“ചെറപ്പുല്ല് ” 2065 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ബാണാസുര മലയുടെ തോൾ ചാരിയുറങ്ങുന്ന പച്ചപ്പറുദീസ

0
1061

ചെറപ്പുല്ല് 2065 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ബാണാസുര മലയുടെ തോൾ ചാരിയുറങ്ങുന്ന പച്ചപ്പറുദീസ .
വയനാട് പല തവണ പോയിട്ടുണ്ടെങ്കിലും ഇങ്ങനൊരു സ്ഥലം അറിയാൻ കഴിഞ്ഞത് 2 ആഴ്ച്ച മുമ്പായിരുന്നു. ആദ്യം വിളിച്ചത് Moh’d Sameer P ആയിരുന്നു. പോകണോ എന്ന് ആലോചിക്കിനായിരുന്നില്ല. എപ്പോൾ പോകണം എന്ന് ചോദിക്കാൻ ആയിരുന്നു. 2017 ജുലൈ 23 ഞായർ ….സമീർ കുറിച്ചു തന്ന തീയതിക്ക് കൂടെ വരാൻ എറണാകുളത്തു നിന്ന് Safarudeen Cheerakkadanനും Anees Mudickal ,കൊല്ലത്ത് നിന്ന് ajo, തൃശുരിൽ നിന്ന് Mohammed Akheel A Mayan, MohamedPrince,emerald കണ്ണൂരിൽ നിന്ന് Sameer, Khalid Puzhakkal, Muhammed Raees Tmv വരാൻ ഒരുപാടു പേർ ഉണ്ടെങ്കിലും ആദ്യം കൈ ഉയർത്തിയ 10 പേർ ആയിരുന്നു ഒന്നിച്ചത്.

ചിറപ്പുല്ലിനെ കുറിച്ച് വിവരം തന്ന ബാണാസുര മീൻമുട്ടിക്ക് അടുത്ത് താമസിക്കുന്ന കുഞ്ഞുമോൻ സാറിനെ ആയിരുന്നു പിന്നെ വിളിച്ചത്.ഞങ്ങൾക്കു വേണ്ടി നല്ലൊരു ഹോം സ്റ്റേ ,ഫുഡ്, വാഹന സൗകര്യം എന്നു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്നത് അദ്ദേഹമായിരുന്നു.
പോകാൻ താൽപര്യമുള്ളവർക്ക് ധൈര്യമായി അദ്ദേഹത്തെ വിളിക്കാം

ചെറപ്പുല്ലിലേക്കുള്ള ട്രെക്കിംഗ്‌ 9 മണി മുതൽ 5 മണി വരെയാണ് സമയ പരിധി. കൃത്യം 9 മണിക്കു തന്നെ ട്രക്കിംങ്ങ് ആരംഭിക്കണമെന്നുള്ളത് കൊണ്ട് എല്ലാവരും തലേന്നു തന്നെ ക്യാംപ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നും ഞാനും സമീറും റഈസും മാനന്തവാടിയിൽ ബസിറങ്ങി അവിടുന്നു പടിഞ്ഞാറത്തറ ബസ്റ്റാൻഡിൽ ഇറങ്ങി .അവിടെ ഞങ്ങളെ കാത്ത് സഫറുദീറും കൂട്ടരും ഉണ്ടായിരുന്നു.പടിഞ്ഞാറത്തറയിൽ നിന്നും 4 Km ദൂരെ ആലക്കണ്ടി എന്ന സ്ഥലത്ത് ബാണാസുര മലയുടെ മടിയിൽ ഞങ്ങൾക്കായി ഒരുക്കിയ താമസ സ്ഥലത്ത് വൈകിട്ട് 6 മണിയോടെ ഓട്ടോ പിടിച്ച് ഞങ്ങൾ എത്തുമ്പോഴേക്കും നേരത്തെ എത്തിയ ഖാലിദ്ക്ക കട്ടൻ ചായയുമായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

മേൽനോട്ടച്ചുമതല എന്റെ തലയിലിട്ട് സമീർ തന്ത്രപരമായ നീക്കം നടത്തിയത് കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാനുള്ള ഉത്തരവാദിത്വവും എനിക്കായിരുന്നു. ഞാനും കുഞ്ഞുമോൻ സാറും സാറിന്റെ ബൈക്കിൽ പോയി കപ്പയും റവയും ചിക്കനുമൊക്കെ വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും അഖീലും എമറാൾഡും പ്രിൻസും അവിടെത്തയിരുന്നു

