കൊച്ചിക്കാര്‍ക്ക് പോലും അറിയാത്ത കൊച്ചിയുടെ സ്വന്തം “ഏറണാകുളം ഗൂട്സ്” റയില്‍വേ സ്റ്റേഷന്‍; കണ്ടിട്ടുണ്ടോ ?

0
1141

കൊച്ചി നഗരത്തിന്‍റെ ചൂടില്‍ നിന്നും ഓടിയൊളിക്കാന്‍ പറ്റിയ താവളങ്ങള്‍ നോക്കിയപ്പോള്‍ ആണ് പണ്ടെങ്ങോ കണ്ട ഓള്‍ഡ്‌ റയില്‍വേ സ്റ്റേഷന്‍ മനസ്സില്‍ വന്നത്. വഴി അന്വേഷിച്ചു വിളിച്ച രണ്ടുപേര്‍ക്കും സൌത്തും നോര്‍ത്തും അല്ലാതെ വേറെ റെയില്‍വേ സ്റ്റേഷന്‍ അറിയില്ല. അതോടെ ഇനി ആരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. പിന്നെ ഗൂഗിള്‍ ചേച്ചി പറഞ്ഞ വഴിയെ ഇട്ടു നടന്നു നേരെ ചെന്ന് കയറുമ്പോള്

കണ്ടത് എല്ലാ പ്രൌഡിയോടെയും തല ഉയര്‍ത്തി നിന്ന കൊച്ചിയുടെ “ഏറണാകുളം ഗൂട്സ്” റയില്‍വേ സ്റ്റേഷന്‍റെ ശവപ്പറമ്പായിരുന്നു. സ്വാമി വിവേകാനന്ദന്‍റെയും ,രവീന്ദ്ര നാഥ്‌ ടാഗൂറിന്‍റെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന, വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയുടെ സ്വന്തം ‘ഓൾഡ് റെയിൽവേ സ്റ്റേഷൻ’.

ആദ്യമായി കൊച്ചിയെ തീവണ്ടിയുടെ ചൂളം വിളി കേള്‍പ്പിച്ച റെയില്‍വേ സ്റേഷന്‍. കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവർമ പൂർണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങൾ വിറ്റു കിട്ടിയ കാശു കൊണ്ടാണ് ഇവിടുത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയക്കിയതെന്നൊരു കഥയുണ്ട്. 1902 ജൂലൈ 16 നായിരുന്നു

ആദ്യ ട്രെയിന്‍ ഇവിടേയ്ക്ക് കടന്നെത്തിയത്,തുടര്‍ന്ന് 1960 വരെ ഇവിടെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സൌത്ത്’റെയില്‍വേ സ്റ്റേന്റെയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍റെയും നവീകരണം ഏറണാകുളം ഗൂട്സ് സ്റ്റേഷന്‍റെ നാശത്തിനു വഴിയോരുക്കി. 2001 ൽ അന്നത്തെ സര്‍ക്കാര്‍ , സ്റ്റേഷൻ ഗുഡ്സ് ഷെഡ് ആക്കി മാറ്റിയെങ്കിലും ക്രമേണ അതും നിലച്ചു. കൊച്ചിയുടെ മുഖചായ തന്നെ മാറ്റി മറിച്ച റോബർട്ട് ബ്രിസ്റ്റോ യും ഇർവിൻ പ്രഭുവും വന്നിറങ്ങിയത് ഇതേ പ്ലാറ്റ്ഫോമില്‍ തന്നെ ആയിരുന്നു.

ബാനര്‍ജി റോഡില്‍ നിന്നും തികച്ചു അരകിലോമീറ്റര്‍ പോലും ഇല്ലാത്ത ഇവിടം കണ്ടപ്പോള്‍ നിലമ്പൂര്‍ ഷോര്‍ണൂര്‍ പാതയിലെ ചെറുകര സ്റ്റേഷന്‍ ആണ് മനസ്സില്‍ ആദ്യം ഓടിയെത്തിയത് .
ഇന്നിപ്പോള്‍ പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും,പഴയ പാളങ്ങളും, ഇരുള്‍ വീണു കിടക്കുന്ന പേടിപ്പെടുത്തുന്ന കാട് പിടിച്ചു ഒരു ഭാര്‍ഗ്ഗവീ നിലയത്തിന്‍റെ പ്രതീതിയാണ് ഇവിടം നമുക്ക് നല്‍കുന്നത്. വഴി ചോദിച്ചപ്പോള്‍ സമീപത്തെ കടയില്‍ ചേട്ടനും ആദ്യം പറഞ്ഞത് വളരെ സൂക്ഷിച്ചു പോകേണ്ട സ്ഥലമാണ്‌ ഇവിടേയ്ക്ക്

എന്നായിരുന്നു. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സമീപവാസികള്‍ പോലും ഉള്ളിലേക്ക് കടക്കാന്‍ ഭയക്കാറുണ്ട്. പഴമയുടെ കഥ പറയുന്ന 42 ഏക്കര്‍ വിസ്തൃതിയുള്ള ഈ പ്രദേശത്തേക്ക് ഇന്ന് ഒന്ന് എത്തി നോക്കുന്നതിനു പോലും പലരും ഭയപെടുന്നതും ഇതെല്ലം കൊണ്ട് തന്നെയാവണം. കൊച്ചിയുടെ ടൂറിസം പദ്ധതികളില്‍ ഇവിടവും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ നഗരത്തിന്റെ ഓട്ടപാച്ചിലുകളില്‍ നിന്നുമൊരു ഒളിച്ചോട്ടം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു അനുഭവം ആയേക്കാം ഇവിടം

‎കടപ്പാട് : Arun Vinay‎

LEAVE A REPLY

Please enter your comment!
Please enter your name here