചുഗീസ് വൈസ്രോയിയുടെ പ്രതികരണം അതിക്രൂരമായിരുന്നു……
(തുടരും) റഫറൻസ് : “A short account of the laccadive islands and minicoy” By R.H Ellis, ദ്വീപോൽപ്പത്തി by P.A pookoya, ലക്ഷദ്വീപ് ചരിത്രവും ഭരണവും by K.N kasmikoya
തയ്യാറാക്കിയത് : സാജി,ഫൗസി, സലിം ബയ്യ

LEAVE A REPLY

Please enter your comment!
Please enter your name here