അടുത്ത പരിപാടി ഫുഡ് ഉണ്ടാക്കൽ ആയിരുന്നു. അതിന്റെ നേതൃത്വം ഗോസായി എന്ന സഫറുന്റെ ആയിരുന്നു. അജോയും അനീസും കപ്പ മുറിക്കുന്നു.. റഈസ് ഉള്ളി മുറിച്ച് കരയുന്നു.. പ്രിൻസും എമറാൾഡും ചിക്കൻ വൃത്തി ആക്കുന്നു,.. ഞാൻ ദേഹണ്ണക്കാർക്ക് മുട്ട ഓംലെറ്റ് ആക്കിക്കൊണ്ടിരിക്കുന്നു… അഖിൽ പണിയെടുക്കാത്തത് കൊണ്ട് സഫറൂന്റെ തെറി കേട്ടുകൊണ്ടിരിക്കുന്നു. എല്ലാത്തിനും പുറമെ സമീറിന്റെ തള്ള് നല്ലവണ്ണം ഉണ്ടായിരുന്നു.ഗോസായി കപ്പയും ചിക്കൻ പൊരിയും റെഡി ആക്കുമ്പോൾ ഖാലിദ്ക്ക സപെഷൽ ചിക്കൻ കറി മറുഭാഗത്ത് റെഡി ആക്കിയിരുന്നു.എല്ലാരും കൂടി ഫുഡിനോടുള്ള കലിപ്പ് തീർക്കു മ്പോൾ സമയം 10.30 .

വയനാടൻ തണുപ്പിൽ ഓരോ കട്ടനുമടിച്ച് മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ഉറങ്ങാനായി പിരിയുമ്പോൾ അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ ഇമ്പമാർന്ന ശബ്ദം കാതിനെ തലോടുന്നുണ്ടായിരുന്നു.23 /07/17 ,6 മണിക്ക് മുന്നേ എല്ലാവരും എണീക്കണം എന്ന ഖാലിദ്കയുടെ

കർശ്ശന നിർദേശം ആരും തള്ളിക്കളഞ്ഞില്ല. എഴുന്നേറ്റ് ഖാലിദ്‌ക്ക തയ്യാറാക്കി വച്ച ചായയും കുടിച്ച് പ്രഭാത നടത്തവും പ്രാതലും കഴിച്ച് ട്രക്കിങ്ങിനു വേണ്ട തയ്യാറെടുപ്പുകളൊക്കെ എല്ലാവരും ശരിയാക്കി. 8.30 ആകുമ്പോഴേക്കും ഫോറസ്റ്റ് ഓഫീസിലേക്കു പോകാനുള്ള ജീപ്പ് എത്തി. താമസസ്ഥലമായ ആലക്കണ്ടിയിൽ നിന്നും 4 Km ദൂരത്തുള്ള പുളിഞ്ഞാലിൽ സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട ഫോറസ്റ്റ് ഓഫീസിൽ എത്തി പെർമിഷനും വാങ്ങി ഗൈഡായ തങ്കച്ചൻ ചേട്ടനൊപ്പം ട്രക്കിംങ്ങ് ആരംഭിക്കുമ്പോൾ സമയം 9.15.

ചെറിയ ചാറ്റൽ മഴയുടെ ആകമ്പടിയോടെ ആയിരുന്നു ആരംഭം. വീതിയുള്ള പാതയിലൂടെയുള്ള നടത്തം ഏറെ ആസ്വാദ്യമായി രുന്നു. കരിങ്കുരങ്ങുകൾ തലക്കു മീതെ വട്ടമിട്ടു തുള്ളിച്ചാടുന്നതും നോക്കി കാട്ടരുവിയിൽ സമയം ചെലവഴിച്ച് മുന്നോട്ട് പോകുമ്പോൾ അട്ട ആക്രമണം തുടങ്ങിയിരുന്നു.കാലിനു ഉളുക്കു പറ്റിയിട്ടും ട്രക്കിങ്ങിനു ഒരുങ്ങി വന്ന മുഴുനീള ഇന്ത്യൻ യാത്രികൻ ശമീറിനെ കുറിച്ച് എനിക്കു ചെറിയ ആശങ്ക ഉണ്ടായിരുന്നു.ഖാലിദ് ക്കായും ഗോസായിയും റഈസുമൊക്കെ സമീറിനു കൊടുക്കുന പിന്തുണ കണ്ടപ്പോൾ അതൊക്കെ അസ്ഥാനത്തായി.

മുന്നിൽ ഒരു സ്വർഗഭൂമിയെന്ന പോലെ തലയുയർത്തി നിൽക്കുന്ന പച്ചപുതച്ച മലയിലേക്കെത്താനുള്ള വെമ്പൽ കൊണ്ടാവണം അഖീലും അജോയും അനീസുമൊക്കെ ചാട്ടുളി പോലെ മുന്നിൽ കുതിക്കുന്നത്.ഏകദേശം 2 km ഓളം ദൂരത്തേക്കുള്ള കാട്ടിലൂടെയുള്ള വഴികൾ കാട്ടരുവികളാലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളാലും സമ്പന്നമായിരുന്നു. കാട്ടുജീവകൾക്കുള്ള ജലസംഭരണിയെന്നോണം വനപാലകർ കുഴിച്ച ചെറിയ കുളം നിറഞ്ഞു നിൽക്കുന്നത് സന്തോഷമുളവാക്കുന്ന കാഴ്ചയാണ് .

ഇനിയങ്ങോട്ട് ഒന്നര കിലോമീറ്ററോളം വളരെ ചെറിയ വഴിയാണെന്നും അട്ട ഏറെ ഉള്ളതാണെന്നുമുള്ള തങ്കച്ചന്റെ മുന്നറിയിപ്പിനോടൊപ്പം വേഗത്തിൽ നടക്കാനുള്ള നിർദ്ദേശവും ഉണ്ടായിരുന്നു.ചെറിയ പാറക്കെട്ടുകളും താണ്ടി ചെളിയിയിലൂടെയും ചതുപ്പിലൂടെയും ഉള്ള നടത്തം കുറച്ച് സാഹസികം നിറഞ്ഞതാണ്. പ്രായവും ശാരീരികാവശതകളും ഒട്ടും കീഴടക്കാത്ത മനസ്സുമായി ഖാലിദ്ക കുതിച്ചു കയറുമ്പോൾ ഞങ്ങൾ യുവാക്കൾ ക്ഷീണം പുറത്തു കാണിക്കാതെ ഖാലിദ്ഖാ യുടെ മുന്നിൽ പിടിച്ചു നിൽക്കാൻ നന്നേ കഷടപ്പെട്ടു.

മലയുടെ താഴ്‌വാരത്തെത്തിയ ഞങ്ങൾ പിന്നീടങ്ങോട്ട് നീങ്ങിയത് പുൽമേടുകൾ നിറഞ്ഞ വഴിയിലൂടെ ആയിരുന്നു. കാഴ്ചകളുടെ വസന്തമായിരുന്നു പിന്നീടങ്ങോട് .ഏകദേശം അര മണിക്കൂർ കൂടി പിന്നിട്ടപ്പോൾ എത്തിയ തവളപ്പാറ എന്ന സ്ഥലത്ത് നിന്ന് നോക്കിയാലുള്ള കാഴ്ച തന്നെ വർണ്ണനാതീതമാണ്. ചിറപ്പുല്ല് ട്രക്കിങ്ങിനു വരുന്ന പലരും ഇവിടെ നിന്ന് തിരിച്ചു പോകാറാണ് പതിവെന്ന തങ്കച്ചന്റെ വാക്കിൽ നിന്നും

ഇവിടത്തെ കാഴ്ചകൾ തന്നെ മനസ്സിനു കുളിരേകും എന്ന വസ്തുതയാണ് എനിക്കു മനസ്സിലാകാൻ കഴിയുന്നത്. കൊണ്ടുവന്ന നേന്ത്രപ്പഴം അകത്താക്കി കൊണ്ടിരിക്കുമോൾ പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ അവിടുള്ള ചെറിയ ഷെഡിലേക്ക് ഞങ്ങൾ ഓടുമ്പോൾ തവളപ്പാറയുടെ നറുകെയിൽ മലയിടുക്കുകളിലേക്ക് കണ്ണും നട്ട് പ്രകൃതിയുടെ സൗന്ദര്യത്തെ ആവോളം ആസ്വദിക്കുന്ന ഖാലിദ് ഖായെ കാണാമായിരുന്നു.

ഇനി കുത്തനെയുള്ള കയറ്റമാണ്. കാലിലെ വേദന സഹിച്ച് ഒട്ടും പിന്തിരിയില്ല എന്ന ദൃഢനിശ്ചയത്തോടെ സമീർ മുന്നോട്ടു നീങ്ങുന്നത് എന്നെ അത്ഭുതപ്പെടുത്തി.മാറി മാറി വരുന്ന മഴയും വെയിലും മഞ്ഞും കാറ്റും കഴ്ചയുടെ മാറ്റ് ഏറെ കൂട്ടിക്കൊണ്ടിരുന്നു. മഴയിൽ നനഞ്ഞ പുൽമേട്ടിൽ തട്ടിയുള്ള വെയിലിന്റെ പ്രതിഫലനത്തെ വർണ്ണിക്കാനുള്ള വാക്കുകൾക്ക് തിരയുകയാണിപ്പോഴും ഞാൻ.ചെറിയ ചെറിയ കാട്ടരുവിയിൽ നിന്ന് ദാഹം അകറ്റി ഞങ്ങൾ മുന്നോട്ടു നീങ്ങി. താഴെ നിന്നും കണ്ട വലിയ വലിയ മലകൾ കാണാൻ ഇപ്പോൾ താഴേക്കു നോക്കണം. ഉയരത്തിലേക്ക് പോകുന്തോറും വഴികൾ വഴുക്കിനാൽ ദുർഘടമായിക്കൊണ്ടിരുന്നു. അതൊന്നും വകവെക്കാതെ ഞങ്ങൾ പത്തു പേർ ഒന്നിച്ച് ജാതിമത പ്രായ രാഷട്രീയ ഭേദമന്യേ ഒരേയൊരു

ലക്ഷ്യത്തിലേക്ക് ഒരേ മനസ്സുമായി മുന്നോട്ടു നീങ്ങി. മുകളിൽ ഒരു ചെറയുണ്ട് .അതാണ് ഞങ്ങടെ ലക്ഷ്യം .ആ ചെറയാണ് ആ സ്ഥലത്തിന് #ചെറപ്പുല്ല്#എന്ന പേര് വാങ്ങിക്കൊടുത്തത്. അവിടെത്തുന്നതിന് തൊട്ടുമുമ്പായി വടക്കൻ വയനാടിനെ മുഴുവനായും കിഴക്കൻ വയനാടിനെ ഭാഗികമായും ഒറ്റ നോട്ടത്തിൽ ദർശിക്കാവുന്ന ഒരു വ്യൂ പോയിന്റ്. അവിടുന്നു ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്ത് ചെറപ്പുല്ലിലേക്ക്… 2 മണിയോടെ ഞങ്ങൾ 1900

മീറ്ററോളം ഉയരത്തിൽ പരന്നു കിടക്കുന്ന ചെറപ്പുല്ലിലെത്തി .. അവിടെ പാറകെട്ടുകളുണ്ട്… ചെറയിൽ നിറയെ വെള്ളം, മരങ്ങളും പുൽമേടും എല്ലാം കൊണ്ടും കാഴ്ചക്ക് കുളിരേകുന്ന സ്ഥലം.മാനും ആനയുമൊക്കെ ചെറയിൽ വെള്ളം കുടിക്കാൻ വരാറുണ്ടെന്ന് ചുറ്റുപാടിൽ നിന്ന് മനസ്സിലാക്കാം …. കൊണ്ടുവന്ന ഉപ്പ്മാവും കറിയും കഴിച്ച് അര മണിക്കൂറോളം അവിടെ ചെലവഴിച്ചു.

ഇനി തിരിച്ചിറക്കം ആണ്.5 മണിക്ക് മുമ്പേ താഴെ എത്തണം എന്ന ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള നിർദ്ദേശം ഉള്ളത് കൊണ്ട് മാത്രം തിരിച്ചിറങ്ങുന്നു. ഇറക്കം വളരെ വേഗത്തിലായിരുന്നു.. കാഴ്ചകൾക്ക് ഒരു മുടക്കവും വരുത്താതെ പ്രകൃതി അത്രയും നേരം നമ്മെ സ്വീകരിച്ചു. താഴെ തവളപ്പാറയിൽ എത്താൻ നേരം ഉണ്ടായ ശക്തമായ കോടമഞ്ഞിൽ അടുത്ത് നിൽക്കുന്നവരെ പോലും കാണാതായി.പിറകെ വന്ന മഴ ഞങ്ങൾക്ക് ഏറെ

ഉൻമേഷവും നൽകി…. ദേ വരുന്നു പിന്നേം വെയിൽ .. ഹെൻറ മ്മോ….. പിന്നേം കാഴ്ച തന്നെ.. വെയിലേറ്റ് പള പളാ മിന്നുന്ന പുൽമേടിന് കാറ്റിന്റെ കൂട്ടും കൂടി ആയപ്പൊ …. ഹൊ. ഇറങ്ങാൻ തോന്നുന്നില്ല..5.30 ഓടെ താഴെ എത്തി.. അവിടത്തെ ഒരമ്മച്ചീടെ കടയിൽ നിന്നും ഉള്ളി വടയും കട്ടനും അടിക്കുമ്പോഴേക്ക് ജീപ്പ് റെഡി.. എല്ലാം സമയത്തിന് കുഞ്ഞു മോൻ സാർ റെഡി ആക്കിത്തന്നു. പിന്നെ നേരെ റൂമിലേക്ക്.. ഫ്രഷ് ആയി അതേ ജീപ്പിൽ വെള്ളമുണ്ട… അവിടുന്നു എല്ലാവരും നാട്ടിലേക്ക്…

റൂട്ട്:കണ്ണൂർ -മാന്തവാടി-പടിഞ്ഞാറത്തറ – പുളിഞ്ഞാൽ.കോഴിക്കോട് – കല്പറ്റ – പടിഞ്ഞാറത്തറ – പുളിഞ്ഞാൽ..മനുഷ്യരുടെ കാല്പാദം ഏറെ പതിയാത്തത് കൊണ്ട് തന്നെ അവിടെ യാതൊരു പ്ലാസ്റ്റിക് മാലിന്യവും ഇപ്പോൾ ഇല്ല. അത് കൊണ്ട് നമ്മൾ കൊണ്ടു പോകുന്ന സാധനങ്ങൾ മിഠായി കവർ വരെ തിരിച്ചു കൊണ്ടുവരണം.5 പേർക്ക് ഒരു ഗൈഡ് ഫീ അടക്കം 2500 രൂപയുടെ ടിക്കറ്റ് ആണ് ഫോറസ്റ്റ് ഓഫീസിനു

കിട്ടുക.ഗൈഡിനെ ആവശ്യമുള്ളത് കൊണ്ടു തന്നെ മുൻകൂട്ടി ബുക്ക് ചെയ്യണംകൃത്യം 9 മണിക്ക് ട്രക്കിംങ്ങ് സ്റ്റാർട്ട് ചെയ്താലേ സമയത്തിനനുസരിച്ച് ട്രക്കിംങ്ങ് പൂർത്തിയാക്കാൻ കഴിയൂ.കുഞ്ഞുമോൻ സാറിനെ വിളിച്ചാൽ ബുക്കിംഗ്, താമസം,ഭക്ഷണം, എല്ലാം ഏർപ്പാടാക്കി തരുന്നതാണ്. Kunjumon Joseph ഫോൺ:.90 61 30 27 80 94 95 33 87 02

ജീവിതത്തിൽ എന്നും ഓർക്കാൻ പറ്റിയ ഒരു യാത്രയായിരുനു ചെല്ലപ്പുല്ല് മല..മഴയും, വെയിലും,കാറ്റും, കോട മഞ്ഞും, എല്ലാം ഒരു പോലെ ആസ്വദിച്ച യാത്ര.. ഞാനെന്ന ഭാവമോ നീയെന്ന ഇകഴ്ത്തലോ ഇല്ലാതെ ഒരേ മനസ്സോടെ ചെയ്ത യാത്ര. ഖാലിദ് ക്കയും സമീറുമൊക്കെ ഞങ്ങൾക്ക് ഒരു ഊർജമായിരുന്നു.. ഇതു പോലുള്ള

കാടും മലകളും ഉള്ള യാത്രയെന്ന എന്റെ ആഗ്രഹങ്ങൾക്ക് വാതിൽ തുറന്നു തന്ന റഈസിനോടുള്ള നന്ദി മനസിൽ സൂക്ഷിക്കുന്നു. സോളോ യാത്രികൻ അഖീലും ഞങ്ങളുടെ കരുത്ത് സഫറും പിന്നെ എമറാൾഡും പ്രിൻസും അനീസും അജോയുമൊക്കെ സന്തോഷം നൽകുന്ന കൂട്ടുകാർ.പുതിയ കാഴ്ചകൾ തേടി ഇനിയും അലയണം പ്രതിസന്ധികൾ മറികടന്നിട്ടാണെങ്കിലും

കടപ്പാട് : Sajjad Tmv ( സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പ് )

LEAVE A REPLY

Please enter your comment!
Please enter your name here